ശതേഷു ജായതേ ശൂരഃ
സഹസ്രേഷു ച പണ്ഡിതഃ
വക്താ ദശസഹസ്രേഷു
ദാതാ ഭവതി വാ ന വാ
നൂറിൽ ഒരാൾ ശൂരനായി ജനിക്കുന്നു. ആയിരത്തിൽ ഒരുവൻ പണ്ഡിതനായി ജനിക്കുന്നു. പതിനായിരത്തിൽ ഒരുവൻ വാഗ്മിയായി ജനിക്കുന്നു. എന്നാൽ ദാനിയായ പുരുഷൻ ഇതിലും വിരളമാണ്. ഗുണയുക്തരായ വ്യക്തികളുടെ ജന്മം വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ. ലോകത്ത് നൂറുകണക്കിന് ആളുകൾ ജനിക്കുന്നുണ്ട്. പക്ഷെ ധൈര്യവും പരാക്രമശാലിത്വവും ഒത്തുചേർന്ന ഒരാൾ ജനിക്കുന്നത് വളരെ അപൂർവ്വം. നൂറുപേരിൽ ഒരാൾ മാത്രമായിരിക്കും അത്തരക്കാർ. എന്നാൽ പണ്ഡിതന്മാർ അതിലും വിരളമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. ആയിരംപേർ ജനിക്കുമ്പോൾ ഒരുവനോ മറ്റോ ഉണ്ടെങ്കിൽ ഭാഗ്യം. ആരാണ് വാഗ്മി. പണ്ഡിതൻ ചിലപ്പോൾ അമിത സംസാരപ്രിയനാകാം. പക്ഷെ വാഗ്മി മിതമായും സാരമായും മാത്രം വാക്കുകൾ ഉപയോഗിക്കുന്നവനായിരിക്കും. ഒരൊറ്റ വാക്യത്തിൽ കൂടി ലോകത്തെ ബോധ്യപ്പെടുത്താനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ പതിനായിരം പേരിൽ ഒരാളായിരിക്കും അത്തരക്കാർ. വളരെ വിരളമെന്നർത്ഥം. ലോകത്തിലെ ഏറ്റവും ഗുണശാലികളായി അറിയപ്പെടുന്നത് ദാനികളാണ്. ശൂരന്റെ ശൗര്യമോ, പണ്ഡിതന്റെ ജ്ഞാനമോ, വാഗ്മിയുടെ ഗുണമോ അവനുണ്ടാകണമെന്നില്ല. പക്ഷെ അർഹിക്കുന്നവന് ദാനം ചെയ്യാനുള്ള മനസ്സ് ഉണ്ടായിരിക്കും. അതുതന്നെ ബാക്കിയുള്ളതിനെ അപേക്ഷിച്ച് ഏറ്റവും നല്ല ഗുണവും. അങ്ങിനെയുള്ളവർ ജനിക്കുന്നുണ്ടോ ആവോ എന്നാണ് കവിയുടെ സംശയം. അതായത് വളരെ വളരെ അപൂർവ്വമായി അങ്ങിനെഒരാൾ ഉണ്ടാകുന്നു എന്നർത്ഥം.
സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ദാനം.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഇന്നത്തെ ഹൈന്ദവസമൂഹത്തില്‍ ദാനത്തിന് പറയത്തക്ക സ്ഥാനമൊന്നും അധികമാരും കല്പിച്ചുനല്‍കിക്കാണുന്നില്ല.വേദങ്ങള്‍തൊട്ട് പുരാണങ്ങള്‍വരെ ദാനത്തിന്റെ മഹത്വത്തെ പാരാട്ടുന്നുണ്ട്.പക്ഷേ ഇതേക്കുറിച്ച് സാമാന്യജനസമൂഹത്തെ പറഞ്ഞു മനസ്സിലാക്കുന്നവര്‍ വിരളമാണ് എന്നതാണ് പ്രധാന പ്രശ്‌നം.ധര്‍മശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞവര്‍ സാമാന്യജനത്തിന് ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉപദേശിച്ചുകൊടുക്കാത്ത പക്ഷം അവര്‍ ദാനം ചെയ്യാതിരിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യവുമില്ല.ഈശ്വരവാണിയായ വേദം പറയുന്നത് കാണൂ:
ഓം മാ പൃണന്തോ ദുരിതമേന ആരന്മാ ജാരിഷുഃ സൂരയഃ സുവ്രതാസഃ.
