ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?
വേദങ്ങള്‍ ആരാണ് ഉണ്ടാക്കിയത്? അത് ആര്‍ക്കു വേണ്ടിയാണ്?
ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയാണോ വേദങ്ങള്‍ നിര്‍മ്മിച്ചത്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍..
…………………………………………………………………………………………
ചോ: ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?
ഉ: വേദങ്ങളാണ് നമ്മുടെ അടിസ്ഥാനഗ്രന്ഥം.
ചോ: എന്താണ് വേദം?
ഉ: വേദം എന്ന വാക്കിന് ‘അറിവ്’ എന്നാണര്‍ത്ഥം.
ചോ: ആര്‍ക്കെല്ലാം വേദം പഠിക്കാം? ചില പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കു മാത്രമല്ലേ വേദം പഠിക്കാന്‍ പാടുള്ളൂ?
ഉ: നല്ലവരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേദവിദ്യ പഠിക്കാന്‍ അധികാരമുണ്ട്. യജുര്‍വേദത്തില്‍ 26-ാം അദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രത്തിലെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:
‘യഥേമാം വാചം കല്യാണീമാവദാനീ
ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യാംശൂദ്രായ
ചാര്യായച സ്വായചാരണായച’.
അര്‍ത്ഥം ഇങ്ങനെയാണ്:
‘എല്ലാവര്‍ക്കും നന്മ ചെയ്യുന്ന വേദജ്ഞാനത്തെ ഞാന്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, സ്ത്രീകള്‍, അതിശൂദ്രര്‍ തുടങ്ങി എല്ലാവരുടെയും ഐശ്വര്യത്തിനായി നല്‍കുന്നു.’
ഒരു പ്രത്യേക വര്‍ഗ്ഗത്തിനു മാത്രം പഠിക്കാനുള്ളതല്ല വേദമെന്നര്‍ത്ഥം.
ചോ: എത്ര വേദങ്ങളുണ്ട്? എന്താണ് വേദങ്ങളില്‍ പറഞ്ഞത്?
ഉ: വേദങ്ങള്‍ നാലെണ്ണമാണ് ഉള്ളത്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം. മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും എന്തെല്ലാം ചെയ്താല്‍ കുടുംബം, സമൂഹം, രാജ്യം, ലോകം എന്നിവയ്ക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാകുമെന്നും വേദങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്ങനെ ലോകത്തില്‍ ശാന്തിയും സമാധാനവുമുണ്ടാക്കാം, ഈശ്വരനെ ഏതുരീതിയിലാണ് ഉപാസിക്കേണ്ടത്, ഇത്തരം കാര്യങ്ങളെല്ലാം സുവ്യക്തമായി വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ചോ: വേദങ്ങള്‍ ആരാണ് ഉണ്ടാക്കിയത്? അത് ആര്‍ക്കു വേണ്ടിയാണ്?
ഉ: ഈശ്വരന്‍ എല്ലാ അറിവിന്റേയും ഉറവിടമാണ്. മനുഷ്യന് ശാന്തിയും സമാധാനവും സംതൃപ്തിയും കിട്ടുന്നതിനു വേണ്ടിയുള്ള വഴികള്‍ സൃഷ്ടികര്‍ത്താവായ ഈശ്വരന്റെ വേദങ്ങളിലൂടെ പറഞ്ഞു. ഈശ്വരന്‍ ഈ സൃഷ്ടിയുടെ അമ്മയും അച്ഛനുമാണ്. സ്‌നേഹസമ്പന്നരായ അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ നന്മക്കുവേണ്ടി നല്ല കാര്യങ്ങള്‍ പറഞ്ഞു തരും. നേരായ വഴിയില്‍ നടക്കാന്‍ ശ്രദ്ധാപൂര്‍വ്വം വേണ്ടതു ചെയ്യുകയും ചെയ്യും. അതുപോലെയാണ് ഈശ്വരന്‍ വേദങ്ങളുണ്ടാക്കിയത്.
ചോ: എന്നാണ് ഈശ്വരന്‍ വേദങ്ങള്‍ ഉണ്ടാക്കിയത്?
ഉ: സൃഷ്ടിയുടെ ആദ്യത്തില്‍ തന്നെ വേദങ്ങളും ഉണ്ടായി. എല്ലാവര്‍ക്കും ഗുണകരമായ വേദങ്ങള്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായതാണ്. വയറിനു ഭക്ഷണം, നാക്കിനു ജലം, മൂക്കിനു വായു, കണ്ണിനു വെളിച്ചം മുതലായവ സൃഷ്ടിയുടെ ആദ്യമുണ്ടായതുപോലെ ബുദ്ധിയുടെ വിഷയമായ (ആത്മാവിനും മനസ്സിനും ബുദ്ധിക്കും നേടാനുള്ള) അറിവും നേരത്തെയുണ്ടായിരുന്നു.
