Pages

Sunday, July 28, 2019

പാലാഴി മഥനം

ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഹൈന്ദവ ഗ്രന്ഥങ്ങളോ പുരാണ കഥകളോ കുട്ടികൾക്ക് ശരിയായ വിധത്തിൽ  പറഞ്ഞു കൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഒരമ്മ, സായാഹ്നവേളയിൽ മക്കളുമൊത്ത് പാർക്കിൽ വിശ്രമിക്കവേ തന്‍റെ മക്കൾക്ക് പാലാഴി മഥനം കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ദേവന്മാർക്ക് ശാപമോക്ഷം കിട്ടണമെങ്കിൽ  പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും.? അതിന് കടകോലായി ഒരു വലിയ പർവ്വതത്തെ കൊണ്ടു വന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാർ പാമ്പിന്‍റെ തലഭാഗവും, ദേവന്മാർ വാലും പിടിച്ച് കടയാൻ  തുടങ്ങി. പെട്ടെന്ന് കടകോലായ പർവ്വതം സമുദ്രത്തിൽ മുങ്ങിപ്പോയി. അപ്പോഴാണ് മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത് പർവ്വത്തെ ഉയർത്തുന്നത്. വീണ്ടും കടയാൻ  തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയിൽ  നിന്ന് ഓരോരോ സാധനങ്ങൾ പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

അമ്മ പറഞ്ഞു. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി  സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാൽ ധ്യാനിക്കുക എന്നാണ് അർത്ഥം.
അങ്ങനെ ധ്യാനത്തിന്‍റെ പൂർണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ?

മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ!! നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.

അപ്പോ കടയുന്നതിനിടക്ക് പർവ്വതം താഴ്ന്നു പോയി എന്നു പറഞ്ഞാലെന്താണർത്ഥം?

അമ്മ ചോദിച്ചു.
"വിവേകം താഴ്ന്നു പോയി". കുട്ടികൾ പറഞ്ഞു.
അതെ. ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയിൽ പെട്ട് നമ്മുടെ വിവേകം താഴ്ന്നു പോയി. അപ്പോൾ ഭഗവാൻ  കൂർമ്മ അവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനർത്ഥം.?
ബോധം ഉണർന്ന് വീണ്ടും പഴയ തലത്തിലേക്ക് വിവേകത്തെ ഉയർത്തിക്കൊണ്ട് വരണം.

അപ്പോൾ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലെ.?
ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കിൽ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കിൽ ദൈവം എന്നൊക്കെ വിളിക്കുന്നത്.

ബോധം കൂർമ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂർമ്മം എന്നാൽ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ? അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാൽ, കാമ-മോഹ-ലോഭങ്ങൾക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയർത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാൻ  കൂർമ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്. അങ്ങനെ വിവേകം വീണ്ടും ഉയർന്ന് ധ്യാനം തുടർന്നാൽ ആദ്യം മൂധേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനർത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാര വിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂധേവി. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആർത്തികളും, പുറത്ത് പോകും. എന്നാൽ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങൾ നമ്മുടെ ബോധത്തിലെത്തും.

വീണ്ടും ധ്യാനം തുടരുമ്പോൾ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാൽ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.

ആ അമൃത് കുടിച്ചവർക്ക് പിന്നെ വാർ‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ. പാലാഴി മഥനം വെറും കഥയാണോ!  എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂർവ്വികരായ ഋഷിവര്യന്മാർ ഈ കഥയിലൂടെ പറയുന്നത്.

No comments:

Post a Comment