അന്യസ്‌തേഷാം പരിധിരസ്തു കശ്ചിദപൃണന്തമഭി സം യന്തു ശോകാഃ.
(ഋഗ്വേദം 1.125.7)
(പൃണന്തഃ) ദാനം ചെയ്യുന്നവര്‍ (ദുരിതമ്) ദുരിതത്തെ (ഏനഃ) അതിനുകാരണമായ പാപത്തെ (മാ ആരന്‍) പ്രാപിക്കാതിരിക്കട്ടെ. (സുവ്രതാസഃ) ഉത്തമ വ്രതചാരികളായ (സൂരയഃ) ജ്ഞാനികള്‍ (മാ ജാരിഷുഃ) ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ.(കശ്ചിദ് അന്യഃ) മറ്റൊരുവന്‍ അഥവാ ഈശ്വരന്‍ (തേഷാം) അവരുടെ (പരിധിഃ അസ്തു) പരിധിയാകട്ടെ.കാരണം (അപൃണന്തമ്) ദാനം ചെയ്യാത്തവരെ (ശോകാഃ അഭി സംയന്തു) എല്ലായിടത്തുനിന്നും ശോകങ്ങള്‍ പ്രാപിക്കുന്നു.
ദാനകര്‍മം ദുരിതങ്ങളെയും അതിനു കാരണമായ പാപകര്‍മങ്ങളെയും അകറ്റുന്നു എന്ന സന്ദേശമാണ് മന്ത്രത്തില്‍ ആദ്യം കാണുന്നത്.മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ സിംഹഭാഗവും തങ്ങള്‍ മുജ്ജന്മങ്ങളിലോ ഈ ജന്മത്തില്‍തന്നെയോ ചെയ്ത പാപകര്‍മങ്ങള്‍ കാരണം വന്നുചേര്‍ന്നവയാണ്.മനസ്സിലെ പാപചിന്തകളാണ് പാപകര്‍മങ്ങളായി മാറുന്നത്.മനസ്സ് പവിത്രമായാലേ അത്തരം പാപചിന്തകള്‍ അകലുകയുള്ളൂ.അതിനു പ്രാപ്തമാക്കുന്നതാണ് ദാനം.
ആരൊക്കെയാണ് ദാനം ചെയ്യേണ്ടത്? ഏവരുടെയും കര്‍ത്തവ്യമാണ് ദാനം എന്നു മനസ്സിലാക്കുക.സര്‍വവും സംന്യസിക്കുന്ന ജ്ഞാനിക്ക് ദാനവും യജ്ഞവും തപസ്സും സംന്യസിക്കാമോ അഥവാ ത്യജിക്കാമോ എന്ന സംശയം ചോദിക്കുന്ന അര്‍ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന ഗീതോപദേശം കാണുക:
യജ്ഞദാനതപഃകര്മ ന ത്യാജ്യം കാര്യമേവ തത് യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാമ്. (ഗീത 18.5)
അര്‍ഥം:യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയല്ല.അവ അനുഷ്ഠിക്കുകതന്നെയാണ് വേണ്ടത്.അവ വിവേകികളെ പവിത്രരാക്കുന്നു.
