Pages

Monday, July 29, 2019

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

"വടക്കുംനാഥൻ സർവ്വം തുണയ്ക്കും
നാഥൻ ശംഭോ മഹാദേവൻ."
നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ
ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.

ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.

ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.

തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകള്‍ തൊട്ടുതൊഴരുത്

പ്രദക്ഷിണം ചെയ്യുമ്പോള്‍ എപ്പോഴും ബലിക്കല്ലുകള്‍ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകള്‍ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളില്‍ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താല്‍ ബലിക്കല്ലില്‍ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയില്‍ വയ്ക്കുന്നത്. ഒരു ബലിക്കല്ലില്‍ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊര്‍ജ പ്രവാഹമുണ്ടാകും. ഈ ഊര്‍ജ പ്രവാഹത്തിന് തടസ്സമുണ്ടാവാന്‍ പാടില്ല എന്നതാണു തത്വം.

തൊട്ടുതൊഴുമ്പോള്‍ നമ്മള്‍ വീണ്ടും ഈ ഊര്‍ജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലില്‍ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാന്‍ പാടില്ല. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലില്‍ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാന്‍ പാകത്തില്‍ വീട്ടില്‍ സൂക്ഷിക്കുക. പൂജാപുഷ്പങ്ങള്‍ മറ്റുള്ളവര്‍ ചവിട്ടാതെ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലില്‍ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാല്‍ മതിയാവും.

”ഓം കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ”

എന്നതാണു ക്ഷമാപണമന്ത്രം.

ബലിക്കല്ലുകളില്‍ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.

കിഴക്ക് ഇന്ദ്രദേവന്‍
തെക്ക് കിഴക്ക് അഗ്‌നിദേവന്‍
തെക്ക് യമദേവന്‍
തെക്ക് പടിഞ്ഞാറ് നിര്യതി
പടിഞ്ഞാറ് വരുണന്‍
വടക്ക് പടിഞ്ഞാറ് വായുദേവന്‍
വടക്ക് സോമദേവന്‍
വടക്ക് കിഴക്ക് ഈശാനന്‍

മത്സ്യ വാരാഹി

വാർത്താളി, കോലമുഖി, ദണ്ടിനി, പന്നി മുഖി, ഭൂദേവി, ദണ്ഡ നായിക,  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുരസുന്ദരിയുടെ സൈന്യാധിപ ആകുന്നു..

വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി

ലളിതാ സഹസ്രനാമത്തിൽ

കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)

1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)

2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍

താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു. ബുദ്ധിസ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകതഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ(ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..

""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു.

"വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''

വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു... കിരാത വാരാഹി.. വശ്യ വാരാഹി.. ലഘു വാരാഹി.. നകുലി വാരാഹി.. മഹാ വാരാഹി.. അശ്വാരൂഢ വാരാഹി. മത്സ്യ വാരാഹി.. മഹിഷ വാരാഹി.. പക്ഷി വാരാഹി.. സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്..ക്ഷിപ്ര നദി തീരത്തു ഒരു അമാവാസിയിൽ ഞങ്ങളുടെ ഗുരുനാഥൻ മത്സ്യ വാരാഹി പൂജ ചെയ്തിരുന്നു...

മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്..

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.


ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ആരതി ഉഴിയൽ

ഹിന്ദു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ആരതി. ആരതിയുഴിഞ്ഞാണ് പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ എതിരേല്‍ക്കുന്നതും. വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി. ഇത് വെറുതെ വിളക്കു കത്തിച്ച് ഉഴിയുക മാത്രമല്ല. ആരതി വളരെ കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഏത് കർമ്മം ആയാലും അത് ആ വിധി പ്രകാരം ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കൂ. ആരതിയുഴിയുമ്പോഴും ഇത് ബാധകമാണ്.

ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം. ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. ആരതിയുഴിയുന്നതിന് പ്രത്യേക പാത്രവും ലഭിക്കും. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണം. ആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.

ശനിദശയും പരിഹാരങ്ങളും

ശനിദോഷംകൊണ്ട് വിവാഹം നടക്കാതെയും സന്താനമില്ലാതെയും ദുഃഖങ്ങളനുഭവിക്കുന്നവരും കുറവല്ല. ഉത്തമജീവിതം നയിച്ചിരുന്ന ദമ്പതിമാര്‍ ശനിദോഷം കൊണ്ട് വേര്‍പെട്ട് താമസിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ഈശ്വരസേവ. ശനീശ്വരമന്ത്രം ജപിക്കുക. നീരാഞ്ചനം നടത്തിക്കുക, ശനിപൂജ നടത്തിക്കുക, അയ്യപ്പന് നെയ്യഭിഷേകം നടത്തുക, ശബരിമല ദര്‍ശനം നടത്തുക.. ഹനുമാൻ സാമിയെ ഭജിക്കുക ഇതെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്.

ജാതക നിലയെക്കുറിച്ചോ, നവഗ്രഹങ്ങളെക്കുറിച്ചോ ഒന്നു മറിയാത്തവര്‍ക്കുപോലും ശനിയെന്നു കേട്ടാല്‍ ഭയമാണ്. ഭയക്കേണ്ട കാര്യമില്ല.
ആത്മാര്‍ത്ഥമായി വിളിച്ചു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമേ ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ഭഗവാനായി ആരാധിക്കാനര്‍ഹനുമാണ് ശനീശ്വരന്‍.

ശനി ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്. അങ്ങനെയെങ്കില്‍ ശനിദശാകാലം വളരെ നല്ല രീതിയില്‍ കടന്നുപോകുകയും ചെയ്യും. സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ സ്ഥിതി ചെയ്താല്‍ ശനി ഉത്തമനായിരിക്കും. ശുഭയോഗത്തോടുകൂടി നില്‍ക്കുകയാണെങ്കിലും സദ്ഫലങ്ങള്‍ നല്‍കും. ശനിയെക്കൊണ്ടുള്ള ഒരു യോഗമാണ് ശശയോഗം.
പഞ്ചമഹായോഗങ്ങളിലൊന്നാണിത്. ശശയോഗമുള്ളവര്‍ രാജതുല്യപദവിയനുഭവിക്കും. ഇടവം തുലാം എന്നീ രാശികള്‍ ലഗ്‌നമായി ജനിക്കുന്നവര്‍ക്ക് ശനി ഉത്തമനാണ്.

ശനി ഈ രാശികളില്‍ സ്ഥിതി ചെയ്താലും ഗുണഫലങ്ങള്‍ കൂടും. തുലാം, മകരം, കുംഭം, എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂലനാവുകയും ചെയ്താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ വരാം.
ഉത്തമസ്ഥാനത്തല്ലാതെയാണ് ശനി നില്‍ക്കുന്നതെങ്കില്‍ പാപഗ്രഹവുമാണ്. അങ്ങനെയെങ്കില്‍ ജാതകവശാല്‍ ശനി ദശയനുഭവിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതങ്ങളായിരിക്കും.

ഗോചരവശാല്‍ ഏഴരശനിയും കണ്ടകശനിയും അഷ്ടമശനിയും അനുഭവിക്കുന്നവര്‍ക്കും വളരെയധികം കഷ്ടങ്ങളായിരിക്കും.
ആയുസ്സ് കാരകനായ ശനി എല്ലാ ദുരിതങ്ങള്‍ക്കും കാരകനാവും. വിവാഹതടസ്സം, സന്താന ദുഃഖം, അപമാനം, കുടുംബഛിദ്രത, അലസത, ജയില്‍ വാസം, ദാസ്യപ്രവൃത്തി എന്നീ ദുരിതങ്ങള്‍ ശനിയെക്കൊണ്ടുണ്ടാകും.

ബലിയിട്ടാൽ പിതൃകൾക്ക് ശാന്തി കിട്ടുമോ...?

ശരീരം വിട്ടുപോയ ജീവനെ തിരുനെല്ലി പോലുള്ള ക്ഷേത്രങ്ങളിൽ പോയി ആവാഹനം ചെയ്താൽ പിന്നെ വിധിപ്രകാരമുള്ള ബലികർമ്മങ്ങൾ ചെയ്യേണ്ടതുണ്ടോ...?

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ബലിയിടുന്നത്‌ എന്തിനുവേണ്ടിയാണു എന്നുള്ളതാണു.

മരിച്ചു പോയവരുടെ ആത്മാവിനു നാം ബലിയിട്ടാൽ അവർക്കു ശാന്തി കിട്ടുമോ എന്നു ചോദിച്ചാൽ, ഒരിക്കലും കിട്ടില്ല എന്നാണു.

നമ്മൾ പറയുന്നത്‌ അതാണു. മരിച്ചുപോയ എന്റെ അച്ഛനു, അമ്മക്ക്‌ അല്ലെങ്കിൽ മുത്തച്ഛനു അവരുടെ ആത്മാവിനു മോക്ഷം ലഭിക്കാനും നിത്യശാന്തിക്കുമായി ഞാൻ ബലിതർപ്പണം ചെയ്യുന്നു എന്നാണു.

നമ്മുടെ ശ്രാദ്ധാതികർമ്മങ്ങൾ കൊണ്ടല്ല അവർക്ക്‌ മോക്ഷം ലഭിക്കുക. അവരെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌ അവർ ചെയ്യുന്ന കർമ്മങ്ങളാണു.

പിന്നെ എന്തിനാണു നാം ബലികർമ്മങ്ങൾ ചെയ്യണം എന്നു പറയുന്നത്‌?

നമ്മുക്ക്‌ ഇവിടെ ജനിക്കാൻ ഒരു അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണഭൂതരായിരിക്കുന്നതും നമ്മുടെ ഈ ശരീരത്തിനും യഥാർത്ഥ അവകാശികൾ എന്റെ മാതാപിതാക്കളാണു. അവരുടെ പൂർവ്വികരാണു. അവരൊന്നും ഇല്ലായിരുന്നുവെങ്കിൽ നാമും ജനിക്കുകയില്ലല്ലോ? എന്റെ ഈ ജന്മത്തിനു ഹേതു എന്റെ മാതാപിതാക്കളാണു.

ഞാൻ ശ്വസിക്കുന്ന വായു, കഴിക്കുന്ന അന്നം ഇതിനെല്ലാം അവകാീകൾ ഈ പ്രകൃതിയാണു. ഒരു പിടി ചോറു ഞാൻ കഴിക്കുന്നുവെങ്കിൽ, അത്‌ ഞാൻ കടയിൽ നിന്ന് കാശുകൊടുത്ത്‌ വാങ്ങിയതോ, റേഷൻ കടയിൽ നിന്ന് വാങ്ങിയതോ, സ്വന്തം കൃഷിയിൽ നിന്നു കിട്ടിയയതോ എന്തോ ആയിക്കോട്ടെ, പ്രകൃതിയുടേയും, മനുഷ്യരുടേയും സഹജീവികളുടേയും ഒരു വലിയ യജ്ഞത്തിന്റെ ഫലമായാണു നമുക്കിത്‌ കിട്ടിയത്‌.

പറഞ്ഞുവരുന്നത്‌, നാം നമ്മുടെ മാതാപിതാക്കളോടും, നമ്മുടെ പൂർവ്വികരോടും, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യചന്ദ്ര നക്ഷതാതികൾ തുടങ്ങി സർവ്വ ചരാചരങ്ങളോടും ഞാൻ കടപെട്ടിരിക്കുന്നു.  ആ കടപ്പാടിനെ നന്ദി പൂർവ്വം സ്മരിക്കുകയാണു പിതൃകർമ്മങ്ങളിലൂടെ നാം ചെയ്യുന്നത്‌. നമുക്ക്‌ ജീവൻ ഉള്ളടത്തോളം കാലം നാം ഈ ധർമ്മം നിറവേറ്റണം.  ആണ്ടിലൊരിക്കലെങ്കിലും!!!

തിരുനെല്ലിയിൽ പോയി ആവാഹനം ചെയ്തതുകൊണ്ടോ, കാശിയിലോ, ഗയയിലോ, രാമേശ്വരത്തോ പോയി പൂർണ്ണ ക്രിയാധികർമ്മങ്ങൾ ചെയ്ത്‌ ഇനി ഒരിക്കലും ബലികർമ്മങ്ങൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് നമുക്ക്‌ ഒഴിഞ്ഞുമാറാനോ സാധിക്കില്ല.

നമ്മുടെ ധർമ്മമാണു പിതൃകർമ്മം.

പുരാതന അളവുതൂക്കങ്ങൾ

ദൈര്‍ഘ്യം (അര്‍ഥശാസ്ത്രം)
➖➖➖➖➖➖➖➖➖
8 പരമാണു - 1 വിപ്രുട്ട്
8 വിപ്രുട്ട് -1 ലിക്ഷ
8 ലിക്ഷ - 1 യൂകാമധ്യം
8 യൂകാമധ്യം - 1 യവമധ്യം
8 യവം - 1 അംഗുലം
4 അംഗുലം - 1 ധനുര്‍ഗ്രഹം
8 അംഗുലം - 1 ധനുര്‍മുഷ്ടി
12 അംഗുലം - 1 വിതസ്തി
32 അംഗുലം - 1 കംസം
42 അംഗുലം - 1 തക്ഷഹസ്തം
84 അംഗുലം - 1 വ്യാമം (മാറ്)
2 വിതസ്തി - 1 അരത്നി
2 അരത്നി - 1 ദണ്ഡം (ധനുസ്,നാളിക,പൗരുഷം, 6 അടി)
2,000 ധനുസ് - 1 ഗോരുതം (ക്രോശം, 2 1/4 മൈല്‍)
4 ഗോരുതം - 1 യോജന (9 മൈല്‍)
108 അംഗുലം - 1 ധനുസ്
6 കംസം - 1 ബ്രഹ്മദേയം
10 ദണ്ഡം - 1 രജ്ജു
2 രജ്ജു - 1 പരിദേശം
3 രജ്ജു - 1 നിവര്‍ത്തനം

ദൈര്‍ഘ്യം (ലളിതവിസ്തരം)
➖➖➖➖➖➖➖➖➖
7 പരമാണുരജസ് - 1 രേണു
7 രേണു - 1 ത്രുടി
7 യവം - 1 അംഗുലിപര്‍വം
7 അംഗുലിപര്‍വം - 1 വിതസ്തി
2 വിതസ്തി - 1 ഹസ്തം
4 ഹസ്തം - 1 ധനുസ്
1,000 ധനുസ് - 1 ക്രോശം
4 ക്രോശം - 1 യോജന

ദൈര്‍ഘ്യം (ബൃഹത്സംഹിത)
➖➖➖➖➖➖➖➖➖
8 പരമാണു - 1 രജസ്
8 രജസ് - 1 ബലാഗ്രം
8 ബലാഗ്രം - 1 ലിക്ഷ
8 ലിക്ഷ - 1 യൂകം
8 യൂകം - 1 യവം
8 യവം - 1 അംഗുലി
12 അംഗുലി - 1 വിതസ്തി
2 വിതസ്തി - 1 ഹസ്തം

ദൈര്‍ഘ്യം (ലീലാവതി)
➖➖➖➖➖➖➖➖➖
8 യവം - 1 അംഗുലം
24 അംഗുലം - 1 ഹസ്തം
4 ഹസ്തം - 1 ദണ്ഡ്
2,000 ദണ്ഡ് - 1 ക്രോശം
4 ക്രോശം - 1 യോജന
10 ഹസ്തം - 1 വംശം

