Showing posts with label Vishnu. Show all posts
Showing posts with label Vishnu. Show all posts

Friday, May 1, 2020

തിരുവോണം :വിഷ്ണു

പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവും സംരക്ഷിക്കുന്നത് വിഷ്ണുവും സംഹരിക്കുന്നത് പരമശിവനുമാണെന്ന് പുരാണങ്ങൾ പറയുന്നു. സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളിലെ വിഷ്ണുവാണ് തിരുവോണം നക്ഷത്രത്തിന്റെ ദേവത . വിഷ്ണുവിന്റെ നക്ഷത്രം തിരുവോണമാണെന്നും പറയപ്പെടുന്നു. എല്ലാ പുരാണങ്ങളിലെയും പ്രധാന കഥാപാത്രങ്ങളിലൊന്ന് എപ്പോഴും വിഷ്ണുവായിരിക്കും. അതിനാൽ വിഷ്ണുവിന്റെ കഥകൾ മുഴുവൻ പ്രതിപാദിക്കുക എളുപ്പമല്ല. തിരുവോണവുമായി ബന്ധപ്പെടുന്ന വാമനന്റെ കഥ എത്രമാത്രം ഈ നാളുകാരുമായി ബന്ധപ്പെടുമെന്ന് പരിശോധിക്കാം.

വിഷ്ണു എന്ന പദത്തിന് എല്ലായിടവും നിറഞ്ഞവൻ എന്നാണ് അർഥം. ഋഗ്വേദത്തിലെ പരാമർശം ഇങ്ങനെ: മഹാപ്രളയത്തിൽ സർവതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ മഹാവിഷ്ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും കരുതുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി നാഥനായ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്നും സംഹാര നാഥനായ ശിവനുമുണ്ടായി. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി വിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ വിഷ്ണുവിന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും വിഷ്ണുവിന്റെ പൂർണാവതാരമാണ്.

തിരുവോണം മുഴക്കാലുപോലെ എന്നാണു പാനയിയിൽ പറയുന്നത്. മഹാബലിയിൽ നിന്നു സ്വർഗവും ഭൂമിയും അളെന്നെടുത്ത വാമനന്റെ കാൽപാടുകളാണ് തിരുവോണ നക്ഷത്രമെന്നും വിശ്വസിക്കപ്പെടുന്നു. കശ്യപ പ്രജാപതിക്ക് അദിതി എന്ന ഭാര്യയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ മഹാബലി തുടങ്ങിയ ദൈത്യൻമാരും ജനിച്ചു.

ബദ്ധവൈരികളായ ദൈത്യന്മാർ ദേവകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. മക്കളുടെ ദയനീയാവസ്ഥ കണ്ട ദേവമാതാവ് അദിതി ഭർത്താവിന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി പയോവ്രതം അനുഷ്ഠിച്ചു. വ്രതാവസാനത്തിൽ മഹാവിഷ്ണു പ്രത്യക്ഷനായി ‘‘ ഭവതിയുടെ ഗർഭത്തിൽ പ്രവേശിച്ച് പുത്രനായി പിറന്ന് ദേവകളെ രക്ഷിച്ചു കൊള്ളാം.’’ എന്ന് അരുൾ ചെയ്തു. അതുപ്രകാരം അദിതി ഗർഭിണിയായി, ഭാദ്രപദമാസത്തിൽ തിരുവോണം നക്ഷത്രദിവസം വാമനൻ ജനിച്ചു. ജനന സമയത്ത് ചതുർബാഹുവായിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ തന്നെ അവസ്ഥാന്തരത്തെ പ്രാപിച്ച് വാമനനായ ഒരു വടു മാത്രമായി അവശേഷിച്ചു. ശിശുവിന് ദേവകൾ സമ്മാനങ്ങൾ നൽകി..
മന്ത്രം :ഓം വിഷ്ണുവേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.

Monday, March 30, 2020

അമ്പാടി കണ്ണന്റെ മഹാപൂജാവിധാനമായ ഉച്ചപൂജ

കണ്ണന് നടത്തുന്ന പൂജാ സമർപ്പണത്തിൽ ഭക്തന്മാർ ഭക്തി പൂർവ്വം സമർപ്പിക്കുന്ന നിവേദ്യ സമർപ്പണങ്ങൾ.

