Pages

Thursday, April 30, 2020

കാർത്തിക -ദേവത -അഗ്നി ദേവൻ

അഗ്നി, വിഷ്ണുവിന്റെ മൂത്ത പുത്രനാണ് എന്ന് വിഷ്ണു പുരാണം പറയുന്നു.അഗ്നിയുടെ ഭാര്യ സ്വാഹാദേവി.
സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാര്യമാണ് അഗ്നിയുടെ പ്രധാന ധർമ്മമായ 'ജ്വലിക്കുക'എന്ന വസ്തുത.

അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്.

അഗ്നി ആളികത്തണം , നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, ദേവതകളുടെ  മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ ( ജ്വാലയിൽ ) തന്നെ ഹോമിക്കണം.

 ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു

യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ

എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.

അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു.

സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ

സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.

ഭൃഗു ശാപം മൂലം സർവ്വഭക്ഷകനായി തീർന്ന അഗ്നി, പിന്നീട് 'നീ തൊടുന്നതെല്ലാം പരിശുദ്ധ മാകട്ടെ'എന്ന ബ്രഹ്മാവിന്റെ അനുഗ്രഹം,, ദമയന്തി സ്വയംവരത്തിൽ സംബന്ധിച്ച് നളന് വരം കൊടുത്ത അഗ്നിദേവൻ, രാവണ വധത്തിനുശേഷം സീതയെ അഗ്നിപരീക്ഷ ചെയ്യിച്ച് സീതാദേവി പരിശുദ്ധ ആണെന്ന് തെളിയിച്ച അഗ്നി,  അങ്ങനെ പല കഥകൾ പുരാണത്തിലുണ്ട്. 

Monday, April 27, 2020

കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം.


🔅മക്കളേ,ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളുടെ ശിക്ഷണത്തിലാണ്. സ്വഭാവവും സംസ്കാരവും രൂപപ്പെടുന്ന ഇളംപ്രായത്തിൽ ശിക്ഷണം ആരംഭിക്കണം. എത്രയും നേരത്തെയാണോ, അത്രയും നല്ലത്. ഇളംമനസ്സിൽ ആശയങ്ങൾ വേഗം പതിയും. പതിഞ്ഞവ സുസ്ഥിരമാവുകയും ചെയ്യും. ശിക്ഷണമെന്നാൽ ശിക്ഷയല്ല, അങ്ങനെയാവാനും പാടില്ല. ഗുളിക തേനിൽ അരച്ച് കൊടുക്കുമല്ലോ. അതുപോലെ സ്നേഹവാത്സല്യങ്ങളുടെ അടിത്തറയിൽ വേണം ശിക്ഷണത്തിന്റെ സൗധം പണിയേണ്ടത്.

🔅അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്നേഹിച്ചു വളർത്തണം. കുട്ടികളെ താരാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുന്ന അച്ഛനമ്മമാർ, അതിനുവേണ്ടി ഈശ്വര കീർത്തനങ്ങളും ഭഗവത്കഥകളും സാരോപദേശകഥകളും തിരഞ്ഞെടുക്കണം. ഇതുമൂലം, അവർക്ക് ഈശ്വരസ്മരണ നിലനിർത്താൻ കഴിയും. അവരുടെ ഉപബോധമനസ്സിൽ നല്ല സംസ്കാരം കടന്നുചെല്ലും.

🔅അഞ്ചുവയസ്സു മുതൽ പതിനഞ്ചുവയസ്സുവരെയുള്ള കാലം കൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. നല്ലപോലെ ശിക്ഷണം നല്കിയാൽ മാത്രമേ അവരെ നേർവഴിക്കു നയിക്കാൻ കഴിയൂ. ശാസിച്ചുവളർത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നതു കുട്ടികളെ ചീത്തയാക്കും. അവർ പഠിക്കാതെ മടിയന്മാരാകും. ആ പ്രായത്തിൽ അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവെക്കണം. വായിക്കുന്നതിനുവേണ്ടി നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കണം.

🔅പതിനഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് പ്രത്യേകിച്ച്‌ സ്നേഹംനല്കി വളർത്തേണ്ട സമയമാണ്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. പല ആൺകുട്ടികളും പെൺകുട്ടികളും പറയാറുണ്ട്, വീട്ടിൽനിന്നു വേണ്ടത്ര സ്നേഹം കിട്ടാത്തതുമൂലമാണ്‌ അവർ ചീത്ത കൂട്ടുകെട്ടുകളിലേക്ക്‌ പോകുന്നത് എന്ന്. അവർ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാൽ ഈ പ്രായത്തിലാണ്‌ സാധാരണയായി മാതാപിതാക്കൾ കുട്ടികളെ അടിക്കുകയും ശാസിക്കുകയും ചെയ്യാറുള്ളത്. സ്നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മുതിർന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്. കുട്ടികളുടെ മുന്നിൽവെച്ച്‌ മറ്റുള്ളവരെ ചീത്തപറയാനും നിന്ദിക്കാനും പാടില്ല. അതു കുട്ടികളും അനുകരിക്കും. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ച് കുട്ടികളെ കുറ്റം പറയുകയുമരുത്. അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.

🔅പഠിക്കുന്ന കുട്ടികൾ മറ്റു ജോലികളൊന്നും ചെയ്യേണ്ട എന്നു വിചാരിക്കുന്നവരുണ്ട്. അതു ശരിയല്ല. പഠിത്തം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. കുട്ടികൾ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ശീലിക്കണം. കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം. വളർന്നുകഴിയുമ്പോൾ ഒരുപക്ഷേ, അവർ തെറ്റിപ്പോയാലും ഉപബോധമനസ്സിൽ കിടക്കുന്ന സംസ്കാരത്തിനനുസരിച്ചു പിന്നീട് നല്ല മാർഗത്തിലേക്ക്‌ തിരിച്ചുവരാൻ കഴിയും.

പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.

അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ
~~
സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ
~~~~~~
ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)
~~~~~~
ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം
~
വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.

മാടൻ
~~
ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ
~~
അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പോട്ടൻ
~~
പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ
~~~~
കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ
~~~
കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി
~~~
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത
~~
കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ്
~~~
ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്
....ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ
~~
കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ
~
മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച്
~~~
കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി
~
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ്
~~
പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി
~~~
രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി
~~
രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ
~~~~
നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ
~~~
ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ
~~~
കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ
~~~~
ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.

 കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്

കൃപർ

ഗൗതമപുത്രനായ ശരദ്വാന മഹർഷിയുടെ പുത്രിയാണ് കൃപി. ഭരദ്വാജപുത്രനായ ദ്രോണരാണ് കൃപിയെ വിവാഹം കഴിച്ചത്. ദ്രോണർക്ക് കൃപിയിൽ ജനിച്ച പുത്രനായിരുന്നു അശ്വത്ഥാമാവ്. ഗൗതമ മുനിക്ക് അഹല്യയിൽ രണ്ടു പുത്രന്മാർ ജനിച്ചു. (ശതാനന്ദൻ, ശരദ്വാനൻ). മൂത്ത പുത്രനായ ശതാനന്ദൻ മിഥിലാപുരിയിലെ രാജാവായിരുന്ന ജനകന്റെ കുലഗുരുവായി. രണ്ടാമത്തെ പുത്രനായ ശരദ്വാനൻ വേദ ശാത്രങ്ങളിൽ തീരെ താല്പര്യം കാണിക്കാഞ്ഞ തിനാൽ പിതാവായ ഗൗതമൻ അദ്ദേഹത്തെ വേദവിദ്യക്കു പകരം ആയുധവിദ്യ ആഭ്യസിഭിച്ചു. ആയുധവിദ്യയിൽ (പ്രത്യേകിച്ച് ധനുർവിദ്യ) അപാരപാണ്ഡിത്യം നേടിയ അദ്ദേഹത്തെ ജയിക്കാൻ മൂന്നു ലോകത്തും ആരുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസ പൂർത്തീകരണ ത്തെ തുടർന്ന് ഗുരുപദേശ മനുസരിച്ച് അദ്ദേഹം തപസ്സ് ചെയ്യാൻ ആരംഭിച്ചു. ആയുധ വിദ്യയിൽ അഗ്രഗണ്യനായ ശർദ്വാനനു തപഃശക്തി കൂടി കൈവന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷക്തു മുൻകൂട്ടി മനസ്സിലാക്കി ദേവേന്ദ്രൻ ജ്വാലാവതി എന്ന അപ്സരസ്സിനെ മഹർഷിയുടെ അടുത്തേക്ക് അയച്ചു. സുന്ദരിയായ ജ്വാലാവതിയുടെ സൗന്ദര്യത്തിൽ അല്പനേരം ഭ്രമിച്ചുപോയ അദ്ദേഹത്തിൽ നിന്നും രണ്ടു ഇരട്ട സന്താനങ്ങൾ ഉണ്ടായി. ഒരു ആൺ കുട്ടിയും (കൃപർ) രണ്ടാമത് ഒരു പെൺകുട്ടിയും (കൃപി). കുട്ടികൾ ഉണ്ടായങ്കിലും ശർദ്വാൻ തന്റെ തപസ്സ് തുടർന്നു പോന്നു. കാട്ടിൽ ഉപേക്ഷിച്ച ഈ ഇരട്ട കുട്ടികളെ കണ്ട് ചന്ദ്രവംശ രാജാവായിരുന്ന ശന്തനു എടുത്തു വളർത്തി. ഗംഗാദേവിയുടെവിരഹദുഃഖത്തിൽ കഴിഞ്ഞിരുന്ന ശന്തനു മഹാരാജാവിനു ഇത് വളരെ സാന്ത്വനം ലഭിച്ചിരുന്നു. മഹാരാജാവിനുണ്ടായ മാറ്റത്തിൽ ഹസ്തിനപുരി ആകെ സന്തോഷിച്ചു. ശന്തനുവിന്റെ കൃപാകടാക്ഷത്താൽ വളർന്ന പൈതങ്ങളെ കൃപർ എന്നും കൃപി എന്നും പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം തന്റെ തപസ്സ് മതിയാക്കി ശരദ്വാൻ ഹസ്തിന പുരിയിൽ വന്ന് ശന്തനുവിൽ നിന്നും രണ്ടു മക്കളേയും തന്റെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടു പോയി വളർത്തി.

ശിവ പ്രഭാകര സിദ്ധയോഗി

കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി.

സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.

അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.

ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.

എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.

1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.

ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.

ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.

ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.

തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.

പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.

ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.

ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.

കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനംപോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.

‘ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശമാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’

ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.

