Wednesday, December 28, 2022

തിരുവളയനാട് ദേവീ ക്ഷേത്രം കോഴിക്കോട്

 "ഞാൻ എന്റെ വള എറിയുകയാണ് ഈ വള ചെന്ന് വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും"

കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം ആണ് ഇത്.....

 ഇത് ആര് ആരോടാണ് പറഞ്ഞതെന്നുംഏതാണ് ആ ക്ഷേത്രം? എന്നും നോക്കാം

*

      .വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിൽ ഒരിക്കൽ അധികാരമത്സരം നടക്കുകയുണ്ടായി. സൈന്യബലം കൂടുതല്‍ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടു...


അതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച സാമൂതിരി, വള്ളുവകോനാതിരി തന്നെ പരാജയപ്പെടുത്തിയത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാ ബലംകൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നു...


അതിനാൽ  വള്ളുവ കോനാതിരിയുടെയുടെ ഉപാസനാമൂര്‍ത്തിയെ തപസ്സ് ചെയ്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരാൻ സാമൂതിരി നിശ്ചയിച്ചു...

 കൂടെപോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോട് പറഞ്ഞു:-

'എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകും...’


 മുമ്പില്‍ സാമൂതിരി രാജാവും,പിന്നില്‍ ഭഗവതിയും യാത്ര തുടരുകയും, ഏറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വരികയും, സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കുകയും ചെയ്തു...


രാജാവ് തിരിഞ്ഞുനോക്കിയത് കാണാനിടയായ ദേവി തന്‍റെ കയ്യില്‍ കിടന്ന തിരുവള ഊരിയെടുത്ത് പറഞ്ഞു:-


 "ഞാൻ ഈ വള എറിയുകയാണ്. ഈ വള വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും" ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു...

ദേവിയുടെ തിരുവള വീണ സ്ഥലത്ത് സാമൂതിരി ക്ഷേത്രം പണി കഴിച്ചു...

അതാണ് തിരുവളയനാട് ദേവീ ക്ഷേത്രം...


ഈ വള ഒരാഴ്ച വട്ടം കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിച്ചു എന്നും, തിരുവള അനേഷിച്ചു സാമൂതിരി ഒരാഴ്ച വട്ടം കറങ്ങി എന്നും ഐതീഹ്യം ഉള്ളതിനാൽ സമീപത്ത് ഉള്ള പ്രദേശത്തിന് ആഴ്ചവട്ടമെന്നും പേര് ലഭിച്ചു...

മാമാങ്കത്തിനും, യുദ്ധത്തിനും പോകുമ്പോൾ വളയനാട്ടമ്മയ്ക്ക് ബലികൊടുക്കുന്നതിനാൽ പിന്നീടൊരിക്കലും സാമൂതിരിക്ക് തോല്‍വി അറിയേണ്ടിവന്നിട്ടില്ല എന്നും ഐതീഹ്യം...

സാമൂതിരി സ്വരൂപത്തില്‍ ഒരു ഉണ്ണി പിറന്നാല്‍ ദേവിയുടെ സന്നിധാനത്തില്‍ കിടത്തിയതിനുശേഷം ഒരു പോറ്റുകാരനായി കുഞ്ഞിനെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു...

ചണ്ഡികയെന്ന കാശ്മീരി ദേവതയാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി...

കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആണ്  വളയനാട് ആരാധന നടത്തുന്നത്...

സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്

No comments:

Post a Comment