Showing posts with label Kadopanishathu. Show all posts
Showing posts with label Kadopanishathu. Show all posts

Wednesday, December 28, 2022

കഠോപനിഷത്ത്

 ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കഠോപനിഷത്ത്. മുഖ്യ ഉപനിഷത്തുകളുടെ എല്ലാ പട്ടികകളിലും ഇത് കാണപ്പെടുന്നു. സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. നാടകീയമായ തുടക്കം, ചട്ടക്കുടായ കഥയുടെ സൗന്ദര്യം, അന്വേഷകനും മുഖ്യകഥാപാത്രവുമായ നചികേതസ്സെന്ന ബാലന്റെ അസാമാന്യവ്യക്തിത്വം എന്നിവ ഇതിനെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.


കൃഷ്ണയജുർവേദത്തിന്റെ, കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കരുതപ്പെടുന്നതുകൊണ്ടാണ് ഈ ഉപനിഷത്തിന് കഠോപനിഷത്ത് എന്നു പേരായത്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്നു കഠൻ.


രണ്ട് അദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിലുള്ളത്. ഓരോ അദ്ധ്യായവും മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ ഭാഗങ്ങൾ വല്ലികളെന്നറിയപ്പെടുന്നു. രണ്ടദ്ധ്യായങ്ങളിലുമായി മൊത്തം ആറു വല്ലികളുണ്ട്. ഒന്നാം അദ്ധ്യായം മൂന്നാം വല്ലിയുടെ അവസാനഭാഗത്തിന് ഒരു സമാപ്തിയുടെ മട്ടുണ്ട്. നേരത്തേ ഈ ഉപനിഷത്തിൽ മൂന്നു വല്ലികളുള്ള ആദ്യാദ്ധ്യായം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും, രണ്ടാമദ്ധ്യായമായി വരുന്ന മൂന്നു വല്ലികൾ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണെന്നും കരുതപ്പെടുന്നു.


ഒന്നാം അദ്ധ്യായം


ഒന്നാം വല്ലി


വാജശ്രവസ്സിന്റെ ദാനം


പുണ്യം കാംക്ഷിച്ച് സമ്പത്തെല്ലാം ദാനം ചെയ്യുന്ന വാജശ്രവസിനെ അവതരിപ്പിച്ചാണ് ഉപനിഷത്ത് തുടങ്ങുന്നത്. അയാൾക്ക് നചികേതസ് എന്നു പേരായ ഒരു പുത്രനുണ്ടായിരുന്നു. വസ്തുക്കളോരോന്ന് ദാനമായി പൊയ്ക്കൊണ്ടിരുന്നപ്പോൾ നചികേതസ്സ് ശ്രദ്ധാവിവശനായി ചിന്തിക്കാൻ തുടങ്ങി: "കുടിക്കേണ്ട വെള്ളമെല്ലാം കുടിച്ചുകഴിഞ്ഞ, തിന്നേണ്ട പുല്ലെല്ലാം തിന്നു കഴിഞ്ഞ, തരാനുള്ള പാലെല്ലാം തന്നു കഴിഞ്ഞ, ഉണങ്ങിവരണ്ട (നിരിന്ദ്രിയാ:) ഈ പശുക്കളെ ദാനം ചെയ്യുന്നവൻ അസന്തുഷ്ടിയുടെ ലോകങ്ങളിലല്ലാതെ എവിടെയാണെത്തുക?" ഒടുവിൽ അവൻ പിതാവിനോട് നേരിട്ടു ചോദിച്ചു "എന്നെ ആർക്കാണ് ദാനം ചെയ്യാൻ പോകുന്നത്?". ചോദ്യം മൂന്നു വട്ടം ആവർത്തിച്ചപ്പോൾ കോപിഷ്ഠനായ വാജശ്രവസ്, "നിന്നെ മൃത്യുവിന് കൊടുക്കാൻ പോകുന്നു" എന്ന് മറുപടി പറഞ്ഞു. അതുകേട്ട്, "ഞാൻ പലർക്കും മുൻപനും കുറച്ചുപേർക്കു മാത്രം പിൻപനും ഒരിടത്തും ഏറ്റവും മോശമല്ലാത്തവനും ആയതുകൊണ്ട്, മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം" എന്നും, "വയലിലെ സസ്യങ്ങളെപ്പോലെ മരിച്ച് വീണ്ടും ജനിക്കുകയെന്നത് മർത്ത്യാവസ്ഥയുടെ ഭാഗമാണ്" എന്നും നചികേതസ്സ് ആശ്വസിക്കുന്നു.


