Tuesday, December 27, 2022

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

 പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ദിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം.

സാദൃശ്യങ്ങളേറെ...

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും.


യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു  അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും.

പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ്  ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്.

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്.

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

ഗണപതി എന്ന വാക്കിന്റെ അർത്ഥം

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ് ?

🔥 1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

🔥 2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

🔥 3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

🔥 4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

★🔥   എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് ?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ- ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.

★🔥   മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം.

മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

★🔥   ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

★🔥   ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ്... ?

ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.

★🔥   ഗണേശോത്സവം എന്നാല്‍ എന്താണ്... ?

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വ ത്തിന്റെ ഗുണം ലഭിക്കും.

കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം

കേരളത്തിൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ഉള്ള ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം എന്ന കാരണത്താൽ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു .


ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് . മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മൽസ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .


വായനാടിലെ മീനങ്ങാടിയിൽ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരൻ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും , കുളത്തിൽ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മൽസ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരൻ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കു ദർശനമായി മൽസ്യാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു .


യോഗീശ്വരന് മുന്നിൽ മീനാടിയ സ്ഥലം മീനങ്കിടി എന്നും പിന്നീട് മീനങ്ങാടി എന്നായി മാറുകയും ആയിരുന്നു

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

 പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.


അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ- സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

ഭീമന്റെ ശിവ ഭക്തി

 വലിയ ആഹാര പ്രിയനായ ഭീമൻ നല്ലൊരു ശിവഭക്തനും ആയിരുന്നു....


ഒരിക്കൽ ധർമ്മ പുത്രൻ കൃഷ്ണനോട് പറഞ്ഞു. "നമ്മുക്ക് മഹാദേവന്റെ ദർശ്നത്തിനായി കൈലാസത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. അങ്ങ് ഞങ്ങളെ ഒന്ന് സഹായിക്കാമോ....."


കൃഷ്ണൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ നകുലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഭീമൻ ജ്യേഷ്ഠനെ കൊണ്ട് പോകണോ. അദ്ദേഹം വലിയ ആഹാര പ്രിയനാണ്. അവിടെ വരെ അദ്ദേഹം വിശപ്പ് സഹിക്കില്ല. അവിടെ എത്തിയാൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആഹാര പ്രിയം നമ്മുക്ക് നാണക്കേട് ഉണ്ടാക്കും....."


അത് ശരിയാണ് എന്നു മറ്റുള്ളവർക്കും തോന്നി. അവർ സൂത്രത്തിൽ ഭീമനെ യാത്രയിൽ നിന്നും ഒഴിവാക്കി.....


❤️🌿


കൈലാസത്തിൽ എത്തി ചേർന്ന അവർ മഹാദേവനുമായി സംസാരിക്കുമ്പോൾ അദ്ദേഹം കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകുന്നത് ശ്രെദ്ധയിൽ പെട്ടു... ധർമ പുത്രൻ ശ്രീകൃഷ്ണനോട് ചോദിച്ചു......


"മഹാദേവൻ എന്തുകൊണ്ടാണ് കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനിക്കുന്നത്."

കൃഷ്ണൻ പറഞ്ഞു.... "ഏതോ ഒരു ഭക്തൻ കൂടെ കൂടെ അദ്ദേഹത്തെ പൂജിക്കുന്നു. അതാണ്....."


അവർ അത്ഭുതപെട്ടു. മഹാദേവനെ നിശ്ചലമാക്കുന്ന ആ ഭക്തൻ ആരായിരിക്കും. ആരായാലും നിസ്സാരനല്ല...  അഗാധമായ തപസ്സികൻ ആയിരിക്കും....


❤️🌿

തിരികെ കൈലാസം വിട്ടു പോരുമ്പോൾ ധർമ പുത്രൻ നന്ദികേശനോട് ചോദിച്ചു...

"മഹാദേവനെപോലും നിശ്ചലമാക്കുന്ന ആ ഭക്തൻ ആരാണ് ദേവാ...."


നന്ദി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അത് ഭീമൻ ആണ്. അദ്ദേഹം ഓരോ തവണയും ആഹാരം കഴിക്കുമ്പോഴും മഹാദേവനോട്‌ നന്ദി പറയും. അപ്പോഴൊക്കെ ഭഗവാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ചെവി കൊടുക്കും..... ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് ബഹുമാനവും അസൂയയും തോന്നാറുണ്ട്... ഇത്രയും വലിയ ഒരു നിഷ്കളങ്ക ഭക്തൻ വേറെ ഉണ്ടാകില്ല.."


നന്ദിയുടെ വാക്കുകൾ കേട്ട അവർക്ക് കുറ്റ ബോധവും വിഷമവും തോന്നി. അവർ തിരികെ കൊട്ടാരത്തിൽ എത്തി ഭീമനോട് ക്ഷമ ചോദിച്ചു....