Friday, December 30, 2022

ബൃഹദാരണ്യകോപനിഷത്ത്

 പുരാതനഭാരതത്തിലെ ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൃഹദാരണ്യകോപനിഷത്ത്. ബൃഹദ് എന്ന വിശേഷണത്തിനൊത്തുപോകും വിധം  ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യം ഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രാധാകൃഷ്ണനെപ്പോലുള്ളവ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നു വിശേഷിപ്പിച്ചു. അരോബിന്ദോ ഇതിനെ ഏറ്റവും ദുർഗ്രഹവും അർത്ഥഗംഭീരവുമായ ഉപനിഷത്തായി വിലയിരുത്തി.


പേരിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്.


ആറദ്ധ്യായങ്ങളായാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തേയും ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. എല്ലാ അദ്ധ്യായങ്ങളിലുമായി 47 ബ്രാഹ്മണങ്ങളാണുള്ളത്. ഇങ്ങനെയല്ലാതെ, ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തി, ഈ ഉപനിഷത്തിനെ മൊത്തം മൂന്നു കാണ്ഡങ്ങളായി തിരിക്കുകയും പതിവുണ്ട്. ഈ വിഭജനത്തിൽ, ഓരോ കാണ്ഡത്തിലും ഈരണ്ടദ്ധ്യായങ്ങൾ വീതമാണുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡം എന്നും, മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, ഒടുവിലത്തെ രണ്ടദ്ധ്യായങ്ങളെ ഖിലകാണ്ഡം എന്നും വിളിക്കുന്നു.


ഉപനിഷൽലോകത്തിലെ തത്ത്വാന്വേഷണത്തിന്റെ പ്രസിദ്ധമായ നാടകീയ മുഹൂർത്തങ്ങളിൽ പലതും ബൃഹദാരണ്യകത്തിലാണ്. ഭാരതീയചിന്തയിലെ മേധാശക്തികളിൽ ഒരാളായ യാജ്ഞവൽക്യൻ ഈ ഉപനിഷത്തിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രനീതിയിലും തത്ത്വാന്വേഷണത്തിലും ഒരുപോലെ വ്യാപരിച്ചിരുന്ന ജനകമഹാരാജാവ് ഇതിൽ സത്യാന്വേഷിയെന്നതിനൊപ്പം തത്ത്വാന്വേഷണസംഗമങ്ങളുടെ സംഘാടകനും അദ്ധ്യക്ഷനും കൂടി ആയി പ്രത്യക്ഷപ്പെടുന്നു. യാജ്ഞവൽക്യന്റെ പത്നി മൈത്രേയി, വാചഹ്നുവിന്റെ പുത്രി ഗാർഗ്ഗി തുടങ്ങിയ മഹിളകളേയും ഈ ഉപനിഷത്തിലെ ആത്മവിദ്യാപ്രേമികൾക്കിടയിൽ കാണാം.


യാഗാശ്വം


സൃഷ്ടപ്രപഞ്ചത്തെ ഒരു കൂറ്റൻ യാഗാശ്വമായി സങ്കല്പ്പിക്കുന്ന ഗംഭീരവർണ്ണനയോടെയാണ് ബൃഹദാരണ്യകോപനിഷത്തിന്റെ തുടക്കം. ആ വർണ്ണന ഇങ്ങനെയാണ്:-


“പ്രഭാതമാണ് യാഗാശ്വത്തിന്റെ ശിരസ്സ്. സൂര്യൻ അതിന്റെ കണ്ണും കാറ്റ് ശ്വാസവും അഗ്നി വക്ത്രഗഹ്വരവുമാണ്. കാലം അതിന്റെ അത്മാവാണ്. ആകാശം പൃഷ്ഠവും, അന്തരീക്ഷം ഉദരവും, ഭൂമി കുളമ്പുകളും, ദിക്കുകൾ പാർശ്വങ്ങളും, ഉപദിക്കുകൾ വാരിയെല്ലുകളും ഋതുക്കൾ അവയവങ്ങളും, മാസങ്ങളും മാസപ്പകുതികളും സന്ധികളും, ദിനരാത്രങ്ങൾ കാലുകളും നക്ഷത്രങ്ങൾ അസ്ഥികളും, മേഘങ്ങൾ മാംസവുമാണ്. മണൽത്തിട്ടകൾ അശ്വത്തിന്റെ ഉദരത്തിലെ ഭക്ഷണവും, നദികൾ രക്തധമനികളും, പർവതങ്ങൾ കരളും ശ്വാസകോശങ്ങളും, വൃക്ഷലതാദികൾ രോമങ്ങളും, ഉദയം മുൻഭാഗവും അസ്തമയം പിൻഭാഗവുമാണ്. അശ്വം മൂരിനിവർക്കുകയും ശരീരം കുടയുകയും ചെയ്യുമ്പോൾ മിന്നനും ഇടിയും ഉണ്ടാകുന്നു. അതിന്റെ മൂത്രം മഴയാകുന്നു. അശ്വത്തിന്റെ സ്വരമാണ് ശബ്ദം”


