Showing posts with label DarmaSastha Temple. Show all posts
Showing posts with label DarmaSastha Temple. Show all posts

Saturday, February 11, 2023

മഹാ വൈദ്യനായ ശാസ്താവ്

 "യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ

തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം"

രോഗദുരിതപീഡകളില്‍ നിന്നു രക്ഷ നേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.

അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്. അമൃതത്വം നല്‍കുന്നവൻ ആണ് ശാസ്താവ്.

ഭഗവാന്‍ ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ ?

അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ ?.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു (ഭഗവദ്ഗീത ഭക്തിയോഗം നോക്കുക) ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന്‍ എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശ ഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താ ക്ഷേത്രങ്ങള്‍ ചികിത്‌സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന്‍ കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടു തന്നെ സംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.

ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം