Pages

Tuesday, June 11, 2019

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.

കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്.

ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണ സദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവ ഭക്തകവികളായ ആഴ്‌വാർമാർ പാടി പ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധി കാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. എന്നാൽ തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാനഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി.

എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.

പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപില മഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹ പ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. അത്തരത്തിൽ നോക്കുമ്പോൾ മഹാബലിയുടെ ആസ്ഥാനം ഇവിടെയായിരുന്നുവെന്ന് ഉറപ്പിയ്ക്കാം. കപില മഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചു തുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാ തിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവ ഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് കർക്കടക മാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചു കൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു.

അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പ പ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരും ശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം 'കൊടിമതിൽ' എന്നും വിശേഷിപ്പിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കി യുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.

1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. അങ്ങനെ ഗതകാലപ്രൗഢിയിലേയ്ക്ക് ക്ഷേത്രം അതിവേഗം കുതിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.

കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്ര ത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണ രാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനു പോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.



No comments:

Post a Comment