തന്റെ ദൃഢമായ സ്നേഹംകൊണ്ട് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്‍തന്നെ അറിയണമെന്നും ആനന്ദരൂപമായ ശിവപദം അടയണമെന്നും സര്‍വ്വേശനായ ശിവപ്രഭാകരന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് അവിടുന്ന് ഭൗതികരൂപം ധരിച്ച് നമുക്കിടയില്‍ കഴിഞ്ഞത്. പൂര്‍ണ്ണതയുള്ള ഈശ്വരപ്രഭാവത്തിന്റെ മൂര്‍ത്തീഭാവമാണവിടുന്ന്. അഭയവും വരവും നല്‍കുന്ന സര്‍വ്വേശ്വരനായി ഗുരുനാഥനെയല്ലാതെ മറ്റൊരു സനാതനിയെയും കാണാനും കഴിഞ്ഞിട്ടില്ല

Friday, April 24, 2020

വയനാട്ടുകുലവൻ തെയ്യംകെട്ട്

കണ്ണൂർ ജില്ലക്കാർക്ക് പൊതുവേ അനുഭവഭേദ്യമല്ലാത്ത ഒന്നാണ് തെയ്യംകെട്ട് മഹോത്സവങ്ങൾ... കാസർഗോഡ് ജില്ലയിൽ നടത്തി വരുന്ന ഇത്തരം മഹോത്സവങ്ങൾ ഒരു നാടിൻ്റെ ഉത്സവം തന്നെയാണ്.
മുളംചൂട്ടും,
കന്നക്കത്തിയും, പൊയ്ക്കണ്ണ്മേന്തി
ദിവ്യനാം "തൊണ്ടച്ചൻ" ഭക്തജനങ്ങളെ
അനുഗ്രഹിക്കാനെത്തുന്ന ഇത്തരം തെയ്യംകെട്ടുകൾ
പലർക്കും
ഒരു
ആവേശവും വികാരവുമാണ്.
കൂടെ
പരിവാരങ്ങളായി കണ്ടനാർ കേളനും,
കോരച്ചനും, കാർന്നോൻ തെയ്യവും
കുലവനെ അനുഗമിച്ചുകൊണ്ട്
മറക്കളത്തിൽ അരങ്ങുവാണു.
മതസൗഹാർദവും സാഹോദര്യവും
ഊട്ടിയുറപ്പിച്ചു നാനാജാതിമതസ്ഥരെ
വ്യത്യാസമേതുമില്ലാതെ ഒരു
ഉത്സവത്തിന്റെ ഭാഗമാക്കുകയാണ്
തെയ്യംകെട്ടിന്റെ പരമമായ ലക്ഷ്യം.
ഉത്സവത്തിലെ പല ചടങ്ങുകളും
അതിനുദാഹാരണമാണ്.
തെയ്യം കെട്ടിലെ വ്യത്യസ്തമാർന്ന
അനവധി ചടങ്ങുകളിൽ പ്രധാനമാണ്
കുലവന്റെ ബോനം കൊടുക്കൽ ചടങ്ങ്.
ബോനം എന്നാൽ ഭക്ഷണം എന്നർത്ഥം.
കുലവൻ വലിച്ചെറിഞ്ഞ ചൂട്ടു ചെന്ന്
വീണത് ആദി പറമ്പത്ത് കണ്ണന്റെ
ഓലപ്പുരയ്ക്ക് മുകളിലായിരുന്നു. കണ്ണൻ
സ്ഥിരമായി കള്ളു ചെത്തിയിരുന്നത്‌ ആദി
പറമ്പത്ത് കുഞ്ഞാലി എന്ന മുസ്ലിം
യുവാവിന്റെ പറമ്പിൽ നിന്നായിരുന്നു.
ആ സമയത്ത് കുഞ്ഞാലി ചിറക്കൽ
തമ്പുരാനുമായി പ്രമാദമായ ഒരു കേസിൽ
പെട്ടിരിക്കുകയായിരുന്നു. കുഞ്ഞാലിക്കു
തൂക്കുകയർ ഉറപ്പാണെന്ന് പലരും
വിധിയെഴുതി. വഴിയിൽ വെച്ച്
കുഞ്ഞാലി കുലവനെ കാണാനിടയായി.
ആദ്യ കാഴ്ചയിൽ തന്നെ കുലവന്റെ
കണ്ണിലെ തീക്ഷ്ണതയും ദിവ്യത്വവും
മനസ്സിലാക്കാൻ കുഞ്ഞാലിക്കു
കഴിഞ്ഞു. കണ്ട മാത്രയിൽ തന്നെ
കുലവനെ വണങ്ങിയപ്പോൾ കുലവൻ
തനിക്കു ദാഹിക്കുന്നു എന്നും പാനം
ചെയ്യാൻ അൽപം കള്ളു വേണമെന്നും
ആവശ്യപ്പെട്ടു. ഇത് കേട്ട കുഞ്ഞാലി
ഞെട്ടി, കാരണം കള്ള് എന്നത് ഒരു
മുസ്ലിം ആയ തനിക്കു നിഷിദ്ദമാണ്.
എങ്കിലും അയാൾ കുലവന് നല്കാൻ
തയ്യാറായി. അത് തന്റെ
സമുദായത്തിലെ മറ്റുള്ളവർ
കാണാതിരിക്കാനായി തലയിൽ ഒരു
മുണ്ട് മറച്ചാണ് കള്ള് നൽകിയത്.
കുലവനോടുള്ള അതിരറ്റ ഭക്തിയുടെയും
വിശ്വാസത്തിന്റെയും
പിൻബലത്തിലാണ് കുഞ്ഞാലി അത്
ചെയ്തത്. കഴുമരം പ്രതീക്ഷിച്ചു
കഴിഞ്ഞിരുന്ന ആ കേസിൽ കുഞ്ഞാലി
അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
അതിനു കാരണം കുലവൻ ആണെന്ന്
അയാൾ വിശ്വസിച്ചു. മധുപാന
പ്രിയനായ കുലവനെ പരിപാലിക്കാൻ
അയാൾ കണ്ണനെ ചുമതലപ്പെടുത്തി.
പിക്കാലത്ത് തെയ്യംകെട്ടുകളിൽ ഇത്
"ബോനം കൊടുക്കൽ" എന്ന ചടങ്ങായി
അനുഷ്ടിച്ചു വന്നു. ഭാവിയിൽ തന്റെ
മക്കൾ മതഭ്രാന്തു മൂത്ത് തമ്മിലടിക്കാൻ
പാടില്ലെന്ന് മുന്നിൽ കണ്ട്
മതസൗഹാർദ്ദം വേണമെന്ന് ആഗ്രഹിച്ച
"തൊണ്ടച്ചന്റെ ദീർഘവീക്ഷണം" ആയും
ഇതിനെ കാണാം. ഒരു തെയ്യം കെട്ട്
വരുമ്പോൾ ഉണ്ടായിരുന്ന വഴക്കും
പരിഭവവും മറന്നു എല്ലാ ജാതി
മതസ്ഥരും കൈകോർക്കുന്നു. വയനാട്ടു
കുലവൻ തെയ്യംകെട്ടിലെ മറ്റു പ്രദാന
ചടങ്ങുകൾ പരിശോധിച്ചാലും ഇതേ
പ്രത്യേകത കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെയാണ് കാലമിത്ര
കഴിഞ്ഞിട്ടും ഓരോ തെയ്യം കെട്ടും
വടക്കൻ മലബാറുകാർ നെഞ്ചിലേറ്റുന്നത്.
കുലകൊത്തലും, പുത്തരി കൊടുക്കലും,
പ്രസാദവിതരണവും, കൈവീതും,
മറക്കളം തീർക്കലും, കൂവം അളക്കലും,
കലവറ നിറക്കലും, കണ്ടനാർ കേളന്റെ
ബപ്പിടൽ ചടങ്ങും, കുലവന്റെ
ചൂട്ടൊപ്പിക്കലും, ബോനം കൊടുക്കലും,
പിന്നീട് അവസാനമുള്ള മറ പിളർക്കലും
എന്നിങ്ങനെ തെയ്യം കെട്ടിന്റെ
പൈതൃകം വിളിച്ചോതുന്ന ചടങ്ങുകൾ
അനവധിയാണ്. ഒരു നാടിന്റെ
സാംസ്കാരിക തനിമ വിളിച്ചോതുന്ന
മറ്റൊരു ഉത്സവം വേറെയില്ല.

