Showing posts with label Patanjali. Show all posts
Showing posts with label Patanjali. Show all posts

Monday, March 30, 2020

ശ്രീ പതഞ്ജലി സിദ്ധർ

പതഞ്ഞലി സിദ്ധർ  മഹർഷി പതഞ്ജലി എന്ന പേരിലും  അറിയപ്പെടുന്നു, 18 സിദ്ധന്മാരിൽ പ്രമുഖനാണ് പതഞ്ജലി .

പതഞ്ജലിയെക്കുറിച്ചുള്ള വിവരങ്ങൾ പുരാണങ്ങളിലും ചില അപൂർവ തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേ ലഭ്യമാകൂ.  "പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ" എന്ന സംസ്കൃത കൃതിയിൽ മഹർഷി പതഞ്ജലി തന്റെ ചിന്തകളും യോഗയെക്കുറിച്ചുള്ള അറിവും ക്രോഡീകരിച്ച കാര്യങ്ങൾ  സാർവത്രികമായി ഇന്ന്  അറിയപ്പെടുന്നു.

യോഗസൂത്രങ്ങളുടെ സമാഹാരത്തിന്റെ കൃത്യമായ തീയതി അറിയില്ല.  എന്നിരുന്നാലും, അവ ബിസി 200 ഓടെ എവിടെയോ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. 195 സൂത്രങ്ങളുടെ ഈ സമാഹാരം ശാരീരിക, മാനസിക ആരോഗ്യത്തോടെയുള്ള ആത്മീയ ജീവിതം നയിക്കാനുള്ള ഒരു പ്രധാന രേഖയായി  കണക്കാക്കുകയും ചെയ്യുന്നു. യോഗയുടെ ശാസ്ത്രം ഒരാളുടെ സമഗ്ര ജീവിതത്തെ എങ്ങിനെ ചിട്ടപ്പെടുത്താമെന്ന് വിശദീകരിക്കുന്നു. 

പതഞ്ജലി യോഗ സൂത്രം അഷ്ടാംഗ യോഗയെ ഉൾക്കൊള്ളുന്ന ശിവ യോഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ്.  സമ്മർദ്ദകരമായ ജീവിതശൈലി എങ്ങിനെ കൈകാര്യം ചെയ്യണമെന്നും, ആത്മീയ പരമായി ഉയർന്ന അനുഭവം തേടുന്നതിനുമായി ഉപയോഗിക്കുന്നു.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ യോഗയോട് വളരെയധികം താൽപര്യം കാണിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനാണ് യോഗയെ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ പ്രമുഖൻ.

പാണിനിയുടെ അഷ്ടാധ്യാനത്തെക്കുറിച്ചുള്ള പ്രധാന വ്യാഖ്യാനം രചിച്ചത് പതഞ്ജലി മഹർഷിയാണ്. ഒരു സംസ്കൃത മഹാഭാഷ്യത്തിന്റെ രചയിതാവ് കൂടിയാണ് പതഞ്ജലി സിദ്ധർ.  തമിഴ് സിദ്ധ പാരമ്പര്യത്തിൽ മറ്റ് സിദ്ധർമാരുടെ കൃതികളിൽ നിന്നും പതഞ്ജലിയെക്കുറിച്ച് നമുക്ക് പഠിക്കാൻ സാധിക്കും.

നന്ദി ദേവരുടെ ശിഷ്യരായിരുന്ന സനഗർ, സന്താനർ, സനത് സുജാതർ, സനത് കുമാരർ, ശിവയോഗ മാമുനി, പതഞ്ജലി, വ്യാഗ്രമ പാദർ, തിരുമൂലർ എന്നിവർ. ഇതിൽ നിന്ന് നമുക്ക് പതഞ്ജലി, തിരുമൂലർ എന്നിവർ സമകാലികരാണെന്ന് മനസ്സിലാക്കാം.

വിഷ്ണു ഭഗവാന്റെ ശയ്യയായ ആദിഷേശ സർപ്പത്തിന്റെ അവതാരമായി പതഞ്ജലി സിദ്ധർ കണക്കാക്കപ്പെട്ടിരുന്നു.  കോവിൽ പുരണം എന്ന തമിഴ് കൃതിയിലും മറ്റും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

സിദ്ധർ തിരുമൂലർ,  വ്യാഗ്രമപാദർ എന്നിവരോടൊപ്പം പതഞ്ജലി മഹർഷിയും ചിദമ്പരത്തു വച്ചു നടന്ന  ശിവന്റെ പ്രപഞ്ച നടനത്തിന് സാക്ഷ്യം വഹിച്ചു.  തിരുമൂലർ  തന്റെ കൃതിയായ തിരുമന്തിരം എന്ന പുസ്തകത്തിലും ഇക്കാര്യം പരാമർശിക്കുന്നു.

പതഞ്ജലി മഹർഷി തന്റെ  പ്രവർത്തനത്തിൽ പ്രഥമസ്ഥാനം നൽകിയിരുന്നത്  എവർക്കും വിദ്യാഭ്യാസം നൽകുക, മനുഷ്യരെ ആത്മീയ ജീവിതത്തിലേക്ക് ഉയർത്തുക, ഭൗതിക ജീവിതത്തിലെ ക്ഷണികങ്ങളായ  പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ  മോചിപ്പിക്കുക എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

പതഞ്ജലി സിദ്ധറിന് സംസ്കൃതത്തിലും തമിഴിലും നല്ല അവഗാഹമുണ്ടായിരുന്നു.   സിദ്ധ വൈദ്യം, സിദ്ധ യോഗ, ജ്ഞാന തത്ത്വചിന്തകൾ എന്നിവ പഠിച്ച അദ്ദേഹം പ്രധാനമായും തന്റെ കണ്ടെത്തലുകൾ  സംസ്കൃതത്തിൽ പതഞ്ജലി യോഗ സൂത്രം എന്ന പേരിൽ സമാഹരിച്ചു. ഗൗഡപാദ സിദ്ധർ പതഞ്ജലിയുടെ നേരിട്ടുള്ള ശിഷ്യനും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകളെ സമൂഹത്തിലെത്തിച്ചവരിൽ പ്രമുഖനും ആയിരുന്നു.

പതഞ്ജലി മുനി എപ്പോൾ ജനിച്ചു അല്ലെങ്കിൽ ജീവിച്ചിരിക്കാമെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും 500 മുതൽ 200 ബി.സി വരെ അദ്ദേഹം ജീവിച്ചിരിക്കാമെന്ന് കരുതുന്നു. പതഞ്ജലി സിദ്ധർ രാമേശ്വരത്ത് ജീവ സമാധി നേടിയതായി കണക്കാക്കപ്പെടുന്നു.