Pages

Monday, July 29, 2019

നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

ഗൃഹത്തില്‍ നെല്ലിമരം ഉണ്ടെങ്കില്‍ തിന്മകള്‍ ഒന്നും സംഭവിക്കുകയില്ല. മഹാവിഷ്ണുവിന് നെല്ലിക്കയും നെല്ലിയിലയും വളരെ പ്രിയപ്പെട്ടതാകുന്നു.
നെല്ലിയില അര്‍ച്ചിക്കുകയും നെല്ലിക്ക അര്‍പ്പിക്കുകയും ചെയ്യുകവഴി വിഷ്ണുപ്രീതി ആര്‍ജ്ജിക്കാം.
നെല്ലിമരത്തില്‍ വിഷ്ണുവും ലക്ഷ്മിയും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. നെല്ലിമരത്തിനടുത്ത് കുളമുണ്ടെങ്കില്‍ അതില്‍ ഏകാദശിനാളില്‍ കുളിക്കുകയും ദ്വാദശിനാളില്‍ വിഷ്ണു സ്മരണയോടെ നെല്ലിക്ക കഴിക്കുകയും ചെയ്താല്‍ ഗംഗയില്‍ സ്‌നാനം ചെയ്ത ഫലവും കാശിയില്‍പോയ പുണ്യവും ലഭിക്കുമത്രേ.
സൂര്യനൊഴികെ മറ്റെല്ലാ ദേവന്മാരെയും നെല്ലിയിലയാല്‍ അര്‍ച്ചന ചെയ്യാം. എന്നാല്‍, ഞായറാഴ്ച വെള്ളിയാഴ്ച, സപ്തമി, നവമി, അമാവാസി, സംക്രാന്തി എന്നീ ദിനങ്ങളില്‍ നെല്ലിക്ക ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ശാസ്ത്രമതം.
ഇപ്രകാരമുള്ള നെല്ലിക്കയില്‍ ഔഷധഗുണങ്ങളേറെയാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവയെ നശിപ്പിക്കുന്നു. കുഷ്ഠം, പ്രമേഹം, കാസം തുടങ്ങി പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദമരുന്നുകളിലും നെല്ലിക്ക ഉപയോഗിക്കുന്നു.
പച്ച നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ പാണ്ഡുരോഗത്തിന് ശമനമുണ്ടാകും. നെല്ലിക്ക, നല്ലൊരു വാജീകരണ ഔഷധം കൂടിയാണ്.
ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി സേവിക്കുന്ന ആമലക രസായനത്തിലും ച്യവനപ്രാശത്തിലും നെല്ലിക്കയാണ് ചേര്‍ക്കുന്നത്.
നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിത്യേന കുളിച്ചാല്‍ ജരാനര ബാധിക്കുകയില്ലെന്ന് പറയപ്പെടുന്നു. ബുദ്ധിഭ്രമത്തിന് നെല്ലിക്ക കഷായം സമം തൈരും ചേര്‍ത്ത് ധാരകോരുന്ന പതിവുണ്ട്.
കണ്ണിന് കുളിര്‍മയും കാഴ്ചശക്തിയും പ്രദാനം ചെയ്യുന്നു. രുചിയും, ദഹനശക്തിയും വര്‍ദ്ധിപ്പിക്കുക, നാഡികള്‍ക്ക് ബലം നല്‍കുക, മേധാശക്തി വര്‍ദ്ധിപ്പിക്കുക ഇതൊക്കെ നെല്ലിക്കയുടെ സവിശേഷതകളാണ്.
ഉപ്പിലിട്ട നെല്ലിക്കയും അച്ചാറിട്ട നെല്ലിക്കയും വിശേഷപ്പെട്ടതാണ്. നെല്ലിയുടെ കായ് മാത്രമല്ല, വേര്, തൊലി എന്നിവയും കനിഞ്ഞു നല്‍കിയ വരദാനമാണ്.

No comments:

Post a Comment