സത്യം തപോജ്ഞാനമഹിംസതാം ച
വിദ്വത്പ്രമാണം ച സുശീലതാം ച
ഏതാനി യോ ധാരയതേ സ വിദ്വാൻ
ന കേവലം യഃ പഠതേ സ വിദ്വാൻ
സത്യം, തപസ്സ്, ജ്ഞാനം, അഹിംസ, നല്ല സ്വഭാവഗുണങ്ങൾ വിദ്വത് ജനങ്ങളുടെ പ്രമാണങ്ങൾ അംഗീകരിക്കൽ തുടങ്ങിയവ സ്വന്തം ജീവിതത്തിൽ കൊണ്ടുനടക്കുന്നവനാണ് വിദ്വാൻ. അല്ലാതെ വെറുതെ പഠിച്ചുവെക്കുന്നവൻ മാത്രമല്ല. ഏതൊരു കാര്യവും പഠിച്ചുവെയ്ക്കലും അത് പ്രായോഗികജീവിതത്തിൽ കൊണ്ടുവരുന്നതും രണ്ടും രണ്ടാണ്. അനേകം പേർ ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് അഗാധമായി പഠിക്കുന്നു. ഇവയിലൊന്നുപോലും ജീവിതത്തിൽ പകർത്തുന്നില്ല. ഇവയിലൊരു ഗുണംപോലും കാണുകയില്ല. സത്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി ഇപ്പോൾ നാക്കെടുത്താൽ കള്ളമേ പറയൂ എന്ന സ്ഥിതിവന്നാൽ അയാളെ വിദ്വാൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല. ആചാര്യൻ എന്ന പദത്തിന്റെ അർത്ഥം എന്താണെന്നു നോക്കാം. "ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപി സ്വയമാചരതേ തസ്മാത് ആചാര്യ ഇതി കഥ്യതേ' എന്നാണ് പറയുന്നത്. പ്രമാണങ്ങൾ അന്യർക്ക് പകർന്നു നൽകുക മാത്രമല്ല സ്വയം ആചരിച്ച് മാതൃക കാണിക്കുകയും ചെയ്യുന്നു. വാക്കുകളും പ്രവൃത്തികളും ഒന്നായിരിക്കണം. നമ്മുടെ പല ആരാധ്യപുരുഷരും അങ്ങിനെയായി തീർന്നത് ഈ ഗുണങ്ങൾ ഉണ്ടായതുകൊണ്ടാണ്. സ്വന്തം പ്രമാണങ്ങൾ മാത്രമല്ല ശരിയെന്നും മറ്റുള്ളവർ പറയുന്നതിലെ ശരിയെ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിദ്വാൻ.
No comments:
Post a Comment