യമനും നചികേതസ്സും


യമൻ ഇല്ലാത്തപ്പോൾ മൃത്യുലോകെത്തെത്തിയ നചികേതസ്സ്, മൂന്നു ദിനരാത്രങ്ങൾ മുഴുപ്പട്ടിണിയിൽ അവിടെ കഴിഞ്ഞു. തിരികെയെത്തിയ യമൻ, മൂന്നു ദിവസത്തെ അവഗണനക്ക് പരിഹാരമായി ഇഷ്ടമുള്ള മൂന്നു വരങ്ങൾ ചോദിക്കാൻ നചികേതസ്സിനെ അനുവദിച്ചു. യമലോകത്തുനിന്ന് മടങ്ങിച്ചെല്ലുന്ന തന്നെ അച്ഛൻ, കോപമകന്ന് സ്നേഹപൂർവം സ്വീകരിക്കാൻ ഇടയാകണമെന്നാണ് നചികേതസ് ആദ്യവരമായി ചോദിച്ചത്. യമൻ അത് അനുവദിച്ചു. ജരാമരണങ്ങൾ ഇല്ലാത്ത സ്വർഗം പ്രാപിക്കാനുള്ള യാഗത്തിന്റെ വിദ്യ പഠിപ്പിക്കാനാണ് രണ്ടാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. മൃത്യു നചികേതസ്സിനെ അത് പഠിപ്പിച്ചുവെന്നു മാത്രമല്ല, ആ വിദ്യയുടെ നാളം ഇനിമേൽ നചികേതസ്സ് എന്നറിയപ്പെടുമെന്നു കൂടി അവനോടു പറഞ്ഞു.


മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു. ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. ദേവന്മാർ പോലും തർക്കിക്കുന്ന ഈ വിഷയത്തിന്റെ നിയമങ്ങൾ സങ്കീർണ്ണമായതു കൊണ്ട്, അതിനു പകരം മറ്റെന്തെങ്കിലും ചോദിക്കാൻ ആവശ്യപ്പെടുകയാണ് യമൻ അപ്പോൾ ചെയ്തത്. ദൈവങ്ങൾ പോലും തർക്കിക്കുന്ന വിഷയമാണെങ്കിൽ, അത് അറിയേണ്ടത് കൂടുതൽ ആവശ്യമാണെന്നും പഠിപ്പിക്കാൻ യമനേക്കാൾ യോഗ്യനായ ഗുരുവിനെ തനിക്ക് കിട്ടാനില്ലെന്നും നചികേതസ്സ് മറുപടി പറഞ്ഞു. ജനിമൃതികളുടെ രഹസ്യത്തിനു പകരമായി ദീർഘായുഷ്മാന്മാരായ മക്കളെയോ, പേരക്കിടാങ്ങളെയോ, സ്വർണ്ണമോ, അശ്വങ്ങളോ, സമ്പത്സമൃദ്ധമായ രാജ്യമോ, നിത്യം സേവിക്കുന്ന സുന്ദരിമാരെയോ ആവശ്യപ്പെടാൻ യമൻ നചികേതസ്സിനെ പിന്നെയും നിർബ്ബന്ധിച്ചു. ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം മരണത്തോടെ കലാശിക്കുമെന്നും സമ്പത്തുകൊണ്ട് ഒരിക്കലും സംതൃപ്തി കൈവരിക്കാനാവില്ലെന്നുമിരിക്കെ, യമൻ വച്ചു നീട്ടിയ ഇതര സമ്മാനങ്ങളൊന്നും തനിക്കു വേണ്ടെന്നും മരണത്തിനപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ ജിജ്ഞാസ തീർത്തു തന്നാൽ മാത്രം മതിയെന്നും നചികേതസ്സ് ശഠിച്ചു.