കാക്കാത്തിയമ്മ

കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു

അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത  അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.

ജാതിമത ,പ്രായ ഭേദമന്യേ  ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്..

കേരളത്തിലെ ഏക ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ മൂന്നു നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കുന്ന ദാരുവിൽ തീർത്ത വിഗ്രഹത്തോടെ ഏവൂർ കണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതയായി കുടിയിരിക്കുന്ന "കാക്കാത്തിയമ്മ"

ഇവിടുത്തെ പ്രത്യേകത ജാതിമതപ്രായ ഭേദമന്യേ ഉപദേവതാ ശ്രീകോവിലിനുള്ളിൽ ആർക്കും കയറി കാക്കാത്തിയമ്മക്ക് നേരിട്ട് വഴിപാടുകൾ നൽകാവുന്നതാണ് എന്നതാണ്..     

നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ

നേരേ വായിക്കുമ്പോൾ രാമകഥ. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ കൃഷ്ണകഥ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?

പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ രാഘവ യാദവീയം എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.

വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,

ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.

രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-

വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ

ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും.

സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം

ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം.

വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.

ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?

അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-

ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.

സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.

സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.

ഒരു ഉദാഹരണം:-

രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ

ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ:

മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ

ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്.

മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.

കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

കൂറ്കള്‍

ചന്ദ്രന്റെ  ഓരോ നക്ഷത്രങ്ങളിലൂടേയുള്ള സഞ്ചാരമാര്‍ഗ്ഗത്തേയാണ് കൂറെന്ന് പറയുന്നത് . ഓരോ നക്ഷത്രത്തേയും  4 പാദങ്ങളായി വിഭജിച്ചിട്ടുണ്ടെന്നറിയുക. ഒരു നക്ഷത്രത്തിന്റെ ആദ്യത്തെ 15 നാഴികവരെ ഒന്നാം പാദമെന്നും . അതായത് 13ഭാഗ 20 കല വരെ ദൈര്‍ഘ്യമുള്ള ഒരു നക്ഷത്രത്തിന്റെ ആദ്യ പാദം 3ഭാഗ 20കലവരെയുണ്ടാകും. 15 നാ.മുതല്‍ 30നാ. വരെ നില്‍ക്കും രണ്ടാം പാദം. അതയത് 6 ഭാഗ 40 കല വരെ . ശേഷം 45 നാ. വരെ നില്‍ക്കും മൂന്നാം പാദം. അതയത് 10 ഭാഗ വരെ. ശേഷം 60 നാ. വരെ നാലാം പാദം .അതായത് 13 ഭാഗ 20 കല വരെ. അശ്വതി ഭരണി കാര്‍ത്തികകാല്‍ വരെ മേടക്കൂറാകുന്നും ( കാലും പാദവും ഒന്നതന്നെ )  ഒരുകാല്‍ എന്നാല്‍ 15 നാ. സമയം .

 കാര്‍ത്തിക മുക്കാലും രോഹിണിമുഴുവനും മകീര്യത്തരയും ചേര്‍ന്നത് എടവക്കൂറാകുന്നു. അതായത് കാര്‍ത്തിക 45 നാ. + രോഹിണി 60 നാ. + മകീര്യം 30 നാ.= രണ്ടേകാല്‍ ദിനം . അതായത് ചന്ദ്രന്‍ ഒരു രാശികടക്കാനെടുക്കുന്ന സമയം .

 മകീര്യത്തരയും തിരുവാതിരയും പുണര്‍തം മുക്കാലും ചേര്‍ന്നത് മിഥുനക്കുറ് .

 പുണര്‍തം കാലും പൂയ്യവും ആയില്ല്യവും ചേര്‍ന്നത് കര്‍ക്കിടകക്കൂറ്.

