Showing posts with label Sarppadosham. Show all posts
Showing posts with label Sarppadosham. Show all posts

Tuesday, January 17, 2023

സർപ്പ_വിശേഷം

 സര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും  സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉള്ക്കോണില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.  ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍   ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങൾ.  മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു.


ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്.  എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക്  കൂടുതല്‍ പ്രാധാന്യം.  കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഓണാണ്‌ സര്‍പ്പാരാധന.


നാഗപ്രീതിക്കായ്‌ ഒട്ടേറെ അനുഷ്ടാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ  അനുഷ്ടിക്കുകയും ചെയൂന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല.  ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു. ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ടിച്ചിരുന്നത്.   എന്നാല്‍ ചില സ്ഥലങ്ങളില്‍ ജീവനുള്ള നാഗങ്ങളെയും പ്രദിഷ്ടിച്ചിരുന്നതായി ചരിത്രം കുറിക്കുന്നുണ്ട്.  നമ്മള്‍ ആരാധിക്കേണ്ടത് ഉത്തമ ജാതി സര്‍പ്പങ്ങളെയാണ്. നിഗ്രഹാനുഗ്രഹ ശക്തികളുള്ള സര്‍പ്പ ശ്രേഷ്ടരെയാണ് നാഗങ്ങള്‍ എന്ന് വിളിക്കുന്നത്, പത്തിയും വാലുമൊഴികെ മനുഷ്യ സ്വരൂപമുള്ള ടെവയാനികള്‍ ആണ് നാഗങ്ങള്‍. സൂഷ്മ ശരീരികളായ നാഗങ്ങള്‍ പാതാള വാസികള്‍ ആണ്.    പൂജയ്ക്ക് വിധിച്ചിട്ടുള്ള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദ്യെശിക്കുന്നത്.  മനുഷ്യന് ഏറ്റവും നന്മ ചെയ്യുന്ന ഒന്നാണ് നാഗപൂജ.   ആയില്യം നോമ്പുനോറ്റു നാഗപൂജ ചെയ്‌താല്‍ സന്താന ലാഭവും കുടുമ്പശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.   കൂടാതെ നേത്രരോഗം, ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍  നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു.


പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ് പതിവായിരുന്നു.   ഭക്തർ സർപ്പ ഭീതി മാറ്റാൻ ഇവിടെ വന്നു വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു.


ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സർപ്പങ്ങളെ മതിൽക്കെട്ടിനകത്തൊ, ആൽചുവട്ടിലൊ പ്രതിഷ്ടിച്ചാണ്  ആരാധിച്ചിരുന്നത്.  ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു.  "കാവു മാറ്റം" എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.    

അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, മഹാപത്മൻ, ഗുളികൻ, എന്നീ നാഗശ്രേഷ്ടരാണ് "അഷ്ടനാഗങ്ങൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌.  വൈഷ്ണവ സമ്പ്രദായത്തിൽ  അനന്തനെയും, ശൈവ സമ്പ്രദായത്തിൽ വാസുകി യേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത്.


കന്നി, തുലാ, ധനു, കുംഭം, മേടം  എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല.  ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം.


നൂറും പാലും കൊടുക്കുക, സർപ്പ ബലി, സർപ്പം പാട്ട്, നാഗതോറ്റം , നാഗത്തെയ്യം, കുറുന്തിനിപ്പാട്ട്, നാഗം പൊലിച്ചു പാട്ട്, പൂരക്കളി, നാഗ ക്കന്നി, തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശിഷ്ടാനുഷ്ടാനങ്ങൾ. 


പുള്ളുവൻ പാട്ടും സർപ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്  തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം.   എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം.  കൂടാതെ തെക്കൻ - മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ, മഞ്ഞൾ പൊടി ചാർത്തലൊ ഉത്തര കേരളത്തിൽ പതിവില്ല. 


പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ, വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു.  സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം.


ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.


കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു. എന്നാൽ ഈകാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യം നിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.



🌺നൂറും പാലും കൊടുക്കൽ ചടങ്ങ്‌


നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌. വർഷം തോറും കന്നിമാസത്തില ആയില്യം നാളിൽ സർപ്പ കാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാനചങ്ങാണിത്. മഞ്ഞൾപ്പൊടി,  അരിപ്പൊടി, അവൽ, മലര്, അപ്പം, ഇളനീർ, കൂവനൂറ്‌, തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജനടത്തുന്നത്. നാഗാരാധനയുടെഭാഗമായി പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്, തുടങ്ങിയചടങ്ങുകളിലും നൂറും പാലും നടത്തുന്നു.



🌺പാമ്പിൻ തുള്ളൽ


സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ. കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.


നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ഈ ചടങ്ങ് അപൂർവമായി നമ്പൂതിരി ഗൃഹങ്ങളിലും കാണാമായിരുന്നു. മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരുതറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട്.


പാമ്പിൻ തുള്ളലിലെ ആചാര്യൻമാർ പുള്ളുവൻമാരാണ്. അവരാണ് ദിവസം നിശ്ചയിക്കുന്നതും. മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്. പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു. നിലം മെഴുകിവൃത്തിയാക്കിയ ശേഷം പാമ്പിന്റെരൂപത്തിൽ കളം വരയ്ക്കുന്നു. അരിപ്പൊടി, മഞ്ഞൾ, കരി മുതലായവയാണ് കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.


പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതിപാടും. അടുത്ത ഇനം ഗണപതിപൂജയാണ്. പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു. വീട്ടുകാർ കളത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരുപൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു. പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ വരുന്നു. ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പിക്കൊണ്ട് കളം മായ്ക്കുകയുംചെയ്യുന്നു. പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കും പോലാണ് കലിയിറങ്ങി സാധാരണമട്ടിലാകുന്നത്.



🔥സർപ്പബലി


സർപ്പബലിയുടെ ചടങ്ങുകൾക്ക് പുള്ളുവന്മാർ നിർബന്ധമാണ്. അരിപ്പൊടി മഞ്ഞൾപ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ, ധൃതരാഷ്ട്രൻ, ഗ്ലാവൻ, അഗചാപൻ, ശിതി പ്രിഷ്o ൻ, അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു.



🪔ഉരുളി കമിഴ്ത്ത്‌


സന്താന ലാഭത്തിനായി മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തി ദമ്പതികൾ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉരുളികമിഴ്ത്ത്‌. മണ്ണാറശാലാ ഇല്ലത്തെവലിയമ്മയുടെ സന്നിധിയിൽ തൊഴുതു അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കുവയ്ക്കുന്നു. വിശേഷാൽ വഴിപാടുനടത്തിയ ശേഷ വാദ്യഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടിആ ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്‌  നിലവറയിൽകൊണ്ട് ചെന്ന് വയ്ക്കുന്നു. ഈചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ ഗർഭം  ധരിക്കുമെന്നാണ്വിശ്വാസം. പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളിമലർത്തിയടിക്കുമ്പോൾ വഴിപാടു പൂർത്തിയാകുകയും ചെയ്യുന്നു.


ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷസർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്നകാഴ്ചയാണ്‌ ഇന്നുകാണാൻ കഴിയുന്നത്‌. വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രകൃതിയുടെ സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ താളിലാകുന്ന കാഴ്ചയാണ് കാണാൻകഴിയുന്നത്‌.