🔅 ആഹ്ലാദത്തിനു വേണ്ട പ്രധാന ഘടകം വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ഥം തോല്‍ക്കുന്നവന് സന്തോഷമില്ലെന്നല്ല. പരാജയ കാരണം കണ്ടറിഞ്ഞ് തിരുത്താനുള്ള അവസരമായി കാണുന്നവനു പരാജയവും വിജയത്തിലേക്കും അതുവഴി സന്തോഷത്തിലേക്കുമുള്ള വെളിച്ചമുള്ള പാതയാണ്. അതു കൊണ്ടു തന്നെ പരാജയം കൊണ്ട് ദുഃഖിക്കണമെന്നില്ല. ഇന്നലെകളെ ഓര്‍ത്ത് കരയുന്നതിലല്ല, മനുഷ്യന്റെ കഴിവ്. ഇന്നലെയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നിനെ നേരിടാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുക. ഇന്നലെകളെ ഓര്‍ത്ത് വിലപിക്കുന്നവര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരാണ്. അവര്‍ വിധിയെ പഴിക്കും. ദൈവത്തെ പഴിക്കും.
എന്താണ് ലക്ഷ്യമെന്നും വഴിയെന്നും അറിഞ്ഞ ശേഷമുള്ള വിജയത്തിനു മാത്രമേ സന്തോഷം നല്‍കാനാവൂ. ചതികൊണ്ട് നേടിയ വിജയം യഥാര്‍ഥത്തില്‍ സന്തോഷം നല്‍കുമോ? അതെങ്ങനെ യഥാര്‍ഥ വിജയമായി നമ്മുടെ മനസ്സ് സമ്മതിക്കും? മനസ്സിനെ വഞ്ചിക്കുകയും അതു വഴി സ്വയം വഞ്ചിതനാവുകയും ചെയ്തവന് എന്ത് സന്തോഷം?
ന്യായീകരിക്കേണ്ടി വരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല. ഒന്നും ഒളിച്ചുവക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ. മനസ്സാക്ഷിക്കൊത്ത വിധം പ്രവര്‍ത്തിച്ചാലേ സന്തോഷമുണ്ടാകൂ. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്. അത് തുറന്നു പറയാം. അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്. നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്. നേരെ ചൊവ്വെയുള്ള ആഹ്ലാദം. ഒരു എളുപ്പവഴിയോ ബൈപ്പാസോ ഇല്ലാത്ത സന്തോഷം.
ഹാപ്പിനെസ് എങ്ങനെ നമുക്ക് പരിശീലിക്കാമെന്നാണ് ഇനി പറഞ്ഞുതരുന്നത്. സന്തോഷം ഒരു ഇന്നര്‍ റിയലൈസേഷന്‍ ആണല്ലോ. അതുകൊണ്ടുതന്നെ അതുണ്ടാകുന്നത് നാം നമ്മിലുണ്ടാക്കുന്ന ജീവിതതാളത്തിലൂടെയാണ്. ആഹ്ലാദകരമായ ജീവിതം സംഗീതമാണ്. അതിന് താളവും ലയവും വേണം. ഇന്നര്‍ സെല്‍ഫ് കൊണ്ടുള്ള ഹാര്‍മണിയോടെയുള്ള ആത്മാര്‍ഥമായ ഒരു പ്രവൃത്തി. അതിന് ശരിയായ ചിന്തയുണ്ടാകണം. ശരിയായ പ്രവര്‍ത്തന ലക്ഷ്യം വേണം. നിശ്ചയമായും ഒരു പോസിറ്റീവ് ആറ്റിറ്റിയൂഡ് കൂടിയേ തീരൂ.
നമുക്ക് വേണ്ടത് ഒരു സോളിഡ് അടിത്തറയാണ്. ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ദൈവീകചിന്തയോടു കൂടിയ നല്ല മനസ്സ്. ആഹ്ലാദചിത്തനാകാന്‍ മടിയന്മാര്‍ക്ക് ആവില്ല. കഠിനാധ്വാനം വേണം. അനാവശ്യമായ കെട്ടുപാടുകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും തീരാത്ത മോഹങ്ങളില്‍ നിന്നും അടങ്ങാത്ത കൊതിയില്‍ നിന്നും സ്വതന്ത്രനാവണം.
സഹജീവികളുമായി സഹകരിക്കാനും അവരെ സഹായിക്കാനുമുള്ള മനസ്സുവേണം. മറ്റുള്ളവരുടെ കാര്യത്തില്‍ നമുക്ക് കരുതലുകള്‍ ഉണ്ടാവണം, ആത്മാര്‍ഥതയോടെ എല്ലാ കാര്യങ്ങളും കാണാന്‍. വളവും തിരിവും മറയുമില്ലാത്ത തുറന്ന പുസ്തകം പോലൊരു മനസ്സു കൂടി ഉണ്ടാക്കാനായാല്‍, ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളവന്‍ താങ്കളാവും.
