Friday, June 7, 2019

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ നേര്‍ച്ചകളും വഴിപാടുകളും  ഈ തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ വാദ്യക്കാരനായി ഒരാള്‍ മാത്രമാണുണ്ടാവുക. ഗുരുക്കള്‍ എന്നാണ് വാദ്യക്കാരനെ പനിയന്‍ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് പ്രധാന ചടങ്ങ്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയന് നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കേട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയന്‍കെട്ടിയ കോലക്കാരനും നല്ല നര്‍മ്മബോധമുള്ളവരായിരിക്കും. സമകാലിക വിഷയങ്ങളും നര്‍മ്മം കലര്‍ത്തി പറയാറുണ്ട്.

വണ്ണാത്തിപ്പോതി

കനലാടി സമുദായങ്ങളില്‍ (തെയ്യംകെട്ട് സമുദായങ്ങള്‍) ഒന്നാണ് വണ്ണാന്‍ സമുദായം.

തെയ്യംകെട്ടും അലക്കുമാണ് ഇവരുടെ കുലത്തൊഴില്‍. ഇവരില്‍ തെയ്യംകെട്ടി ആചാരപ്പെടുന്നവര്‍ പെരുവണ്ണാന്‍ എന്നറിയപ്പെടും. വണ്ണാന്‍സമുദായത്തിലെ സ്ത്രീകളെ വണ്ണാത്തി എന്ന് വിളിക്കും. നാട്ടുകാര്‍ക്കെല്ലാം  തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തി മാറ്റ് നല്‍കുക എന്ന ആചാരം പണ്ട് വടക്കെ മലബാറില്‍ നിലനിന്നിരുന്നു.

ഒരിക്കല്‍ ഒരു വണ്ണാത്തി പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള്‍ ഭഗവതി കണ്ടു. കാട്ടുമൂര്‍ത്തിയായ  ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപേക്ഷിച്ചപ്പോള്‍ കാട്ടാളത്തിക്ക് മാറ്റെന്തിന് എന്ന് പരിഹസിച്ചു വണ്ണാത്തി മുന്നോട്ടു നീങ്ങി. കോപിഷ്ഠയായ കാട്ടുമൂര്‍ത്തി വണ്ണാത്തിയെ പാറക്കല്ലില്‍ അടിച്ചു കൊന്നു. മരണാനന്തരം അവള്‍ വണ്ണാത്തി പോതിയായി.

കാളീസങ്കല്‍പത്തിലുള്ള ഈ തെയ്യം മാവിലന്‍ സമുദായക്കാരാണ് കെട്ടിയാടുന്നത്.

ഹിന്ദുവിന്റെ നിത്യ ആചരണങ്ങള്‍

എന്തിനാണ് നാം ആചരണങ്ങള്‍ ചെയ്യുന്നത്? ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണപദ്ധതികള്‍ ഉണ്ടോ? ഋഷിമാര്‍ പറയുന്നത് :

ആചാരഹീനോ ന പുനന്തി വേദാഃ

എന്നാണ്. വേദം പഠിച്ചവനെങ്കില്‍ക്കൂടി ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? നമ്മള്‍ നിത്യവും ചെയ്യേണ്ട അഞ്ച് കര്‍മങ്ങളെ പഞ്ചമഹായജ്ഞങ്ങള്‍ എന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ വിളിക്കുന്നത്. ബ്രഹ്മയജ്ഞം (സന്ധ്യാവന്ദനം), ദേവയജ്ഞം (അഗ്നിഹോത്രം), ബലിവൈശ്വദേവയജ്ഞം (ഭൂതബലി), പിതൃയജ്ഞം, അതിഥിയജ്ഞം എന്നിവയാണീ പഞ്ചമഹായജ്ഞങ്ങള്‍.അവയില്‍ ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്.
എല്ലാവരും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. ഹസ്തിനപുരിയിലേക്ക് ദൂതിനുപോകുമ്പോള്‍ സന്ധ്യാവന്ദനം ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട്  ശ്രീകൃഷ്ണന്‍ പറഞ്ഞതായി മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ കാണാം. അതേപോലെ ശ്രീരാമനും ലക്ഷ്മണനുമെല്ലാം സന്ധ്യാവന്ദനം ചെയ്തതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്.

