Pages

Tuesday, January 17, 2023

പൂജാതത്ത്വം

 തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന. ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം. തന്ത്ര ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു. കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്...


ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്. ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ. സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്. ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം.

സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്. എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം. അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല. എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)


ചിത്തശുദ്ധി വളരാനും ഏകാഗ്രതയും ഭക്തിയും ഉണ്ടാകാനും ഉള്ള ഏറ്റവും പറ്റിയ മാർഗമാണ് ക്രിയാമാർഗം. സർവഭൂതാന്തർഗതനും നാമരൂപാധീതനും ആയ ഈശ്വരനെ കല്പ്പിത വിഗ്രഹത്തിലേക്ക് തന്നിൽ നിന്നും തന്നെ ഇഷ്ട്ടദേവതാസ്വരൂപത്തിൽ ആവാഹിച്ചു ഉപച്ചരിച്ചു സേവിക്കലാണ് ക്രിയാമാർഗത്തിന്റെ രീതി. ജലഗന്ധപുഷ്പധൂപദീപങ്ങൾ ആകുന്ന പഞ്ചോപചാരങ്ങൾവഴിക്ക് തന്റെ അജ്ഞാനത്തെയും, നിവേദ്യത്തിന്റെ രൂപത്തിൽ തന്നെ തന്നെയും ഈശ്വരനിൽ അർപ്പിച്ചു സ്വയം ഈശ്വരമയനായിത്തീരുക എന്നതാണ് പൂജയുടെ അടിസ്ഥാന തത്ത്വം. സങ്കല്പ്പങ്ങളും കർമങ്ങളും അനുഭവങ്ങളും ആകുന്ന രൂപത്തിലാണ് ഒരാൾ അജ്ഞാനത്തെ അനുഭവിക്കുന്നത് . അനുഭവങ്ങളാണ് സുഖദുഖാത്മകങ്ങൾ ആയി ഇരിക്കുന്നത്. അനുഭവങ്ങൾ കർമത്തിൽ നിന്നും ഉണ്ടാകുന്നു. കർമങ്ങൾക്ക് ആസ്പദം സങ്കല്പങ്ങൾ ആണ്. സങ്കല്പങ്ങൾ ആകട്ടെ നാമരൂപങ്ങൾ ആയിട്ടാണ് ഇരിക്കുന്നത് . നാമ രൂപങ്ങള എല്ലാം പഞ്ചഭൂതത്മകങ്ങളും. ആ നിലക്ക് ജീവന് ലോകത്തിലുള്ള എല്ലാ അനുഭവങ്ങളും പഞ്ചഭൂതങ്ങൾ നിമിത്തമാണ്. ജീവൻ ലോകത്തെ (അതായത് അനുഭവ മണ്ഡലത്തെ) പഞ്ചഭൂതങ്ങളായും അവയുടെ പരിണാമങ്ങളായും ആയിട്ടാണ് അനുഭവിക്കുന്നത്. അല്ലെങ്കിൽ, ജീവന്റെ അജ്ഞാനം ആണ് പഞ്ചഭൂതാത്മകമായ ഈ ജഗത്ത്. അങ്ങനെ, പഞ്ചഭൂതാത്മകമായ ജഗത്തായി നിലനിൽക്കുന്ന തന്റെ തന്നെ അജ്ഞാനത്തെ (മായയാണ് ഇതിനു കാരണം എന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട് ) ഈശ്വരനിൽ അർപ്പിച്ചു ലയിപ്പിക്കുക എന്നതാണ് പൂജ കൊണ്ട് സാധിക്കുന്നത്. താൻ അടക്കം തന്റെ അജ്ഞാനത്തെ ഭഗവാനിൽ അർപ്പിക്കുന്നതിനാൽ ഭാഗവത്സാക്ഷാത്ക്കാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുന്നു. ജലഗന്ധ (ചന്ദനം) പുഷ്പധൂപദീപങ്ങൾയഥാക്രമം പഞ്ചഭൂതങ്ങൾ ആയ ജലം, ഭൂമി, ആകാശം, വായു, അഗ്നി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അവ ഈശ്വരനിൽ അർപ്പിക്കുമ്പോൾ ശരീരാഭമാനം (അജ്ഞാനം) നീങ്ങി ജീവത്വം മാത്രം ശേഷിക്കുന്നു. ആ ജീവത്വമാണ് നിവേദ്യമായി അർപ്പിക്കുന്നത്. അങ്ങിനെ താൻ അടക്കം തന്റെ അജ്ഞാനം മുഴുവൻ അർപ്പിക്കപ്പെടുന്നതിനാൽ, നിർവികല്പ്പഭാവത്തിൽ ഈശ്വരതത്ത്വം പ്രകാശിക്കാൻ ഇടയായിത്തീരുന്നു. ഇതാണ് പൂജയുടെ തത്ത്വം

No comments:

Post a Comment