Pages

Monday, July 29, 2019

ബലിയിട്ടാൽ പിതൃകൾക്ക് ശാന്തി കിട്ടുമോ...?

ശരീരം വിട്ടുപോയ ജീവനെ തിരുനെല്ലി പോലുള്ള ക്ഷേത്രങ്ങളിൽ പോയി ആവാഹനം ചെയ്താൽ പിന്നെ വിധിപ്രകാരമുള്ള ബലികർമ്മങ്ങൾ ചെയ്യേണ്ടതുണ്ടോ...?

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ബലിയിടുന്നത്‌ എന്തിനുവേണ്ടിയാണു എന്നുള്ളതാണു.

മരിച്ചു പോയവരുടെ ആത്മാവിനു നാം ബലിയിട്ടാൽ അവർക്കു ശാന്തി കിട്ടുമോ എന്നു ചോദിച്ചാൽ, ഒരിക്കലും കിട്ടില്ല എന്നാണു.

നമ്മൾ പറയുന്നത്‌ അതാണു. മരിച്ചുപോയ എന്റെ അച്ഛനു, അമ്മക്ക്‌ അല്ലെങ്കിൽ മുത്തച്ഛനു അവരുടെ ആത്മാവിനു മോക്ഷം ലഭിക്കാനും നിത്യശാന്തിക്കുമായി ഞാൻ ബലിതർപ്പണം ചെയ്യുന്നു എന്നാണു.

നമ്മുടെ ശ്രാദ്ധാതികർമ്മങ്ങൾ കൊണ്ടല്ല അവർക്ക്‌ മോക്ഷം ലഭിക്കുക. അവരെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌ അവർ ചെയ്യുന്ന കർമ്മങ്ങളാണു.

പിന്നെ എന്തിനാണു നാം ബലികർമ്മങ്ങൾ ചെയ്യണം എന്നു പറയുന്നത്‌?

നമ്മുക്ക്‌ ഇവിടെ ജനിക്കാൻ ഒരു അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണഭൂതരായിരിക്കുന്നതും നമ്മുടെ ഈ ശരീരത്തിനും യഥാർത്ഥ അവകാശികൾ എന്റെ മാതാപിതാക്കളാണു. അവരുടെ പൂർവ്വികരാണു. അവരൊന്നും ഇല്ലായിരുന്നുവെങ്കിൽ നാമും ജനിക്കുകയില്ലല്ലോ? എന്റെ ഈ ജന്മത്തിനു ഹേതു എന്റെ മാതാപിതാക്കളാണു.

ഞാൻ ശ്വസിക്കുന്ന വായു, കഴിക്കുന്ന അന്നം ഇതിനെല്ലാം അവകാീകൾ ഈ പ്രകൃതിയാണു. ഒരു പിടി ചോറു ഞാൻ കഴിക്കുന്നുവെങ്കിൽ, അത്‌ ഞാൻ കടയിൽ നിന്ന് കാശുകൊടുത്ത്‌ വാങ്ങിയതോ, റേഷൻ കടയിൽ നിന്ന് വാങ്ങിയതോ, സ്വന്തം കൃഷിയിൽ നിന്നു കിട്ടിയയതോ എന്തോ ആയിക്കോട്ടെ, പ്രകൃതിയുടേയും, മനുഷ്യരുടേയും സഹജീവികളുടേയും ഒരു വലിയ യജ്ഞത്തിന്റെ ഫലമായാണു നമുക്കിത്‌ കിട്ടിയത്‌.

പറഞ്ഞുവരുന്നത്‌, നാം നമ്മുടെ മാതാപിതാക്കളോടും, നമ്മുടെ പൂർവ്വികരോടും, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യചന്ദ്ര നക്ഷതാതികൾ തുടങ്ങി സർവ്വ ചരാചരങ്ങളോടും ഞാൻ കടപെട്ടിരിക്കുന്നു.  ആ കടപ്പാടിനെ നന്ദി പൂർവ്വം സ്മരിക്കുകയാണു പിതൃകർമ്മങ്ങളിലൂടെ നാം ചെയ്യുന്നത്‌. നമുക്ക്‌ ജീവൻ ഉള്ളടത്തോളം കാലം നാം ഈ ധർമ്മം നിറവേറ്റണം.  ആണ്ടിലൊരിക്കലെങ്കിലും!!!

തിരുനെല്ലിയിൽ പോയി ആവാഹനം ചെയ്തതുകൊണ്ടോ, കാശിയിലോ, ഗയയിലോ, രാമേശ്വരത്തോ പോയി പൂർണ്ണ ക്രിയാധികർമ്മങ്ങൾ ചെയ്ത്‌ ഇനി ഒരിക്കലും ബലികർമ്മങ്ങൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് നമുക്ക്‌ ഒഴിഞ്ഞുമാറാനോ സാധിക്കില്ല.

നമ്മുടെ ധർമ്മമാണു പിതൃകർമ്മം.

No comments:

Post a Comment