 മകവും പൂരവും  ഉത്രക്കാലും ചേര്‍ന്നത് ചിങ്ങക്കൂറ്
ഉത്രം മുക്കാലും അത്തം മുഴുവനും ചിത്ര അരയും  ചേര്‍ന്നത്  കന്നിക്കൂറ്
ചിത്ര അരയും ചോതി മുഴുവനും വിശാഖം മുക്കാലും ചേര്‍ന്നത് തുലാക്കൂറ്
വിശാഖം കാലും അനിഴവും  കേട്ട മുഴുവനും ചേര്‍ന്നത് വൃശ്ചിക ക്കൂര്‍

 മൂലവും പൂരാടവും ഉത്രാടക്കാലും ചേര്‍ന്നത് ധനുക്കൂര്‍ .

 ഉത്രാടം മുക്കാലും തിരുവോണം മു
ഴുവനും അവിട്ടത്തരയും ചേര്‍ന്നത് മകരക്കൂര്

അവിട്ടത്തരയും  ചതയവും പൂരൂരുട്ടാതി മുക്കാലും ചേര്‍ന്നത് കുംഭക്കൂര്‍ 

പൂരൂരുട്ടാതി കാലും ഉത്രട്ടാതിയും രേവതിയും
ചേര്‍ന്നത് മീനക്കൂര്‍ . ഇങ്ങനെ കാണുക .

    ഈ കൂറ്കള്‍ ആധാരമാക്കിയാണ്  നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഗോചരഫലം പറയുന്നത് ( ചാരഫലം )
   അതായത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി ആധാരമാക്കി ഫലം പറയുന്നത് .

നക്ഷത്രം -രേവതി-ദേവത -പുഷാവ്


വൈദിക സാഹിത്യത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന പൂഷാവിനെ സ്തുതിച്ചുകൊണ്ട് പ്രധാനമായും എട്ട് സൂക്തങ്ങളാണുള്ളത്. മറ്റ് ദേവതകളോടൊപ്പം പൂഷാവിനെ സ്തുതിക്കുന്ന അന്‍പത്തിയെട്ട് സൂക്തങ്ങള്‍ വേറെയുമുണ്ട്. ഇന്ദ്രന്‍, സോമന്‍ എന്നീ ദേവതകള്‍ക്കൊപ്പമാണ് പൂഷാവ് ഏറെയും സ്തുതിക്കപ്പെടുന്നത്. തലപ്പാവണിഞ്ഞ, താടി നീട്ടിയ,   നായാട്ടിനുപയോഗിക്കുന്ന  മുനയുള്ള ഉളിയേന്തുന്ന, ആടുമാടുകളെ തെളിക്കാന്‍ മുടിങ്കോല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, തൈരില്‍ കുഴച്ച ചോറ് കഴിക്കുന്ന, കോലാടുകള്‍ വലിക്കുന്ന വണ്ടിയില്‍ സഞ്ചരിക്കുന്ന വ്യക്തി ശോഭയുള്ള വൈദീകദേവതയാണ് പൂഷാവ്.

ഓം പൂഷ്ണേ നമ: എന്നാണ് മൂലമന്ത്രം

രോഹിണി - ദേവത -ബ്രഹ്മാവ്



സനാതന ധര്‍മ്മത്തിലെ  ത്രിമൂര്‍ത്തി സങ്കല്പത്തില്‍ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തി ആണ് ബ്രഹ്മാവ്‌ . നാല് വേദങ്ങളെയും തന്‍റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്‍റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും അവസാനം ബ്രഹ്മാവ്‌ പ്രളയം കാണുന്നു. ഭൂമിയിലുള്ള സര്‍വതും നശിക്കുന്നു. വീണ്ടും അടുത്ത ദിവസം പഴയത് പോലെ ബ്രഹ്മാവ്‌ സൃഷ്ടി തുടരുന്നു.
വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയാണ് ബ്രഹ്മ പത്‌നി.

എന്നാല്‍ ഇതൊക്കെയാണെങ്കിലും  ബ്രഹ്മാവിന് സനാതന ധർ മത്തില്‍ പൂജാവിധികള്‍ ഒന്നും ഇല്ല .
ഈ ആചാരത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും, പ്രധാനമായ വസ്തുത എന്തിന് ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്.

സനാതനധര്‍മ പ്രകാരം ജനനം എന്നത് മരണം പോലെ തന്നെ ഒരു ശുഭകരമായ കാര്യം അല്ല. അതിനാലാണ് പുലയുടെ ( സ്വന്തമായ ആരെങ്കിലും മരിച്ചാല്‍ പിന്നെ 16 കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് . ഒരു വര്‍ഷത്തേയ്ക്ക് ശുഭകാര്യങ്ങള്‍ ഒന്നും പാടില്ല ) കൂടെ വാലയ്മയും ( ഒരു കുഞ്ഞു ജനിച്ചു 28 കഴിയാതെ സ്വന്തക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് ) . ഒരു മാതാവിന്‍റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ജീവന്‍, ഇനി ഈ ജന്‍മത്തില്‍ പുണ്യ കര്‍മ്മം മാത്രം ചെയ്ത് മോക്ഷ പ്രാപ്തി നേടാം എന്ന് നിശ്ചയിക്കുന്നു . എന്നാല്‍ ഗര്ഭപത്രത്തിനു വെളിയില്‍ വരുമ്പോള്‍ അത് മായയില്‍ ലയിച്ച് വീണ്ടും ഈ ശരീരം ഞാന്‍ ആണെന്നും ഇവിടെ തന്റെ ആയി കാണുന്നതെല്ലാം താന്‍സമ്പാദിച്ചതാനെന്നും കരുതി അഹങ്കരിച്ചു ജീവിക്കുന്നു. ആ സമയത്ത് ഏതെങ്കിലും നവ ഭക്തി ഭാവങ്ങളിലൂടെ ( ശ്രവണം , കീര്‍ത്തനം , സ്മരണം , പാദസേവനം,അർചനം , വന്ദനം , ദാസ്യം , സഖ്യം , ആത്മനിവേദനം ) പരമ പുരുഷനെ പ്രാപിച്ചു മോക്ഷം പ്രാപിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും ലക്‌ഷ്യം. അതിനിടയില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു ഇനി ഒരു ജന്മം കൂടെ നേടുക എന്നത് മാനുഷ ധര്‍മ വ്യതിചലനം ആയതിനാല്‍ ആയിരിക്കണം ബ്രഹ്മാവിന് പൂജാ വിധികൾ ഇല്ലാത്തത്.

പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് തിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ്  മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.
രാജസ്ഥാനിലെ പുഷ്കറിൽ ബ്രഹ്മാവിന് ക്ഷേത്രം ഉണ്ട്.

മന്ത്രം -ഓം ബ്രഹ്മണേ നമ:

പൂരം - ദേവത -ആര്യമാവ്


ആര്യമാവ്  - സൂര്യൻ
 അസ്തമിക്കാനായ സൂര്യൻ എന്നുകൂടിയുണ്ട്.
12ആദിത്യന്മാരിൽ ഒരാൾ. (ദ്വാദശാദിത്യന്മാർ )
ആദിത്യ ഹൃദയമന്ത്രം.

"ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.!"
 (വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വെച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂഷ്വാവ് , മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ! ആദിത്യാ, അങ്ങേയ്ക്ക് നമസ്‌കാരം.
ആദിത്യ ഹൃദയമന്ത്രം ചൊല്ലുന്നത് നല്ലതാണ്.

മൂല മന്ത്രം -ഓം  ആര്യംമ്നെ  നമ

ഉത്രം - ദേവത -ഭഗൻ


ഭഗൻ -ദ്വാദശ ആദിത്യന്മാരിൽ ഒരാൾ. God of wealth.
മുപ്പത്തിമൂന്ന് ദേവഗണങ്ങളിൽ, അദിതിയുടെ മക്കളായ  12ആദിത്യന്മാരിൽ ഒരാൾ.
 ധനദാനത്തിന്റെയും, വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ദേവത.

ആദിത്യ ഹൃദയമന്ത്രം ചൊല്ലുന്നത് നല്ലതാണ്.

മൂല മന്ത്രം -ഓം ഭഗായ നമ:

സൂര്യൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രൻ. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌.
ആദിത്യന്‍എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ…എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു…പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും..സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം..സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്.
വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്..സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു ,ശക്തി ആര്ജ്ജിക്കുന്നു..സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും ,ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്.ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം.

ഇന്ത്യയിലെ പ്രധാനപ്പെട്ട സൂര്യക്ഷേത്രമാണ്, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം.
കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കടുത്തു‌രുത്തിക്ക് സമീപമുള്ള ഇരവിമംഗലത്തെ ആദിത്യപുരം സൂര്യ ക്ഷേത്രം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം  എന്നിവയാണ് ജപിക്കേണ്ടത്.
മൂല മന്ത്രം -ഓം സവിത്രേ നമഃ

പിതൃക്കൾ


ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു.

“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ”

എന്ന് ബ്രഹ്മപുരാണം.

അതായത്, പിതാവ്,മാതാവ്, പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.

ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു..
പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു.ഇത് വിശ്വാസം.

മന്ത്രം -ഓം പിതൃഭ്യോം  നമ:

സെർച്ച് എഞ്ചിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നുവെന്ന്

സെർച്ച് എഞ്ചിനുകൾ എങ്ങനെ വെബ് പേജുകൾ കണ്ടെത്തുന്നു, അവർ കണ്ടെത്തിയ പേജുകൾ ഉപയോഗിച്ച് അവർ എന്തുചെയ്യുന്നു, എന്ത് ഫലങ്ങൾ കാണിക്കണമെന്ന് അവർ എങ്ങനെ തീരുമാനിക്കും എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ ആണ് എവിടെ വിശദമാക്കുന്നത് . ഏറ്റവും അടുത്തുള്ള കോഫി ഷോപ്പ് കണ്ടെത്താൻ നിങ്ങൾ ഒരു ഗൂഗിൾ ഉപയോഗിക്കുമ്പോൾ,   നിങ്ങൾ ചിന്തിച്ചേക്കാം, അത് എങ്ങനെ ചെയ്തു? മുഴുവൻ ഇന്റർനെറ്റിലൂടെയും ഇത്ര വേഗത്തിൽ അടുക്കി, പേജിൽ  ഫലങ്ങൾ എങ്ങനെ തിരഞ്ഞെടുത്തു?

പ്രധാനമായും  മൂന്ന് ജോലികൾ ആണ് സെർച്ച് എൻജിനുകൾ ചെയ്യുന്നത് : 
  #  കീവേർഡുകൾക്കനുസരിച്  എല്ലാ വെബ് പേജുകളുടെ  ഉള്ളടക്കം പരിശോധിക്കുക  (അതാണ്  ക്രോളിംഗ് ).
  #  അവർ ഓരോ ഉള്ളടക്കത്തെയും തരംതിരിക്കുന്നു (ഇതിനെ   ഇൻഡെക്സിംഗ് എന്ന് വിളിക്കുന്നു).
  # മൂന്നാമതായി, ഏത് ഉള്ളടക്കമാണ് തിരയുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമെന്ന് അവർ തീരുമാനിക്കുന്നു (അതിനെ റാങ്കിംഗ് എന്ന് വിളിക്കുന്നു).

ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് അടുത്തറിയാം. വെബ് പേജുകൾ, ഇമേജുകൾ, വീഡിയോകൾ എന്നിവ പോലുള്ള ഉള്ളടക്കം കണ്ടെത്താൻ ഗൂഗിൾ  ഇന്റർനെറ്റിനെ “ക്രാൾ” ചെയ്യുന്നു.  പേജുകളിലൂടെ കടന്നുപോകാൻ “ബോട്ടുകൾ” (റോബോട്ടിനായി ഹ്രസ്വമായത്), “ക്രാളറുകൾ” അല്ലെങ്കിൽ “Spider ” എന്ന് വിളിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നു.

മറ്റ് പേജുകളിലേക്കുള്ള ലിങ്കുകൾ പിന്തുടർന്ന് ബോട്ടുകൾ പേജിൽ നിന്ന് പേജിലേക്ക് സഞ്ചരിക്കുന്നു . ഈ ബോട്ടുകൾ ഒരിക്കലും നിൽക്കുന്നില്ല ; റിസൾട്ട് പേജിൽ  ഉൾപ്പെടുത്തുന്നതിനായി പുതിയ ലിങ്കുകളും പുതിയ ഉള്ളടക്കവും തിരയുക എന്നതാണ് അവരുടെ ഏക ലക്ഷ്യം.  ഇൻഡെക്സിംഗ് പ്രക്രിയയുടെ രണ്ടാം ഭാഗമാണ്. ബോട്ടുകൾ കണ്ടെത്തിയ എല്ലാ വെബ് പേജുകളുടെയും ഉള്ളടക്കത്തിന്റെയും ഭീമാകാരമായ പട്ടിക ഓർഗനൈസ് ചെയ്യുന്ന ഘട്ടമാണിത് . സെർച്ച് റിസൾട്ട്  പേജുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ ഉറവിടമായി ഗൂഗിൾ  ഈ സൂചിക ഉപയോഗിക്കുന്നു.

പക്ഷേ, ബോട്ടുകൾ കണ്ടെത്തുന്നതെല്ലാം ഇൻഡക്സ് ലിസ്റ്റിൽ ഉൾപ്പെടുന്നില്ല .

ഉദാഹരണത്തിന്, വ്യത്യസ്ത വെബ്‌സൈറ്റുകളിൽ സ്ഥിതിചെയ്യുന്ന കൃത്യമായ ഒരേ ഉള്ളടക്കത്തിന്റെ ഒന്നിലധികം പകർപ്പുകൾ തിരയൽ ഗൂഗിൾ ബോട്സ്  കണ്ടെത്തിയേക്കാം.

ഇങ്ങനെ ഒരേ കണ്ടെന്റ് ധാരാളം വെബ്സൈറ്റുകളിൽ കണ്ടെത്തിയാൽ , ഒറിജിനൽ കണ്ടെന്റ് ഉള്ള വെബ് പേജ് ആണ് ഇൻഡക്സ് ചെയ്യപ്പെടുക.

അതിനാൽ,  നിങ്ങളുടെ വെബ്‌സൈറ്റിൽ  നിങ്ങളുടെ സ്വന്തം വിവരണം എഴുതുന്നതാണ് നല്ലത്.

മനസിലാവുന്നുണ്ടോ ?  ക്രാളിംഗും ഇൻഡെക്സിംഗും കഴിഞ്ഞാൽ അടുത്തത് റാങ്കിങ്ങ് ആണ് . നിങ്ങൾ ഗൂഗിളിൽ സെർച്ച്  ടൈപ്പുചെയ്യുമ്പോൾ, പൊരുത്തപ്പെടുന്ന ഫലങ്ങൾക്കായി എഞ്ചിൻ നിങ്ങൾ ഉപയോഗിക്കുന്ന പദങ്ങളും വേർഡുകളും  ഉപയോഗിച്ചു കണ്ടെത്തിയ ഭീമാകാരമായ പട്ടിക ഇൻഡക്സ്  ചെയ്യുന്നു. ഉദാഹരണത്തിന്, ഗൂഗിൾ  230 ദശലക്ഷം പൊരുത്തപ്പെടുന്ന ഫലങ്ങൾ കണ്ടെത്തുന്നു. ഇപ്പോൾ ഗൂഗിളിന്റെ  ചുമതലയുടെ അവസാന ഭാഗത്തിനുള്ള സമയമാണ് : റാങ്കിംഗ്.

സെർച്ച് എഞ്ചിനുകൾ പേജുകൾ റാങ്ക് ചെയ്യുന്ന രീതി പ്രധാന രഹസ്യമാണ് - ഇത് അവരുടെ IP (Intellectual Property ) ആണ് . റാങ്ക് നിർണ്ണയിക്കുന്നതിന് നൂറു കണക്കിന് ഘടകങ്ങൾ ആണ് പരിഗണിക്കപ്പെടുന്നത് .  പേജിലെ വാക്കുകൾ, അതിലേക്ക് ലിങ്കുചെയ്യുന്ന മറ്റ് വെബ്‌സൈറ്റുകളുടെ എണ്ണം, പുതുമ എന്നിവ ഉൾപ്പെടെ പരിഗണിച്ചാണ് റാങ്ക് നിർണ്ണയിക്കുന്നത് .

റാങ്ക് നിർണ്ണയിക്കാൻ അവർ ഏത് സൂത്രവാക്യം ഉപയോഗിച്ചാലും, ലക്ഷ്യം മാറ്റമില്ലാതെ  തുടരുന്നു: തിരയുന്നവരെ അവർ തിരയുന്നതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുക.

 ഈ സെർച്ച് എങ്ങിനെ  പ്രക്രിയ മനസിലാക്കുന്നത് നിങ്ങളുടെ ഗൂഗിൾ ആഡ്‌സ് ഏറ്റവും മികച്ചതാക്കാൻ സഹായിക്കും.