യാഗാശ്വത്തിന്റെ വർണ്ണന പ്രത്യക്ഷപ്പെടുന്ന ഒന്നാം അദ്ധ്യായത്തിൽ തന്നെയാണ് അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ പ്രാർത്ഥനയും ഉള്ളത്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യവും ഈ അദ്ധ്യായത്തിൽ തന്നെയാണ്.


മൈത്രേയി


ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കാൻ തീരുമാനിച്ച യാജ്ഞവൽക്യ മഹർഷി സമ്പത്തെല്ലാം പത്നിമാരായ മൈത്രേയിക്കും കാത്യായനിക്കുമിടയിൽ വിഭജിച്ചു നൽകാൻ തീരുമാനിക്കുന്നത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ കാണാം. അമർത്ത്യത നൽകാത്ത ഭൗതികസമ്പത്തിനെ കാര്യമാക്കാതിരുന്ന മൈത്രേയി യാജ്ഞവൽക്യനിൽ നിന്ന് നേടാനാഗ്രഹിച്ചത് സമ്പത്തിനു പകരം ആത്മജ്ഞാനമാണ്. പത്നിയുടെ തെരഞ്ഞെടുപ്പിൽ പ്രീതനായ അദ്ദേഹം അവർക്ക് പ്രേമപൂർവം പകർന്നുകൊടുക്കുന്ന ജ്ഞാനോപദേശമാണ് തുടർന്ന്.


ഏറ്റവും വലിയ ജ്ഞാനി


മൂന്നാം അദ്ധ്യായത്തിന്റെ പശ്ചാത്തലം വിദേഹരാജാവായ ജനകൻ ഏറെ ദാനധർമ്മങ്ങളോടെ നടത്തിയ ഒരു യാഗമാണ്. കുരു-പാഞ്ചാലദേശങ്ങളിലെ അനേകം ജ്ഞാനികൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജാവ്, കൊമ്പുകൾക്കു നടുവിൽ പത്തു സ്വർണ്ണനാണയങ്ങൾ വീതം കെട്ടിത്തൂക്കിയിരുന്ന ആയിരം പശുക്കളെ കൊണ്ടുവന്നിട്ട്, അവിടെ കൂടിയിരുന്നവരിൽ ഏറ്റവും വലിയ ജ്ഞാനിക്ക് അവകാശപ്പെട്ടവയാണ് അവയെന്നറിയിച്ചു. ഇതുകേട്ട് മറ്റുള്ളവർ നിശ്ശബ്ദരായിരുന്നപ്പോൾ, യാജ്ഞവൽക്യൻ ശിഷ്യൻ സാമശ്രവനോട്, പശുക്കളെ തന്റെ വീട്ടിലേയ്ക്ക് തെളിക്കാൻ ആവശ്യപ്പെട്ടു. ഗുരുവിനെ പുകഴ്ത്തിയശേഷം ശിഷ്യൻ പശുക്കളെ തെളിച്ചുനടന്നപ്പോൾ, മറ്റു വിദ്വാന്മാരുടെ രോഷം ജ്വലിച്ചു. "ഏറ്റവും വലിയ ജ്ഞാനിയായി സ്വയം കരുതുന്നോ?" എന്ന് രാജപുരോഹിതനായ അശ്വലൻ ചോദിച്ചപ്പോൾ യാജ്ഞവൽക്യൻ കൊടുത്ത മറുപടി ഇതായിരുന്നു:


“ഏറ്റവും ജ്ഞാനിയായവനെ ഞാൻ വണങ്ങുന്നു; പക്ഷേ ആ പശുക്കൾ എനിക്കുവേണം.”


