Monday, July 29, 2019

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

"വടക്കുംനാഥൻ സർവ്വം തുണയ്ക്കും
നാഥൻ ശംഭോ മഹാദേവൻ."
നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ
ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.

ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.

ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.

തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകള്‍ തൊട്ടുതൊഴരുത്

പ്രദക്ഷിണം ചെയ്യുമ്പോള്‍ എപ്പോഴും ബലിക്കല്ലുകള്‍ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകള്‍ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളില്‍ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താല്‍ ബലിക്കല്ലില്‍ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയില്‍ വയ്ക്കുന്നത്. ഒരു ബലിക്കല്ലില്‍ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊര്‍ജ പ്രവാഹമുണ്ടാകും. ഈ ഊര്‍ജ പ്രവാഹത്തിന് തടസ്സമുണ്ടാവാന്‍ പാടില്ല എന്നതാണു തത്വം.

തൊട്ടുതൊഴുമ്പോള്‍ നമ്മള്‍ വീണ്ടും ഈ ഊര്‍ജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലില്‍ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാന്‍ പാടില്ല. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലില്‍ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാന്‍ പാകത്തില്‍ വീട്ടില്‍ സൂക്ഷിക്കുക. പൂജാപുഷ്പങ്ങള്‍ മറ്റുള്ളവര്‍ ചവിട്ടാതെ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലില്‍ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാല്‍ മതിയാവും.

”ഓം കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ”

എന്നതാണു ക്ഷമാപണമന്ത്രം.

ബലിക്കല്ലുകളില്‍ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.

കിഴക്ക് ഇന്ദ്രദേവന്‍
തെക്ക് കിഴക്ക് അഗ്‌നിദേവന്‍
തെക്ക് യമദേവന്‍
തെക്ക് പടിഞ്ഞാറ് നിര്യതി
പടിഞ്ഞാറ് വരുണന്‍
വടക്ക് പടിഞ്ഞാറ് വായുദേവന്‍
വടക്ക് സോമദേവന്‍
വടക്ക് കിഴക്ക് ഈശാനന്‍

മത്സ്യ വാരാഹി

വാർത്താളി, കോലമുഖി, ദണ്ടിനി, പന്നി മുഖി, ഭൂദേവി, ദണ്ഡ നായിക,  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുരസുന്ദരിയുടെ സൈന്യാധിപ ആകുന്നു..

വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി

ലളിതാ സഹസ്രനാമത്തിൽ

കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)

1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)

2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍

താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു. ബുദ്ധിസ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകതഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ(ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..

""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു.

"വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''

വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു... കിരാത വാരാഹി.. വശ്യ വാരാഹി.. ലഘു വാരാഹി.. നകുലി വാരാഹി.. മഹാ വാരാഹി.. അശ്വാരൂഢ വാരാഹി. മത്സ്യ വാരാഹി.. മഹിഷ വാരാഹി.. പക്ഷി വാരാഹി.. സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്..ക്ഷിപ്ര നദി തീരത്തു ഒരു അമാവാസിയിൽ ഞങ്ങളുടെ ഗുരുനാഥൻ മത്സ്യ വാരാഹി പൂജ ചെയ്തിരുന്നു...

മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്..

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.


ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ആരതി ഉഴിയൽ

ഹിന്ദു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ആരതി. ആരതിയുഴിഞ്ഞാണ് പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ എതിരേല്‍ക്കുന്നതും. വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി. ഇത് വെറുതെ വിളക്കു കത്തിച്ച് ഉഴിയുക മാത്രമല്ല. ആരതി വളരെ കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഏത് കർമ്മം ആയാലും അത് ആ വിധി പ്രകാരം ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കൂ. ആരതിയുഴിയുമ്പോഴും ഇത് ബാധകമാണ്.

ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം. ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. ആരതിയുഴിയുന്നതിന് പ്രത്യേക പാത്രവും ലഭിക്കും. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണം. ആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.