Saturday, March 1, 2025
Monday, January 2, 2023
കലിസന്തരണോപനിഷത്ത്
കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റി ഓര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.
ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:
"പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?"
ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു. "വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?"
"ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ."
"നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്."
"പ്രഭോ, എന്താണത്?"
"ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!"
ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.
"ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും."
"സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം
‘ഹരേ രാമ’
എന്നുള്ളതാണ്."
"ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ."
ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.
"പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും."
അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.
"പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും."
"ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു.
ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല."
*ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു
Friday, December 30, 2022
ബൃഹദാരണ്യകോപനിഷത്ത്
പുരാതനഭാരതത്തിലെ ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൃഹദാരണ്യകോപനിഷത്ത്. ബൃഹദ് എന്ന വിശേഷണത്തിനൊത്തുപോകും വിധം ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യം ഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രാധാകൃഷ്ണനെപ്പോലുള്ളവ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നു വിശേഷിപ്പിച്ചു. അരോബിന്ദോ ഇതിനെ ഏറ്റവും ദുർഗ്രഹവും അർത്ഥഗംഭീരവുമായ ഉപനിഷത്തായി വിലയിരുത്തി.
പേരിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്.
ആറദ്ധ്യായങ്ങളായാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തേയും ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. എല്ലാ അദ്ധ്യായങ്ങളിലുമായി 47 ബ്രാഹ്മണങ്ങളാണുള്ളത്. ഇങ്ങനെയല്ലാതെ, ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തി, ഈ ഉപനിഷത്തിനെ മൊത്തം മൂന്നു കാണ്ഡങ്ങളായി തിരിക്കുകയും പതിവുണ്ട്. ഈ വിഭജനത്തിൽ, ഓരോ കാണ്ഡത്തിലും ഈരണ്ടദ്ധ്യായങ്ങൾ വീതമാണുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡം എന്നും, മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, ഒടുവിലത്തെ രണ്ടദ്ധ്യായങ്ങളെ ഖിലകാണ്ഡം എന്നും വിളിക്കുന്നു.
ഉപനിഷൽലോകത്തിലെ തത്ത്വാന്വേഷണത്തിന്റെ പ്രസിദ്ധമായ നാടകീയ മുഹൂർത്തങ്ങളിൽ പലതും ബൃഹദാരണ്യകത്തിലാണ്. ഭാരതീയചിന്തയിലെ മേധാശക്തികളിൽ ഒരാളായ യാജ്ഞവൽക്യൻ ഈ ഉപനിഷത്തിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രനീതിയിലും തത്ത്വാന്വേഷണത്തിലും ഒരുപോലെ വ്യാപരിച്ചിരുന്ന ജനകമഹാരാജാവ് ഇതിൽ സത്യാന്വേഷിയെന്നതിനൊപ്പം തത്ത്വാന്വേഷണസംഗമങ്ങളുടെ സംഘാടകനും അദ്ധ്യക്ഷനും കൂടി ആയി പ്രത്യക്ഷപ്പെടുന്നു. യാജ്ഞവൽക്യന്റെ പത്നി മൈത്രേയി, വാചഹ്നുവിന്റെ പുത്രി ഗാർഗ്ഗി തുടങ്ങിയ മഹിളകളേയും ഈ ഉപനിഷത്തിലെ ആത്മവിദ്യാപ്രേമികൾക്കിടയിൽ കാണാം.