രണ്ടാം വല്ലി


ശ്രേയവും പ്രേയവും


ഒടുവിൽ യമൻ നചികേതസ്സിനു വഴങ്ങി. ഒറ്റനോട്ടത്തിൽ ആകർഷണീയമായി കാണപ്പെടുന്നവയെ അവഗണിച്ച് ശ്രേയസ്കരമായതിനു വേണ്ടി (പ്രേയത്തിനു പകരം ശ്രേയത്തെ) വാശിപിടിച്ച നചികേതസ്സ്, അജ്ഞതയ്ക്ക് പകരം അറിവിനെ സ്വീകരിക്കുകയാണ് ചെയ്തതെന്ന് യമൻ പുകഴ്ത്തി. സ്വന്തം ദൃഷ്ടിയിൽ ബുദ്ധിമാന്മാരായിരിക്കെ സമ്പത്തിന്റെ മായാജാലത്തിൽ കുടുങ്ങിക്കഴിയുന്നവരാണ് മിക്കവരും. യുക്തിചിന്തകൊണ്ട് എത്തിപ്പെടാവുന്നതല്ല ആത്മതത്ത്വത്തെക്കുറിച്ചുള്ള ജ്ഞാനം. അറിവുള്ള മറ്റൊരാളിൽ നിന്ന് കേട്ടാലേ അത് ഗ്രഹിക്കാനാവൂ. കേട്ടാൽ പോലും മനസ്സിലാക്കാൻ കഴിവുള്ളവർ ചുരുക്കമാണ്. "നിന്നെപ്പോലുള്ള ഒരന്വേഷകനെ എനിക്ക് എന്നും കിട്ടാൻ ഇടയായിരുന്നെങ്കിൽ" എന്നുപോലും യമൻ പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ ഹൃദയത്തിലെ അദൃശ്യബിന്ദുവിൽ മറഞ്ഞിരിക്കുന്ന ആത്മതത്ത്വത്തെ കണ്ടെത്തുന്ന സ്ഥിരപ്രജ്ഞൻ സുഖദുഃഖങ്ങളെ കടന്നുപോകുന്നു. സൂക്ഷ്മതത്ത്വത്തെ പ്രാപിച്ച് അവൻ ആനന്ദിക്കുന്നു.


_അക്ഷരബ്രഹ്മം&


ധർമ്മാധർമ്മങ്ങളേയും, സ്രഷ്ടാസൃഷ്ടങ്ങളേയും, കാലങ്ങളേയും അതിലംഘിച്ചു നിൽക്കുന്നതെന്താണെന്ന നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരിക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല. ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു. ബ്രാഹ്മണരും ക്ഷത്രിയരും ഭക്ഷണത്തിലെ വിഭവങ്ങളും, മരണം സദ്യയുടെ കൂട്ടാനുമായിരിക്കുന്ന ബ്രഹ്മത്തിന്റെ വാസസ്ഥാനം ആർക്കെങ്കിലും കണ്ടെത്താനാകുന്നതെങ്ങനെ?.


മൂന്നാം വല്ലി


രഥോപമ


ഹൃദയത്തിന്റെ രഹസ്യഗുഹയിലെ പരമതലത്തിൽ കർമ്മലോകത്തിന്റെ ഫലം പാനം ചെയ്ത് നിഴലും വെളിച്ചവുമെന്നപോലെ ഇരിക്കുന്ന രണ്ടുപേരായി ജീവ-പരമാത്മാക്കളെ വിശേഷിപ്പിക്കുന്ന മന്ത്രത്തോടെയാണ് മൂന്നാം വല്ലി തുടങ്ങുന്നത്. തുടർന്നുവരുന്ന രണ്ടു മന്ത്രങ്ങൾ ഇവയാണ്:-


“ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവ തു

ബുദ്ധിം തു സാരഥിം വിദ്ധി

മന:പ്രഗ്രഹമേവ ച


ഇന്ദ്രിയാണി ഹയാന്യാഹു:

വിഷയാംസ്തേഷുഗോചരാൻ

അത്മേന്ദ്രിയമനോയുക്തം

ഭോക്തേത്യാഹുർ മനീഷിണ:


ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.