പിന്നെ സദസ്സിലെ വിദ്വാന്മാർ ഓരോരുത്തരായി യാജ്ഞവൽക്യനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വാചഹ്നുവിന്റെ മകൾ ഗാർഗ്ഗി എന്ന വിദുഷി ഉൾപ്പെടെ ഏറെപ്പേരുടെ ചോദ്യങ്ങൾക്കു യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ഒടുവിൽ രണ്ടു ചോദ്യങ്ങൾ കൂടി മാത്രം തനിക്കു ചോദിക്കാനുണ്ടെന്നു പറഞ്ഞ് ഗാർഗ്ഗി എഴുന്നേറ്റു. അവയ്ക്ക് മറുപടി കിട്ടിയാൽ പിന്നെ യാജ്ഞവൽക്യനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. മുകളിലും താഴെയും ഭൂതത്തിലും ഭാവിയിലും ഉള്ളതിനെല്ലാം ഊടും പാവുമായിരിക്കുന്നത് എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ആകാശം' (space) എന്ന് യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ആകാശം നിലകൊള്ളുന്നതെന്തിൽ എന്നായി അടുത്ത ചോദ്യം. അതിനു മറുപടിയായി യാജ്ഞവൽക്യൻ അക്ഷരബ്രഹ്മത്തെക്കുറിച്ചു പറഞ്ഞു. അതോടെ ഗാർഗ്ഗി യാജ്ഞവൽക്യന്റെ മേധാവിത്വം അംഗീകരിച്ചു കൊടുത്തു.


ദൈവങ്ങളുടെ എണ്ണം


യാജ്ഞവൽക്യനോട് രസകരമായ മറ്റൊരു ചോദ്യം ചോദിച്ചത് ശകലന്റെ മകനായ വിദഗ്ദ്ധനാണ്. എത്ര ദൈവങ്ങളുണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം. ആ സംഭാഷണം ഇങ്ങനെ പോയി:-


ആകെ എത്ര ദൈവങ്ങളുണ്ട്?


സർവദൈവങ്ങൾക്കുമുള്ള സ്തോത്രത്തിൽ പറഞ്ഞിരിക്കുന്ന അത്രയും, 303-നോട് 3003 ചേർത്താലുള്ള സംഖ്യ.


ശരി, പക്ഷേ എത്ര ദൈവങ്ങളാണ് ഉള്ളത് ?


മുപ്പത്തിമൂന്ന്.


സമ്മതിച്ചു, പക്ഷേ ദൈവങ്ങൾ എത്രയാണുള്ളത് ?


ആറ്


ശരി, പക്ഷേ എത്ര ദൈവങ്ങളാണുള്ളത് ?


രണ്ട്


ഉവ്വ്, പക്ഷേ ആകെ എത്ര ദൈവങ്ങളുണ്ട് ?


ഒന്നര


ശരി, പക്ഷേ എത്ര ദൈവങ്ങളുണ്ട് ?


ഒന്ന്.


യാജ്ഞവൽക്യനും ജനകനും


ഇന്ന് ഒന്നും ഉരിയാടുകയില്ലെന്ന തീരുമാനവുമായി യാജ്ഞവൽക്യൻ ഒരു ദിവസം ജനകന്റെ അടുത്തെത്തുന്നതോടെയാണ് നാലാമദ്ധ്യായം തുടങ്ങുന്നത്. എന്നാൽ രാജാവ് ഋഷിയെ മൗനമായിരിക്കാൻ അനുവദിച്ചില്ല. പഴയ ഒരു പ്രതിജ്ഞ അനുസമരിപ്പിച്ച്, തനിക്ക് സംശയനിവാരണം വരുത്താൻ അദ്ദേഹം യാജ്ഞവൽക്യനെ നിർബ്ബന്ധിച്ചപ്പോൾ ഋഷി വഴങ്ങി. സംഭാഷണം മുന്നോട്ടുപോയത് ഇങ്ങനെയാണ്:-


മനുഷ്യന്റെ വെളിച്ചമെന്താണ് ?


സൂര്യന്‍. നാം ഇരിക്കുന്നതും, ജോലിചെയ്യുന്നതും പോകുന്നതും വരുന്നതുമെല്ലാം അതിന്റെ വെളിച്ചത്തിലാണ്.


സൂര്യൻ അസ്തമിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചമെന്താണ് ?


