Pages

Sunday, July 28, 2019

വിഗ്രഹാരധന

വിഗ്രഹാരധന എന്നത് കേവലം ചില രൂപങ്ങളെയൊ ബിംബങ്ങളെയോ ആരാധിക്കുക എന്നത് മാത്രമല്ല.വാസ്തവത്തില്‍  വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ്  ദര്‍ശിക്കുന്നത്.
നമ്മുടെ താത്പര്യങ്ങൾ ചിലപ്പോൾവിഗ്രഹങ്ങളായേക്കാം.പ്രകൃതിയില്‍ എന്തിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം.കല്ലോ മരമോ അഗ്നിയോ വെള്ളമോ സൂര്യനോ മണ്ണോ കരിയോ എന്തുമാവാം.
ഈശ്വരനില്‍ എത്തിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന മാര്‍ഗം എതെന്നല്ല അതില്‍ നാം എത്ര ശ്രദ്ധാലുക്കര്‍ ആണെന്നാണു നോക്കേണ്ടത്. ഈശ്വരനെന്ന പൂട്ട്‌ തുറക്കാനുള്ള ഒരു താക്കോല്‍ മാത്രമാണ് ക്ഷേത്രം. മനുഷ്യവബോധത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിച്ചതാണ് അത്.ഉച്ചരിക്കുന്ന മന്ത്രത്തിനെ പ്രധിധ്വനിപിച്ചു മറ്റു ചിന്തകളില്‍ നിന്നും വിടുവിച്ചു പരിസരം ശബ്ദപൂരിതമാക്കി മനസ്സിനെ എകാഗ്രതയിലേക്ക് നയിക്കുന്നതാണ് ക്ഷേത്രം. പണ്ടൊക്കെ ഈശ്വര സാക്ഷാത് കാരത്തിനയിരുന്നു ക്ഷേത്രത്തില്‍ പോയിരുന്നത് എന്നാല്‍ നാം ഇന്ന് ക്ഷേത്രത്തില്‍ പോകുന്നത് കുറുക്കു വഴികള്‍ കണ്ടുപിടിക്കുവാനും വിലപേശാനും മറ്റുമാണ്.
ഏതെങ്കിലും ഭാവത്തില്‍( (വിഗ്രഹത്തില്‍ ) ഈശ്വരനെ ആരാധിക്കുന്നത് സഗുണ ആരാധനയാണ്.
മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്.
എല്ലാവരും ആരാധന നടത്തുന്നത് മനസ്സിലെ ഒരു സങ്കല്പത്തിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ദേശീയ പതാകയില്‍ നാം ദേശത്തെ ഉള്‍ക്കൊള്ളിക്കുന്നു, കൊടിയില്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളിക്കുന്നു, പ്രാര്‍ത്ഥനക്ക്‌ പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങള്‍ക്ക് പകരം രക്തസാക്ഷി മണ്ഡപങ്ങളും ഉടെലെടുക്കുന്നു. ക്ഷേത്രങ് ളോ പള്ളികളോ നശിച്ചാലെന്താ എന്ന് ചിന്തിക്കുന്നവര്‍ കൊടി കീറിയാല്‍ എന്താ തുണിയില്ലേ എന്ന് ചിന്തിക്കുന്നില്ല.
ഗാന്ധിയുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരും അറീഞ്ഞോ അറിയാതെയോ ആ വിഗ്രഹത്തെ പ്രണമിക്കുകയാനു . ദൈവ നിഷേധികളും യുക്തിവാദികളും നിരീശ്വരവിശ്വാസികളുമൊക്കെ അവരുടെ രഷ്ട്രീയ ‘ദൈവങ്ങളുടെ‘ ചിത്രങ്ങളും മൂർത്തികളും - statues- ഉണ്ടാക്കി പുഷ്പാർച്ചന നടത്തുന്നുണ്ട്. അതും ഒരു വിധത്തിൽ വിഗ്രഹാരാധന തന്നെ.
കാണുന്നതിനെ വിശ്വസിക്കുനതിനു യുക്തി വേണ്ട. കാണുന്നതിലൂടെ കാണാത്തതിനെ അറിയാനാണ് യുക്തിവേണ്ടത്. ഈശ്വര പ്രേമം സഗുണമായോ നിര്‍ഗുണമായോ ചെയ്യാം. ഈശ്വര സാക്ഷാത്കാരത്തിനു ക്ഷേത്രമോ സങ്കേതമോ ആവശ്യമില്ല അത് ഉപയോഗിച്ചാലും ഒരു കുഴപ്പവും ഇല്ല. ഇവ തമ്മില്‍ യാതൊരു സങ്കര്‍ഷവും ഇല്ല. രണ്ടും ശ്രേഷ്ടമാണ്.
ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നു . ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു . അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.
നമ്മളുടെ ശരീരമാണ് ക്ഷേത്രം. അയഥാര്‍ത്ത്യങ്ങളുമായി താതാത്മ്യം പ്രാപിക്കാതെ കാപട്യമില്ലാതെ സത്യസന്ധമായി ജീവിക്കുന്നവനാണ് ഭക്തന്‍. നമ്മളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് എങ്ങനെയുന്നു നോക്കിയാല്‍ മതി നമ്മള്‍ എങ്ങനെ എന്നു അറിയാന്‍.
വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും സനാതന ധര്‍മത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്.  സനാതന ധര്‍മത്തില്‍  ഭക്തന്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.
പലപ്പോഴും നാമെല്ലാം മതമെന്ന വലിയ ഒരു കെട്ടില്‍ പിണഞ്ഞു കിടക്കുകയാണ്. മതം മനുഷ്യനെ നന്മയിലേക്ക് വഴി നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്. മത മേധാവികള്‍ എപ്പൊഴും നമ്മെ ആ കുരുക്കില്‍ വരിഞ്ഞു മുറുക്കി തന്നെയിടും. മതങ്ങള്ക്കുവേണ്ടി മരിക്കാനും കൊല്ലുവാനും മനുഷ്യര്‍ വളരെ ഒരുക്കമാണ് മതങ്ങള്‍ പഠിപ്പിക്കുന്നപോലെ ജീവിക്കാന്‍ ആരും തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ എന്താണ് മതങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് ആരായുവാനുള്ള മനസ്സും ആരും കാണിക്കാറില്ല. ചോദ്യങ്ങള്‍ ചോദിക്കുവാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഭയമുണ്ടാകുന്നത് അറിവില്ലാത്തതുകൊണ്ടാണ്

No comments:

Post a Comment