കാലം (അര്‍ഥശാസ്ത്രം)
➖➖➖➖➖➖➖➖➖
2 ത്രുടി - 1 ലവം
2 ലവം - 1 നിമിഷം
5 നിമിഷം - 1 കാഷ്ഠ
30 കാഷ്ഠ - 1 കല
40 കല - 1 നാളിക
2 നാളിക - 1 മുഹൂര്‍ത്തം
15 മുഹൂര്‍ത്തം - 1 പകല്‍ (ദിനം)
15 അഹോരാത്രം - 1 പക്ഷം
2 പക്ഷം - 1 മാസം
30 അഹോരാത്രം - 1 മാസം
30 1/2  - 1 സൗരമാസം
29 1/2  -  1 ചാന്ദ്രമാസം
27 - 1 - നക്ഷത്രമാസം
2 മാസം - 1 ഋതു
3 ഋതു - 1 അയനം
2 അയനം - 1 സംവത്സരം
5 സംവത്സരം - 1 യുഗം

തൂക്കം (ലീലാവതി)
➖➖➖➖➖➖➖➖➖
5 ഗുഞ്ജം - 1 മാഷം
16 മാഷം - 1 കര്‍ഷം
4 കര്‍ഷം - 1 പലം

തൂക്കം (അര്‍ഥശാസ്ത്രം)
➖➖➖➖➖➖➖➖➖
10 ധാന്യമാഷം (ഉഴുന്നുമണി) - 1 സുവര്‍ണമാഷം
5 ഗുഞ്ജം (കുന്നിമണി) - 1 സുവര്‍ണമാഷം
16 സുവര്‍ണമാഷം - 1 സുവര്‍ണം, കര്‍ഷം
4 കര്‍ഷം - 1 പലം (37.76 ഗ്രാം)
10 പലം - 1 ധരണം
88 ഗൗരസര്‍ഷപം (കടുക്) - 1 രൂപ്യമാഷം
16 രൂപ്യമാഷം - 1 ധരണം
20 ശൈബ്യം (മഞ്ചാടി) - 1 ധരണം
20 തണ്ഡുലം (അരിമണി) - 1 വജ്രധരണം
16 പലം - 1 പ്രസ്ഥം
16 പ്രസ്ഥം - 1 ദ്രോണം (21 1/4 റാത്തല്‍)

വ്യാപ്തം (അര്‍ഥശാസ്ത്രം)
➖➖➖➖➖➖➖➖➖
4 കുഡുബം - 1 പ്രസ്ഥം
4 പ്രസ്ഥം - 1 ആഢകം
4 ആഢകം - 1 ദ്രോണം
16 ദ്രോണം - 1 വാരി
20 ദ്രോണം - 1 കുംഭം
10 കുംഭം - 1 വഹം

വ്യാപ്തം (ലീലാവതി)
➖➖➖➖➖➖➖➖➖
4 കുഡവം - 1 പ്രസ്ഥം
4 പ്രസ്ഥം - 1 ആഢകം
4 ആഢകം - 1 ദ്രോണം
16 ദ്രോണം - 1 ഖാരിക

ആധുനിക അളവുതൂക്കപ്പട്ടികകള്‍
➖➖➖➖➖➖➖➖
I. നീളമളവ് [ബ്രിട്ടീഷ് രീതി]
➖➖➖➖➖➖➖➖➖
12 ഇഞ്ച് - 1 അടി
18 ഇഞ്ച് - 1 മുഴം
3 അടി (2) - 1 വാര (ഗജം)
5 1/2 വാര - 1 പോള്‍ (pole)
4 പോള്‍ (22 വാര) - 1 ചങ്ങല (chain)
1 ചങ്ങല - 100 ലിങ്ക് (link)
40 പോള്‍ (220 വാര) - 1 ഫര്‍ലോങ് (furlong)
8 ഫര്‍ലോങ് (1,760 വാര) - 1 മൈല്‍ (mile)
1 ലിങ്ക് - 7.92 ഇഞ്ച്
1 നോട്ടിക്കല്‍ മൈല്‍ - 6,080 അടി (ഏകദേശം (nautical mile)

നാടന്‍ രീതി
➖➖➖➖➖➖➖➖➖
12 വിരല്‍ - 1 ചാണ്‍
2 ചാണ്‍ - 1 മുഴം
4 മുഴം - 1 മാറ്
1,000 മാറ് - 1 നാഴിക

കൊച്ചി സര്‍ക്കാര്‍ രീതി
➖➖➖➖➖➖➖➖➖
8 തോര - 1 വിരല്‍ (അംഗുലം)
24 വിരല്‍ - 1 കോല്‍
4 കോല്‍ - 1 ദണ്ഡ്
500 ദണ്ഡ് - 1 നാഴിക
2 1/2 നാഴിക - 1 ക്രോശം (4,000 ഗജം)
7 1/2 നാഴിക - 1 കാതം
3 ക്രോശം - 1 കാതം
4 ക്രോശം - 1 യോജന

മെട്രിക് രീതി
➖➖➖➖➖➖➖➖➖
10 മി.മീ. - 1 സെ.മീ.
10 സെ.മീ. - 1 ഡെസി മീ.
10 ഡെസി മീ. - 1 മീ.
10 മീ. - 1 ഡെക്കാ മീ.
10 ഡെക്കാ മീ. - 1 ഹെക്ടോ മീ.
10 ഹെക്ടോ മീ. - 1 കി.മീ.
1 കി.മീ. - 1,000 മീ.

മാറ്റപ്പട്ടിക
➖➖➖➖➖➖➖➖➖
1 ഇഞ്ച് - 2.54001 സെ.മീ.
1 വാര - 0.914402 മീ.
1 സെ.മീ. - 0.39370 ഇഞ്ച്
1 അടി - 30.4801 സെ.മീ.
1 മൈല്‍ - 1.609344 കി.മീ.
1 മീ. - 1.093611 വാര
1 കി.മീ. - 0.62137 മൈല്‍

II.ചതുരശ്ര അളവുകൾ [ബ്രിട്ടീഷ് രീതി]
➖➖➖➖➖➖➖➖➖
144 ച.ഇഞ്ച് - 1 ച. അടി
9 ച. അടി - 1 ച. വാര
4,840 ച. വാര - 1 ഏക്കര്‍
1 ഏക്കര്‍ - 100 സെന്റ്
10 ച. ചെയിന്‍ - 1 ഏക്കര്‍
1 ഏക്കര്‍ - 1,00,000 ച. ലിങ്ക്

മെട്രിക് രീതി
➖➖➖➖➖➖➖➖➖
100 ച.മി.മീ. - 1 ച.സെ.മീ.
ഡെസി മീ. - 1 ച.മീ.
100 ച. മീ. - 1 ച. ഡെക്കാ മീ.
100 ച. ഡെക്കാ മീ. - 1 ച. ഹെക്ടോ മീ.
100 ച. ഹെക്ടോ മീ. - 1 ച.കി.മീ.
100 ഏയര്‍ - 1 ച. ഹെക്ടോ മീ.
100 ഹെക്ടയര്‍ - 1 ച.കി.മീ.

മാറ്റപ്പട്ടിക
➖➖➖➖➖➖➖➖➖
1 ച. ഇഞ്ച് = 6.4516258 ച.സെ.മീ.
1 ച. അടി = 9.290341 ച. ഡെസി. മീ.
1 ച. വാര = 0.83613 ച. മീ.
1 ഏക്കര്‍ = 0.4046873 ഹെക്ടര്‍ (0.0015625 ച. മൈല്‍)
1 ഏക്കര്‍ - 4.3560 104 ച. അടി കോല്‍-പെരുക്കം 1 ച. മൈല്‍ - 2.599 ച.കി.മീ.
1 ച.സെ.മീ.  0.15500 ച. ഇഞ്ച്
1 ച.മീ. - 10.76387 ച. അടി
1 ഹെക്ടര്‍ - 2.471 ഏക്കര്‍
1 ച.കി.മീ. - 0.386 ച. മൈല്‍ (= 247 ഏക്കര്‍)

III.ധാന്യം അളവ്
➖➖➖➖➖➖➖➖➖
തമിഴ്നാട് രീതി
➖➖➖➖➖➖➖➖➖
8 ഉഴക്ക് - 1 പടി
8 പടി - 1 മരക്കാല്‍
5 മരക്കാല്‍ - 1 പറ
12 മരക്കാല്‍ - 1 കലം
100 ച. സെ.മീ. - 1 ച.ഡെസി മ

ഒരു നാഴിക - 24 മിനിട്ട്
ഒരു വിനാഴിക - 24 സെക്കന്റ്
60 വിനാഴിക - 1 നാഴിക
2 1/2 (രണ്ടര)  നാഴിക  -  1 മണിക്കൂര്‍
2 1/2 (രണ്ടര) വിനാഴിക  - 1 മിനിട്ട്
2 നാഴിക   - 1 മുഹൂര്‍ത്തം
7 1/2 (ഏഴര) നാഴിക   - 1 യാമം
60  നാഴിക  - 1 ദിവസം (24 മണിക്കൂര്‍)

27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ

1.അശ്വതി- കണ്ണൂരിലെ വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക-  ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
4. രോഹിണി- തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം- പെരുന്ന മുരുകൻ ക്ഷേത്രം
6. തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം
7. പുണർതം- കവിയൂരിലെ ഹനുമാൻ ക്ഷേത്രം
8. പൂയം- പയ്യന്നൂർ മുരുകൻ ക്ഷേത്രം
9. ആയില്യം- അബലപ്പുഴ ഉണ്ണികൃഷ്ണൻ ക്ഷേത്രം
9. മകം - പഴവങ്ങാടി ഗണപതി ക്ഷേത്രം
10. പൂരം- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
12. ഉത്രം-കണ്ടിയൂർ ശിവക്ഷേത്രം
13. അത്തം- തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര - ചെങ്ങന്നൂർ ദേവീക്ഷേത്രം
15. ചോതി-പാബുമേക്കാവ് നാഗരാജ ക്ഷേത്രം
16. വിശാഖം- ഏറ്റുമാനൂർ ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട- പറശനിക്കടവ് മുത്തപ്പൻ ക്ഷേത്രം
19. മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
20. പൂരാടം- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
2l. ഉത്രാടം - തുറവൂർ നരസിംഹ ക്ഷേത്രം
22. തിരുവോണം - ഗുരുവായൂർ കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം - ആറ്റുകാൽ ദേവീക്ഷേത്രം
24. ചതയം -തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
25. പൂരുരുട്ടാതി-ആറൻമുള കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി -വൈക്കം വൈക്കത്തപ്പൻ ക്ഷേത്രം
27. രേവതി -കാസർഗോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം

ഏകാദശി

ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.
ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

 മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ  മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്  ശയന ഏകാദശി.... ഇതിനെ പത്മ ഏകാദശി എന്നും പറയും.... മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ആൾതാമസമില്ലാത്ത വിജനപ്രദേശത്തെ വീടുകളിൽ തനിയെ ഉറങ്ങരുത് . അതുപോലെ ശ്‌മശാനത്തിലും ക്ഷേത്രത്തിലും ഉറങ്ങാൻ പാടില്ല.
( മനുസ്മ്രിതി )

2. ഉറങ്ങിക്കൊണ്ടിരിക്കുന്ന ആളിനെ പെട്ടെന്ന് ഉണർത്തരുത് .
(വിഷ്ണു സ്മ്രിതി )

3. വിദ്യാർത്ഥി, സേവകർ, ദ്വാരപാലകന്മാർ കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ അവരെ ഉണർത്തണം.
( ചാണക്യ നീതി )

4. ആരോഗ്യവാനായ ഒരാൾ ദീർഘായുസ്സിന് വേണ്ടി  ബ്രഹ്മ മുഹൂർത്തത്തിൽഎഴുന്നേൽക്കണം .
(ദേവീഭാഗവത് )

5. ഇരുട്ടു മുറിയിൽ ഉറങ്ങരുത് .
(പത്മപുരാണം )

6. നനഞ്ഞ കാലുമായി ഉറങ്ങാൻ പോയാൽ ധന നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
(അത്രിസ്മ്രിതി )

7. ഒടിഞ്ഞ കട്ടിലിലും, ഭക്ഷണം കഴിഞ്ഞു വായ്ശുദ്ധമാക്കാതെയും
ഉറങ്ങരുത് .
(മഹാഭാരതം )

8. നഗ്നനായി ഉറങ്ങരുത് .
(ഗൗതമ ധർമ സൂത്രം )

9. പകൽ ഉറങ്ങുന്നത് രോഗത്തിനും അല്പായുസ്സിനും കാരണമാകാം .
( ബ്രഹ്മ വൈവർത്ത പുരാണം )

രാമകഥ

 വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം. അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്. 

                      എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ കാരുണ്യത്തിന്റെ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട്  രാമായണം കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥയുടെ രചന.

ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

*********
ഒന്നാം  ഭാഗം
*********
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.

കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. 

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

*********
രണ്ടാം ഭാഗം
*********

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ:  "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*********
മൂന്നാം ഭാഗം
*********

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

*********
നാലാം ഭാഗം
*********

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?"  ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

*********
അഞ്ചാം  ഭാഗം
     - വിശദീകരണം
*********

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം.  വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

വാക്കിന്റെ അർത്ഥം:

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.

അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്:

>വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
>കടുക്ക
>ചെഞ്ചല്യം
>കോലരക്ക്
>കോഴിപ്പരൽ** (Iron Phosphate Hydrate)
>പേരാറ്റുമണൽ
>വലിയ നെല്ലിക്ക
>എള്ളെണ്ണ
(*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം; നിറങ്ങൾക്ക് തിളക്ക മുണ്ടാകാൻ ഇതു സഹായിക്കും. ചുട്ടി/ മുഖത്തെഴുത്തു കൂട്ടലും ഇത് ഉപയോഗിക്കുന്നു.)
(**കോഴിപ്പരൽ:-  അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വ്വ ധാതു അടങ്ങിയ കോഴിപ്പരല്‍ രസതന്ത്ര പ്രകാരം അയേണ്‍ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂര്‍ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരല്‍ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)

നിർമ്മാണ രീതി:
---------
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ഈ  'ഇടിമുട്ടിക്ക്' (ചുറ്റികയ്ക്ക്) ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

കടുശർകരായോഗം:
-------
ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള മറ്റൊരു  മറ്റൊരു ധാതുക്കൂട്ടാണ്  കടുശർക്കരയോഗം  തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അനന്തശയന ശ്രീപത്മനാഭ പ്രതിഷ്ഠകൾ 'കടുശർക്കരയോഗം' കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അനവധി ഔഷധികൾ ചെർന്നതാണ് ഈ പശ.

കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കടുശർക്കരയോഗ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും. ഇതിൻറെ നിർമ്മാണ രീതി കൂടുതൽ വിശദമായി ലഭ്യമല്ല.

പ്രതിഷ്ഠാ വിഗ്രഹ നിർമ്മാണത്തിന്,  വിഗ്രഹ ശരീരത്തിൻറെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല...