ചന്ദ്രന്‍. സൂര്യൻ അസ്തമിക്കുമ്പോൾ‍, ചന്ദ്രന്റെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചം എന്താണ് ?

അഗ്നി. അപ്പോൾ അഗ്നിയുടെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യന്റെ വെളിച്ചം എന്താണ് ?


വാക്ക്. അപ്പോൾ വാക്കിന്റെ വെളിച്ചത്തിൽ നാം ഇരിക്കുകയും ജോലിചെയ്യുകയും പോവുകയും വരുകയും ചെയ്യുന്നു. ഇരുട്ടിൽ കാണാനാവില്ലെങ്കിലും നമുക്ക് കേൾക്കാൻ കഴിയും.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ, എന്താണ് നമ്മുടെ വെളിച്ചം ?


ആത്മാവ്


"ആത്മാവ് എന്താണ്" എന്നാണ് ജനകൻ പിന്നെ ചോദിച്ചത്. മറുപടിയായി, ആത്മതത്ത്വത്തെക്കുറിച്ച് ഋഷി രാജാവിനു നൽകുന്ന ദീർഘമായ ഉപദേശമാണ് നാലാമദ്ധ്യായത്തിൽ തുടർന്നുള്ളത്.


ഇടിനാദം പറയുന്നത്


ബൃഹദാരണ്യകത്തിന്റെ ആറദ്ധ്യായങ്ങളിൽ ഒടുവിലത്തെ രണ്ടദ്ധ്യായങ്ങൾ ഖിലകാണ്ഡം എന്നറിയപ്പെടുന്നു. ഖിലം എന്നതിന് അനുബന്ധമായുള്ളത്, കൂട്ടിച്ചേർക്കപ്പെട്ടത് എന്നൊക്കെയാണർത്ഥം. ഉപനിഷത്തുകളുടെ പൊതുചൈത്യന്യവുമായി ഇണങ്ങിപ്പോകാത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഖിലകാണ്ഡം ബൃഹദാരണ്യകത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വാദമുണ്ട്. എങ്കിലും വളരെ വിലമതിക്കപ്പെടുന്ന ചില ഖണ്ഡങ്ങൾ ഈ അദ്ധ്യായങ്ങളിലും ഉണ്ട്. ദേവന്മാരും അസുരന്മാരുംമനുഷ്യരും അവരുടെ സ്രഷ്ടാവായ പ്രജാപതിയുടെ അടുത്ത് വിദ്യ അഭ്യസിച്ച് കഴിഞ്ഞപ്പോൾ അന്തിമ ഉപദേശം ആവശ്യപ്പെട്ട കഥ രസകരമാണ്:-


ദേവന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദമ്യത - "ആത്മനിയന്ത്രണം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


പിന്നെ, മനുഷ്യർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."

അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: 


"മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദത്ത - "ദാനം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ഒടുവിൽ, അസുരന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദയധ്വം - "ദയ ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ആകാശത്തിലെ ഇടിനാദത്തിൽ കേൾക്കുന്നത്,

പ്രജാപതിയുടെ ഈ ഉപദേശത്തിന്റെ ആവർത്തനമാണ്: ദ! ദ!ദ!

Gayatri Mantra Benefits_ അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം





















Wednesday, December 28, 2022

പറയിപെറ്റ പന്തിരുകുലം

 വരരുചി


ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.


ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി. നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ..."രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം

അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം" എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട (വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.


അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾ കഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി പഞ്ചമി ആവശ്യപ്പെട്ടു.


വളരെ ബുദ്ധിമതിയായ പഞ്ചമിയ്ക്കു വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും പഞ്ചമി അച്ഛനു വിവരിച്ചുകൊടുത്തു.


പഞ്ചമിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും പഞ്ചമിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു. നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, പഞ്ചമി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂപോകാൻ തീരുമാനിച്ചു.


ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായഉണ്ടോ എന്നു ചോദിക്കുകയും പഞ്ചമി ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.


ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ പഞ്ചമിയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.