ഉത്തിഷ്ഠത, ജാഗ്രത


ഒന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തെ മന്ത്രങ്ങളിലൊന്ന് ഇതാണ്:-


“ഉത്തിഷ്ഠത ജാഗ്രത

പ്രാപ്യ വരാന്നിബോധത

ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ

ദുർഗ പഥസ്ഥത് കവയോ വദന്തി


ആലസ്യം വിട്ടെഴുന്നേൽക്കാനും, ഉത്തമനായ ഗുരുവിനെ കണ്ടെത്താനുമുള്ള ആഹ്വാനത്തോടൊപ്പം, കടന്നുപോകേണ്ട വഴി കത്തിയുടെ മൂർച്ചയേറിയ വിളുമ്പിനെപ്പോലെ ദുർഗ്ഗമമാണെന്ന മുന്നറിയിപ്പും ഈ മന്ത്രത്തിലുണ്ട്.


രണ്ടാം അദ്ധ്യായം


ഒന്നാം വല്ലി


സാധാരണമനുഷ്യർക്ക് ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. സ്രഷ്ടാവ് ഇന്ദിയങ്ങളെ ബാഹ്യലോകത്തേയ്ക്ക് തുറക്കുന്നവയായി രൂപപ്പെടുത്തി. അതിനാൽ നാം വെളിയിലേയ്ക്ക് മുഖം തിരിക്കുകയും ഉള്ളിലുള്ള ആത്മാവിനെ കാണാതിരിക്കുകയും ചെയ്യുന്നു. അമർത്ത്യതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഉള്ളിലേയ്ക്ക് ദൃഷ്ടിതിരിച്ച് അവിടെ കുടികൊള്ളുന്ന അത്മതത്ത്വത്തെ കാണുന്നവർ ഒന്നോ ഒറ്റയോ മാത്രമായിരിക്കും. അല്ലാത്തവർ ബാലിശഭാവത്തിൽ സുഖങ്ങൾ തേടിപ്പോയി‍, മൃത്യുവിന്റെ വലയിൽ ചെന്നുപെടുന്നു.


സൃഷ്ടികർത്താവായ ബ്രഹ്മാവും, അമ്മയുടെ ഗർഭത്തിൽ ശിശുവെന്നപോലെ അരണിക്കമ്പുകൾക്കിടയിൽ സൂക്ഷിക്കപ്പെടുന്ന അഗ്നിയും എല്ലാം ആത്മതത്ത്വത്തിന്റെ പ്രകടനങ്ങൾ തന്നെ. സൂര്യന്റെ ആരംഭവും ചന്ദ്രന്റെ അന്ത്യവും എല്ലാം അതുതന്നെ. ഈ പ്രപഞ്ചത്തിൽ വ്യത്യസ്തമായി ഒന്നുമില്ല. പലതായി കാണുന്നവർ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക് പോകുന്നു. ഭൂത-ഭാവികളുടെ അധീശനായി നമ്മുടെ ഹൃദയമദ്ധ്യത്തിൽ കുടികൊള്ളുന്ന ആത്മതത്ത്വം വിരലോളം മാത്രം(അങ്കുഷ്ടമാത്ര:) ഉള്ളതാണ്. അതിനെ ദർശിച്ചവരെ ഭയം തീണ്ടുന്നില്ല.