ശ്രീകൃഷ്ണാവതാരം

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വെച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്.
പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്

ഗോക്കളെ രക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന് ഗോവിന്ദന്‍ എന്നൊരു നാമത്തെ കല്പിച്ചു. ദേവസുരഭി ശ്രീകൃഷ്ണനെ വന്ന് വണങ്ങുകയും തന്റെ ക്ഷീരംകൊണ്ട് കൃഷ്ണനെ ഗോപന്മാരുടെ ഇന്ദ്രനായി അഭിഷേകം ചെയ്യുകയും ചെയ്തു.
വിഷ്ണു പത്‌നിയായ ലക്ഷ്മീദേവി എട്ടു സ്വരൂപത്തോട് കൂടിയവളാണ്. ആദിലക്ഷ്മി, ധൈര്യലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധനലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി തുടങ്ങിയതാണ് ലക്ഷ്മീദേവിയുടെ എട്ട് സ്വരൂപങ്ങള്‍.
അതുപോലെതന്നെ വിഷ്ണുഭഗവാന്റെ പൂര്‍ണപുണ്യാവതാരമായിരിക്കുന്ന ശ്രീകൃഷ്ണനും എട്ടു പത്‌നിമാരോട് കൂടിയവനാണ്. രുഗ്മിണി, സത്യഭാമ, സത്യ, ഭദ്ര, കാളിന്ദി, മിത്രവിന്ദ, ലക്ഷ്മണ, ജാംബവതി എന്നിവരാണ് കൃഷ്ണന്റെ അഷ്ടപത്‌നിമാര്‍.
ഇതിനുപുറമെ നരകാസുരന്റെ കാരാഗൃഹത്തില്‍നിന്ന് മോചിപ്പിച്ച 16000 കന്യകമാരെയും കൃഷ്ണന്‍ പത്‌നിമാരായി സ്വീകരിച്ചു. രുക്മിണിയുടെ പുത്രനായി ശൈവാംശത്തോടുകൂടിയ സാംബനും ജനിച്ചു.
കൃഷ്ണന് ഓരോ പത്‌നിമാരിലും പത്ത് പുത്രന്മാര്‍ വീതം ജനിച്ചതായി ഭാഗവതത്തില്‍ പറയുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഒരു മനുഷ്യന്റെ പരമമായ കര്‍ത്തവ്യം എന്താണ്, എങ്ങനെയാണ് അലസതകളില്‍നിന്നും വിഷാദത്തില്‍നിന്നും മുക്തി പ്രാപിക്കുവാന്‍ സാധിക്കുക, തുടങ്ങിയവ മുതല്‍ അത്യുന്നതമായ വേദാന്തസങ്കല്‍പങ്ങള്‍ വരെ ഭഗവദ്ഗീതയില്‍ അടങ്ങിയിരിക്കുന്നു.
ഭഗവദ്ഗീതയെ ഉപനിഷത് സാരമായി പ്രകീര്‍ത്തിക്കപ്പെടുന്നു.
18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമാണ് ഗീതയില്‍ അടങ്ങിയിരിക്കുന്നത്. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു.
പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത് പഞ്ചപാണ്ഡവരും സാത്യകിയും മാത്രം അവശേഷിച്ച്.
അതുപോലെ കൗരവപക്ഷത്ത അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു. തന്റെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട് അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി. ഭഗവാനെ ഇപ്രകാരം ശപിച്ചു. കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്താറു വര്‍ഷം കഴിയുമ്പോള്‍ നിന്റെയും വംശം പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ. ഭഗവാന്‍ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു.
ശ്രീകൃഷ്ണചരിതം പൂര്‍ണമായിത്തന്നെ പ്രതിപാദിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമദ്ഭാഗവതം. 18000 ശ്ലോകങ്ങളോടും 12 സ്‌കന്ധങ്ങളോടും കൂടിയ ഈ പുരാണഗ്രന്ഥത്തെ ഭഗവാന്റെ തിരുസ്വരൂപംതന്നെയായി പ്രകീര്‍ത്തിക്കുന്നു.
കൂടാതെ, മഹാഭാരതം, ബ്രഹ്മവൈവര്‍ത്തപുരാണം, പദ്മപുരാണം, വിഷ്ണു പുരാണം, ഹരിവംശം തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെയും ശ്രീകൃഷ്ണചരിതം പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.

വാക്കിന്റെ ശക്തി

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങൾ ഉണ്ടായിരിക്കണം. കേൾക്കുന്നവർക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാൽ, ഈവിധം നല്ല കാര്യങ്ങൾ പറയുന്നവർ ചുരുക്കമാണ്.

നമ്മളിൽ പലരുടേയും വാക്ക് നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതിൽ നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലർക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകൾ പരസ്പരം വിദ്വേഷവും വൈരവും വളർത്തുന്നൂ.

മഹാഭാരത യുദ്ധത്തിൽ അർജുനനും കർണനും തമ്മിൽ യുദ്ധം നടന്ന ആദ്യ ദിവസം കർണനെ കൊല്ലാൻ അർജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരൻ അര്‍ജുനനോടു പറഞ്ഞു.

" കർണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തു പറ്റി? കർണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ. "

അതുകേട്ട് അർജുനൻ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അർജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ,  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.

ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അർജുനൻ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാൻ പറഞ്ഞു.

" അർജുനാ, നിൽക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞ ചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിറവേറ്റാം. "

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഭഗവാൻ തുടർന്നു.

" യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ പാലിച്ചതിനു തുല്യമാകുകയും ചെയ്യും. ''

അതുകേട്ട് അർജുനൻ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അർജുനന് സ്ഥലകാലബോധം വന്നത്.

" പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാൻ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്? "

ഇങ്ങനെ ചിന്തിച്ച് അർജുനൻ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അതിനായി തീ കൂട്ടി അതിൽ ചാടാൻ ഒരുമ്പെട്ടു. അപ്പോഴും ഭഗവാൻ അർജുനനെ തടഞ്ഞു.  ഭഗവാൻ പറഞ്ഞു,

" അർജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാർഗമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്. ''

ഇതുകേട്ട് അർജുനൻ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാൽ ഞാൻ എല്ലാം ചെയ്തു. എന്റെ കഴിവു കൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്.

അടുത്ത ശ്വാസം പോലും നമ്മുടെ കൈയിലല്ല. ''ഞാൻ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആൾ മറിഞ്ഞു വീണ് മരിച്ചു പോകാം. എല്ലാം ചെയ്യുന്നതു ഞാൻ ആണെന്നു പറയുന്നവർക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാൻ കഴിയുമോ? പരമാത്മാവിന്റെ ശക്തി കൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാൻ ഒരു ബട്ടൺ അമർത്തിയാൽ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാൽ ബട്ടണമർത്താനും നമ്മുടെ കൈ പൊക്കാനും ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരൽ പോലും ചലിപ്പിക്കാൻ ആർക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മൾ സദാ ഓർമ്മിക്കണം.

നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകൾ കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. വാക്കുകൾ കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളർന്നവന് ശക്തി പകരാനും സാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസിക തലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകൾ അർജുനന് ശരിയായ ഉൾക്കാഴ്ച്ചയും ഉണർവ്വും പകർന്നു.

അതുപോലെ ജാംബവാന്റെ വാക്കുകൾക്ക് ഹനുമാനിൽ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണർത്താൻ കഴിഞ്ഞു. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകൾ ആരോടു പറയുന്നു, എപ്പോൾ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധ വെക്കണം. അങ്ങനെയായാൽ, നമുക്കും ലോകത്തിനും വാക്കുകൾ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകൾ അമൃതസമാനം തന്നെയാണ്.

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് ക്ഷേത്രങ്ങളിൽപോകണം

ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു... “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന് കാറ്റ് കൊള്ളാന്‍ മരത്തണലില്‍ ഇരിക്കാന്‍ നാം കൊതിക്കുന്നു...?”
മരങ്ങളുടെ ശീതളശ്ചായയില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഓരോ സ്ഥലത്തിനും ഇതുപോലെ പ്രത്യേക അന്തരീക്ഷം ഉണ്ട്.
നിത്യേന പൂജയും, പ്രാര്‍ഥനയും നടക്കുന്ന ക്ഷേത്രത്തിലെ , ദേവാലയത്തിലെ അന്തരീക്ഷത്തില് ‍, പ്രത്യേകമായ ശാന്തി നമുക്ക് ലഭിക്കുന്നു. വഴക്കും ബഹളവും നിറഞ്ഞ ഒരു ചന്തയില്‍ നമുക്ക് ഏകാഗ്രത കിട്ടുകയില്ല... അവിടെ പ്രതികൂല ചിന്തകളേ ഉണ്ടാകൂ...
കൂടാതെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പ്രതിഷ്ഠ ചെയ്യുമ്പോള്‍ വേദമന്ത്രോച്ചാരണങ്ങളോടെ , താന്ത്രിക ആചാര പ്രകാരം സന്നിവേശിപ്പിച്ച പ്രാണശക്തി നിലനില്‍ക്കുന്നു.. ഈ പ്രാണശക്തി(ചൈതന്യം) ആണ് ബിംബത്തെ വിഗ്രഹം (വിശേഷാല്‍ ഗ്രഹിച്ചത് – വിഗ്രഹം) ആക്കി മാറ്റുന്നത് താന്ത്രിക ആചാരങ്ങള്‍ അനുസരിച്ചുള്ള മന്ത്രോച്ചാരണങ്ങള്‍ ഉള്‍പ്പെട്ട നിത്യപൂജ വിഗ്രഹത്തിലെ പ്രാണശക്തി വര്‍ദ്ധിപ്പിക്കുന്നു...
ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ വിഗ്രഹത്തില്‍ നിന്നുമുള്ള തേജസ്സ് ശരീരത്തില്‍ പതിക്കുന്നു... ഇതു മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കുന്നു;... ശുദ്ധീകരിക്കുന്നു... മൊബൈല്‍ ന്‍റെ ബാറ്ററി ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നതു പോലെയാണ് ഇതും....
എവിടെ വച്ചും ഈശ്വരനെ ഓർമ്മിക്കാനും ആത്മീയഗുണങ്ങൾ... ശക്തികൾ... പ്രാപ്തമാക്കാനും ശീലമുള്ളവമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല... അവര്‍ക്ക് എവിടെയായാലും ഏകാഗ്രത വേണ്ടുവോളമുണ്ടാവും. കൂടാതെ തിരിച്ചറിവ്കൊണ്ട് ഈശ്വരന്‍റെ ഭാവനാതലത്തില്‍ എത്തിയവര്‍ക്ക് ക്ഷേത്രദര്‍ശനം ആവശ്യമില്ല.... അതുകൊണ്ടാണ് യോഗികളും ആത്മീയതയില്‍ വളരെ ഉയര്‍ച്ച നേടിയവരും ക്ഷേത്ര ദര്‍ശനം നടത്താത്തത്...
സാധാരണക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനും, ആശ്വാസം കണ്ടെത്താനും, ഈശ്വര ചൈതന്യം സ്വീകരിക്കാനും ക്ഷേത്രങ്ങളില്‍ പോയാലേ സാധിക്കൂ... എങ്കിൽ അതും നല്ലതന്നെ... ശരീരവും മനസ്സും ശുദ്ധമാക്കിയിട്ടാണ് ക്ഷേത്രദര്‍ശനം നടത്തേണ്ടത്... എങ്കില്‍ മാത്രമേ ആ ചൈതന്യം വന്നു ചേരുകയുള്ളൂ... ചാര്‍ജര്‍ പിന്‍ ക്ലാവു പിടിച്ചാല്‍ മൊബൈല്‍ ചാര്‍ജ് നടക്കില്ലല്ലോ ...

ഹനുമാന് കിട്ടിയ വരങ്ങൾ

ബ്രഹ്മാവ്– ബ്രഹ്മമുള്ള കാലത്തോളം ജീവിച്ചിരിക്കും.(ഒരിക്കലും മരണമുണ്ടാകില്ല)

വിഷ്ണു– ആയുഷ്‌കാലം മുഴുവന്‍ നീയെന്റെ ഭക്തനായിരിക്കും.

ശിവന്‍– നീ മഹാവീര്യവും വിക്രമവും ഉള്ളവനായിരിക്കും.

യമന്‍ – നിന്നെ മരണം ബാധിക്കുകയില്ല.

അഗ്നി – നിനക്ക് ഒരിക്കലും തീപ്പൊള്ളലേല്‍ക്കുകയില്ല.

ഇന്ദ്രന്‍– ഇനി നിനക്ക് ഒരിക്കലും ആയുധംകൊണ്ട് മുറിവുണ്ടാകുകയില്ല.

ദേവഗണങ്ങള്‍– ബലത്തിലും വേഗത്തിലും നിന്നെ ആര്‍ക്കും ജയിക്കാന്‍ കഴിയില്ല.

നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

ഗൃഹത്തില്‍ നെല്ലിമരം ഉണ്ടെങ്കില്‍ തിന്മകള്‍ ഒന്നും സംഭവിക്കുകയില്ല. മഹാവിഷ്ണുവിന് നെല്ലിക്കയും നെല്ലിയിലയും വളരെ പ്രിയപ്പെട്ടതാകുന്നു.
നെല്ലിയില അര്‍ച്ചിക്കുകയും നെല്ലിക്ക അര്‍പ്പിക്കുകയും ചെയ്യുകവഴി വിഷ്ണുപ്രീതി ആര്‍ജ്ജിക്കാം.
നെല്ലിമരത്തില്‍ വിഷ്ണുവും ലക്ഷ്മിയും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. നെല്ലിമരത്തിനടുത്ത് കുളമുണ്ടെങ്കില്‍ അതില്‍ ഏകാദശിനാളില്‍ കുളിക്കുകയും ദ്വാദശിനാളില്‍ വിഷ്ണു സ്മരണയോടെ നെല്ലിക്ക കഴിക്കുകയും ചെയ്താല്‍ ഗംഗയില്‍ സ്‌നാനം ചെയ്ത ഫലവും കാശിയില്‍പോയ പുണ്യവും ലഭിക്കുമത്രേ.
സൂര്യനൊഴികെ മറ്റെല്ലാ ദേവന്മാരെയും നെല്ലിയിലയാല്‍ അര്‍ച്ചന ചെയ്യാം. എന്നാല്‍, ഞായറാഴ്ച വെള്ളിയാഴ്ച, സപ്തമി, നവമി, അമാവാസി, സംക്രാന്തി എന്നീ ദിനങ്ങളില്‍ നെല്ലിക്ക ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ശാസ്ത്രമതം.
ഇപ്രകാരമുള്ള നെല്ലിക്കയില്‍ ഔഷധഗുണങ്ങളേറെയാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവയെ നശിപ്പിക്കുന്നു. കുഷ്ഠം, പ്രമേഹം, കാസം തുടങ്ങി പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദമരുന്നുകളിലും നെല്ലിക്ക ഉപയോഗിക്കുന്നു.
പച്ച നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ പാണ്ഡുരോഗത്തിന് ശമനമുണ്ടാകും. നെല്ലിക്ക, നല്ലൊരു വാജീകരണ ഔഷധം കൂടിയാണ്.
ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി സേവിക്കുന്ന ആമലക രസായനത്തിലും ച്യവനപ്രാശത്തിലും നെല്ലിക്കയാണ് ചേര്‍ക്കുന്നത്.
നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിത്യേന കുളിച്ചാല്‍ ജരാനര ബാധിക്കുകയില്ലെന്ന് പറയപ്പെടുന്നു. ബുദ്ധിഭ്രമത്തിന് നെല്ലിക്ക കഷായം സമം തൈരും ചേര്‍ത്ത് ധാരകോരുന്ന പതിവുണ്ട്.
കണ്ണിന് കുളിര്‍മയും കാഴ്ചശക്തിയും പ്രദാനം ചെയ്യുന്നു. രുചിയും, ദഹനശക്തിയും വര്‍ദ്ധിപ്പിക്കുക, നാഡികള്‍ക്ക് ബലം നല്‍കുക, മേധാശക്തി വര്‍ദ്ധിപ്പിക്കുക ഇതൊക്കെ നെല്ലിക്കയുടെ സവിശേഷതകളാണ്.
ഉപ്പിലിട്ട നെല്ലിക്കയും അച്ചാറിട്ട നെല്ലിക്കയും വിശേഷപ്പെട്ടതാണ്. നെല്ലിയുടെ കായ് മാത്രമല്ല, വേര്, തൊലി എന്നിവയും കനിഞ്ഞു നല്‍കിയ വരദാനമാണ്.

