Showing posts with label ഗുരുവായൂരിൽ. Show all posts
Showing posts with label ഗുരുവായൂരിൽ. Show all posts

Sunday, July 28, 2019

ഗുരുവായൂരിൽത്തന്നെയുള്ള ഒരു പ്രശസ്തമായ ഇല്ലമാണ് നെന്മിനി മന

" ആ ഇല്ലക്കാർ ഇന്നും ഗുരുവായൂരിലുണ്ട്. നെന്മിനി ഇല്ലത്തെ കാരണവരായിരുന്നു അന്ന് മേൽശാന്തി. എന്തോ കാരണത്താൽ അദ്ദേഹത്തിന് ചർച്ചക്കാരന്റെ ഇല്ലത്ത് പോകേണ്ടിവന്നു. പകരം പുത്രനെ പൂജനടത്താൻ ഏല്പിച്ചിട്ടാണ്
അദ്ദേഹം പോയത്.

പതിവുപോലെ അഭിഷേകം, അലങ്കാരം എന്നിവക്കുശേഷം ഉണ്ണി പൂജ ആരംഭിച്ചു. ഭഗവാന് നേദിക്കുന്ന നൈവേദ്യവും ഭഗവാൻ ഭക്ഷിക്കുമെന്നായിരുന്നു ഉണ്ണിയുടെ ധാരണ. ഭക്തിയോടുകൂടി മന്ത്രപൂർവ്വം പ്രാണാഹുതി ചെയ്തിട്ടും ഭഗവാൻ നിവേദ്യം സ്വീകരിച്ചില്ല.

ഉണ്ണിക്കു പരിഭ്രമമായി. ഉപദംശങ്ങൾ പോരാഞ്ഞിട്ടാകുമോ ഭഗവൻ ചോറുണ്ണാത്തതെന്നു ഉണ്ണി സംശയിച്ചു.

പെട്ടെന്ന് ഇല്ലത്ത് ചെന്ന് സംഭാരവും ഉപ്പുമാങ്ങയും കൊണ്ടുവന്നു തിരുമുമ്പിൽ വച്ചു. എന്നിട്ടും ഭഗവാൻ കണ്ണ് തുറക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.

എത്ര യാചിച്ചിട്ടും ഒരു ഭാവഭേദവും ഇല്ല. ഉണ്ണിക്കു വല്ലാത്ത സങ്കടമായി. അങ്ങ് നൈവേദ്യം സ്വീകരിച്ചില്ലെങ്കിൽ എന്റെ പൂജ ശരിയാത്തതാവാമെന്നു പറഞ്ഞു അച്ഛൻ എന്നെ ശിക്ഷിക്കും. അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങ് ഈ നിവേദ്യം സ്വീകരിക്കൂ..

കണ്ണീരോടെയുള്ള ഉണ്ണിയുടെ പ്രാർത്ഥന കൈകൊണ്ടു ഭഗവാൻ ഉണ്ണിയുടെ ആഗ്രഹത്തിന് വഴങ്ങി. നിവേദ്യച്ചോറ് മുഴുവൻ വളരെ സന്തോഷത്തോടെ ഭക്ഷിച്ചു.

കൃതാർത്ഥതയോടെ ഉണ്ണി പാത്രങ്ങൾ പുറത്തേയ്ക്കു വച്ചു. പാത്രങ്ങൾ ശൂന്യമായിക്കണ്ട കഴകക്കാരൻ വാര്യർക്കു ശുണ്ഠി കയറി തനിക്കു അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ശാന്തിക്കാരൻ ഭക്ഷിച്ചിരിക്കുന്നു. വാര്യർക്ക് കാലി കയറി അദ്ദേഹം ആക്രോശിച്ചു

"ഹേ ഉണ്ണി നമ്പൂതിരി ഇതെന്തു കഥ നിവേദ്യച്ചോറ് മുഴുവൻ ഉണ്ട് വയറു നിറച്ചു അല്ലേ. ഉപ്പുമാങ്ങയും സംഭരവുമൊക്കെയായി വന്നപ്പോൾ ഞാൻ സംശയിച്ചു. അച്ഛൻ വരട്ടെ ഞാൻ കണക്കിന് വാങ്ങി തരുന്നുണ്ട്...

നിവേദ്യച്ചോറ് ഭഗവാനാണ് ഭക്ഷിച്ചതെന്നു എത്ര പറഞ്ഞിട്ടും വാര്യർക്ക് ബോധ്യമായില്ല. ഉണ്ണിയും പരിഭ്രാന്തിയിലായി.

ഗുരുവായൂരപ്പനെ വണങ്ങിയിട്ട് ഉണ്ണി ഇല്ലത്തേക്ക് മടങ്ങി. മേൽശാന്തി തിരിച്ചെത്തിയപ്പോൾ വാര്യർ സംഗതികളൊക്കെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മകനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. അച്ഛാ ഞാൻ നിവേദ്യം പ്രാണാഹുതി കഴിച്ചപ്പോൾ ഗുരുവായൂരപ്പൻ ചോറുണ്ടില്ല. ഇല്ലത്തുചെന്നു ഉപ്പുമാങ്ങയും സംഭരവുമായി വന്നു വീണ്ടും ഞാൻ ഭഗവാനോടപേക്ഷിച്ചു . അങ്ങിനെ ഭഗവാൻ സന്തോഷത്തോടെ ചോറ് മുഴുവൻ ഉണ്ടു.

അല്ലാതെ ഞാൻ ഒരു വറ്റുപോലും കഴിച്ചില്ല. ഈ കഥ മേൽശാന്തിയും വിശ്വസിച്ചില്ല.

തന്റെ മകൻ കളവു പറയുകയാണെന്ന് കരുതി അദ്ദേഹം ക്രുദ്ധനായി. ഉണ്ണിയെ ശിക്ഷിക്കാൻ അദ്ദേഹം വടിയെടുത്തു. ഉണ്ണിക്കു അടി കിട്ടുമെന്നുറപ്പായപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽനിന്നും ഒരു അശരീരി കേട്ടു. നിവേദ്യച്ചോറുണ്ടത് ഞാനാണ് ഭക്തനും നിഷ്കളങ്കനുമായ ഉണ്ണിയുടെ പ്രാർത്ഥന ഞാൻ നിറവേറ്റുകയാണുണ്ടായത് ആ കുട്ടിയെ അതിനു ശിക്ഷിക്കരുത്.

മേശാന്തിയുടെ കൈയിൽനിന്നും വടി നിലത്തു വീണു. അവിടെ കൂടിയിരുന്നവർ ആശ്ച്ചര്യത്താൽ സ്തബ്ധരായി. വാര്യർ ഉണ്ണിയുടെ കാലിൽ വീണു ക്ഷമ ചോദിച്ചു.

നോക്കൂ ഭഗവാന്റെ ഭക്തവാത്സല്യം

ഈ സംഭവത്തെ ആസ്പദമാക്കിയാണത്രെ ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കാറുള്ളത്.
ഓം നമോ നാരായണായ....!