Pages

Sunday, January 8, 2023

ജ്ഞാനപ്പാനയുടെ ഉദ്ഭവകഥ

 മേല്പത്തൂരിൻറെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിൻറെ ഇല്ലം.

 മേല്പത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീത എന്നറിയപ്പെടുന്ന 'ജ്ഞാനപ്പാന' യാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിൻറെ ദിവസം അവൻ ചാക്ക് ദേഹത്തുവീണ് മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

“കണ്ടുകണ്ടെന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ”

“മാളികമുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. ”

“ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ! ”

“അമ്മക്കും പുനരച്ഛന്നും ഭാര്യക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ. ”

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിൻറെ യും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിക്കുന്നു.

“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ പിന്നെ വേണമോ മക്കളായ്? ”

എന്ന വാക്യം, അദ്ദേഹത്തിൻറെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തൻറെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്.

1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റെതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

No comments:

Post a Comment