ഈ അവതാര പുരുഷന്മാരെല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു. എന്താണ് ഇത് ചെയ്തതു കൊണ്ടുള്ള ഗുണം? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന്, തങ്ങളുടെ മാതാപിതാക്കളോടും ജീവിതപങ്കാളിയോട് പോലും മാനസിക വിഷമങ്ങള്‍ പങ്കുവെയ്ക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നുംതന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം. ആത്മശക്തിയുള്ളവന് മാത്രമേ മനസ്സിനെ നിയന്ത്രിക്കാനാകൂ.

ആത്മശക്തി ആര്‍ജിക്കാനും മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിനും ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. ജീവാത്മാവും പരമാത്മാവും ഒരുമിച്ചുചേരുക എന്നും സന്ധ്യയ്ക്ക് അര്‍ഥമുണ്ട്. പ്രാണായാമം, ഗായത്രീധ്യാനം എന്നിവയെല്ലാം ബ്രഹ്മയജ്ഞമെന്ന സന്ധ്യാവന്ദനത്തിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരു ഗുരുവിന്റെ കീഴില്‍ അഭ്യസിക്കേണ്ടതുമാണ്. രാവിലത്തെയും വൈകുന്നേരത്തെയും സന്ധ്യയില്‍ ചെയ്യേണ്ടുന്ന ബ്രഹ്മയജ്ഞത്തിന് 15 മിനിറ്റ് സമയം മാത്രമാണ് ആവശ്യമുള്ളത്. രണ്ടാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്.

വേദമന്ത്രങ്ങള്‍ ചൊല്ലി ഇതും രണ്ടുനേരം ചെയ്യണം. ഇതിന്നും 15 മിനിറ്റ് മാത്രമാണ് വേണ്ടിവരിക. ഇത് ഹോമകുണ്ഡത്തില്‍ അഗ്‌നി ജ്വലിപ്പിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് നെയ്യും ആരോഗ്യവര്‍ദ്ധകമായ ദ്രവ്യങ്ങളും ഹോമിക്കുന്ന ക്രിയയാണ്. പ്രകൃതിയില്‍ ദൃശ്യവും അദൃശ്യവുമായ വിശേഷശക്തികളായ ഒട്ടേറെ ദേവതകളുണ്ട്. അഗ്നിഹോത്രത്തിലൂടെ അവ പ്രസാദിക്കുന്നു വെന്ന് ഋഷിമാര്‍ അഭിപ്രായപ്പെടുന്നു. ഹോമം രോഗങ്ങളെ അകറ്റുമെന്ന് ആയുര്‍വേദാചാര്യനായ ചരകന്‍ പറയുന്നുണ്ട്. ഒരു കാലത്ത് ഭാരതത്തില്‍ എല്ലാവീട്ടിലും രണ്ടു നേരം അഗ്‌നിഹോത്രമനുഷ്ഠിക്കപ്പെട്ടിരുന്നു. അഗ്‌നിഹോത്രം ചെയ്യാത്ത വീടുകള്‍ ശ്മശാനതുല്യമാണെന്നാണ് ചാണക്യന്‍ പറയുന്നത്.

വേദാന്തകേസരിയായ ശ്രീമദ് ശങ്കരാചാര്യരും അഗ്‌നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കാന്‍ ഉപദേശിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം അഗ്നിഹോത്രം ചെയ്തിരുന്നതായി ഇതിഹാസങ്ങളില്‍ വായിക്കാം. മൂന്നാമത്തെ യജ്ഞം പിതൃയജ്ഞമാണ്. മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍; അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താന ങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു.