ചോ: ഈ വേദം ഈശ്വരന്‍ ആര്‍ക്കാണ് നല്‍കിയത്?
ഉ: വേദം പ്രകാശിപ്പിച്ചത് ഋഷികളിലൂടെയാണ്. പഠിപ്പിക്കാന്‍ ആളില്ലെങ്കില്‍ ആരെ പഠിപ്പിക്കും? അറിവില്ലാതെ എന്തു പഠിക്കും? അറിവുള്ളവര്‍ പറഞ്ഞുതരാതെ മറ്റുള്ളവര്‍
ക്ക് പഠിക്കാനും കഴിയില്ല. ഇതെല്ലാമറിയുന്ന ഈശ്വരന്‍ സൃഷ്ടിയുടെ ആദിയില്‍ നാല് ഋഷിമാരിലൂടെ നാല് വേദങ്ങള്‍ പ്രകാശിപ്പിച്ചു. അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സ് എന്നിവരാണ് ആ ഋഷിമാര്‍.
ചോ: മാറ്റങ്ങള്‍ ഉണ്ടാവുന്നതാണോ ഈശ്വരന്‍ തന്ന അറിവ്?
ഉ: ഇല്ല. ഒരിക്കലും തെറ്റുന്നതല്ല ഈശ്വരീയ നിയമം. ശരിയായ അറിവിന് മാറ്റം വരുത്തേണ്ട ആവശ്യമില്ലല്ലോ
.
ചോ: എന്താണ് വേദത്തിലുള്ളത്?
ഉ: വേദത്തിലുള്ളത് എല്ലാ സത്യവിദ്യകളുടേയും വേരാണ്.
ചോ: ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയാണോ വേദങ്ങള്‍ നിര്‍മ്മിച്ചത്?
ഉ: അല്ല, ഈ ലോകത്തുള്ള സകല മനുഷ്യര്‍ക്കും വേണ്ടിയാണ് വേദം നിര്‍മ്മിച്ചത്. എല്ലാ ജീവികളുടേയും സുഖവും സന്തോഷവും ഐശ്വര്യവും ലക്ഷ്യമാക്കിയാണ് ഈശ്വരന്‍ വേദങ്ങള്‍ മൊഴിഞ്ഞത്. ഈശ്വരന്‍ സകല ലോകങ്ങളുടെയും അച്ഛനും അമ്മയുമാണ്. ഏതെങ്കിലും ദേശത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ മാത്രം പിതാവല്ല ഈശ്വരന്‍.
ചോ: ഉപവേദം, ബ്രാഹ്മണം, വേദാംഗം, ഉപാംഗം, ഉപനിഷത്ത് എന്നിങ്ങനെ പലതിനെപ്പറ്റിയും കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം എന്താണ്?
ഉ: ഒന്നൊന്നായി പറയാം.
ചോ: ശരി. എന്നാല്‍ എന്താണ് ഉപവേദങ്ങള്‍? അവ എത്രയുണ്ട്?
ഉ: നാലെണ്ണമാണ് ഉപവേദങ്ങള്‍. ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വ്വവേദം, അര്‍ത്ഥവേദം എന്നിവ. ആയുര്‍വേദത്തില്‍ ശരീരരക്ഷ, ആരോഗ്യത്തിനുള്ള ഉപാധികള്‍, ഔഷധത്തിന്റെ ഗുണം, രോഗചികിത്സ എന്നിവയെല്ലാം പറഞ്ഞിട്ടുണ്ട്. അഥര്‍വ്വ വേദത്തിന്റെ ഉപവേദമാണ് ആയുര്‍വേദം. ഋഗ്വേദത്തിലും ഔഷധങ്ങളെക്കുറിച്ച് വിവരണമുണ്ട്
ചോ: ഏതൊക്കെയാണ് ആയുര്‍വേദത്തിന്റെ ഗ്രന്ഥങ്ങള്‍?
ഉ: ചരകസംഹിതയും സുശ്രുതസംഹിതയും ഏറെ പ്രശസ്തി നേടിയവയാണ്.
ചോ: ധനുര്‍വേദം എന്നാല്‍ എന്താണ്?
ഉ: യജുര്‍വേദത്തിന്റെ ഉപവേദമാണ് ധനുര്‍വ്വേദം. ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നും അവ എങ്ങനെ നിര്‍മ്മിക്കാമെന്നും വിശദീകരിക്കുകയാണ് ഇതിലെ മുഖ്യ വിഷയം.
ചോ: ഗന്ധര്‍വ്വവേദവും അര്‍ത്ഥവേദവും എന്താണ്?
ഉ: സാമവേദത്തിന്റെ ഉപവേദമാണ് ഗന്ധര്‍വ്വവേദം. സംഗീതമാണ് വിഷയം. അഥര്‍വ്വ വേദത്തിന്റെ ഉപവേദമാണ് അര്‍ത്ഥവേദം.