നല്ലവനാകാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ സന്തോഷിക്കുന്നത്. മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ അപ്പോഴാണ് കഴിയുക. നിങ്ങളില്‍ അപ്പോള്‍ ഒരു സെന്‍സ് ഓഫ് പീസ് നിങ്ങളറിയാതെ തന്നെ വന്നു നിറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങളില്‍ ആഹ്ലാദം വളര്‍ന്നു കഴിഞ്ഞു. ഇനി അത് മറ്റുള്ളവരിലേക്ക് എങ്ങനെ പടര്‍ത്തിയെടുക്കാനാവുമെന്ന് നോക്കാം. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു നോക്കാം. മറ്റുള്ളവര്‍ക്ക് നാം ഒരു മധുരമാവട്ടെ. അതും നിങ്ങളുടെ സന്തോഷം ഇരട്ടിക്കുകയേ ഉള്ളു..
🔅 ജീവിതം എന്നും ആഹ്ലാദകരമാവണമെന്ന ആഗ്രഹവുമായി ഒരാള്‍ ഗുരുവിന്റെ അരികിലെത്തി. ധനികനായ അദ്ദേഹത്തോട് ഗുരു ഒരു സ്ലേറ്റില്‍ ചോക്കു കൊണ്ട് അദ്ദേഹത്തിന്റെ ആശ എഴുതാന്‍ പറഞ്ഞു. അദ്ദേഹം വടിവൊത്ത അക്ഷരത്തില്‍ എഴുതി: 'എനിക്ക് സമാധാനം വേണം.' ഗുരു ആ വാചകത്തിലെ എനിക്ക്, വേണം എന്നീ വാക്കുകള്‍ കൈകൊണ്ട് മായ്ച്ചു കളഞ്ഞു: സമാധാനം എങ്ങനെയാണ് കിട്ടുകയെന്ന് ആ ധനികന് മനസ്സിലായി. എനിക്ക്, വേണം എന്നീ വാക്കുകളാണ് സമാധാനം തല്ലിത്തകര്‍ത്തു കളയുന്നത്. ഗുരു പറഞ്ഞു: 'ആഗ്രഹം നിഴല്‍ പോലെ നിന്നോടൊപ്പമുണ്ട്. രാവിലെ ആ നിഴല്‍ നിന്റെ മുന്നിലാകാം. എത്ര സ്പീഡില്‍ ഓടിയാലും ആ നിഴല്‍ എപ്പോഴും നിന്റെ മുന്നില്‍ത്തന്നെ നിന്റെ അതേ വേഗതയില്‍ മുന്നിലുണ്ടാകും. ഉച്ച കഴിഞ്ഞാലോ, ആ നിഴല്‍ നിന്റെ പിന്നാലെയാകും. എത്ര ഓടിയാലും ആ നിഴല്‍ തളരാതെ നിന്റെ പിന്നാലെ തന്നെ ഓടിയെത്തുന്നു. ആ നിഴലില്‍നിന്ന് നിനക്ക് മോചനമില്ല. ആഗ്രഹങ്ങള്‍ നിഴലിനെപ്പോലെത്തന്നെയാണ്. ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കുക. അപ്പോള്‍ അത്രയും നിഴലിന്റെ നീളവും കുറയും.
🔅 ഗുരു എപ്പോഴും പറയും: സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗം മൂന്നാണ്. ഒന്ന്: ദൈവപ്രീതി. രണ്ട്: പാപഭീതി. മൂന്ന്: സാമൂഹിക നീതി. ഈ മൂന്നു ഗുണങ്ങളുണ്ടായാല്‍ (ഉണ്ടാക്കിയാല്‍) മനസ്സില്‍ സമാധാനം തനിയെ വന്ന് കൊളളും...
സമാധാനവും സന്തോഷവും, അതായത്, എപ്പോഴും ഹാപ്പിനെസ്സ്, വേണമെങ്കില്‍ ഒന്നാമതായി ദൈവമുണ്ടെന്ന് ഓര്‍ക്കുക. ഈ ലോകത്തിന്റെ സ്രഷ്ടാവാണദ്ദേഹം. രണ്ടാമതായി മരണമുണ്ടെന്ന് ഓര്‍ക്കുക. മാത്രമല്ല, മരണത്തെപ്പറ്റി വേവലാതിപ്പെടുകയോ ഭയപ്പെടുകയോ അരുത്. മൂന്നാമത്തെ കാര്യമാണ് വളരെ പ്രയാസമുള്ളത്. ഉപദ്രവിച്ചതോ, സഹായിച്ചതോ മറക്കുക. ഉപദ്രവിച്ചവരോട് പക തോന്നുക സ്വാഭാവികം. സഹായിച്ചവരുടെ നന്ദി പ്രതീക്ഷിക്കുന്നതും മനുഷ്യസഹജം. ഇതു രണ്ടും മറന്നേ പറ്റൂ. ഈ പകയും നന്ദി വാക്ക് കിട്ടിയില്ലല്ലോയെന്ന പ്രയാസവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അതു മറന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നും സങ്കടപ്പെട്ടു കഴിയാനാണ് വിധി. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷത്തിന്റെ പൊന്‍വെളിച്ചമെത്തില്ല.