അതായത് ദാനാദികള്‍ ജ്ഞാനികളെ കൂടുതല്‍ കൂടുതല്‍ പവിത്രീകരിക്കുകയാണ് ചെയ്യുന്നത്.അവയെ ത്യജിക്കുന്നത് ശരിയല്ല.അങ്ങനെയുള്ള ത്യാഗം താമസികത്യാഗം ആയിരിക്കുമെന്നും ശ്രീകൃഷ്ണന്‍ തുടര്‍ന്നുവരുന്ന ശ്ലോകത്തില്‍ പറയുന്നു.സ്വയം ജ്ഞാനിയെന്നു കരുതി ദാനാദികളെ ഉപേക്ഷിക്കുന്നവന്‍ ജീര്‍ണതയെ പ്രാപിക്കും.ഇതാണ് മന്ത്രത്തിലും പറയുന്നത്.ഉത്തമമായ വ്രതചാരികളായ ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ അഥവാ ഉത്തമ വ്രതചാരികളല്ലാത്ത ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കും എന്ന്.
ജ്ഞാനികളുടെ ധര്‍മം ദാനമഹത്വത്തെക്കുറിച്ച് അന്യരെ ഉപദേശിച്ച് അവരെക്കൂടി ദാനത്തിന് പ്രേരിപ്പിക്കുക എന്നതാണ്.സ്വയം ദാനം ചെയ്യാത്ത ജ്ഞാനിക്ക് മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കാന്‍ കഴിയുകയില്ല.അതിനാല്‍ ജ്ഞാനവും ദാനവും ഒരുമിച്ചുപോകേണ്ടതുണ്ട്.ജ്ഞാനിക്ക് ഇതിനുള്ള ഉത്തമമായ മാതൃക സാക്ഷാല്‍ പരമേശ്വരന്‍തന്നെയാണ്.ഈശ്വരന്‍ ഇക്കണ്ട പ്രപഞ്ചത്തെയെല്ലാം സൃഷ്ടിച്ചത് തനിക്കുവേണ്ടിയാണോ? അല്ല എന്നാണ് ഷഡ്ദര്‍ശനഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകുക.പ്രപഞ്ചസൃഷ്ടി സ്വാര്‍ഥമല്ല, പരാര്‍ഥമാണ്. (സംഹത പരാര്‍ഥത്വാത് - സാംഖ്യദര്‍ശനം) ജീവാത്മാക്കളുടെ ഭോഗത്തിനും അപവര്‍ഗം അഥവാ മോക്ഷത്തിനുംവേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നല്‍കിയിരിക്കുന്നത്.(ഭോഗാപവര്‍ഗാര്‍ഥം ദൃശ്യം-യോഗദര്‍ശനം). ഏറ്റവും മഹത്തായ ദാനമാണ് അത്. മാത്രമല്ല, ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള സകലജ്ഞാനത്തിന്റെയും ബീജത്തെ ഉള്‍ക്കൊള്ളുന്ന വേദങ്ങളെ നമുക്ക് നല്‍കിയതും ആ ഈശ്വരന്‍തന്നെ. (ശാസ്ത്രയോനിത്വാത്-വേദാന്തദര്‍ശനം തത്ര നിരതിശയം സര്‍വജ്ഞബീജമ്-യോഗദര്‍ശനം)
അതായത് ജ്ഞാനികള്‍ക്ക് ഏറ്റവും വലിയ മാതൃക സര്‍വജ്ഞാനിയായ ഭഗവാന്‍തന്നെയാണ്.ആ ഭഗവാനാകട്ടെ മഹത്തായ ദാനിയുമാണ്.അഥവാ ജ്ഞാനത്തിന്റെയും ദാനത്തിന്റെയും പരിധി ഭഗവാനാണ്.ആ ഭഗവാനില്‍നിന്നുമാണ് നാം പ്രേരണ നേടേണ്ടത്.ഭേദംവിനാ സര്‍വരും ദാനം ചെയ്യേണ്ടതാണ്.ദാനം നമ്മെ ശോകങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും സംരക്ഷിക്കും.ഇത് വേദം നല്‍കുന്ന ഉറപ്പാണ്
No comments:
Post a Comment