Pages

Monday, April 27, 2020

കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം.


🔅മക്കളേ,ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളുടെ ശിക്ഷണത്തിലാണ്. സ്വഭാവവും സംസ്കാരവും രൂപപ്പെടുന്ന ഇളംപ്രായത്തിൽ ശിക്ഷണം ആരംഭിക്കണം. എത്രയും നേരത്തെയാണോ, അത്രയും നല്ലത്. ഇളംമനസ്സിൽ ആശയങ്ങൾ വേഗം പതിയും. പതിഞ്ഞവ സുസ്ഥിരമാവുകയും ചെയ്യും. ശിക്ഷണമെന്നാൽ ശിക്ഷയല്ല, അങ്ങനെയാവാനും പാടില്ല. ഗുളിക തേനിൽ അരച്ച് കൊടുക്കുമല്ലോ. അതുപോലെ സ്നേഹവാത്സല്യങ്ങളുടെ അടിത്തറയിൽ വേണം ശിക്ഷണത്തിന്റെ സൗധം പണിയേണ്ടത്.

🔅അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്നേഹിച്ചു വളർത്തണം. കുട്ടികളെ താരാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുന്ന അച്ഛനമ്മമാർ, അതിനുവേണ്ടി ഈശ്വര കീർത്തനങ്ങളും ഭഗവത്കഥകളും സാരോപദേശകഥകളും തിരഞ്ഞെടുക്കണം. ഇതുമൂലം, അവർക്ക് ഈശ്വരസ്മരണ നിലനിർത്താൻ കഴിയും. അവരുടെ ഉപബോധമനസ്സിൽ നല്ല സംസ്കാരം കടന്നുചെല്ലും.

🔅അഞ്ചുവയസ്സു മുതൽ പതിനഞ്ചുവയസ്സുവരെയുള്ള കാലം കൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. നല്ലപോലെ ശിക്ഷണം നല്കിയാൽ മാത്രമേ അവരെ നേർവഴിക്കു നയിക്കാൻ കഴിയൂ. ശാസിച്ചുവളർത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നതു കുട്ടികളെ ചീത്തയാക്കും. അവർ പഠിക്കാതെ മടിയന്മാരാകും. ആ പ്രായത്തിൽ അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവെക്കണം. വായിക്കുന്നതിനുവേണ്ടി നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കണം.

🔅പതിനഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് പ്രത്യേകിച്ച്‌ സ്നേഹംനല്കി വളർത്തേണ്ട സമയമാണ്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. പല ആൺകുട്ടികളും പെൺകുട്ടികളും പറയാറുണ്ട്, വീട്ടിൽനിന്നു വേണ്ടത്ര സ്നേഹം കിട്ടാത്തതുമൂലമാണ്‌ അവർ ചീത്ത കൂട്ടുകെട്ടുകളിലേക്ക്‌ പോകുന്നത് എന്ന്. അവർ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാൽ ഈ പ്രായത്തിലാണ്‌ സാധാരണയായി മാതാപിതാക്കൾ കുട്ടികളെ അടിക്കുകയും ശാസിക്കുകയും ചെയ്യാറുള്ളത്. സ്നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മുതിർന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്. കുട്ടികളുടെ മുന്നിൽവെച്ച്‌ മറ്റുള്ളവരെ ചീത്തപറയാനും നിന്ദിക്കാനും പാടില്ല. അതു കുട്ടികളും അനുകരിക്കും. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ച് കുട്ടികളെ കുറ്റം പറയുകയുമരുത്. അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.

🔅പഠിക്കുന്ന കുട്ടികൾ മറ്റു ജോലികളൊന്നും ചെയ്യേണ്ട എന്നു വിചാരിക്കുന്നവരുണ്ട്. അതു ശരിയല്ല. പഠിത്തം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. കുട്ടികൾ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ശീലിക്കണം. കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം. വളർന്നുകഴിയുമ്പോൾ ഒരുപക്ഷേ, അവർ തെറ്റിപ്പോയാലും ഉപബോധമനസ്സിൽ കിടക്കുന്ന സംസ്കാരത്തിനനുസരിച്ചു പിന്നീട് നല്ല മാർഗത്തിലേക്ക്‌ തിരിച്ചുവരാൻ കഴിയും.

No comments:

Post a Comment