ജീവിച്ചിരിക്കുമ്പോള്‍ അവരെ ശ്രദ്ധയോടെ പരിപാലിക്കുന്നതാണ്  ശ്രാദ്ധം. അവര്‍ക്കുവേണ്ടി ഭക്ഷണവും വസ്ത്രവും മരുന്നുകളും മറ്റും നല്‍കി അവരെ തൃപ്തിപ്പെടുത്തുന്നത് തര്‍പ്പണം. വേദ സംസ്‌കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്‌കാരം അവരില്‍ ഉണ്ടാവുക.

വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം

കേരളത്തിൽ, പാലക്കാട് ജില്ലയിൽപാലക്കാട് നഗരത്തിനടുത്തുള്ളവടക്കന്തറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം.

ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായമഹാവിഷ്ണുഭഗവാൻമുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെതൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭഗവതിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്ക പ്പെടുന്നത്. ഉപദേവത കളായി ഗണപതി, ധന്വന്തരി എന്നിവരും ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ  കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം

ഏകദേശം അറുന്നൂറു വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു വാര്യർ കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണു സാന്നിദ്ധ്യം അനുഭവ പ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തി നടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നത്രേ.

പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. അതിനുമുമ്പ് സമീപ സ്ഥലമായ മേലാമുറിയിലെനടുപ്പതിമന്ദം ക്ഷേത്രത്തിലായിരുന്നു ഭഗവതിപ്രതിഷ്ഠ. ടിപ്പു സുൽത്താന്റെപടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രം തകർക്കപ്പെട്ട പ്പോൾ അവിടത്തെ ഭഗവതിയെ വടക്കന്തറയിലെ പ്രസിദ്ധനായർ കുടുംബമായ തരവത്ത് തറവാട്ടിൽ കൊണ്ടുവരികയും കുറച്ചുകാലം കഴിഞ്ഞ് രാമപുരം ക്ഷേത്രത്തിലെ-അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പിന്നീട് അത്തിമരം നിലനിർത്തിക്കൊണ്ടുതന്നെ ശ്രീകോവിലും പണിതു. അങ്ങനെയാണ് ഭഗവതിക്ഷേത്രമുണ്ടായത്. ഇന്ന് രണ്ടും ഒരുമിച്ചാണ് നടന്നുപോരുന്നത്.

വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രമൈതാനം പരന്നുകിടക്കുന്നു. വാഹനപാർക്കിങ് സൗകര്യവും അവിടെത്തന്നെയാണ്. വിഷ്ണുക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ഭഗവതിക്ഷേത്രമുള്ളത്. വിഷ്ണുനടയ്ക്കുനേരെ കൊടിമരവും ബലിക്കൽപ്പുരയും ആനക്കൊട്ടിലും ഗോപുരവുമെല്ലാം പണിതിട്ടുണ്ട്. ഇവയെല്ലാം താരതമ്യേന പുതിയതാണ്. ഏറെക്കാലം ജീർണ്ണാ വസ്ഥയിലായിരുന്ന ഈ ക്ഷേത്രം 2006-ൽ പുനരുദ്ധരിച്ചിരുന്നു. അതിനുശേഷമാണ് ഇവ പണിതിട്ടുള്ളത്. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്ര മതിലകത്ത് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. രണ്ടുനിലകളോടെ പണിത ക്ഷേത്രഗോപുരം പുതുമ മാറാതെ നിൽക്കുന്നു. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവ ദ്വാഹനമായ ഗരുഡനെശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. തെക്കുഭാഗത്ത് ദേവസ്വം വക വഴിപാട് കൗണ്ടറുകൾ കാണാം.

ആയിറ്റി ഭഗവതി

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുവരും ചങ്ങാതികളായി. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒരേ ദേവിമാരാണെന്നും ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നും മറ്റൊരു അഭിപ്രായമുണ്ട്.

വണ്ണാന്‍ സമുദായ ക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. മുകയരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണ്. ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്.

വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പ മാണുള്ളത്. ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായത്. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു