Showing posts with label ഊർമ്മിള. Show all posts
Showing posts with label ഊർമ്മിള. Show all posts

Sunday, July 28, 2019

ഊർമ്മിള

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവാസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി. എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. തന്റെ പതിയെ കണ്ടിട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്ല. പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു. വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിലുള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.

രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാ പുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇതെന്ന് ലക്ഷ്മണൻ സംശയിച്ചു. രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വെയ്ക്കുന്നു. ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടിയെഴുന്നേറ്റു. രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു. "രാമദേവാ അങ്ങെന്താണ് ഈ ചെയ്തത്..? എല്ലാവരാലും പൂജിയ്ക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽതൊട്ടു വന്ദിയ്ക്കുന്നോ..?" രാമൻ പറഞ്ഞു. "ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തി ആണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്. ഈ പാദത്തിൽ നമിയ്ക്കാൻ മാത്രമേ എനിയ്ക്ക് സാധിയ്‌ക്കുകയുള്ളൂ. ഭവതിയുടെ ത്യാഗം ഒന്നുകൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തുതീർക്കാനായത്. ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നു എങ്കിൽ ലക്ഷ്മണന് ഇത്ര നന്നായി എന്നെ പരിപാലിയ്ക്കാൻ കഴിയില്ലായിരുന്നു. മാത്രമല്ല ദേവി ഇവിടെ ഉള്ളതു കൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളുമെന്ന സമാധാനവും എനിയ്ക്ക് ഉണ്ടായി. ഏതു കർമ്മവും കൃത്യനിഷ്ഠയോടും സമാധാനത്തോടും നിർവ്വഹിയ്ക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം. എല്ലാം മനസ്സിലാക്കി വേണ്ടതുപോലെ ഗൃഹം പരിപാലിയ്ക്കാൻ ഉത്തമയായ ഗൃഹസ്ഥയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ. ഇതുകൊണ്ടെല്ലാം ആണ്‌ ഞാൻ ദേവിയെ നമിച്ചത്. പകൽ സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിയ്ക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്..."

ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു. "ശ്രീരാമചന്ദ്ര പ്രഭോ അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിയ്ക്കിതെല്ലാം സാദ്ധ്യമായത്. വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹദു:ഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല. എന്നാൽ ദേവാ ആ സമയത്തും അങ്ങെന്റെ അടുത്തെത്തി എന്നെ സമാധാനിപ്പിച്ചു. അപ്പോൾ ഞാൻ അങ്ങയോടൊരു വരം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിയ്ക്കുന്നു എന്ന വിഷമം എനിയ്ക്കുണ്ടാവരുത്. സദാ പതിയോടുകൂടി സന്തോഷത്തോടെ ഇരിയ്ക്കുന്ന അനുഭവത്തെ എനിയ്ക്ക് വരമായി തരണമെന്ന്. അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വകർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ഠിയ്ക്കാൻ പ്രപ്തയാക്കിയത്. "പതിയോടുകൂടി ആനന്ദത്തോടെ ഇരിയ്ക്കുന്ന പതിവ്രതയായ പത്നിയ്ക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ." ഇതെല്ലാം കേട്ടുനിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 അണുകുടുംബങ്ങളിലേയ്ക്ക് ഒതുങ്ങുന്ന ഇന്നത്തെ തലമുറ അത്യാവശ്യം വായിയ്ക്കേണ്ട ഒരു കഥയാണ് ഇത്. സഹോദരങ്ങളുടെ ഇടയിൽ മാത്സര്യം വരുന്ന ഈ കലിയുഗത്തിൽ വളരെ പ്രസക്തമാണ് ഈ കഥ .