യാഗാശ്വം
സൃഷ്ടപ്രപഞ്ചത്തെ ഒരു കൂറ്റൻ യാഗാശ്വമായി സങ്കല്പ്പിക്കുന്ന ഗംഭീരവർണ്ണനയോടെയാണ് ബൃഹദാരണ്യകോപനിഷത്തിന്റെ തുടക്കം. ആ വർണ്ണന ഇങ്ങനെയാണ്:-
“പ്രഭാതമാണ് യാഗാശ്വത്തിന്റെ ശിരസ്സ്. സൂര്യൻ അതിന്റെ കണ്ണും കാറ്റ് ശ്വാസവും അഗ്നി വക്ത്രഗഹ്വരവുമാണ്. കാലം അതിന്റെ അത്മാവാണ്. ആകാശം പൃഷ്ഠവും, അന്തരീക്ഷം ഉദരവും, ഭൂമി കുളമ്പുകളും, ദിക്കുകൾ പാർശ്വങ്ങളും, ഉപദിക്കുകൾ വാരിയെല്ലുകളും ഋതുക്കൾ അവയവങ്ങളും, മാസങ്ങളും മാസപ്പകുതികളും സന്ധികളും, ദിനരാത്രങ്ങൾ കാലുകളും നക്ഷത്രങ്ങൾ അസ്ഥികളും, മേഘങ്ങൾ മാംസവുമാണ്. മണൽത്തിട്ടകൾ അശ്വത്തിന്റെ ഉദരത്തിലെ ഭക്ഷണവും, നദികൾ രക്തധമനികളും, പർവതങ്ങൾ കരളും ശ്വാസകോശങ്ങളും, വൃക്ഷലതാദികൾ രോമങ്ങളും, ഉദയം മുൻഭാഗവും അസ്തമയം പിൻഭാഗവുമാണ്. അശ്വം മൂരിനിവർക്കുകയും ശരീരം കുടയുകയും ചെയ്യുമ്പോൾ മിന്നനും ഇടിയും ഉണ്ടാകുന്നു. അതിന്റെ മൂത്രം മഴയാകുന്നു. അശ്വത്തിന്റെ സ്വരമാണ് ശബ്ദം”
യാഗാശ്വത്തിന്റെ വർണ്ണന പ്രത്യക്ഷപ്പെടുന്ന ഒന്നാം അദ്ധ്യായത്തിൽ തന്നെയാണ് അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ പ്രാർത്ഥനയും ഉള്ളത്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യവും ഈ അദ്ധ്യായത്തിൽ തന്നെയാണ്.
മൈത്രേയി
ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കാൻ തീരുമാനിച്ച യാജ്ഞവൽക്യ മഹർഷി സമ്പത്തെല്ലാം പത്നിമാരായ മൈത്രേയിക്കും കാത്യായനിക്കുമിടയിൽ വിഭജിച്ചു നൽകാൻ തീരുമാനിക്കുന്നത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ കാണാം. അമർത്ത്യത നൽകാത്ത ഭൗതികസമ്പത്തിനെ കാര്യമാക്കാതിരുന്ന മൈത്രേയി യാജ്ഞവൽക്യനിൽ നിന്ന് നേടാനാഗ്രഹിച്ചത് സമ്പത്തിനു പകരം ആത്മജ്ഞാനമാണ്. പത്നിയുടെ തെരഞ്ഞെടുപ്പിൽ പ്രീതനായ അദ്ദേഹം അവർക്ക് പ്രേമപൂർവം പകർന്നുകൊടുക്കുന്ന ജ്ഞാനോപദേശമാണ് തുടർന്ന്.
ഏറ്റവും വലിയ ജ്ഞാനി
മൂന്നാം അദ്ധ്യായത്തിന്റെ പശ്ചാത്തലം വിദേഹരാജാവായ ജനകൻ ഏറെ ദാനധർമ്മങ്ങളോടെ നടത്തിയ ഒരു യാഗമാണ്. കുരു-പാഞ്ചാലദേശങ്ങളിലെ അനേകം ജ്ഞാനികൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജാവ്, കൊമ്പുകൾക്കു നടുവിൽ പത്തു സ്വർണ്ണനാണയങ്ങൾ വീതം കെട്ടിത്തൂക്കിയിരുന്ന ആയിരം പശുക്കളെ കൊണ്ടുവന്നിട്ട്, അവിടെ കൂടിയിരുന്നവരിൽ ഏറ്റവും വലിയ ജ്ഞാനിക്ക് അവകാശപ്പെട്ടവയാണ് അവയെന്നറിയിച്ചു. ഇതുകേട്ട് മറ്റുള്ളവർ നിശ്ശബ്ദരായിരുന്നപ്പോൾ, യാജ്ഞവൽക്യൻ ശിഷ്യൻ സാമശ്രവനോട്, പശുക്കളെ തന്റെ വീട്ടിലേയ്ക്ക് തെളിക്കാൻ ആവശ്യപ്പെട്ടു. ഗുരുവിനെ പുകഴ്ത്തിയശേഷം ശിഷ്യൻ പശുക്കളെ തെളിച്ചുനടന്നപ്പോൾ, മറ്റു വിദ്വാന്മാരുടെ രോഷം ജ്വലിച്ചു. "ഏറ്റവും വലിയ ജ്ഞാനിയായി സ്വയം കരുതുന്നോ?" എന്ന് രാജപുരോഹിതനായ അശ്വലൻ ചോദിച്ചപ്പോൾ യാജ്ഞവൽക്യൻ കൊടുത്ത മറുപടി ഇതായിരുന്നു:
“ഏറ്റവും ജ്ഞാനിയായവനെ ഞാൻ വണങ്ങുന്നു; പക്ഷേ ആ പശുക്കൾ എനിക്കുവേണം.”
