Showing posts with label Jayabali Festival. Show all posts
Showing posts with label Jayabali Festival. Show all posts

Tuesday, January 3, 2023

ജയാബലി മഹോത്സവം

 ഒറ്റപ്പാലത്തിന്റേയും ചെർപ്പുളശ്ശേരിയുടേയും ഇടയിൽ തൃക്കടേരിയിലെ ശ്രീ തൃക്കടേരി മൂന്നു മൂർത്തി ക്ഷേത്രത്തിൽ നടത്തി വരുന്ന "ജയാബലി മഹോത്സവം"2017 .30,31,ജനവരി 1, ധനു 15,16,17 തിയതികളിൽ തന്ത്രി ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്തിൽ നടത്തി വരുന്നു. . അത്യപൂർവ്വമായ പെരും പൂജ ,ദണ്ഡുമുറിക്കൽ എന്നീ സമയങ്ങളിൽ തൊഴുത് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും നല്ലതാണ്. താന്ത്രിക വിധിപ്രകാരം ഏറെ കാഠിന്യമുള്ളതും നിഷ്ടയേറിയതുമായ പൂജാ സബ്രദായമാണ് ജയാബലിയുടേത് .തിരുവാതിര ദിവസം ഉച്ചക്കുള്ള പെരുംപൂജ ദേവൻ,അഗ്നി,ബ്രഹ്മൻ ,ഭൂതം, എന്നിവക്കുള്ള സമർപ്പണമാണ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം എഴുപത്തി രണ്ടേകാൽ പറ (കാൽ പറ എന്നൊരു പ്രത്യേക അളവുനാഴിയുണ്ട്. അതിൽ എഴുപത്തിരണ്ട് പ്രാവശ്യം അളന്നെടുക്കുക) അതായത് ആറു പറ ഒരു നാരായം. വെളുത്ത ഉണങ്ങല്ലരി അളന്നെടുത്ത് ഹവിസ്സ് തയ്യാറാക്കി ദേവന്റെ അനുവാദം വാങ്ങി ബലിതൂവലിന് തുടക്കമിടും. ശ്രീകോവിലിന് ചുറ്റും തൂവി ഒരു വരമ്പുപോലെ ദണ്ഡു നിർമ്മിക്കും. പക്ഷിമൃഗാദികൾ പോലും ഇതു മുറിച്ച് കടക്കരുതെന്നാണ് വിശ്വാസം. പൂജക്കുശേഷം ദർഭമുന കൊണ്ട് ദണ്ഡ് മുറിക്കും. ആ സമയത്തും , അതിന്ശേഷവുമാണ് ദണ്ഡു മുറിച്ചുതൊഴൽ. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയും ആണ് ഫലം ഈ സമയത്ത് സദാശിവൻ അനുഗ്രഹായസ്സുകളോടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

വെളുത്ത ഉണങ്ങല്ലരി വെന്താൽ പനമ്പുകളിൽ ഇടും. ഹവിസ്സ് പനമ്പിലിട്ട് മഞ്ഞൽ പൊടിയും നാളികേരപ്പൂളും ഇടും. ദേവന്റെ അനുവാദം വാങ്ങി ഒരടി വീതിയിൽ രണ്ട് വിരൽ പൊക്കത്തിൽ തിണ്ടു പോലെ ബലിക്കല്ലിൽ കൂടി ഇട്ട് ബലിക്കല്ലുകാണാതെ ഇടയിൽ തുളയൊന്നും ഇല്ലാതെ പൊത്തിവെക്കും. ആദ്യം ഇടത്തോട്ട് പ്രദക്ഷിണപ്രകാരം സപ്തമാതൃക്കളേയും, ഗണപതിയേയും , വീരഭദ്രനേയും പുറത്ത് നിർത്തിയാണ് ദണ്ഡ് (തിണ്ട്). നിർമ്മിക്കുന്നത്. ഓവുചാലുവരെ തിണ്ട് കെട്ടിയശേഷം തിരിച്ചുവന്ന് ഓവുചാലിൽ നിന്നും അപ്രദക്ഷിണമായി വന്ന് നന്ദിയുടെ അടുത്തുവരെ ദണ്ഡ് നിർമ്മിക്കും. ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നിലെ നന്ദിയെ പുറത്താക്കി മുമ്പിലെ ബലിക്കല്ല് വരെ ദണ്ഡു നിർമ്മിക്കും. . ദേവന്റെ സമ്മതം വാങ്ങി ദണ്ഡിന് മുകളിൽ ദർഭപ്പുല്ല് വിരിക്കും. ആചാര്യവൽക്കരണം കഴിഞ്ഞ് അകത്തുള്ള ഭൂതഗണങ്ങളെ പുറത്തേക്ക് ആവാഹിക്കുന്നു. എല്ലാഭൂതഗണങ്ങളേയും ആവാഹിച്ചശേഷം ശ്രീകോവിലിൽ ഭഗവാൻ തനിച്ചാവുന്നു. പിന്നീടാണ് മുന്നിലെ ബലിക്കല്ല് കൂടി മൂടുക. അതിനുശേഷം ഭഗവാന്റെ അനുഗ്രഹം വാങ്ങി ദണ്ഡിനുമേൽ ദർഭപ്പുല്ലിട്ട് അഗ്നികോണിൽ തിടമ്പ് പൂജ ചെയ്തശേഷം ദർഭപ്പുല്ലിന്റെ കെട്ടുകൊണ്ട് ദണ്ഡ് മുറിക്കുന്നു. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയുമാണ് ഫലം. ഈ സമയത്ത് സദാശിവൻ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. തിരുവാതിര ദിവസം നോൽമ്പിനുള്ള വട്ടവും, അന്നദാനവും ഉണ്ട്. നമ്പൂതിരിമാരെ വേറെ ഇരുത്തിയാണ് ഭക്ഷണം തരിക. ആറരക്ക് ദീപാരാധന, അമ്പലക്കൊട്ട് , അത്താഴപൂജ,പാണി ,ഹവിസ്സ് പൂജ ,ജയാബലിപൂജ, ജയാബലി. രാത്രി ഒമ്പത് മണിക്ക് ദണ്ഡുമുറിച്ചു തൊഴൽ (ദർശനം പ്രധാനം) മൂന്നു ലക്ഷം രൂപയോളം ചിലവുവരുന്ന ഈ പ്രധാന ചടങ്ങ് ഭക്ത ജനങ്ങളുടെ സഹായത്താൽ ഭംഗിയായി നടത്താൻ സാധിക്കുന്നു. ഓരോ വർഷവും ചിലവ് കൂടിക്കൊണ്ടേയിരിക്കും .

പണ്ടൊക്കെ രാത്രി രണ്ടു മണിക്കാണ് ദണ്ഡു മുറിച്ചു തൊഴൽ .ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.