Showing posts with label വാക്കിന്റെ ശക്തി. Show all posts
Showing posts with label വാക്കിന്റെ ശക്തി. Show all posts

Monday, July 29, 2019

വാക്കിന്റെ ശക്തി

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങൾ ഉണ്ടായിരിക്കണം. കേൾക്കുന്നവർക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാൽ, ഈവിധം നല്ല കാര്യങ്ങൾ പറയുന്നവർ ചുരുക്കമാണ്.

നമ്മളിൽ പലരുടേയും വാക്ക് നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതിൽ നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലർക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകൾ പരസ്പരം വിദ്വേഷവും വൈരവും വളർത്തുന്നൂ.

മഹാഭാരത യുദ്ധത്തിൽ അർജുനനും കർണനും തമ്മിൽ യുദ്ധം നടന്ന ആദ്യ ദിവസം കർണനെ കൊല്ലാൻ അർജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരൻ അര്‍ജുനനോടു പറഞ്ഞു.

" കർണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തു പറ്റി? കർണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ. "

അതുകേട്ട് അർജുനൻ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അർജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ,  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.

ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അർജുനൻ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാൻ പറഞ്ഞു.

" അർജുനാ, നിൽക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞ ചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിറവേറ്റാം. "

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഭഗവാൻ തുടർന്നു.

" യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ പാലിച്ചതിനു തുല്യമാകുകയും ചെയ്യും. ''

അതുകേട്ട് അർജുനൻ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അർജുനന് സ്ഥലകാലബോധം വന്നത്.

" പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാൻ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്? "

ഇങ്ങനെ ചിന്തിച്ച് അർജുനൻ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അതിനായി തീ കൂട്ടി അതിൽ ചാടാൻ ഒരുമ്പെട്ടു. അപ്പോഴും ഭഗവാൻ അർജുനനെ തടഞ്ഞു.  ഭഗവാൻ പറഞ്ഞു,

" അർജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാർഗമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്. ''

ഇതുകേട്ട് അർജുനൻ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാൽ ഞാൻ എല്ലാം ചെയ്തു. എന്റെ കഴിവു കൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്.

അടുത്ത ശ്വാസം പോലും നമ്മുടെ കൈയിലല്ല. ''ഞാൻ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആൾ മറിഞ്ഞു വീണ് മരിച്ചു പോകാം. എല്ലാം ചെയ്യുന്നതു ഞാൻ ആണെന്നു പറയുന്നവർക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാൻ കഴിയുമോ? പരമാത്മാവിന്റെ ശക്തി കൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാൻ ഒരു ബട്ടൺ അമർത്തിയാൽ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാൽ ബട്ടണമർത്താനും നമ്മുടെ കൈ പൊക്കാനും ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരൽ പോലും ചലിപ്പിക്കാൻ ആർക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മൾ സദാ ഓർമ്മിക്കണം.

നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകൾ കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. വാക്കുകൾ കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളർന്നവന് ശക്തി പകരാനും സാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസിക തലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകൾ അർജുനന് ശരിയായ ഉൾക്കാഴ്ച്ചയും ഉണർവ്വും പകർന്നു.

അതുപോലെ ജാംബവാന്റെ വാക്കുകൾക്ക് ഹനുമാനിൽ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണർത്താൻ കഴിഞ്ഞു. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകൾ ആരോടു പറയുന്നു, എപ്പോൾ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധ വെക്കണം. അങ്ങനെയായാൽ, നമുക്കും ലോകത്തിനും വാക്കുകൾ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകൾ അമൃതസമാനം തന്നെയാണ്.