ഹരേ കൃഷ്ണാ

ഒരു തവണ ദ്രൗപദി രാവിലെ കുളിക്കാൻ യമുനയുടെ തടത്തിൽ ഘാട്ടിൽ പോയി. പ്രാത: കാലമായിരുന്നു. ഈശ്വരനെ സ്മരിക്കേണ്ട സമയമായിരുന്നു. അപ്പോൾ ദ്രൌപദിയുടെ ശ്രദ്ധ സഹജമായി ഒരു സാധുവിൽ പതിഞ്ഞു. അദ്ദേഹം ശരീരത്തിൽ ഒരു ലങ്കോട്ടി മാത്രമേ ധരിച്ചിരുന്നുള്ളു.സാധു സ്നാനത്തിന്നു ശേഷം തന്റെ മറ്റൊരു ലങ്കോട്ടി ധരിക്കാനായി പുറപ്പെട്ടപ്പോൾ പെട്ടെന്ന് കാറ്റിന്റെ ശക്തിയിൽ അത് പറന്നു വെള്ളത്തിൽ വീണു പോയി. സംയോഗവശാൽ സാധുവിന് ലങ്കോട്ടി പുതിയ ലങ്കോട്ടി ധരിക്കാൻ സാധിച്ചില്ല. സാധു ആലോചിച്ചു ഇനി എങ്ങിനെ മാനം മറയ്ക്കും. കുറച്ചു സമയത്തിൽ സൂര്യോദയമാകും.അവിടെ ഘാട്ടിൽ വലിയ ജനക്കൂട്ടമാവും.സാധു പെട്ടെന്ന് വെള്ളത്തിൽ നിന്നും പുറത്തുവന്ന് രഹസ്യമായി ഒളിച്ചു നിന്നു.. ദ്രൌപദി ഇതെല്ലാം കണ്ടു കൊണ്ട് സാരിയുടുക്കുകയായിരുന്നു. ദ്രൗപദി പകുതി സാരി ഉടുത്തു കൊണ്ട് സാധുവിന്റെ അടുത്തു പോയി പറഞ്ഞു. താതാ അങ്ങയുടെ വിഷമം എനിയ്ക്കു മനസ്സിലായി. ഈ സാരിയിൽ നിന്നും അങ്ങയ്ക്ക് മാനം മറയ്ക്കാൻ വേണ്ട വസ്ത്രം കീറിയെടുത്തോളൂ. സാധു പെട്ടെന്നു തന്നെ സാരിയുടെ കഷണം മുറിച്ചെടുത്ത് തന്റെ മാനം മറച്ചു. അദ്ദേഹം പറഞ്ഞു. എപ്രകാരം ഇന്നു നീയെന്റെ മാനത്തെ രക്ഷിച്ചുവോ അതുപോലെ ഒരു ദിവസം ഭഗവാൻ നിന്റെ മാനത്തേയും സംരക്ഷിക്കും. അങ്ങിനെ നിറഞ്ഞ സഭയിൽ വച്ച് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്ത സമയത്ത് ദ്രൗപദിയുടെ കരുണാർദ്രമായ വിളി കേട്ട് നാരദർ ഭഗവാന്റെ അടുത്തെത്തി അപ്പോൾ ഭഗവാൻ പറഞ്ഞു. നാരദരെ കർമ്മത്തിനു പകരം ഇതാ നോക്കൂ എൻറെ കൃപ ഇവിടെ ഞാൻ വർഷിയ്ക്കുന്നത്.അതു മഹാപുണ്യം തന്നെയല്ലെ. ദ്രൗപദിയുടെ ദിവ്യമായ അനുഭവം. ആ സാധുവിന്റെ സേവ വസ്ത്രദാനസേവ കൊണ്ട് ദ്രൌപദിയുടെ മാനം ഭഗവാൻ സംരക്ഷിച്ച സംഭവം. അതിനായി ഭഗവാൻ നുറുകണക്കിന് വസ്ത്രം ദ്രൌപദിക്കു നൽകി.. മനുഷ്യൻ ചെയ്യുന്ന ഏതു സുകർമ്മത്തിന്നും അതിന്റെ ഫലസഹിതം അനുഗ്രഹം ലഭിക്കുന്നു. ദുഷ്കർ മ്മത്തിന്റെ ഫലവും അവനവനു തന്നെ ദുശ്ശാസനനെപ്പോലെ അനുഭവിക്കേണ്ടതായി വരുന്നു

എന്താണ് ജീവിതം ?

ഒരിയ്ക്കൽ ഒരു പത്ര പ്രവർത്തകൻ പ്രസിദ്ധനായ പാചകക്കാരനെ അഭിമുഖത്തിനിരുത്തി

പത്രക്കാരൻ :

ജീവിതത്തെക്കുറിച്ച് പറയൂ ...?

പാചകക്കാരൻ :

ജീവിതമോ ..?

 അത് ...........................


ആയുസ്സെന്ന നാക്കിലയിൽ ദൈവം തമ്പുരാൻ വിളമ്പിയ സദ്യ .!

അവിയൽ പോലെ സമ്മിശ്രമായ അനുഭവങ്ങളും. ......

അച്ചാർ പോലെ നീറുന്ന ഓർമകളും........

പപ്പടം പോലെ പൊടിയുന്ന സ്വപ്നങ്ങളും ....

രസം പോലെ ഇടയ്ക്ക് വച്ച് കണ്ടുമുട്ടി പിരിയുന്ന സുഹൃത്തുക്കളും...

ചില നേരങ്ങളിൽ ഓലൻ പോലത്തെ നിർവികാരതയും...

കാളൻ പോലെ ആറ്റിക്കുറുക്കിയെടുത്ത അനുഭവങ്ങളും...

മാമ്പഴ പുളിശ്ശേരി പോലെ മധുരമാം ബാല്യ കൌമാരങ്ങളും......

കളി ചിരി പറയും കായ വറുത്തതും    ശർക്കര ഉപ്പേരിയും...

ഏറെ മധുരിയ്ക്കും യൗവനമെന്നൊരു പാലട പ്രഥമനും ഒടുവിലായ് ...

വാർദ്ധക്യമെന്ന കയ്പേറിയ കൊണ്ടാട്ടവും ...

അതുതന്നെയല്ലേ ജീവിതം...

സമയം ആവുമ്പോൾ ഇലമടക്കി മടങ്ങുക...

ബ്രഹ്മസാക്ഷാത്ക്കാരം

ബ്രഹ്മസാക്ഷാത്ക്കാരം നേടാൻ‍ സാധകൻ‍ ഏഴുഭൂമികകൾ‍ കടക്കണം. മനസാവാചാ പാപഭോഗചിന്തകൾ‍ കൂടാതെ ഇരുന്നാൽ ആദ്യഭൂമിക കടക്കാം.

ശ്രുതി, സ്മൃതി, ധാരണ, ധ്യാനം എന്നിവ ആചാര്യന്മാരിൽ‍ നിന്നു ഗ്രഹിക്കുന്നവൻ രണ്ടാംഭൂമിക കടക്കാം.

മുനിമാരോടൊപ്പം വനപ‍ർണശാലയിൽ‍ കഴിയുന്നവ‍ർ മൂന്നാം ഭൂമിക കടക്കുന്നു.
ഈ അവസ്ഥയിലെത്തിയവരാണ് ബുദ്ധന്മാർ‍.

സർവ്വചരാചരങ്ങളേയും സമഭാവനയോടെ കാണാ‍ൻ കഴിയുന്നവൻ‍ നാലാംഭൂമിക കടക്കുന്നു.

ബ്രഹ്മത്തിൽ‍ മനസ്സ് വിലയം പ്രാപിക്കുന്ന സാധകൻ അഞ്ചാംഭൂമിക കടക്കുന്നു.

ആറാംഭൂമികയിലെത്തുന്നവ‍ൻ സത്ത്, അസത്ത്, അഹങ്കാരം, അനഹങ്കാരം ഇവയെ എല്ലാം അതിക്രമിച്ചവനായിരിക്കും. അവന്റെ സർവ്വസംശയങ്ങളും സ്വയം നീങ്ങുകയും ഹൃദയഗ്രന്ഥികൾ തുറക്കപ്പെടുകയും ചെയ്യുന്നു.

ഏഴാംഭൂമികയിലെത്തുന്നവ‍ർ പരമപദമായ നി‍ർവ്വാണാവസ്ഥയിലൂടെ ദേഹമുക്തനാകുന്നു. ആ പദത്തിലെത്തിയ സാധകൻ‍ താ‍ൻ ബ്രഹ്മമാണെന്ന് തിരിച്ചറിയുകയും ബ്രഹ്മസാക്ഷാത്ക്കാരം നേടുകയും ചെയ്യുന്നു

കാളിദാസൻ

കാളിദാസൻ വെറും ഒരാട്ടിടയനായിരുന്നു. അദ്ദേഹം എങ്ങിനെയാണ് വിശ്വ മഹാകവിയായത്.ദേവീ കടാക്ഷം കൊണ്ടു മാത്രം. വിദുഷിയായ ഒരു രാജകുമാരിയുണ്ടായിരുന്നു. അവൾക്ക് വിവാ
 ഹപ്രായമായി. പാണ്ഡിത്യത്തിൽ തന്നെ തോല്പിക്കുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്നായിരുന്നു രാജകുമാരിയുടെ നിശ്ചയം. ധാരാളം വിദ്വാന്മാർ കുമാരിയോട് വാദപ്രതിവാദത്തിന്നുവന്നു. പക്ഷേ അവരെല്ലാം പരാജിതരായി.

 നിരാശരായ പണ്ഡിതന്മാർ ഏതെങ്കിലും വിധത്തിൽ അവളെ വഞ്ചിക്കുന്നമെന്ന് നിശ്ചയിച്ചു. അവർ ഒരു വിഡ്ഢിയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരാൾ മരക്കൊമ്പിലിരുന്ന് അതിന്റെ കടമുറിക്കുന്നതു കണ്ടു. ബുദ്ധിഹീനനായ അവനെ തങ്ങളു ടെ ഉപായത്തിന് പറ്റിയവനായിക്കണ്ടു താഴെ ഇറക്കി. നല്ല
. മഞ്ചലിൽ ഇരുത്തി കൊട്ടാരത്തിലെത്തിച്ചു.

കൊട്ടാരത്തിന്റെ ചുമരിൽ രാവണന്റെ ചിത്രം കണ്ട് “അമ്പമ്പട രാഭണാ ” എന്ന അവൻ പറഞ്ഞു. ഇതു കേട്ട രാജകുമാരി അത് തെറ്റാണ് രാവണ എന്നാണ് ശരിയെന്നു പറഞ്ഞു. എന്നാൽ പണ്ഡിതന്മാർ അതിലിടപെട്ടു. കുംഭകർണ്ണൻ, വിഭീഷണൻ ഈ പേരുകളിൽ “ഭ”കാരം ഉണ്ട്. അതിനാൽ രാഭണ എന്നാണ് യു ക്തം എന്ന് സ്ഥാപിച്ചു. അവരുടെ യുക്തിക്കു മുമ്പിൽ വഴങ്ങേണ്ടി വന്ന രാജകുമാരി മഹാ പണ്ഡിതനാണ് എന്ന് വിചാരി ച്ച് അയാളെ വിവാഹം ചെയ്തു.

രാത്രി മണിയറയിലെത്തിയ രാജകുമാരി നിലത്ത് ഒരു മൂലയിൽകിടന്നുറങ്ങുന്നവരനെക്കണ്ട് അമ്പരന്നു. മാത്രമല്ല ഉറക്കത്തിൽ ആടിനെ തെളിക്കുന്ന ശബ്ദവും ഉണ്ടാക്കുന്നു.ഇയാൾ വെറുംമൂഢനാണെന്ന് രാജകുമാരിക്ക് മനസ്സിലായി, ദു:ഖിതയായ അവൾ ആ ആട്ടിടയനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി.

ഇടയൻ വഴിയറിയാതെ നടന്നു ഒരു സ്ഥലത്ത് നിന്ന് ചെറിയൊരു വെളിച്ചം കണ്ടു. അവിടെക്ക് നടന്നു. അതൊരു കാളി ക്ഷേത്രമായിരുന്നു. അയാൾ അതിന്നുള്ളിൽ കയറി വാതിലടച്ചു.അർദ്ധരാത്രിയിൽ പുറത്തേക്ക് എഴുന്നള്ളിയ മഹാ
 ദേവി തിരിച്ചെത്തി. ശ്രീകോവിലിന്റെ വാതിൽ ആരോ അടച്ചുതാഴ് ഇട്ടിരിക്കുന്നു.

“അകത്താര്” കാളി ചോദിച്ചു. “പുറത്താര് ” എന്നായി ഇടയൻ“പുറത്ത് കാളി” എന്ന് ദേവി പറഞ്ഞു. “അകത്ത് ദാസൻ ” എന്നായിരുന്നു ഇടയന്റെ ഉത്തരം: ഉടൻ ദേവി നാവ് നീട്ടാൻ കല്പ്പിച്ചു. ദേവി വാൾമുനയാൽ നാവിൽ കാളി എന്നെഴുതി. ദേവീനാമ സ്പർശന മാത്രയിൽ കാളിദാസന് ജ്ഞാനോദയം ഉണ്ടായി.ഉടൻ ചൊല്ലിയ ശ്ളോകമാണത്രേ ഇത്.

ആനമ്ര സ്വാന്ത കേളീവിഹരണ
 കുരളി നീല നാളീകഹേളീ
 ആദിത്യാരാവധൂളീകള കള
 ധരളീ ഭൂത പാദാംബുജാളീകാളീ
 കാളാള കാളീ പൃഥു കുചയുഗളീ
 പാതു മാം ഭദ്രകാളീഅമ്മേ നാരായണ
 ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

Sunday, July 28, 2019

സംസ്‌കൃതത്തിനുവേണ്ടി ഒരു പോരാട്ടം

വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ  കോടതിയിലെ  ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ ക്ലാസിക്കല്‍ ഭാഷകളായ ഗ്രീക്കും ലാറ്റിനും പഠിച്ചിട്ടുള്ള ജോണ്‍സ് കൃത്യമായ ചില പ്രത്യേക ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സംസ്‌കൃത ഭാഷ പഠിക്കുവാന്‍ നിശ്ചയിച്ചു. മ്ലേഛഭാഷ സംസാരിക്കുന്ന വിദേശിയെ ആരാണ് സംസ്‌കൃതം പഠിപ്പിക്കുവാന്‍  തയ്യാറാവുക? ഒരു പാട് ശ്രമങ്ങള്‍ക്കൊടുവില്‍, വലിയ സാമ്പത്തിക പരാധീനതകളുള്ള ഒരു സാധു ബ്രാഹ്മണന്‍ ജോണ്‍സിനെ പഠിപ്പിക്കാമെന്നേറ്റു; അധ്യാപകന്‍ നിബന്ധനകള്‍ വെച്ചു. പഠിക്കാന്‍ തന്റെയടുത്തു വരണം, വരുമ്പോള്‍ ഗംഗയില്‍നിന്ന് വെള്ളം കൊണ്ടുവന്ന് തളിക്കണം, പഠനം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴും ഗംഗാജലം കൊണ്ട് ജോണ്‍സ് ഇരുന്ന സ്ഥലം ശുദ്ധിയാക്കണം. ഇതെല്ലാം ജോണ്‍സ് തന്നെ ചെയ്യണം. വിദേശിയായ സായിപ്പിനെ ചാണകം വിരിച്ച തറയില്‍, വീടിനു വെളിയില്‍ ഇരുത്തി, അല്‍പം ദൂരെ മാറിയിരുന്ന് ആ സാധു ബ്രാഹ്മണന്‍ സംസ്‌കൃതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു.

