Pages

Monday, March 30, 2020

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിന് വടക്കുവശത്ത്, വടക്ക് വാതിക്കലിന് അടുത്ത് പ്രസിദ്ധമായ ഒരു ഭഗവതിക്ഷേത്രവും അതിനു തെക്കുവശത്ത് ഒരു ശിവക്ഷേത്രവുമുണ്ട്.

ഭഗവതി ക്ഷേത്രത്തിന് ആദംപള്ളിക്കാവെന്നും, ശിവക്ഷേത്രത്തിന് ചക്കംകുളങ്ങര ശിവക്ഷേത്രം എന്നും പറയുന്നു.

ശിവാലയനാമ സ്തോത്രത്തിൽ ആദംപള്ളി എന്നാണ് കാണുന്നത്. ആദംപള്ളിക്കാവിൽ ശിവ പ്രതിഷ്ഠയില്ല. ആദംപള്ളി എന്ന മറ്റൊരു ക്ഷേത്രം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആദംപള്ളി എന്ന സ്ഥലപ്പേരും കാണുന്നില്ല. പണ്ട് ഈ പ്രദേശം ആദംപള്ളി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെട്ടിരുന്നോ എന്നും അറിഞ്ഞുകൂടാ.

ചക്കംകുളങ്ങര ക്ഷേത്രത്തിലെ മഹാദേവൻ പടിഞ്ഞാറോട്ട് ദർശനമായി ശോഭിക്കുന്നു. ശിവലിംഗത്തിന് പീഠത്തിൽ നിന്ന് ഏകദേശം രണ്ടടി ഉയരം കാണും. പരുപരുത്ത പ്രതലമല്ല. ശില്പംഭംഗിയോടെയുള്ള ശിവലിംഗത്തിൽ തൃക്കണ്ണും തിരു നാസികയും ചന്ദ്രക്കലയും ചാർത്തിയിട്ടുണ്ട്. പിന്നിൽ പാർവ്വതി സങ്കല്പമുണ്ട്. രൂപമില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ പാർവതി അധിവസിക്കുന്നു. ക്ഷേത്രത്തിൽ പാർവതി സാന്നിദ്ധ്യം ഉണ്ടെന്ന് ദേവപ്രശ്നത്തിൽ കണ്ടതിനാൽ സമീപകാലത്ത് ഉണ്ടായ പ്രതിഷ്ഠയാണ് അത്. ദേവിക്ക് പ്രത്യേക നിവേദ്യമുണ്ട്. കൂടാതെ ക്ഷേത്രത്തിനകത്തും വടക്കുപടിഞ്ഞാറ് നാലമ്പലത്തിനുപുറത്തും ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കുകിഴക്ക് ബ്രഹ്മരക്ഷസ്സ്, തെക്കുപടിഞ്ഞാറ് കിഴക്കോട്ട് ദർശനമായി അയ്യപ്പൻ, നാഗത്താൻ എന്നിവരും ഉപദേവതകളാണ്.

ക്ഷേത്രത്തിന് മുന്നിൽ വിശാലമായ കുളമുണ്ട്. ഭഗവാന്റെ ദൃഷ്ടി ജലത്തിലേക്കാകയാൽ രൗദ്രഭാവത്തിനു കുറവുണ്ടെന്ന് കരുതുന്നു. സാമാന്യം നല്ല മതിൽക്കെട്ടും കിഴക്കും പടിഞ്ഞാറും നടപ്പുരകളും ഉണ്ട്. ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും ചെമ്പു പൊതിഞ്ഞ ധ്വജവും അഞ്ചു പൂജയും ശീവേലിയുമെല്ലാം ഒരു മഹാക്ഷേത്രത്തിലെ പദവി വെളിവാക്കും. വിധത്തിലാണ്. ശീവേലിക്ക് എഴുന്നള്ളിക്കുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച യാത്രാ ബിംബം മനോഹരമാണ്. ആനയില്ല. കീഴ്ശാന്തി ദേവനെ എഴുതിക്കുകയാണ് പതിവ്. കുംഭമാസത്തിലാണ് ഉത്സവം. കുംഭമാസത്തിലെ ശിവരാത്രി ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. സമീപത്തുള്ള ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽനിന്ന് ദേവൻ വൃശ്ചികത്തിലെയും കുംഭത്തിലെയും ഉത്സവകാലത്ത് മഹാദേവനെ ദർശിച്ച് ക്ഷേത്രത്തിലെ കുളത്തിൽ ആറാടി പോകാറുണ്ട്. ഈ അനുഷ്ഠാനം ആരണ്ടു ക്ഷേത്രങ്ങൾ തമ്മിലുള്ള ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്നു.

കൊച്ചി രാജാക്കന്മാർക്ക് പൂർണ്ണത്രയീശനെപോലെ തന്നെ ചക്കംകുളങ്ങര മഹാദേവനും ഇഷ്ട മൂർത്തിയാണ്. തന്ത്രിസ്ഥാനം പുലിയന്നൂർ മലയിലേക്കാണ്.

No comments:

Post a Comment