ഉദ്യഷ്ട ഫല പ്രാപ്തിയുടെ പേരിലും, അർത്ഥാർത്ഥി മാരായും, നിഷ്ക്കാമ ഭക്തിേയാലും കണ്ണന് നൈവേദ്യവഴിപാടുകൾ നടത്തുന്ന ശ്രീകൃഷ്ണ ഭക്തമാർ ഗുരുവായൂരിലെത്തി ദർശനം കഴിഞ്ഞ് വഴിപാടുകൾ നടത്തുന്നു.

കണ്ണന് പാൽപ്പായസം ഏറേ ഇഷ്ടമാണ്. പായസാന്നപ്രിയനാണ് കണ്ണൻ. അത് കൊണ്ട് ഭക്തജനങ്ങൾ പാൽപായസ സമർപ്പണം വഴിപാടായി ശീട്ടാക്കുന്നു. പന്തീരടി പൂച്ചക്കും, ഉച്ചപൂജക്കും, അത്താഴപൂജക്കും പാൽപായസ സമർപ്പണമുണ്ട്. സാധരണ ദിവസങ്ങളിൽ ശരാശരി Rs. 2050000 രൂപയുടെ പാൽപ്പായസം വഴിപാടായി ഭക്തജനങ്ങൾ ഒരു ദിവസം കണ്ണന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു.

ഇത് പോലെ ഒന്നര ലക്ഷം രൂപയുടെ അരവണപ്പായസവും, ശർക്കരപ്പായസവും നിത്യേന സമർപ്പണമുണ്ട്.

നേന്ത്രപ്പഴവും, നാളികേര വും ശർക്കരയും ചേർത്ത തൃമധുരം കണ്ണന് ഏറേ പ്രിയമാണ്. ഉച്ചപ്പൂജക്കാണ് ഇത് നിവേദ്യക്കുന്നത്.

കൂടാതെ പാലട പ്രഥമൻ, ഇരട്ടിപ്പായസം, പഴ പ്രഥമൻ, തുടങ്ങിയ വിഭവങ്ങൾ കണ്ണന് നിവേദിക്കാനായി വേണം.

അത്താഴ പൂജക്ക് അപ്പം, അട, അവിൽ, വെറ്റില, അടക്ക, പഴം പഞ്ചസാര, വെണ്ണ, കദളിപ്പഴം, തുടങ്ങിയ നൈവേദ്യങ്ങൾ വേറെയും.

എല്ലാം കണ്ണന്റെ കുഞ്ഞി കുമ്പയിൽ കൊള്ളും. നിവേദ്യത്തിലെ രസാംശത്തെ മുഴുവൻ കണ്ണൻ പഞ്ച പ്രാണാഹുതി കൊണ്ട് സ്വീകരിക്കും.

കണ്ണന് ഇത്രയും നിവേദ്യങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കുന്നത് ക്ഷേത്രം കീഴ്ശാന്തിമാരാണ്. തിടപ്പള്ളിയിൽ അവരോടൊപ്പം കണ്ണന്തമുണ്ടാവും. അത് പ്രത്യക്ഷാനുഭവമാണ്.

നെന്മിനി ഇല്ലത്തെ ബലരാമ ക്ഷേത്രത്തിൽ നടന്ന അത്താഴ സദ്ധ്യക്ക് കീഴ്ശാന്തിക്കാരുടെ കൂടെ കണ്ണൻ പാചകത്തിന് പോയത് പ്രസിദ്ധമായ ഒരനുഭവമാണ്.

ഈ ഭക്ത വാത്സല്യത്തിന്റെ ഓർമ്മക്കായി കീഴ്ശാന്തിക്കാർ അവരുടെ പ്രതിഫലത്തിന്റെ ഒരു അംശം കണ്ണന് സമർപ്പിക്കുന്നു. എല്ലാ കൊല്ലവും കന്നിമാസം ഒന്നാം തിയതി മുതൽ പന്ത്രണ്ടാം തിയതി കൂടി കണ്ണന്നെ ഉപാസനാ മന്ത്രം ജപിച്ച് ഭജിക്കുന്നു.

പന്ത്രണ്ടാം ദിവസം കണ്ണന് പ്രതിഫലസമർപ്പണം കൊണ്ട് അത്താഴം വഴിപാട് നടത്തുന്നു. അന്നേ ദിവസം നാലു കറിയും, പാലട പ്രഥമനോടു കൂടിയ അത്താഴ സദ്ധ്യ നടത്തി, ഭക്തജനങ്ങളെ ഊട്ടുന്നു.

ഭക്തജന പ്രിയനാണ് കണ്ണൻ. കൃഷ്ണാ സന്തോഷിക്കണേ. രക്ഷിക്കണേ. സർവ്വം കൃഷ്ണാർപ്പണം

Sunday, July 28, 2019

ഗുരുവായൂരിൽത്തന്നെയുള്ള ഒരു പ്രശസ്തമായ ഇല്ലമാണ് നെന്മിനി മന

" ആ ഇല്ലക്കാർ ഇന്നും ഗുരുവായൂരിലുണ്ട്. നെന്മിനി ഇല്ലത്തെ കാരണവരായിരുന്നു അന്ന് മേൽശാന്തി. എന്തോ കാരണത്താൽ അദ്ദേഹത്തിന് ചർച്ചക്കാരന്റെ ഇല്ലത്ത് പോകേണ്ടിവന്നു. പകരം പുത്രനെ പൂജനടത്താൻ ഏല്പിച്ചിട്ടാണ്
അദ്ദേഹം പോയത്.

പതിവുപോലെ അഭിഷേകം, അലങ്കാരം എന്നിവക്കുശേഷം ഉണ്ണി പൂജ ആരംഭിച്ചു. ഭഗവാന് നേദിക്കുന്ന നൈവേദ്യവും ഭഗവാൻ ഭക്ഷിക്കുമെന്നായിരുന്നു ഉണ്ണിയുടെ ധാരണ. ഭക്തിയോടുകൂടി മന്ത്രപൂർവ്വം പ്രാണാഹുതി ചെയ്തിട്ടും ഭഗവാൻ നിവേദ്യം സ്വീകരിച്ചില്ല.

ഉണ്ണിക്കു പരിഭ്രമമായി. ഉപദംശങ്ങൾ പോരാഞ്ഞിട്ടാകുമോ ഭഗവൻ ചോറുണ്ണാത്തതെന്നു ഉണ്ണി സംശയിച്ചു.

പെട്ടെന്ന് ഇല്ലത്ത് ചെന്ന് സംഭാരവും ഉപ്പുമാങ്ങയും കൊണ്ടുവന്നു തിരുമുമ്പിൽ വച്ചു. എന്നിട്ടും ഭഗവാൻ കണ്ണ് തുറക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.

എത്ര യാചിച്ചിട്ടും ഒരു ഭാവഭേദവും ഇല്ല. ഉണ്ണിക്കു വല്ലാത്ത സങ്കടമായി. അങ്ങ് നൈവേദ്യം സ്വീകരിച്ചില്ലെങ്കിൽ എന്റെ പൂജ ശരിയാത്തതാവാമെന്നു പറഞ്ഞു അച്ഛൻ എന്നെ ശിക്ഷിക്കും. അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങ് ഈ നിവേദ്യം സ്വീകരിക്കൂ..

കണ്ണീരോടെയുള്ള ഉണ്ണിയുടെ പ്രാർത്ഥന കൈകൊണ്ടു ഭഗവാൻ ഉണ്ണിയുടെ ആഗ്രഹത്തിന് വഴങ്ങി. നിവേദ്യച്ചോറ് മുഴുവൻ വളരെ സന്തോഷത്തോടെ ഭക്ഷിച്ചു.

കൃതാർത്ഥതയോടെ ഉണ്ണി പാത്രങ്ങൾ പുറത്തേയ്ക്കു വച്ചു. പാത്രങ്ങൾ ശൂന്യമായിക്കണ്ട കഴകക്കാരൻ വാര്യർക്കു ശുണ്ഠി കയറി തനിക്കു അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ശാന്തിക്കാരൻ ഭക്ഷിച്ചിരിക്കുന്നു. വാര്യർക്ക് കാലി കയറി അദ്ദേഹം ആക്രോശിച്ചു

"ഹേ ഉണ്ണി നമ്പൂതിരി ഇതെന്തു കഥ നിവേദ്യച്ചോറ് മുഴുവൻ ഉണ്ട് വയറു നിറച്ചു അല്ലേ. ഉപ്പുമാങ്ങയും സംഭരവുമൊക്കെയായി വന്നപ്പോൾ ഞാൻ സംശയിച്ചു. അച്ഛൻ വരട്ടെ ഞാൻ കണക്കിന് വാങ്ങി തരുന്നുണ്ട്...