വിഖ്യാതമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ചാപ്പലില്‍ വിശാലമായ ചുവരില്‍ വലിയൊരു ശില്പം കൊത്തിവെച്ചിരിക്കുന്നതു കാണാം. സര്‍ ജോണ്‍ വില്യംസ് ഒരു ഉയര്‍ന്ന കസേരയിലിരുന്ന് എഴുതുന്നു. താഴെ നിലത്ത് മൂന്നു  ബ്രാഹ്മണര്‍ ഇരുന്ന് എന്തോ എഴുതിയെടുക്കുന്നു.  ആ ശില്പത്തിനടിയില്‍ ഇങ്ങനെ എഴുതിയതു കാണാം- ഹിന്ദുക്കള്‍ക്ക് അവരുടെ നിയമത്തെ നല്‍കിയ സര്‍ ജോണ്‍ വില്ല്യംസ്. ഉന്നത വംശത്തില്‍ പിറന്ന സായിപ്പിന് തങ്ങള്‍ ഭരിക്കുന്ന നാട്ടിലെ അപരിഷ്‌കൃതരില്‍ നിന്നും നിയമം പഠിക്കേണ്ടി വന്നു എന്നു പറയുന്നത് ചിന്തിക്കാനാവുമോ? ഈ ഒരു ചിത്രവും അതിന്റെ പശ്ചാത്തലവും സംസ്‌കൃതം പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യാപഠനപ്രണയികളുടെ കാഴ്ചപ്പാട് പുറത്തുകൊണ്ടുവരുന്നു.

ഈ വിഷയം ഇവിടെ ഇപ്പോള്‍ ചര്‍ച്ചചെയ്യുവാന്‍ കാരണം രാജീവ് മല്‍ഹോത്ര എന്ന ഗവേഷകപ്രതിഭയുടെ Battle for Sanskrit എന്ന പുസ്തകമാണ്. സംസ്‌കൃതത്തിനും സംസ്‌കൃതിയ്ക്കും വേണ്ടി ഒരു യുദ്ധം.

ഭാരതത്തിലെ സര്‍വ്വകലാശാലകളിലെ മുതിര്‍ന്ന ചരിത്രഗവേഷകരോടും ഇന്‍ഡോളജി എന്ന വിഷയത്തിന്‍ കീഴില്‍ വരുന്ന ഭാരതപഠനങ്ങള്‍, ഇവയില്‍ പഠനം നടത്തുന്നവരോടും വേദവിഭാഗത്തില്‍ ഗവേഷണം നടത്തുന്നവരോടും ചില ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാം. നിങ്ങള്‍ വായിച്ചിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ വേദഭാഷ്യങ്ങള്‍ ഏതാണ്,ആരുടെയൊക്കെയാണ്? വായിച്ചവര്‍ വളരെ കുറവാണ്, എന്നാല്‍  പ്രൊഫ: മാക്‌സ് മുള്ളറുടെ പേര് എല്ലാവര്‍ക്കും കാണാപ്പാഠമാണ്. ഗ്രിഫിത്തിന്റെയും വിന്റര്‍ നിറ്റ്‌സിന്റെയും പേരുപറയുന്നവരും കുറവല്ല. സംസ്‌കൃതവിഭാഗത്തിന്‍ കീഴില്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സായണാചാര്യരേയും  വായിച്ചിട്ടുണ്ട്. ഉവ്വടന്റെയും മഹീധരന്റെയും പേരുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവരും ആശ്രയിക്കുന്നത്

മാക്‌സ് മുള്ളറുടെ വേദഭാഷ്യം തന്നെ. എന്തുകൊണ്ടാണ് മുള്ളറുടെ ഭാഷ്യം ഇപ്പോഴും  പ്രാമാണികമായി കരുതുന്നത്. ഇത് അക്കാദമിക ലോകത്ത് ഒരു ചോദ്യം പോലുമല്ല.  1999 ല്‍ ആണ് ശങ്കര്‍ ബി. ചാണ്ഡേക്കര്‍ പൂനെ യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. എത്രയോ വര്‍ഷം മുന്‍പ് ആരംഭിച്ച ഗവേഷണം 99 വരെ നീളാന്‍ കാരണമെന്തായിരുന്നു എന്ന് അദ്ദേഹത്തോടു ചോദിച്ചു. cotsnitution of the univ-erse in v-edic literature with special reference to shri mayananda chaithanya. എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. പക്ഷേ അദ്ദേഹത്തിന്റെ ഗൈഡ് ഡോ. കെ.എസ്. ലാല്‍  മാക്‌സ്മുള്ളര്‍ ആദിയായ വൈദേശിക ഭാഷ്യകാരന്‍മാരെ ഗവേഷണ പ്രബന്ധത്തില്‍ ഉദ്ധരിക്കാത്തതുകാരണം തന്റെ വിയോജനം രേഖപ്പെടുത്തി. വേണ്ടത്ര ഇന്ത്യന്‍ ഭാഷ്യകാരന്‍മാരുടെ അഭിപ്രായങ്ങളേയും വീക്ഷണങ്ങളേയും തെളിവുകളായി നിരത്തിയ പ്രബന്ധത്തില്‍ ഗ്രിഫിത്തിന്റെയും മറ്റും പേരില്ലാത്തതിനാല്‍ ചാണ്ഡേക്കര്‍ക്ക്, അവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി തിസീസ് പുനഃസമര്‍പ്പിക്കേണ്ടിവന്നു. ഇത് ഇന്ത്യന്‍  അക്കാദമിക ലോകത്തെ ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെയുള്ളപ്പോള്‍ ആധുനിക വേദഭാഷ്യകാരന്‍മാരായ മഹര്‍ഷി ദയാനന്ദനേയും, അരവിന്ദനേയും ദാമോദര്‍ സാത്വലേക്കറേയും കേട്ടിട്ടുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്.

ഇന്നു ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ വേദപണ്ഡിതന്‍ ആരാണെന്ന ചോദ്യത്തിന് കാശിയിലേയോ ഹരിദ്വാറിലേയോ ഗുരുകുലങ്ങളില്‍ വേദത്തെ ജീവിതമായിക്കണ്ട് ഉപാസിക്കുന്ന ആചാര്യന്‍മാരുടെ പേരോ ശാങ്കരമഠത്തിലെ ആചാര്യന്‍മാരുടെ പേരോ അല്ല ആരും പറയുക മറിച്ച് അമേരിക്കയിലെ ഹിന്ദുസംഘടനകളോട് നിരന്തരം പോരടിക്കുന്ന,  തികഞ്ഞ ക്രിസ്തുമതമൗലികവാദിയായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മൈക്കേല്‍ വിറ്റ്‌സലിന്റെ പേരാണ് ഉദ്ധരിക്കപ്പെടുക. ജപ്പാനിലെ ക്യോട്ടോ സര്‍വണ്ട കലാശാലയിലെ പ്രൊഫ. യാസുകേ ഐകാരിയുടേയും (Yasuke Ikari) പോളണ്ടിലെ ക്രാകോവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സെസാറിഗാള്‍വിച്ചിന്റെയും (prof. Cezary Galewicz) പേരുകളും ചേര്‍ത്തുപറഞ്ഞേക്കും. ഇവര്‍ ആരും തന്നെ വേദങ്ങള്‍ സ്വതപ്രമാണമാണ് എന്ന് അംഗീകരിക്കുന്നവരല്ല. വേദങ്ങളുടെ അപൗരുഷേയതയെ അംഗീകരിക്കുന്നവരല്ല. സന്ധ്യാവന്ദനാദി വൈദിക ആചരണങ്ങളെ ആചരിക്കുന്നവരുമല്ല.ആചാരഹീനോ ന പുനന്തി വേദാഃ ആചരിക്കാത്തവനെ വേദങ്ങള്‍ക്കുപോലും ശുദ്ധീകരിക്കാനാവില്ല എന്ന മനുവാക്യം കേള്‍ക്കാത്തവരോ  മനസ്സിലാക്കാത്തവരോ ആണ് ഇന്‍ഡോളജിസ്റ്റുകള്‍ എന്നും മറ്റുമുള്ള  പട്ടം സ്വയം എടുത്തണിഞ്ഞ് പണയം വെക്കപ്പെട്ട ഇന്ത്യന്‍ അക്കാദമിക ലോകത്തിന്റെ  ഗതി വിഗതികളെ നിയന്ത്രിക്കുന്നവര്‍. ഇതു തുറന്നു പറയുവാന്‍, അവരെപ്പോലുള്ള അന്യരെ (ീൗെേശറലൃ)െ കുറിച്ച് പഠിക്കുവാന്‍ ആരും തന്നെ ഗൗരരവപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. രാജീവ് മല്‍ഹോത്രയുടെ Bttale for Sanskrit  എന്ന ഗ്രന്ഥത്തിന്റെ പ്രാധാന്യം അവിടെയാണ്.

ചൈനീസ് ഭാഷയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതുഭാഷയില്‍ എവിടെയാണ് നടക്കുന്നത് അദ്ദേഹം ചോദിക്കുന്നു- മാന്‍ഡറിന്‍ ഭാഷയില്‍, ചൈനയില്‍ ഇതാണ് ഉത്തരം. ജപ്പാന്‍ പഠനങ്ങള്‍ നടക്കുന്നത് ജപ്പാന്‍ ഭാഷയില്‍, ജപ്പാനില്‍. റഷ്യന്‍ പഠനങ്ങള്‍ നടക്കുന്നത്, റഷ്യന്‍ ഭാഷയില്‍, റഷ്യയില്‍. ഭാരതപഠനങ്ങള്‍ നടക്കുന്നത്?ഇംഗ്ലീഷ് ഭാഷയില്‍ ഹാര്‍വാര്‍ഡിലും കൊളംബിയയിലും ഓക്‌സ്‌ഫോര്‍ഡിലും! ഇതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് കോളനി ഭരണകാലത്തെ അടിമത്തത്തില്‍ നിന്നും തങ്ങളുടെ ബുദ്ധിയെ മോചിപ്പിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ ഇങ്ങനെ മറുപടി കൊടുക്കും- ‘നമ്മളെക്കുറിച് വിദേശികള്‍ പഠിക്കുന്നുവെങ്കില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത്?’ സായിപ്പിന്റെയും വാദം ഇതു തന്നെ.’ഞങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളാണ് നിങ്ങളെക്കുറിച്ച് നടത്തുന്നത്. നിങ്ങള്‍ അതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?’ ഭാരതത്തില്‍ നിന്നും കട്ടുകൊണ്ടുപോയ കോഹിനൂര്‍ രത്‌നം ജോര്‍ജ് അഞ്ചാമന്‍ തന്റെ കിരീടത്തില്‍ അണിഞ്ഞതിന്റെ അനൗചിത്യം ചോദിച്ചപ്പോള്‍ രാജാവ് ഇങ്ങനെ മറുപടി പറഞ്ഞുവത്രേ.’ചക്രവര്‍ത്തി അവരുടെ രത്‌നമാണ് തന്റെ കിരീടത്തില്‍ വെക്കുന്നത് എന്നതില്‍ അവര്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?’ മല്‍ഹോത്ര ഈ ചിന്താഗതിക്കാരെ കണക്കിനു പരിഹസിക്കുന്നു. ഈ ഗവേഷണഗ്രന്ഥം ഏറ്റവും കൂടുതലായി  പഠിച്ചത് ഒരു സംസ്‌കൃതപണ്ഡിതനെക്കുറിച്ചാണ്. ഭാരതം പത്മശ്രീകൊടുത്ത് ആദരിച്ച പ്രൊഫ: ഷെല്‍ഡന്‍ പൊള്ളോക്ക്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത അധ്യാപകന്‍. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയല്ല രാജീവ് മല്‍ഹോത്ര തന്റെ പഠനം നടത്തിയിട്ടുള്ളത്. ഭാരതത്തിന്റെ അനവദ്യസുന്ദരമായ പാരമ്പര്യത്തില്‍ നിന്നും പിറവിയെടുത്തതും ആധുനിക ഭാരതീയര്‍ ഉപേക്ഷിച്ചതുമായ ‘പൂര്‍വ്വപക്ഷം’ എന്ന ആശയത്തെയാണ് അദ്ദേഹം പുനരവതരിപ്പിച്ചിരിക്കുന്നത്. എന്താണീ പൂര്‍വ്വപക്ഷം?

എനിക്ക് ഒരു ആദര്‍ശവും അഭിപ്രായവും കാഴ്ചപ്പാടും ഉണ്ടായിരിക്കും. അതിനെ എതിര്‍ക്കുന്ന ഒരു മറുപക്ഷവും ഉണ്ടായിരിക്കും. ഇനി അവര്‍ എന്നെ എതിര്‍ക്കുന്നില്ല എന്നുതന്നെയിരിക്കട്ടെ, എന്റെ ആശയത്തിന് അന്യമായ മറ്റൊരു ആശയം അത് എന്തുതന്നെയായാലും അതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ  ഉണ്ടായിരിക്കണം. ഈ ധാരണയാണ് പൂര്‍വ്വപക്ഷം. ഈ പൂര്‍വ്വപക്ഷം എതിരാളിയെ  ആക്ഷേപിക്കാനോ വിലകുറച്ചു കാണുവാനോ അല്ല,മറിച്ച് ആശയഗതിയുടെ ഏതൊരു തലത്തിലാണ്  അവര്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ അറിയണം. അവര്‍ ആരായിരുന്നു? ആരാണ്? ഏതറ്റംവരെ അവര്‍ക്കുപോകാം?  എന്താണ് അവരുടെ ലക്ഷ്യം? എന്തൊക്കെയാണ്  അവരൊക്കെ ഉപകരണങ്ങള്‍? എന്താണ് അവരുടെ ചിന്താശൈലി? തുടങ്ങി അവരെക്കുറിച്ച് സമഗ്രമായി പഠിച്ച് അതിനെ അവതരിപ്പിക്കുന്ന ഭാരതത്തിന്റെ രീതിയാണ് പൂര്‍വ്വപക്ഷം. ഇത് നമുക്ക് ആദിശങ്കരാചാര്യരുടെ കൃതികളില്‍ സമൃദ്ധമായികാണാം. സാംഖ്യന്‍മാരേയും, നൈയ്യായികന്‍മാരേയും, ബൗദ്ധന്‍മാരേയും,ചാര്‍വാകന്‍മാരേയും  പൂര്‍വ്വപക്ഷത്തിലാണ് ആചാര്യന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍വ്വപക്ഷം കൃത്യമായി അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ  ഉത്തരപക്ഷം അഥവാ സിദ്ധാന്തപക്ഷം അതായത് തന്റെ കാഴ്ചപ്പാട് സമര്‍ത്ഥിക്കുകയായി. ഇതാണ് ഭാരതീയ ശാസ്ത്രപാരമ്പര്യം.