പിന്നെ സദസ്സിലെ വിദ്വാന്മാർ ഓരോരുത്തരായി യാജ്ഞവൽക്യനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വാചഹ്നുവിന്റെ മകൾ ഗാർഗ്ഗി എന്ന വിദുഷി ഉൾപ്പെടെ ഏറെപ്പേരുടെ ചോദ്യങ്ങൾക്കു യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ഒടുവിൽ രണ്ടു ചോദ്യങ്ങൾ കൂടി മാത്രം തനിക്കു ചോദിക്കാനുണ്ടെന്നു പറഞ്ഞ് ഗാർഗ്ഗി എഴുന്നേറ്റു. അവയ്ക്ക് മറുപടി കിട്ടിയാൽ പിന്നെ യാജ്ഞവൽക്യനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. മുകളിലും താഴെയും ഭൂതത്തിലും ഭാവിയിലും ഉള്ളതിനെല്ലാം ഊടും പാവുമായിരിക്കുന്നത് എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ആകാശം' (space) എന്ന് യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ആകാശം നിലകൊള്ളുന്നതെന്തിൽ എന്നായി അടുത്ത ചോദ്യം. അതിനു മറുപടിയായി യാജ്ഞവൽക്യൻ അക്ഷരബ്രഹ്മത്തെക്കുറിച്ചു പറഞ്ഞു. അതോടെ ഗാർഗ്ഗി യാജ്ഞവൽക്യന്റെ മേധാവിത്വം അംഗീകരിച്ചു കൊടുത്തു.
ദൈവങ്ങളുടെ എണ്ണം
യാജ്ഞവൽക്യനോട് രസകരമായ മറ്റൊരു ചോദ്യം ചോദിച്ചത് ശകലന്റെ മകനായ വിദഗ്ദ്ധനാണ്. എത്ര ദൈവങ്ങളുണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം. ആ സംഭാഷണം ഇങ്ങനെ പോയി:-
ആകെ എത്ര ദൈവങ്ങളുണ്ട്?
സർവദൈവങ്ങൾക്കുമുള്ള സ്തോത്രത്തിൽ പറഞ്ഞിരിക്കുന്ന അത്രയും, 303-നോട് 3003 ചേർത്താലുള്ള സംഖ്യ.
ശരി, പക്ഷേ എത്ര ദൈവങ്ങളാണ് ഉള്ളത് ?
മുപ്പത്തിമൂന്ന്.
സമ്മതിച്ചു, പക്ഷേ ദൈവങ്ങൾ എത്രയാണുള്ളത് ?
ആറ്
ശരി, പക്ഷേ എത്ര ദൈവങ്ങളാണുള്ളത് ?
രണ്ട്
ഉവ്വ്, പക്ഷേ ആകെ എത്ര ദൈവങ്ങളുണ്ട് ?
ഒന്നര
ശരി, പക്ഷേ എത്ര ദൈവങ്ങളുണ്ട് ?
ഒന്ന്.
യാജ്ഞവൽക്യനും ജനകനും
ഇന്ന് ഒന്നും ഉരിയാടുകയില്ലെന്ന തീരുമാനവുമായി യാജ്ഞവൽക്യൻ ഒരു ദിവസം ജനകന്റെ അടുത്തെത്തുന്നതോടെയാണ് നാലാമദ്ധ്യായം തുടങ്ങുന്നത്. എന്നാൽ രാജാവ് ഋഷിയെ മൗനമായിരിക്കാൻ അനുവദിച്ചില്ല. പഴയ ഒരു പ്രതിജ്ഞ അനുസമരിപ്പിച്ച്, തനിക്ക് സംശയനിവാരണം വരുത്താൻ അദ്ദേഹം യാജ്ഞവൽക്യനെ നിർബ്ബന്ധിച്ചപ്പോൾ ഋഷി വഴങ്ങി. സംഭാഷണം മുന്നോട്ടുപോയത് ഇങ്ങനെയാണ്:-
മനുഷ്യന്റെ വെളിച്ചമെന്താണ് ?
