Pages

Sunday, July 28, 2019

എന്താണ് ശ്രീ

ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പം പലപ്പോഴും '' ശ്രീ " എന്ന്‍ ചേർക്കാറുണ്ട്.

ഹൈന്ദവ ആചാര പ്രകാരം ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു. ''ശ ,ര ,ഈ " ഇവ മൂന്നും ചേർന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌. ഇവ യഥാക്രമം ആത്മാവ്, പ്രകൃതി, ജീവൻ എന്നിവയെ അർത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദിശക്തിയാണെന്ന് ഗണിക്കുന്നു. ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയിൽ നിന്നും ആണെന്ന് ഗണിക്കപ്പെടുന്നു. സകല ചാരാചരങ്ങളും സകലലോകങ്ങളും രൂപം കൊണ്ടത്‌ ഇതിൽ നിന്നാണെന്നും ഒരു വാദം.!
                     
തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കിൽ അത്  ഐശ്വര്യദായകമാണെന്ന് കരുതപ്പെടുന്നു. മാത്രമല്ല ഏതൊരു നാമരൂപതിനും പൂർണ്ണത വരണമെങ്കിൽ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ. അത് പൂർ‍ത്തീകരിക്കാനാണ് ശ്രീ എന്ന പദം ഏതൊരു നാമത്തിന്റെ മുന്നിലും ചേർക്കുന്നത്. അപ്പോഴേ ഈശ്വരനായാലും, രാജാവായാലും പൂർണ്ണത കൈവരികയുള്ളൂ. അതായത് ശ്രീ എന്നതു ദേവി രൂപം അല്ലെങ്കിൽ സ്ത്രീ ലിംഗമായ മൂല പ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂർണ്ണത വരികയുള്ളൂ. അത് ഐശ്വര്യ ദായകവുമാണ്.

ഈശ്വരൻ ആണെങ്കിൽ പോലും ശ്രീ എന്ന്‍ ചേർത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ.

ഉദാഹരണം: ശ്രീരാമൻ, ശ്രീകൃഷ്ണൻ അങ്ങനെ. അപ്പോൾ ദൈവങ്ങൾക്ക് പോലും ശക്തി വരണമെങ്കിൽ അല്ലെങ്കിൽ ഐശ്വര്യം വരണമെങ്കിൽ ശ്രീ എന്ന്‍ മുൻപിൽ ചേർക്കണം. ഐശ്വര്യമില്ലാത്ത ദൈവത്തിനെ ആരും പ്രാർത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്. സ്ത്രീയും, പുരുഷനും ചേരാതെ പൂർണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!
           
ഒരു വ്യക്തിയെ പൂർണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ്. നാമം, രൂപം, സ്ഥാനം, ഗുണം, സ്വഭാവം. എന്നിങ്ങനെ അഞ്ചു കാര്യങ്ങൾ. അതിൽ നാമം പ്രധാനമത്രേ. ഞാൻ  എന്ന്‍ വേർതിരിച്ചു അല്ലെങ്കിൽ ഇന്നയാൾ എന്ന് വേർതിരിച്ചു പറഞ്ഞത് കൊണ്ട് പൂർത്തീകരണം വരുന്നില്ല. അത് പ്രകൃതി നിയമമാണ്. നാമ രൂപാദികൾ ആത്മാവിന്റെ അല്ല പ്രകൃതിയുടെതാണ്. അത് കൊണ്ട് ഒറ്റയായി നിൽക്കുന്ന നാമ രൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേർക്കുന്നത്.
                 
എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്. അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ്. അല്ലെങ്കിൽ പരമമായ ദേവീ ശക്തിക്കാണ്. അതില്ലെങ്കിൽ പൂർണ്ണതയില്ല. മാതാപിതാക്കൾ, രാധാ മാധവൻ, ഗൌരീ ശങ്കരൻ, സീതാരാമൻ അങ്ങനെ ഉദാഹരണങ്ങൾ. പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു. പുരുഷ നാമധേയതോടൊപ്പം ദേവീ ശക്തി അല്ലെങ്കിൽ സ്ത്രീ ശക്തി കൂടി ചേർന്നാലേ അത് പൂർണ്ണമാകൂ. അത് പ്രകൃതി നിയമമാണ്.!

ഹിന്ദുധർമ്മത്തിലെ ദൈവ സങ്കല്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു "ശ്രീ" എന്ന നാമ രൂപം.

No comments:

Post a Comment