ഇങ്ങനെയൊരു ഗ്രന്ഥം താന്‍ ഏതൊരു സാഹചര്യത്തിലാണ് എഴുതുന്നത് എന്ന് ആമുഖത്തില്‍ രാജീവ് മല്‍ഹോത്ര പറയുന്നു. ”2014 ല്‍ ആഗസ്റ്റില്‍ ശൃംഗേരിയിലെ ശാരദാപീഠത്തിന്റെ ആധികാരികതയെത്തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു ഭീഷണിയെക്കുറിച്ചു ഞാന്‍ അറിഞ്ഞു. ന്യൂയോര്‍ക്കിലെ അതിസമ്പന്നരായ ഒരുപറ്റം ഇന്ത്യക്കാര്‍ ശൃംഗേരി മഠത്തിലെ ഭരണാധികാരികളുമായി ചേര്‍ന്ന് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ആദിശങ്കരന്റെപേരില്‍ ഒരു ചെയര്‍ ആംരംഭിക്കാന്‍ തീരുമാനിച്ചു. (SVBF Adi Sankara Chair in Hindu Religion and Philosophy). അതിനായി 24 കോടിയിലധികം രൂപ (40 ലക്ഷം ഡോളര്‍) ശേഖരിക്കുകയും ചെയ്തു. ഈ ചെയര്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഭാരതത്തിലെ മറ്റ് മഠങ്ങളുടേയും പേരില്‍ അമേരിക്കയിലെ വിവിധയൂണിവേഴ്‌സിറ്റികളില്‍ ചെയര്‍ തുടങ്ങുവാന്‍ പോകുന്നകാര്യം ഡോണര്‍മാരില്‍പ്പെട്ട ഒരാള്‍ എന്നെ അറിയിച്ചു. വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെ ഔദ്യോഗിക അംബാസിഡര്‍മാരാകും ഈ ചെയറുകള്‍.

ഈ ചെയറുകള്‍ എങ്ങനെ നമ്മുടെ പാരമ്പര്യത്തെ വിലകുറക്കുമെന്നറിയാന്‍ കൊളംബിയ സര്‍വ്വകലാശാല മുന്നോട്ടുവെച്ച പ്രൊപ്പോസലിലെ നിബന്ധനകള്‍ നോക്കിയാല്‍ മതിയാകും. ഈ ചെയര്‍ മാനേജ് ചെയ്യുവാന്‍ രണ്ട് കമ്മിറ്റികള്‍ ഉണ്ടാകും. ഒന്ന് ഷെല്‍ഡണ്‍ പൊള്ളോക്ക് അധ്യക്ഷനായുള്ള അക്കാദമിക് ചെയര്‍. രണ്ടാമത്തേത് ഡോണര്‍മാരും ശൃംഗേരി പീഠത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരും അടങ്ങുന്ന ഉപദേശകസമിതി. പണം മുഴുവനും വരുന്നത് രണ്ടാമതു പറഞ്ഞ കമ്മിറ്റിവഴി. ഏതൊക്കെ പണ്ഡിതന്മാരാണ് ചെയറില്‍ ഉണ്ടായിരിക്കേണ്ടത് എന്ന് ഷെല്‍ഡണ്‍ പൊള്ളോക്ക് അധ്യക്ഷനായ കമ്മിറ്റി തീരുമാനിക്കും. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും, അക്കാദമിക് content വികസിപ്പിക്കുന്നതിലും ചെയറിന്റെ പ്രവര്‍ത്തനത്തിലും മുഴുവന്‍ നിയന്ത്രണവും പൊള്ളോക്കിന്റെ കമ്മിറ്റിക്കായിരിക്കും. ഡോണര്‍മാര്‍ക്ക് യാതൊരു വീറ്റോ അധികാരവും ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി എടുത്ത തീരുമാനങ്ങള്‍ അവരെ അറിയിക്കും അത്രമാത്രം.

ഈ ചെയറുമായി ബന്ധപ്പെട്ട പ്രൊഫസര്‍മാര്‍ ശൃംഗേരി പീഠത്തിന്റെ അതോറിറ്റിയോടുകൂടിയായിരിക്കും ലോകത്തോട് സംസാരിക്കുക. അതായത് ശാങ്കരപീഠങ്ങളെ ലോകത്തിനുമുന്നില്‍ പ്രതിനിധീകരിക്കുക ഈ ചെയറായിരിക്കും എന്ന്. ശൃംഗേരി മഠത്തിന്റെ പേരും പഠനങ്ങള്‍ക്കുമേലുള്ള അധികാരവും പുറമേക്കാര്‍ക്ക് വെച്ചുനീട്ടുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. ഈ ഉത്തരവാദിത്തം ആരെയാണോ ഏല്‍പ്പിക്കുന്നത് അവരെക്കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലോ, അത് ഗൗരവതരവുമാണ്.

ഇത് അറിഞ്ഞയുടന്‍ ഞാന്‍ ഡോണര്‍മാരുമായി ബന്ധപ്പെടാന്‍ തീര്‍ച്ചയാക്കി. ചിലരെയെല്ലാം കണ്ടു. പൊള്ളോക്കിനേയും മറ്റും കുറിച്ച് കൃത്യമായി പഠിച്ചിട്ടാണോ എന്ന എന്റെ ചോദ്യത്തേിന് – ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞു- ഒപ്പിടേണ്ട താമസം മാത്രമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. അതാത് ഒക്ടോബര്‍ 2014ന് ഇത് പ്രഖ്യാപിക്കും എന്നും അവര്‍ പറഞ്ഞു. ശൃംഗേരി ശങ്കരാചാര്യര്‍ ഇതിനെ അനുഗ്രഹിച്ചിട്ടുണ്ട് എന്നും അവര്‍ എന്നെ അറിയിച്ചു.

കോര്‍പ്പറേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനി, ഏതൊരു സ്ഥാപനത്തിലാണോ നിക്ഷേപം നടത്തുവാന്‍ പോകുന്നത് ആ കമ്പനിയെക്കുറിച്ച് എല്ലാ വശത്തുനിന്നും പഠിക്കുന്നതിനെ ഡ്യൂഡെലിജന്‍സ് (റൗല റലഹശഴലിരല) എന്നാണ് പറയുക. സനാതന ധര്‍മത്തിന്റെ കാവല്‍പീഠം ഒരു വിദേശ സര്‍വകലാശാലക്ക് നല്‍കുമ്പോള്‍ അതിന്റെ പിന്നിലുള്ളവരെ കുറിച്ച് റൗല റലഹശഴലിരല നടത്തിയിട്ടുേേണ്ടാ എന്ന എന്റെ ചോദ്യത്തിന് തൃപ്\തികരമായ യാതൊരു മറുപടിയും ലഭിച്ചില്ല. മാത്രമല്ല എന്റെ ഇടപെടല്‍ അവരെ അസ്വസ്ഥരാക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ഭാരതത്തിലെത്തി ശൃംഗേരി പീഠത്തില്‍പ്പോയി ശങ്കരാചാര്യരെ നേരിട്ടു കണ്ടു. അദ്ദേഹത്തില്‍നിന്ന് മഠത്തിന്റെ ഭരണാധികാരികള്‍ പല വിവരങ്ങളും മറച്ചുവെച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. എന്റെ വാക്കുകളെ  ശങ്കരാചാര്യര്‍ ക്ഷമയോടെയും കാരുണ്യത്തോടെയും കേട്ടിരുന്നു. ഞാന്‍ ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി അത് സമര്‍പ്പിക്കുന്നതുവരെയെങ്കിലും ഈ ഡീല്‍ ഒപ്പുവെക്കരുത് എന്ന എന്റെ അപേക്ഷയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ ഈ പുസ്തകം പുറത്തിറങ്ങുന്നവരെയും ആ ഡീല്‍ ഒപ്പുവെച്ചിട്ടില്ല. ഷെല്‍ഡണ്‍പൊള്ളോക്കുമായുള്ള മീറ്റിംഗ് ഞാന്‍ ഡോണര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം എനിക്ക് ഷെല്‍ഡണ്‍ പൊള്ളോക്കിന്റെ ഇ-മെയില്‍ വന്നു. അതുകണ്ട് ഞാന്‍ അല്പം അമ്പരന്നു. അഞ്ചുവര്‍ഷം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അവസാനം ബന്ധപ്പെട്ടത്, അതും ഒരു ശുഭപര്യവസായി ആയിരുന്നില്ല. സംസ്‌കൃതം ചത്ത ഭാഷയാണ് – സംസ്‌കൃതത്തിന്റെ മരണം എന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയത്തെക്കുറിച്ച് ഞാന്‍ വിമര്‍ശനം ഉന്നയിക്കും എന്ന കാരണത്താല്‍ തമ്മില്‍ ബന്ധപ്പെടുവാന്‍ പോലും അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ ഒരു കോഫിഷോപ്പില്‍ വെച്ചുകണ്ടു. അദ്ദേഹം എന്നോടു ചോദിച്ചു- ”സംസ്‌കൃതത്തിനും അതിന്റെ പാരമ്പര്യ പഠനത്തിനും വേണ്ടി മുഴുവന്‍ ജീവിതവും ചെലവഴിച്ച ഞാന്‍ ഹിന്ദുമതത്തിന് എതിരാവുമെന്ന് നിങ്ങള്‍ക്കെങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞു? ജീവിതം മുഴുവനും താന്‍ വെറുക്കുന്ന ഒരു പാരമ്പര്യത്തെക്കുറിച്ച് പഠിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കുമോ? അതിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കു മാത്രമേ അതിനു സാധിക്കൂ.” പക്ഷേ അദ്ദേഹം പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഞാന്‍ നല്‍കിയത്. ”ഇസ്‌ലാമോഫോബിയയെക്കുറിച്ച് പഠിക്കുന്ന പണ്ഡിതന്മാര്‍ അവരുടെ ജീവിതം മുഴുവനും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ചെലവിടുന്നു. താങ്കളുടെ നിര്‍വചനപ്രകാരം അവര്‍ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നതുകൊണ്ടായിരിക്കണം ആ പഠനങ്ങള്‍ നടത്തുന്നത്.” അദ്ദേഹം എന്റെ വാദത്തെ അംഗീകരിച്ചു. ഭാരതത്തിന്റെ പൂര്‍വപക്ഷസി

ദ്ധാന്തമനുസരിച്ചുള്ള ഒരു പഠനമാണ്, അദ്ദേഹത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ കൃതികളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ഞാന്‍ നടത്തുവാന്‍ പോകുന്നത്, അത് ഒരിക്കലും വ്യക്തിപരമല്ല എന്നും അദ്ദേഹത്തെ അറിയിച്ചു. 30വര്‍ഷത്തിലധികമായി സംസ്‌കൃത പഠനഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ കൃതികളെ ഏതെങ്കിലും ഭാരതീയര്‍ ഇതുവരെ വിമര്‍ശനവിധേയമാക്കിയിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് – ഇല്ല എന്നായിരുന്നു പൊള്ളോക്കിന്റെ മറുപടി. പക്ഷേ ഞാന്‍ ആരെയും തടഞ്ഞിട്ടില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശങ്കര ചെയറിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. നിങ്ങള്‍ ശങ്കരന്റെ സാധനപദ്ധതികളെ പിന്‍തുടരുന്നയാളാണോ? തീര്‍ച്ചയായും അല്ല,  അദ്ദേഹം പറഞ്ഞു. പുറമേക്കാരന്‍ എന്ന നിലയില്‍ objectiv-e ആണ് എന്റെ പഠനം. ചെയര്‍ തുടങ്ങാന്‍ പണം തന്നവരുടേയും അതിന് അനുഗ്രഹം തന്ന പീഠത്തിന്റെയും ആശയങ്ങള്‍ക്ക് എതിരായി ചെയര്‍ പ്രവര്‍ത്തിക്കില്ല എന്നു പറയാനാവുമോ എന്നു ഞാന്‍ ചോദിച്ചു. ”സാധിക്കില്ല, പക്ഷേ ഇത്തരം തര്‍ക്കങ്ങള്‍ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്” അദ്ദേഹം പറഞ്ഞു.

വിദേശ ഇന്‍ഡോളജിസ്റ്റുകള്‍ സംസ്‌കൃതത്തെക്കുറിച്ച് പറയുന്നത്

അധികാരത്തിന്റെയും  അധിനിവേശത്തിന്റെയും ഉപകരണമാണ് സംസ്‌കൃത ഭാഷ. അതിന് യാതൊരു ദിവ്യത്വവും അവകാശപ്പെടാനില്ല. അത് കൂടുതലായും ഒരു രാഷ്ട്രീയ ഭാഷയാണ്. വേദങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും യാതൊരു ദിവ്യതയും കല്പിക്കുവാന്‍ പാടില്ല. യൂറോപ്പുകാര്‍ വംശീയത പഠിച്ചതുപോലും സംസ്‌കൃതഭാഷയില്‍നിന്നാണ്. സംസ്‌കൃതഭാഷയില്‍നിന്നാണ് ഹിറ്റ്‌ലര്‍ നാസിസത്തെ കണ്ടെടുത്തത്. അതുകൊണ്ടാണ് സംസ്‌കൃതത്തിലുള്ള സിംബലുകളെ അദ്ദേഹം സ്വീകരിച്ചത്. ഹോളോക്കാസ്റ്റ് എന്നറിയപ്പെടുന്ന നാസികള്‍ ചെയ്ത കൂട്ടക്കൊലപാതകങ്ങള്‍ക്കുപോലും കാരണം അവര്‍ സംസ്‌കൃതം പഠിച്ചതാണ്. രാമായണം പോലുള്ള പില്‍ക്കാല രചനകള്‍ തികച്ചും രാഷ്ട്രീയ ആയുധങ്ങളാണ്. തുര്‍ക്കികള്‍ ആയിരം വര്‍ഷം മുന്‍പ്ഭാരതത്തെ ആക്രമിച്ചപ്പോഴാണ് രാജാക്കന്മാര്‍ രാമായണത്തെ പുനരവതരിപ്പിച്ചത്. അതായത് ഈശ്വരതുല്യനായ രാജാവ് വിദേശ ആക്രമണകാരിയായ രാക്ഷസനെ കീഴ്‌പ്പെടുത്തുന്ന കഥകള്‍ വ്യാപകമായി പ്രചരിപ്പിച്ചത് വിദേശ ആക്രമണകാരികളുമായി രാജാവിനുവേണ്ടി യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അപ്പോള്‍ ദിവ്യതയല്ല രാമായണത്തിന്റെ പ്രസക്തി മറിച്ച് രാഷ്ട്രീയ ആയുധമാണ്.

