Monday, January 30, 2023

ഗുരുവായൂർ പൂജാവിധി

  മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.


1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.


2 നിർമാല്യ ദർശനം

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമാല്യ ദർശനം.


3 എണ്ണയഭിഷേകം

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.


4 വാകച്ചാർത്ത്

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.


5 മലർനിവേദ്യം

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.


6 ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.


7 എതിരേറ്റ് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.


ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. 


8 കാലത്തെ ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.


ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.


9 നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.


10 പന്തീരടിപൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. 


11 ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സാധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.


നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.


12 വൈകീട്ടത്തെ ശീവേലി

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.


നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.


13 ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.


14 അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.


അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. 


15 അത്താഴശീവേലി

അത്താഴപൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.


16 തൃപ്പുകയും ഓലവായനയും

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ താഴിട്ടുപൂട്ടുന്നു.


അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.


വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്.

No comments:

Post a Comment