Tuesday, December 27, 2022

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

 പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.


അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ- സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

No comments:

Post a Comment