 മക്കൾ


1- മേഴത്തോൾ അഗ്നിഹോത്രി

2- പാക്കനാർ

3- രജകൻ

4- കാരയ്ക്കലമ്മ

5-അകവൂർ ചാത്തൻ

6- വടുതല നായർ

7- വള്ളോൻ / തിരുവള്ളുവർ

8- ഉപ്പുകൂറ്റൻ

9- പാണനാർ

10- ഉളിയന്നൂർ പെരുന്തച്ചൻ

11- വായില്ലാക്കുന്നിലപ്പൻ

12- നാറാണത്ത് ഭ്രാന്തൻ


1- മേഴത്തോൾ അഗ്നിഹോത്രി


പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.


ബുദ്ധ, ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട്‌ പറഞ്ഞു.


32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളിൽ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രൻ, ആ ഏഴ്‌ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക്‌ തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.


അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങൾക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌. യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.


അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.


അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവർഷം 3479 ആമാണ്ട്‌ (AD378), കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന്‌ 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.


പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.


2- പാക്കനാർ


പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.


തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.


ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.


പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്. 


3- രജകൻ


പറയിപെറ്റ പന്തിരു കുലത്തിലെ മൂന്നാമനാണ്‌ രജകൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കൾ മാത്രമുണ്ടായിരുന്ന ആ അലക്കുകാരൻ തനിക്കു ലഭിച്ച ആൺകുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകൻ എന്ന് നാമകരണവും ചെയ്ത്‌ വളർത്തി എന്നാണ്‌ ഐതിഹ്യം.

.വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകൻ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂർ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്.


രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പൂർവ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂർ, തിരുനാവായ വിദ്യാപീഠങ്ങൾ കടവല്ലൂർ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.


4- കാരയ്ക്കലമ്മ


പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ്‌ കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.


പരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.


ഭർത്താവായ 'പരമദത്തനൊപ്പം' ഇവർ കാരക്കലിലായിരുന്നു താമസം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞെത്തിയ പരമദത്തൻ കാരക്കലമ്മക്ക് രണ്ട് മാമ്പഴം നൽകി. അവരത് വീട്ടിൽ സൂക്ഷിച്ച് വെക്കകയും ചെയ്തു. പിന്നീട് വീട്ടിൽ വന്ന ഒരു ഭിക്ഷക്കാരന് അമ്മ അതിൽ നിന്ന് ഒരു മാമ്പഴം നൽകി. എന്നാൽ പരമദത്തൻ പിന്നീട് ആ മാമ്പഴത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ബാക്കിയുള്ള ഒന്ന് അദ്ദേഹത്തിനും നൽകി. മാമ്പഴത്തിന്റെ സ്വാദ് നന്നായി പിടിച്ച പരമദത്തൻ രണ്ടാമത്തെ മാമ്പഴത്തെ കുറിച്ച് ചോദിച്ചു. ശിവഭക്തയായിരുന്ന അമ്മ അപ്പോൾ തന്നെ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരു മാങ്ങ കൂടെ ചോദിച്ച് വാങ്ങി ഭർത്താവിന് നൽകി. ഇത് കണ്ട പരമദത്തൻ തന്റെ ഭാര്യ ദിവ്യയാണെന്നും അവരുമായി ബന്ധം തുടരുന്നത് പാപമാണെന്നും കരുതി കാരക്കലിൽ നിന്നും നാട് വിട്ട് പോയി. അദ്ദേഹം എത്തിച്ചേർന്നത് പാണ്ഡ്യദേശത്താണ്. അവിടെ അദ്ദേഹം വേറെ വിവാഹം കഴിക്കുകയും പുത്രകളത്ര സമേതം ജീവിക്കുകയും ചെയ്തു. ഇതറിഞ്ഞ കാരക്കലമ്മ സന്യാസം സ്വീകരിച്ച് കൈലാസം പൂകിയെന്നും അവിടെന്ന് ശിവന്റെ നിർദ്ദേശത്താൽ തിരുവാലങ്കാട് എന്ന പ്രദേശത്തേക്ക് വരികയും അവിടെത്തെ ശിവക്ഷേത്രത്തിൽ ശിഷ്ടകാലം കഴിച്ചു എന്ന ഒരു ഐതിഹ്യം ഇന്നുമുണ്ട്.