രണ്ടാം വല്ലി


ശരീരത്തെ പതിനൊന്നു കവാടങ്ങളുള്ള ഒരു നഗരമായും (പുരമേകാദശദ്വാരം) ആത്മാവിനെ അതിന്റെ അധിപനായും ചിത്രീകരിച്ചു കൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. അത്മാവ് ആ നഗരിയിൽ ദുഃഖിക്കുന്നില്ല. എന്നാൽ അതിൽ നിന്ന് കിട്ടുന്ന സ്വാതന്ത്ര്യം മുക്തിതന്നെയാണ്. മനുഷ്യൻ ജീവിക്കുന്നത് ശ്വാസമോ ഉച്ഛ്വാസമോ മൂലമല്ല, ശ്വാസോച്ഛ്വാസങ്ങൾക്കും ആധാരമായ മറ്റെന്തോ മൂലമാണ്. ലോകത്തിലെത്തിയ ഒരേ അഗ്നി തന്നെ വ്യത്യസ്ത വസ്തുക്കളുടെ രൂപം കൈക്കൊണ്ടിട്ടും മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത. അതിനെ അറിയാനല്ലാതെ നിർവചിക്കാനോ വിവരിക്കാനോ ആർക്കും കഴിയുകയില്ല. അതിനുമുൻപിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പ്രകാശിക്കുന്നില്ല. മിന്നലും ഭൗമികമായ അഗ്നിയും അതിനുമുൻപിൽ നിഷ്പ്രഭമാണ്. പ്രകാശിക്കുന്നതെല്ലാം അതിന്റെ പ്രകാശത്തിന്റെ നിഴൽ മാത്രമാണ്.


മൂന്നാം വല്ലി


മുകളിൽ വേരും താഴെ ശാഖകളുമുള്ള സനാതനമായ ഒരാൽമരമായി (ഊർദ്ധ്വമൂലം അധശാഖം ഏഷോഽശ്വദ്ധം സനാതനം) വിശ്വത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. അതിന് ജീവൻ നൽകുന്ന മുകളിലെ വേര് ബ്രഹ്മമാണ്. എല്ലാം അതിൽ നിന്ന് ഉരുവെടുത്ത് അതിൽ ചലിക്കുന്നു. അതിന്റെ പ്രഭാവത്തിൽ സൂര്യൻ പ്രകാശിക്കുകയും മേഘങ്ങൾ മഴ തരുകയും, കാറ്റ് വീശുകയും, മൃത്യു കൊല്ലുകയും ചെയ്യുന്നു. കളങ്കങ്ങൾ വെടിഞ്ഞ ഹൃദയത്തിൽ അത് കണ്ണാടിയിലെന്നപോലെയും, പരേതരുടെ ലോകത്തിൽ സ്വപ്നത്തിലെന്നപോലെയും, ഗന്ധർവലോകത്തിലെ ജലത്തിലെ നിഴൽ പോലെയും ബ്രഹ്മലോകത്തിൽ തെളിവായും കാണപ്പെടുന്നു. ഇന്ദ്രിയനിഗ്രഹത്തിലുടെ അതിനെ പ്രാപിക്കുന്നവർ ജനിമൃതികളുടെ ചക്രത്തിൽ നിന്ന് സ്വതന്ത്രരാകുന്നു. വാക്കുകളുടെയോ, ചിന്തയുടെയോ, ദൃഷ്ടിയുടെയോ ബലത്തിൽ എത്തിച്ചേരാവുന്നതല്ല ഈ അവസ്ഥ. ആസക്തികൾ അടങ്ങി, ഹൃദയത്തിലെ ബന്ധനങ്ങൾ അഴിയുമ്പോൾ മർത്ത്യൻ അമർത്ത്യനാകുന്നു. ഹൃദയത്തിൽ നിന്ന് തുടങ്ങുന്ന അനേകം പാതകളുണ്ട്. അവയിലൊന്ന് മൂർദ്ധാവിലെത്തിച്ചേരുന്നു. അത് അമർത്യതയിലേയ്ക്കും മറ്റെല്ലാവഴികളും മരണത്തിലേക്കും നയിക്കുന്നു. അന്തരാത്മാവായ പുരുഷൻ അങ്കുഷ്ഠമാത്രനാണ്(വിരലോളം പോന്നവൻ). ക്ഷമാപൂർവം ശരീരത്തിൽ നിന്ന് അതിനെ വേർതിരിച്ചെടുക്കണം. അപ്പോൾ അത് ശുദ്ധമായ അമർത്ത്യതയാണെന്നും അത് നീതന്നെയാണും നിനക്ക് ബോദ്ധ്യമാകും.