Thursday, April 16, 2020

നായയും മുങ്ങും, നമ്മളേം മുക്കും......!!


ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ  ഒരു  നദിയിൽ തോണി യാത്ര നടത്തി.....

ആ തോണിയിൽ  മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു......

ആ നായ ഒരിക്കലും തോണിയിൽ യാത്ര  ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് ആ യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു....

അങ്ങോട്ടുമിങ്ങോട്ടുമോടിയും ചാടിയും തന്റെ വല്ലായ്മയും  അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൊര്യൈക്കേട് സൃഷ്ടി ക്കുന്നുണ്ടായിരുന്നു......

അവർ അങ്ങോട്ടു മിങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു....

മുങ്ങൽഭീതിയിൽ ഒരു യാത്രികൻ പറയുന്നുണ്ടായിരുന്നു.....,

നായയും മുങ്ങും നമ്മളേം മുക്കും......

പക്ഷെ  രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ചാടിയും നായ അതിന്റെ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു......

തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല....

സഹികെട്ട യാത്രികരെ കണ്ട് അവരിലൊരാൾ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു....

"പ്രഭോ അങ്ങ് സമ്മതിക്കുകയാണേൽ ഞാനീ നായയെ വെള്ളത്തിൽ മുക്കി പൂച്ചയെ പോലെയാക്കാം....."

ഹും, ആകട്ടെ....

രാജാവ് സമ്മതം മൂളി.....

സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു.....

നായ പ്രാണഭയത്താൽ വെളളത്തിൽ നീന്തി തോണിയുടെ അടുക്കലെത്തി അതിലേക്ക് കയറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.....

കുറച്ചു സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേ ക്കിട്ടു.....

അപ്പോൾ ആ നായ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു.....

യാത്രികരോടൊപ്പം രാജാവിനും ആ നായയുടെ മാറ്റത്തിൽ വല്ലാത്ത ആശ്ചര്യം തോന്നി......

രാജാവ് സഹയാത്രികരോട് പറഞ്ഞു.....

"നോക്കൂ കുറച്ച് മുമ്പ് വരെ ഈ നായ നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു,  ഇപ്പോൾ നോക്കൂ എത്ര ശാന്തനായി കിടക്കുന്നു....."

ഇതു കേട്ട സഞ്ചാരി പറഞ്ഞു.....

സ്വയം ബുദ്ധിമുട്ടും, ദുഖവും, ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങൾ മനസ്സിക്കുന്നതിൽ  ആർക്കും വീഴ്ച പറ്റും.....

ഞാനീ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്........

മനുഷ്യന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.....

ഒരു കാര്യം നേടുന്നതിനും ചെയ്യുന്നതിനുമുള്ള പ്രയാസം നേരിട്ട് മനസിലാക്കും വരെ ആ കാര്യത്തെ നിസാരവൽക്കരിക്കാൻ യാതൊരു മടിയും മനുഷ്യൻ കാട്ടാറില്ല......

Wednesday, April 1, 2020

മണിയൂർ മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി പെരിന്തൽമണ്ണ ബസ്സിൽ കയറി മങ്കടയിൽ ഇറങ്ങി പിന്നെ ഒരു കിലോമീറ്റർ താഴേക്ക് പോയാൽ ക്ഷേത്രത്തിലെത്താം.

ക്ഷേത്രം ആദ്യകാലത്തെ പുന്നത്തൂർ നമ്പിടിയുടേത് ആയിരുന്നുവത്രേ! പുന്നത്തൂർ നമ്പിടി പതിനഞ്ചാം ശതകത്തിൽ മറ്റു ശാഖകളിൽ നിന്നും മാറി കൊച്ചിക്ക് എതിരായി സാമൂതിരി പക്ഷം ചേർന്നു. അതിന്റെ പാരിതോഷികമായി ലഭിച്ചതാകാം ഈ ക്ഷേത്രമെന്ന് പഴമക്കാർ പറയുന്നു. എന്നാൽ ക്ഷേത്രത്തിന് സാമ്പത്തികമായി അടിത്തറ പാകാനൊന്നും ഒരു ഭരണകർത്താക്കളും ശ്രമിച്ചു കാണുന്നില്ല. രണ്ടുനേരം പൂജയുണ്ട്. തന്ത്രിസ്ഥാനം അഴകത്തു മലയിലേക്കാണ്.

ഉപദേവതകൾ :

ശിവൻ, ശാസ്താവ്, ഗണപതി, ഭഗവതി, എന്നിവരാണ്. മുഖ്യ മൂർത്തിയായ ശിവൻ രുദ്രാക്ഷശിലാ ലിംഗത്തിൽ പടിഞ്ഞാട്ട് ദർശനമായി വിരാജിക്കുന്നു. എന്നാൽ ഉപദേവനായി മറ്റൊരു ശിവനെ കൂടി കാണുന്നു. അത് എരിഞ്ഞുടാലൻ എന്ന അപരനാമത്താലാണ് അറിയപ്പെടുന്നത്. പരമശിവന്റെ ഭൂതഗണങ്ങളിൽപെട്ട ആരോ ആണിതെന്ന് പറയപ്പെടുന്നു. ലിംഗം രുദ്രാക്ഷശിലയാകയാൽ അതിന്റെ എളിമ്പുകളിൽ പുഷ്പങ്ങളോ മറ്റോ ഇരുന്ന് ചെയ്യാതിരിക്കാൻ പൂജാരി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാരണം അതിൽ എന്തെങ്കിലും ഇരുന്ന് ചീഞ്ഞു പോയാൽ ശാന്തിക്കാരന് ദേഹത്ത് വ്രണം ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രധാന വഴിപാട് ധാരയാണ്.