അവിടെന്ന് ഇവർ ധാരാളം ശിവസ്തോത്രങ്ങൾ രചിച്ചതായി പറയപ്പെടുന്നു. "ഇരട്ടൈ തിരുമാലൈ" "തിരുവാലങ്കാട് മൂത്തതിരുപ്പതികം " "അർപ്പുവതത്തിരുന്താതി" എന്നിവ ഇവരുടെ കൃതികളാണെന്ന് കരുതുന്നു. ശിവനടിയാർ എന്ന സ്ഥാനം നൽകപ്പെട്ടിട്ടുളള 63 ഭക്തരിൽ ഒരാളാണ് കാരക്കലമ്മ.


5-അകവൂർ ചാത്തൻ


പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ. ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻ ചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ 'തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു.


പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ. നമ്പൂതിരി ദിവസവും ഏഴര നാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു  പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി. ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.


6- വടുതല നായർ


പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ വടുതല നായർ. വടുതല നായർ` ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായർ കുടുംബത്തിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം. പറയി പെറ്റ പന്തിരുകുലം കൊട്ടാരത്തില് ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു. എറണാകുളത്തെ വടുതല എന്ന സ്ഥലം ഈ കഥാപാത്രത്തിന്റേതാണെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നു.


7- വള്ളോൻ / തിരുവള്ളുവർ


പറയിപെറ്റ പന്തിരു കുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു 'വള്ളോൻ‍'. വള്ളോനെ വളർത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷേ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു.


തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ (തിരുക്കുറലിന്റെ) കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പര്യമായി വള്ളുവർ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.


തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ.


8- ഉപ്പുകൂറ്റൻ


പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൂറ്റൻ. വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌. 


അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും.


9- പാണനാർ


പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആൾ ആ‍ണ് പാണനാർ. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറപ്പെടുന്നത്.


തുകിലുണർത്തൽ പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.


10- ഉളിയന്നൂർ പെരുന്തച്ചൻ


കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം. പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മ ആണ് കുലദൈവം. ഭാരതത്തിലെ എഞ്ചിനിയർ ആണ് പെരുംതച്ചൻ. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.


11- വായില്ലാക്കുന്നിലപ്പൻ


പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.


വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ (വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്.


12- നാറാണത്ത് ഭ്രാന്തൻ


കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.


എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു. ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു


ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

തിരുവളയനാട് ദേവീ ക്ഷേത്രം കോഴിക്കോട്

 "ഞാൻ എന്റെ വള എറിയുകയാണ് ഈ വള ചെന്ന് വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും"

കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം ആണ് ഇത്.....

 ഇത് ആര് ആരോടാണ് പറഞ്ഞതെന്നുംഏതാണ് ആ ക്ഷേത്രം? എന്നും നോക്കാം

*

      .വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിൽ ഒരിക്കൽ അധികാരമത്സരം നടക്കുകയുണ്ടായി. സൈന്യബലം കൂടുതല്‍ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടു...


അതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച സാമൂതിരി, വള്ളുവകോനാതിരി തന്നെ പരാജയപ്പെടുത്തിയത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാ ബലംകൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നു...


അതിനാൽ  വള്ളുവ കോനാതിരിയുടെയുടെ ഉപാസനാമൂര്‍ത്തിയെ തപസ്സ് ചെയ്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരാൻ സാമൂതിരി നിശ്ചയിച്ചു...

 കൂടെപോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോട് പറഞ്ഞു:-

'എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകും...’


 മുമ്പില്‍ സാമൂതിരി രാജാവും,പിന്നില്‍ ഭഗവതിയും യാത്ര തുടരുകയും, ഏറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വരികയും, സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കുകയും ചെയ്തു...


രാജാവ് തിരിഞ്ഞുനോക്കിയത് കാണാനിടയായ ദേവി തന്‍റെ കയ്യില്‍ കിടന്ന തിരുവള ഊരിയെടുത്ത് പറഞ്ഞു:-


 "ഞാൻ ഈ വള എറിയുകയാണ്. ഈ വള വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും" ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു...

ദേവിയുടെ തിരുവള വീണ സ്ഥലത്ത് സാമൂതിരി ക്ഷേത്രം പണി കഴിച്ചു...

അതാണ് തിരുവളയനാട് ദേവീ ക്ഷേത്രം...