സൂര്യന്‍. നാം ഇരിക്കുന്നതും, ജോലിചെയ്യുന്നതും പോകുന്നതും വരുന്നതുമെല്ലാം അതിന്റെ വെളിച്ചത്തിലാണ്.
സൂര്യൻ അസ്തമിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചമെന്താണ് ?
ചന്ദ്രന്‍. സൂര്യൻ അസ്തമിക്കുമ്പോൾ, ചന്ദ്രന്റെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചം എന്താണ് ?
അഗ്നി. അപ്പോൾ അഗ്നിയുടെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യന്റെ വെളിച്ചം എന്താണ് ?
വാക്ക്. അപ്പോൾ വാക്കിന്റെ വെളിച്ചത്തിൽ നാം ഇരിക്കുകയും ജോലിചെയ്യുകയും പോവുകയും വരുകയും ചെയ്യുന്നു. ഇരുട്ടിൽ കാണാനാവില്ലെങ്കിലും നമുക്ക് കേൾക്കാൻ കഴിയും.
സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ, എന്താണ് നമ്മുടെ വെളിച്ചം ?
ആത്മാവ്
"ആത്മാവ് എന്താണ്" എന്നാണ് ജനകൻ പിന്നെ ചോദിച്ചത്. മറുപടിയായി, ആത്മതത്ത്വത്തെക്കുറിച്ച് ഋഷി രാജാവിനു നൽകുന്ന ദീർഘമായ ഉപദേശമാണ് നാലാമദ്ധ്യായത്തിൽ തുടർന്നുള്ളത്.
ഇടിനാദം പറയുന്നത്
ബൃഹദാരണ്യകത്തിന്റെ ആറദ്ധ്യായങ്ങളിൽ ഒടുവിലത്തെ രണ്ടദ്ധ്യായങ്ങൾ ഖിലകാണ്ഡം എന്നറിയപ്പെടുന്നു. ഖിലം എന്നതിന് അനുബന്ധമായുള്ളത്, കൂട്ടിച്ചേർക്കപ്പെട്ടത് എന്നൊക്കെയാണർത്ഥം. ഉപനിഷത്തുകളുടെ പൊതുചൈത്യന്യവുമായി ഇണങ്ങിപ്പോകാത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഖിലകാണ്ഡം ബൃഹദാരണ്യകത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വാദമുണ്ട്. എങ്കിലും വളരെ വിലമതിക്കപ്പെടുന്ന ചില ഖണ്ഡങ്ങൾ ഈ അദ്ധ്യായങ്ങളിലും ഉണ്ട്. ദേവന്മാരും അസുരന്മാരുംമനുഷ്യരും അവരുടെ സ്രഷ്ടാവായ പ്രജാപതിയുടെ അടുത്ത് വിദ്യ അഭ്യസിച്ച് കഴിഞ്ഞപ്പോൾ അന്തിമ ഉപദേശം ആവശ്യപ്പെട്ട കഥ രസകരമാണ്:-
ദേവന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."
അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"
ഉവ്വ്, അങ്ങ് പറഞ്ഞത് ദമ്യത - "ആത്മനിയന്ത്രണം ശീലിക്കുക" എന്നാണ്.
അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."
പിന്നെ, മനുഷ്യർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."
അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു:
"മനസ്സിലായോ?"
ഉവ്വ്, അങ്ങ് പറഞ്ഞത് ദത്ത - "ദാനം ശീലിക്കുക" എന്നാണ്.
അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."
ഒടുവിൽ, അസുരന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."
അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"
ഉവ്വ്, അങ്ങ് പറഞ്ഞത് ദയധ്വം - "ദയ ശീലിക്കുക" എന്നാണ്.
അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."
ആകാശത്തിലെ ഇടിനാദത്തിൽ കേൾക്കുന്നത്,
പ്രജാപതിയുടെ ഈ ഉപദേശത്തിന്റെ ആവർത്തനമാണ്: ദ! ദ!ദ!