ഈ ഒരു വാദം തന്നെയാണ് 80കളുടെ അവസാനം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമാന്ദ സാഗറിന്റെ രാമായണം എന്ന സീരിയലിനെതിരെ പുരോഗമനപക്ഷം എടുത്തുപ്രയോഗിച്ച ആരോപണം. ഇത് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് ശക്തി പകരുവാന്‍ വേണ്ടിയായിരുന്നു എന്നുമാണ് കണ്ടുപിടുത്തം. ഈ വാദങ്ങള്‍  ഇന്ത്യന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ പിറന്നതല്ല, മറിച്ച് അവര്‍ക്ക് വേണ്ടത് വെച്ചുവിളമ്പുന്ന ഷെല്‍ഡണ്‍ പൊള്ളോക്കിനെപ്പോലുള്ള, സംസ്‌കൃതത്തിന്റെ മരണം ഘോഷിക്കുന് പണ്ഡിതന്മാരില്‍നിന്നും പുറത്തുവന്നതാണ്. ഇതിലും രസകരമായ കണ്ടുപിടുത്തങ്ങള്‍ സംസ്‌കൃതത്തെപ്രതി നടത്തിയ ആളാണ് ഭാരതം പത്മശ്രീ നല്‍കി ആദരിച്ച ഷെല്‍ഡണ്‍ പൊള്ളോക്ക്. അദ്ദേഹം പറയുന്നു-

-സംസ്‌കൃതം നൂറ്റാണ്ടുകള്‍ക്കുമുന്‍പേ തന്നെ മരിച്ചുപോയ ഭാഷയാണ്. ഇന്ത്യയുടെ സാമൂഹിക അടിച്ചമര്‍ത്തലിനും പതനത്തിനും കാരണമായിരുന്നു വൈദികകാലം മുതല്‍ നിലനിന്നിരുന്ന സംസ്‌കൃതഭാഷയുടെ ഘടനയും അതിന്റെ വ്യാകരണവും.

-സംസ്‌കൃതത്തിന്റെ മരണത്തില്‍ മുസ്‌ലീങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും യാതൊരു പങ്കുമില്ല.

– യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങളും ബ്രിട്ടീഷുകാരുമാണ് മരണത്തില്‍നിന്നും സംസ്‌കൃതത്തെ രക്ഷപ്പെടുത്താന്‍ പരിശ്രമിച്ചവര്‍.

– സംസ്‌കൃതത്തെ കൊന്നതിന്റെ ഉത്തരവാദിത്തം ഹിന്ദുരാജാക്കന്മാര്‍ക്കാണ്. രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടം സംസ്‌കൃതത്തെ കൈയൊഴിയുവാനും പ്രാദേശികഭാഷകളിലേക്ക് അവരെ അടുപ്പിക്കാനും

കാരണമായി.

-ആചാരങ്ങളിലും പാരമ്പര്യ ഘടനയിലും ഉണ്ടായ അസമത്വം കാരണമാണ് ഹിന്ദു രാജാക്കന്മാര്‍ തരംതാണുപോയത്.

എന്നു തുടങ്ങി നാം മൂക്കില്‍ കൈവെച്ചുപോകുന്ന ബാലിശമായ ആരോപണങ്ങളാണ് ഇന്‍ഡോളജി ഗവേഷകര്‍ക്ക് ഭാരതത്തെക്കുറിച്ച് പറയാനുള്ളത്. പക്ഷേ ഇത് തിരിച്ചറിയാതെ ഭാരതപഠനത്തിനെത്തുന്ന സായിപ്പിന്റെ മുന്നില്‍ കാരണവന്‍മാര്‍ കൈമാറിയ ഓലകള്‍ തുറന്നുവെക്കുന്നവര്‍ നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതില്‍ എങ്ങനെയൊക്കെയാണ് കൂട്ടുനില്‍ക്കുന്നത്!

1975-ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ബെര്‍ക്‌ലി യൂണിവേഴ്‌സിറ്റിയും ഫിന്‍ലന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയും മുന്‍കൈയെടുത്ത് കേരളത്തിലെ പാഞ്ഞാളില്‍ 12 നാള്‍ നീണ്ടുനില്‍ക്കുന്ന അതിരാത്രം എന്ന ശ്രൗതയാഗം നടത്തി. ഫ്രിറ്റ്‌സ് സ്റ്റാള്‍ എന്ന അമേരിക്കന്‍ ഗവേഷകനായിരുന്നു അതിന്റെ പ്രധാന സംഘാടകന്‍. ഏര്‍ക്കരയുടെ നേതൃത്വത്തില്‍ നടന്ന യാഗത്തിനുശേഷം ഫ്രിറ്റ്‌സ് സ്റ്റാള്‍ അഗ്നി എന്ന പേരില്‍ രണ്ട് ബൃഹദ്‌വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ബ്രാഹ്മണ ഇല്ലങ്ങളില്‍ നിത്യസന്ദര്‍ശകനായി. സ്റ്റാളിനെ പിന്തുടര്‍ന്ന് നിരവധി വിദേശ ഗവേഷകന്മാര്‍ കേരളീയ വൈദികപാരമ്പര്യം പഠിക്കാന്‍ എത്തി. സ്റ്റാളിന്റെ യജ്ഞപാരമ്പര്യത്തോടുള്ള ഭക്തി കണ്ട് 2011ല്‍ പാഞ്ഞാളില്‍ വെച്ചു നടന്ന അതിരാത്രത്തിനും അതിന്റെ സംഘാടകര്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നു. യജ്ഞങ്ങളെ പ്രണയിച്ചു എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാള്‍2012ല്‍ തായ്‌ലന്റില്‍വെച്ചു മരണപ്പെടുമ്പോള്‍ യജ്ഞത്തെ നിരാകരിച്ച ബുദ്ധമതത്തിന്റെ അനുയായിയായിരുന്നു.

ഒരു വിദേശ ഗവേഷകന്‍ കേരളം പോലുള്ള ഇടത്തെത്തുമ്പോള്‍ പ്രാദേശിക പത്രക്കാര്‍ മുതല്‍ ടെലിവിഷന്‍ ചാനലുകാര്‍വരെ അതിനെ ‘വലിയ’ വാര്‍ത്തയാക്കുന്നു. ഇങ്ങനെ വരുന്നവരെ കുറിച്ച് ആരും ഒരു പഠനവും നടത്തുന്നില്ല. ഏത് സര്‍വകലാശാലയിലെ ഏത് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് വരുന്നത്? എന്താണ് പഠനവിഷയം?ഇതിനു മുന്‍പ് അവര്‍ നടത്തിയ പഠനങ്ങള്‍ എന്തൊക്കെ? അതില്‍ സംസ്‌കൃതത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചുമൊക്കെ അവരുടെ നിരീക്ഷണം എന്തായിരുന്നു? അവരുടെ പഠനത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ചെയറിന്റെ ഉദ്ദേശ്യലക്ഷ്യമെന്ത്? അവരുടെ ഭാരതപഠനങ്ങളുടെ പ്രധാന കാഴ്ചപ്പാട് എന്താണ്?സംസ്‌കൃതത്തിന്റെയോ വേദങ്ങളുടേയോ അപൗരുഷേയത്വത്തെ അംഗീകരിക്കുന്നവരാണോ അവര്‍? ഇതൊന്നും അറിയാതെ തൊലി വെളുത്ത സായിപ്പിനു മുന്നില്‍ ഇല്ലത്തെ അറിവിന്റെ ആമാടപ്പെട്ടി തുറന്നു വെക്കുന്നവര്‍ ഭാരതത്തോടും വേദങ്ങളോടും ചെയ്ത കൊടുംക്രൂരതയെ നാളത്തെ തലമുറ ചോദ്യം ചെയ്യും.

ഇന്ത്യന്‍ പണ്ഡിതന്‍മാരുടെ വിധേയത്വംഭാരതത്തില്‍ പതിനഞ്ചോളം സംസ്‌കൃത സര്‍വ്വകലാശാലകളുണ്ട്. സംസ്‌കൃതത്തിനുവേണ്ടി വിവിധ സര്‍വ്വകലാശാലകളില്‍ നൂറിലധികം ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്. സംസ്‌കൃത അക്കാദമികളുണ്ട്. ഉത്തരാഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തെ ഔദ്യോഗികഭാഷപോലുമാണ് സംസ്‌കൃതം. ഇതൊക്കെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് വൈദികഗുരുകുലങ്ങളും പാഠശാലകളുമുണ്ട്. ആശ്രമങ്ങളുടെ കീഴില്‍ ജീവിതം മുഴുവനും സംസ്‌കൃതപഠനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. പക്ഷേ ഒരു ഇന്ത്യന്‍ പണ്ഡിതന്റേയും വാക്കുകള്‍ അക്കാദമികലോകം ഗൗരവത്തോടെ ചെവികൊള്ളുന്നില്ല, അവര്‍ എഴുതുന്നതും പറയുന്നതും വിദേശപണ്ഡിതന്‍മാര്‍ എഴുതിയതിനനുകൂലമല്ലെങ്കില്‍.  ഇന്ത്യന്‍ അക്കാദമിക പണ്ഡിതന്‍മാരെ എങ്ങനെയാണ് വിദേശ സര്‍വ്വകലാശാലകള്‍ വിലക്കുവാങ്ങുന്നത്? വളരെ നിസ്സാരം. 1. വിദേശ യാത്രകള്‍ തരപ്പെടുത്തിക്കൊണ്ട് 2. വിദേശ കോണ്‍ഫറന്‍സുകളില്‍ അവരുടെ പേപ്പറുകള്‍ ക്ഷണിച്ചുകൊണ്ട് 3. ഗവേഷണമോ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനോ അവസരം ഒരുക്കിക്കൊണ്ട് 4. സര്‍വോപരി ഫോര്‍ഡ് ഫൗണ്ടേഷന്‍ പോലെയുള്ള പണം കൊടുപ്പുകാരെക്കൊണ്ട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്തിച്ചുകൊണ്ട്( അത്രയും കാലം അവര്‍ക്ക് മുടക്കം കൂടാതെ വലിയപണം നല്‍കുവാന്‍ ഇതിലൂടെ സാധിക്കുന്നു.) വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തിനെന്നും പറഞ്ഞുപോകുന്ന സംസ്‌കൃത/വേദപണ്ഡിതന്‍മാര്‍ ആര്‍ഷവീക്ഷണമുള്ള പ്രബന്ധങ്ങളാണോ അതോ ഇന്‍ഡോളജിസ്റ്റുകളുടെ കണ്ണിലൂടെയുള്ള ഭാരതപഠനമോ ഏതുമായിട്ടാണ് തിരിച്ചുവരുന്നത് എന്ന് സമൂഹം പഠിക്കാറില്ല. നമ്മുടെ പണ്ഡിതലോകം വില്‍ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അങ്ങനെയല്ലാത്തവര്‍ക്ക് ഷെല്‍ഡന്‍ പൊള്ളോക്കിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ ഭാഷ വശമില്ല. അവര്‍ എടുത്തുപയോഗിക്കുന്ന സാങ്കേതിക പദാവലികളും പരിചയമില്ല.  അതിനാല്‍തന്നെ മറുപടിപറയുവാനും  സാധിക്കുന്നില്ല.

ഒരു ഷെല്‍ഡന്‍ പൊള്ളോക് എന്തുകൊണ്ട് ഗവേഷണം നടത്തപ്പെടണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏതാനും വര്‍ഷം മുന്‍പ് പൊള്ളോക്കിനെ ഉദ്ധരിച്ച് പ്രശസ്ത ഇടതുപക്ഷചരിത്രകാരിയായ ഡോ.റോമില ഥാപ്പര്‍ സംസ്‌കൃതം അടിച്ചമര്‍ത്തലിന്റെ ഭാഷയാണ് എന്നെഴുതിയ  ലേഖനം. അതില്‍ അവര്‍ കടമെടുത്തിരിക്കുന്ന ആശയം മുഴുവനും പൊള്ളോക്കിന്റെയാണ്. സംസ്‌കൃതമറിയാത്ത ഇന്ത്യന്‍ ബുദ്ധിജീവികളുടെ ചിന്തയെ നയിക്കുന്നത് സംസ്‌കൃതമറിയുന്ന എന്നാല്‍ അതിനെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു വിദേശപണ്ഡിതനും. പൊള്ളോക്കിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ പഠനം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിഭജനം എത്ര തീവ്രമാണ് എന്നറിയാന്‍ 2014 ല്‍ സംയുക്ത ഇടതുപക്ഷവിദ്യാര്‍ത്ഥിയൂണിയന്‍,ഇപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരസ്യപ്പെടുത്തിയ ഒരു നോട്ടീസ് മാത്രം നോക്കിയാല്‍ മതിയാകും.

ഷെല്‍ഡണ്‍ പൊള്ളോക്ക് ഒരു രാഷ്ട്രീയ സിംബലാണ്. ഭാരതീയഭാഷാപാരമ്പര്യം അതിന്റെ ദിവ്യത എല്ലാത്തിനെയും ചോദ്യം ചെയ്യുകയും ആധുനിക ചാര്‍വാകന്‍മാരെ  വളര്‍ത്തിയെടുത്തുകൊണ്ടുമിരിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയെയാണ് ഇന്‍ഫോസിസ് തലവന്‍ നാരായണമൂര്‍ത്തി ദശലക്ഷത്തിന്  ഡോളര്‍ ചിലവുചെയ്ത് ഭാരതത്തിന്റെ പൗരാണികഗ്രന്ഥങ്ങളെ  എഡിറ്റുചെയ്ത്   പ്രസിദ്ധീകരിക്കുവാന്‍  ചുമതലപ്പെടുത്തിയിരിക്കുന്നത്. മാക്‌സ് മുള്ളര്‍ നൂറുവര്‍ഷം മുന്‍പ് 50 പുസ്തകമാണ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. അതിന് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു കൂടുതല്‍ പ്രചാരം. ഭാരതത്തില്‍ അത് യൂണിവേഴ്‌സിറ്റികളില്‍ ഒതുങ്ങിനിന്നു. എന്നിട്ടും അതുണ്ടാക്കിയ അപകടങ്ങളെ നാം ഇന്നും തരണം ചെയ്തിട്ടില്ല. അപ്പോഴാണ് മൂര്‍ത്തീസ് ലൈബ്രറി  500 ഓളം ഗ്രന്ഥങ്ങള്‍ പൊള്ളോക്കിന്റെ അധ്യക്ഷതയില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഭാരതം മുഴുവനും കുറഞ്ഞവിലയ്ക്ക് എത്തിക്കുവാന്‍ ശ്രമം തുടങ്ങുന്നത്. സംസ്‌കൃതം എന്ന ഭാഷയുടെ ആവശ്യം പോലും അപ്രസക്തമാക്കും വിധം ഭാഷയുടേയും  ആര്‍ഷവീക്ഷണത്തിന്റെയും പരിശുദ്ധിയെ നിരാകരിച്ചുകൊണ്ട് നാളെ നമ്മെത്തേടിവരാന്‍ പോകുന്ന ഈ ‘വിലകുറഞ്ഞ’ പുസ്തകങ്ങള്‍ പാകിസ്താന്റെ കൈയ്യിലുള്ള അണുബോംബിനേക്കാള്‍ നാം ഭയപ്പെടേണ്ടതുണ്ട്.