നിവേദ്യച്ചോറ് ഭഗവാനാണ് ഭക്ഷിച്ചതെന്നു എത്ര പറഞ്ഞിട്ടും വാര്യർക്ക് ബോധ്യമായില്ല. ഉണ്ണിയും പരിഭ്രാന്തിയിലായി.

ഗുരുവായൂരപ്പനെ വണങ്ങിയിട്ട് ഉണ്ണി ഇല്ലത്തേക്ക് മടങ്ങി. മേൽശാന്തി തിരിച്ചെത്തിയപ്പോൾ വാര്യർ സംഗതികളൊക്കെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മകനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. അച്ഛാ ഞാൻ നിവേദ്യം പ്രാണാഹുതി കഴിച്ചപ്പോൾ ഗുരുവായൂരപ്പൻ ചോറുണ്ടില്ല. ഇല്ലത്തുചെന്നു ഉപ്പുമാങ്ങയും സംഭരവുമായി വന്നു വീണ്ടും ഞാൻ ഭഗവാനോടപേക്ഷിച്ചു . അങ്ങിനെ ഭഗവാൻ സന്തോഷത്തോടെ ചോറ് മുഴുവൻ ഉണ്ടു.

അല്ലാതെ ഞാൻ ഒരു വറ്റുപോലും കഴിച്ചില്ല. ഈ കഥ മേൽശാന്തിയും വിശ്വസിച്ചില്ല.

തന്റെ മകൻ കളവു പറയുകയാണെന്ന് കരുതി അദ്ദേഹം ക്രുദ്ധനായി. ഉണ്ണിയെ ശിക്ഷിക്കാൻ അദ്ദേഹം വടിയെടുത്തു. ഉണ്ണിക്കു അടി കിട്ടുമെന്നുറപ്പായപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽനിന്നും ഒരു അശരീരി കേട്ടു. നിവേദ്യച്ചോറുണ്ടത് ഞാനാണ് ഭക്തനും നിഷ്കളങ്കനുമായ ഉണ്ണിയുടെ പ്രാർത്ഥന ഞാൻ നിറവേറ്റുകയാണുണ്ടായത് ആ കുട്ടിയെ അതിനു ശിക്ഷിക്കരുത്.

മേശാന്തിയുടെ കൈയിൽനിന്നും വടി നിലത്തു വീണു. അവിടെ കൂടിയിരുന്നവർ ആശ്ച്ചര്യത്താൽ സ്തബ്ധരായി. വാര്യർ ഉണ്ണിയുടെ കാലിൽ വീണു ക്ഷമ ചോദിച്ചു.

നോക്കൂ ഭഗവാന്റെ ഭക്തവാത്സല്യം

ഈ സംഭവത്തെ ആസ്പദമാക്കിയാണത്രെ ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കാറുള്ളത്.
ഓം നമോ നാരായണായ....!

Tuesday, June 11, 2019

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.

കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്.

ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണ സദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവ ഭക്തകവികളായ ആഴ്‌വാർമാർ പാടി പ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധി കാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. എന്നാൽ തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാനഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി.

എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.

പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപില മഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹ പ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. അത്തരത്തിൽ നോക്കുമ്പോൾ മഹാബലിയുടെ ആസ്ഥാനം ഇവിടെയായിരുന്നുവെന്ന് ഉറപ്പിയ്ക്കാം. കപില മഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചു തുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാ തിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവ ഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് കർക്കടക മാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചു കൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു.

അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പ പ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരും ശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം 'കൊടിമതിൽ' എന്നും വിശേഷിപ്പിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കി യുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.

1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. അങ്ങനെ ഗതകാലപ്രൗഢിയിലേയ്ക്ക് ക്ഷേത്രം അതിവേഗം കുതിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.

കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്ര ത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണ രാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനു പോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.