ഈ വള ഒരാഴ്ച വട്ടം കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിച്ചു എന്നും, തിരുവള അനേഷിച്ചു സാമൂതിരി ഒരാഴ്ച വട്ടം കറങ്ങി എന്നും ഐതീഹ്യം ഉള്ളതിനാൽ സമീപത്ത് ഉള്ള പ്രദേശത്തിന് ആഴ്ചവട്ടമെന്നും പേര് ലഭിച്ചു...

മാമാങ്കത്തിനും, യുദ്ധത്തിനും പോകുമ്പോൾ വളയനാട്ടമ്മയ്ക്ക് ബലികൊടുക്കുന്നതിനാൽ പിന്നീടൊരിക്കലും സാമൂതിരിക്ക് തോല്‍വി അറിയേണ്ടിവന്നിട്ടില്ല എന്നും ഐതീഹ്യം...

സാമൂതിരി സ്വരൂപത്തില്‍ ഒരു ഉണ്ണി പിറന്നാല്‍ ദേവിയുടെ സന്നിധാനത്തില്‍ കിടത്തിയതിനുശേഷം ഒരു പോറ്റുകാരനായി കുഞ്ഞിനെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു...

ചണ്ഡികയെന്ന കാശ്മീരി ദേവതയാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി...

കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആണ്  വളയനാട് ആരാധന നടത്തുന്നത്...

സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്

കൌസ്തുഭം

 അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്oത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൌസ്തുഭം ...പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയർന്നുവന്നതായിരുന്നു ഈ രത്നം...

വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം ....ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്..പ്രകൃതിയെ മുഴുവനും സ്വീകരിച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു...

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മലയ്ക്ക് 'വനമാല ' എന്നും പേരുണ്ട്. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു...

പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹന്കാരത്തെ പാഞ്ചജന്യം എന്നാ ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഭഗവാന്റെ വില്ലിന്റെ പേര് ശാര്‍ങ്ങ്‌ഗമെന്നാണ്. വൈഷ്ണവചാപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹന്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു..

മനസ്സിന്റെ സാത്വികാഹന്കാരത്തിന്റെ രൂപമാണ് വിഷ്ണുവിന്റെ തൃക്കയില്‍ തിരിയുന്ന സുദര്‍ശനചക്രം. ശത്രുസംഹാരത്തിനായി ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നു. എനാല്‍, തന്റെ ഭക്തോത്തമനായ അമ്ബരീഷനുവേണ്ടി ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കാനായി ഈ ആയുധം ഉപയോഗിചിടുണ്ട്. പണ്ട് സൂര്യനെ കടഞ്ഞുകിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച് വിഷ്ണുവിന് നല്‍കിയതാണ് സുദര്‍ശനചക്രം. സുദര്‍ശനചക്രം ദുഷ്ടന്മാര്‍ക്ക് ഭയാനകവും, ശിഷ്ടന്മാര്‍ക്ക് 'സു 'ദര്‍ശനവുമാണ് (മംഗളദര്‍ശനമാണ്)...

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനെന്ദ്രിയങ്ങളും വിഷ്ണുവിന് അസ്ത്രങ്ങളാണ്. മഹാവിഷ്ണുവിന്റെ വാളാണ് നന്ദകം.

സുഗ്രീവന്‍, മേഘപുഷ്പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാല് കുതിരകളെ പൂട്ടിയ തേരിലാണ് വിഷ്ണുവിന്റെ സഞ്ചാരം. ദാരുകനാണ് വിഷ്ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍ ആണ് അദ്ദേഹത്തിന്റെ വാഹനം. വിഷ്ണുവിന്റെ നാല് തൃക്കൈകളിലും ശംഖ് , ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു...

മഹത്വത്തെ ഭഗവാന്‍ കൌമോദകി എന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു...

വിദ്യയും അവിദ്യയും സത്തും അസത്തും ഭഗവാനില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍ വെച്ച് പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലുപാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്ണുതന്നെയാകുന്നു. കാലവും കാലത്തെ ഹനിക്കുന്നവനും കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും

അയനങ്ങളായും തരംതിരിക്കുന്നതും ഭഗവാന്‍ വിഷ്ണു തന്നെ...

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്ത്രവും സര്‍വ്വശാസ്ത്രങ്ങളും ശബ്ദബ്രഹ്മസ്വരൂപിയായ ഭഗവാന്‍ വിഷ്ണുവിന്റെ ശരീരമാകുന്നു. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്ണുവാകുന്നു...

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടും കൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.