പൂര്‍വ്വപക്ഷപഠനം ഭാരതത്തില്‍ നിന്ന് അന്യം നിന്നു വെന്ന് നാം കരുതിപ്പോരുന്ന പൂര്‍വ്വപക്ഷപഠനത്തിന്റെ പൂനഃസ്ഥാപനമാണ് രാജീവ് മല്‍ഹോത്ര ഏറെ പരിശ്രമിച്ച് ഇവിടെ നടത്തിയുള്ളത്. ഇതില്‍ നമുക്ക് ഏറെ സന്തോഷമുണ്ട് കാരണം 80 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പാശ്ചാത്യപണ്ഡിതര്‍ ഭാരതത്തെക്കുറിച്ചു പഠിക്കുന്നതിന്റെ  പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഒരാള്‍ ആദ്യമായി പറഞ്ഞത്- മഹര്‍ഷി ദയാനന്ദനെ ശിഷ്യ പരമ്പരയിലെ ഗവേഷകപ്രതിഭയായിരുന്ന പണ്ഡിറ്റ് ഭഗവദ്ദത്ത-  (Western Indologist A  Study in Motive)  എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പൂര്‍വ്വപക്ഷപഠനത്തിന്റെ നല്ല ഉദാഹരണമാണ്. ഇതേ പരമ്പരയില്‍നിന്നുതന്നെയുള്ളജസ്റ്റിസ് ഗംഗാപ്രസാദ് Fountain head of Religion എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. ഇതിലൂടെ നാം ആദ്യമായി ഇസ്ലാമതത്തേയും ക്രിസ്തുമതത്തേയും യഹൂദമതത്തേയും കുറിച്ചു പഠിച്ചു. ആ പഠനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാതിരുന്നത് നമ്മെ സാരമായിത്തന്നെ ബാധിട്ടുണ്ട്. സ്വമതം സ്ഥാപിക്കാന്‍ വേണ്ടി പൂര്‍വ്വപക്ഷത്തെ പഠിക്കുക എന്ന വൈദിക പരമ്പരയുടെ  ആധുനികകാലത്തെ മഹത്തായ ഉദാഹരണമാണ് മഹര്‍ഷി ദയാനന്ദസരസ്വതി.

14 നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ സകലദര്‍ശനങ്ങളെ കുറിച്ചും പഠിച്ചപ്പോഴും അന്ന് ഭാരതത്തില്‍ ശക്തമായിരുന്ന ക്രിസ്തുമതത്തേയോ ഇസ്ലാം മതത്തേയോ പഠിക്കാന്‍ ശ്രമിച്ചുകാണുന്നില്ല. അത്തരമൊരു പൂര്‍വ്വപക്ഷപഠനം നടത്തിയ ഭാരതത്തിലെ ആദ്യവ്യക്തിയാണ് സ്വാമി ദയാനന്ദന്‍, തന്റെ സത്യാര്‍ത്ഥപ്രകാശത്തിലൂടെ. ദയാനന്ദനില്‍ തുടങ്ങിയ പൂര്‍വ്വപക്ഷപഠനം കൂടുതല്‍ ശാസ്ത്രീയമായി വ്യാപകമായി രാജീവ് മല്‍ഹോത്രയില്‍ കാണുവാന്‍ സാധിക്കുന്നുവെന്നത് ആനന്ദകരമാണ്. ഇത് ഇന്ത്യന്‍ പൂര്‍വപക്ഷപഠനത്തിന് മാര്‍ഗരേഖയായിത്തീരട്ടെ

ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങൾ…

ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം.

ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു.

ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി.

അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.

ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും

#ഗണപതി ഗായത്രി

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

#ഗണപതി ഗായത്രി

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

#ശിവ ഗായത്രി

ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.

#ശിവ ഗായത്രി

ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

#ശിവ ഗായത്രി

ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

#ശ്രീ അയ്യപ്പ ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് !!
ഫലം : രോഗ മുക്തി

#ശ്രീ സുബ്രഹ്മണ്യ ഗായത്രി

ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്‌കന്ദ പ്രചോദയാത് !!
ഫലം : സർവ്വ വേദനകളും മാറുന്നു

#സൂര്യ ഗായത്രി

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

#സോമ ഗായത്രി

ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

#ചൊവ്വാ ഗായത്രി

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

#ബുധഃ ഗായത്രി

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

#ഗുരു ഗായത്രി

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.

#ശുക്ര ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

#ശനി ഗായത്രി

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

#രാഹു ഗായത്രി

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

#കേതുഃ ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയം അകലുന്നു

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യയില്‍ അഭിവൃദ്ധി

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: ഭയം അകലുന്നു

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണ ഭയം അകലുന്നു.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വ നന്മകള്‍ക്കും.

#ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം

#യമഗായത്രി

ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!
ഫലം : മരണ ഭയം മാറുന്നു.

#ശ്രീ കൂബേര ഗായത്രി

ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും


#ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി

ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു

#ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി

ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.

#ശ്രീ ബാലാഗായത്രി

ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു

#ശ്രീ സരസ്വതി ഗായത്രി

ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു.

#ശ്രീ മഹാലക്ഷമീ ഗായത്രി

ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
ഫലം : ദാരിദ്ര്യം അകലുന്നു

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ
പീത വര്‍ണ്ണ്യച ധീമഹി
തന്നോ ബ്രാഹ്മിഃ പ്രചോദയാത് !!
ഫലം : ചര്‍മ്മരോഗം ദേഭമാകുന്നു

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ പ്രചോദയാത് !!
ഫലം : സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു.

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശിഖി വാഹനായൈ വിദ്മഹേ
ശക്തി ഹസ്തായൈ ച ധീമഹി
തന്നോ കൗമാരിഃ പ്രചോദയാത് !!
ഫലം : രക്തസംബന്ധിയായ രോഗങ്ങള്‍ അകലും

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ
ചക്ര ഹസ്തായൈ ച ധീമഹി
തന്നോ വൈഷ്ണവീ പ്രചോദയാത് !!
ഫലം: വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമളായൈ ച വിദ്മഹേ
ഹല ഹസ്തായൈ ച ധീമഹി
തന്നോ വരാഹി പ്രചോദയാത് !!
ഓം മഹിഷധ്വജായൈ വിദ്മഹേ
ദണ്ഡ ഹസ്തായൈ ധീമഹി
തന്നോ വരാഹീ പ്രചോദയാത് !!
ഫലം : ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ
വജ്‌റ ഹസ്തായൈ ധീമഹി
തന്നോ ഐന്ദ്രീ പ്രചോദയാത് !!
ഫലം : ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും

#ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ ചാമുണഡാ പ്രചോദയാത് !!
ഫലം : ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും

#ശ്രീ വീരഭദ്ര ഗായത്രി

ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
ഫലം: ജോലിയില്‍ ഉയ്യര്‍ച്ച

#ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി

കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
ഫലം: കളവു പോയ വസ്തുതിരികെ കിട്ടും

#ശ്രീ ദുര്‍ഗ്ഗാ ഗായത്രി

“ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !! “
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും

#മഹാകാളി ഗായത്രി

ഓം കാളികായൈ വിദ് മഹേ

ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരാ പ്രചോദയാത് !! “
ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം

ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക.

ഗുരുവായൂരിൽത്തന്നെയുള്ള ഒരു പ്രശസ്തമായ ഇല്ലമാണ് നെന്മിനി മന

" ആ ഇല്ലക്കാർ ഇന്നും ഗുരുവായൂരിലുണ്ട്. നെന്മിനി ഇല്ലത്തെ കാരണവരായിരുന്നു അന്ന് മേൽശാന്തി. എന്തോ കാരണത്താൽ അദ്ദേഹത്തിന് ചർച്ചക്കാരന്റെ ഇല്ലത്ത് പോകേണ്ടിവന്നു. പകരം പുത്രനെ പൂജനടത്താൻ ഏല്പിച്ചിട്ടാണ്
അദ്ദേഹം പോയത്.

പതിവുപോലെ അഭിഷേകം, അലങ്കാരം എന്നിവക്കുശേഷം ഉണ്ണി പൂജ ആരംഭിച്ചു. ഭഗവാന് നേദിക്കുന്ന നൈവേദ്യവും ഭഗവാൻ ഭക്ഷിക്കുമെന്നായിരുന്നു ഉണ്ണിയുടെ ധാരണ. ഭക്തിയോടുകൂടി മന്ത്രപൂർവ്വം പ്രാണാഹുതി ചെയ്തിട്ടും ഭഗവാൻ നിവേദ്യം സ്വീകരിച്ചില്ല.

ഉണ്ണിക്കു പരിഭ്രമമായി. ഉപദംശങ്ങൾ പോരാഞ്ഞിട്ടാകുമോ ഭഗവൻ ചോറുണ്ണാത്തതെന്നു ഉണ്ണി സംശയിച്ചു.

പെട്ടെന്ന് ഇല്ലത്ത് ചെന്ന് സംഭാരവും ഉപ്പുമാങ്ങയും കൊണ്ടുവന്നു തിരുമുമ്പിൽ വച്ചു. എന്നിട്ടും ഭഗവാൻ കണ്ണ് തുറക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.

എത്ര യാചിച്ചിട്ടും ഒരു ഭാവഭേദവും ഇല്ല. ഉണ്ണിക്കു വല്ലാത്ത സങ്കടമായി. അങ്ങ് നൈവേദ്യം സ്വീകരിച്ചില്ലെങ്കിൽ എന്റെ പൂജ ശരിയാത്തതാവാമെന്നു പറഞ്ഞു അച്ഛൻ എന്നെ ശിക്ഷിക്കും. അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങ് ഈ നിവേദ്യം സ്വീകരിക്കൂ..

കണ്ണീരോടെയുള്ള ഉണ്ണിയുടെ പ്രാർത്ഥന കൈകൊണ്ടു ഭഗവാൻ ഉണ്ണിയുടെ ആഗ്രഹത്തിന് വഴങ്ങി. നിവേദ്യച്ചോറ് മുഴുവൻ വളരെ സന്തോഷത്തോടെ ഭക്ഷിച്ചു.

കൃതാർത്ഥതയോടെ ഉണ്ണി പാത്രങ്ങൾ പുറത്തേയ്ക്കു വച്ചു. പാത്രങ്ങൾ ശൂന്യമായിക്കണ്ട കഴകക്കാരൻ വാര്യർക്കു ശുണ്ഠി കയറി തനിക്കു അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ശാന്തിക്കാരൻ ഭക്ഷിച്ചിരിക്കുന്നു. വാര്യർക്ക് കാലി കയറി അദ്ദേഹം ആക്രോശിച്ചു

"ഹേ ഉണ്ണി നമ്പൂതിരി ഇതെന്തു കഥ നിവേദ്യച്ചോറ് മുഴുവൻ ഉണ്ട് വയറു നിറച്ചു അല്ലേ. ഉപ്പുമാങ്ങയും സംഭരവുമൊക്കെയായി വന്നപ്പോൾ ഞാൻ സംശയിച്ചു. അച്ഛൻ വരട്ടെ ഞാൻ കണക്കിന് വാങ്ങി തരുന്നുണ്ട്...

നിവേദ്യച്ചോറ് ഭഗവാനാണ് ഭക്ഷിച്ചതെന്നു എത്ര പറഞ്ഞിട്ടും വാര്യർക്ക് ബോധ്യമായില്ല. ഉണ്ണിയും പരിഭ്രാന്തിയിലായി.

ഗുരുവായൂരപ്പനെ വണങ്ങിയിട്ട് ഉണ്ണി ഇല്ലത്തേക്ക് മടങ്ങി. മേൽശാന്തി തിരിച്ചെത്തിയപ്പോൾ വാര്യർ സംഗതികളൊക്കെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മകനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. അച്ഛാ ഞാൻ നിവേദ്യം പ്രാണാഹുതി കഴിച്ചപ്പോൾ ഗുരുവായൂരപ്പൻ ചോറുണ്ടില്ല. ഇല്ലത്തുചെന്നു ഉപ്പുമാങ്ങയും സംഭരവുമായി വന്നു വീണ്ടും ഞാൻ ഭഗവാനോടപേക്ഷിച്ചു . അങ്ങിനെ ഭഗവാൻ സന്തോഷത്തോടെ ചോറ് മുഴുവൻ ഉണ്ടു.

അല്ലാതെ ഞാൻ ഒരു വറ്റുപോലും കഴിച്ചില്ല. ഈ കഥ മേൽശാന്തിയും വിശ്വസിച്ചില്ല.

തന്റെ മകൻ കളവു പറയുകയാണെന്ന് കരുതി അദ്ദേഹം ക്രുദ്ധനായി. ഉണ്ണിയെ ശിക്ഷിക്കാൻ അദ്ദേഹം വടിയെടുത്തു. ഉണ്ണിക്കു അടി കിട്ടുമെന്നുറപ്പായപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽനിന്നും ഒരു അശരീരി കേട്ടു. നിവേദ്യച്ചോറുണ്ടത് ഞാനാണ് ഭക്തനും നിഷ്കളങ്കനുമായ ഉണ്ണിയുടെ പ്രാർത്ഥന ഞാൻ നിറവേറ്റുകയാണുണ്ടായത് ആ കുട്ടിയെ അതിനു ശിക്ഷിക്കരുത്.

മേശാന്തിയുടെ കൈയിൽനിന്നും വടി നിലത്തു വീണു. അവിടെ കൂടിയിരുന്നവർ ആശ്ച്ചര്യത്താൽ സ്തബ്ധരായി. വാര്യർ ഉണ്ണിയുടെ കാലിൽ വീണു ക്ഷമ ചോദിച്ചു.

നോക്കൂ ഭഗവാന്റെ ഭക്തവാത്സല്യം

ഈ സംഭവത്തെ ആസ്പദമാക്കിയാണത്രെ ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കാറുള്ളത്.
ഓം നമോ നാരായണായ....!

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ .

ഹൈന്ദവ വിശ്വാസികൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കർത്തവ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവർ) അങ്ങനെയായിരുന്നല്ലോ. താൻ മറ്റുള്ളവരെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത്. അതായത് മനുഷ്യൻ അവനവന്റെ കർത്തവ്യങ്ങൾ അപ്പോഴപ്പോൾ ചെയ്തു തീർക്കേണ്ടത് ചെയ്തു തീർക്കുക തന്നെ വേണം. മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

1) മനുഷ്യ ജന്മം ആരംഭഘട്ടമാണ്. പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. ജീവാത്മാവ് പഞ്ചഭൂത നിർമ്മിതമായ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ശരീരത്തിൽ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകർന്നും, മാതൃപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാ ബന്ധുജനങ്ങളുടെ ലാളനചുംബനാദികൾക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തിൽ വളർന്ന് സജ്ജനങ്ങളുടെ സത്സംഗത്തിൽ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വര സാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കർത്തവ്യം ഇവിടെ നിന്നും ആരംഭിക്കുന്നു.

4) യവ്വനം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമ മാര്ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും അതോടോപ്പോം ഒരു അച്ഛന്റെ കർത്തവ്യവും ഇതിൽക്കൂടി നിർവ്വഹിക്കാൻ ബാധ്യസ്ഥനാണ്.

5) ഈ നാലു 'പടികളും' കഴിഞ്ഞാൽ ഇനിയുള്ളതു ഈശ്വര സാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാർഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle). എന്ന് വച്ചാൽ കടലിൽ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയിൽ  പതിച്ചു നദികളിൽ കൂടിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാൻ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മ ചൈതന്യത്തിൽ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം ഭൂമിയിൽ മലർത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യിൽ ദഹിപ്പിക്കുന്നതും, 'വായു'വിൽ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാൽ മാത്രമെ മനുഷ്യ ജന്മ്ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തിൽ പറയുന്നു 'ജീവാത്മാവ് പരം ധാമിൽ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ് എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തിൽ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലിൽ ആറു പൂരകങ്ങൾ ഉണ്ടന്നാണ്. അവയെ ഉണർത്തുമ്പോൾ ആത്മബോധം ഉണ്ടാകുകയും ഉണർവ്വ് സഹസ്രാര പത്മത്തിലെത്തുകയും അതോടെ ജീവന്മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്
" പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ! എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികൾ (ഇശ്ചാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി) കൊണ്ട് വശം വദയാക്കുമ്പോൾ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്. ഞാൻ നീയും നീ ഞാനുമാണ്)