Sunday, July 28, 2019

പാലാഴി മഥനം

ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഹൈന്ദവ ഗ്രന്ഥങ്ങളോ പുരാണ കഥകളോ കുട്ടികൾക്ക് ശരിയായ വിധത്തിൽ  പറഞ്ഞു കൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഒരമ്മ, സായാഹ്നവേളയിൽ മക്കളുമൊത്ത് പാർക്കിൽ വിശ്രമിക്കവേ തന്‍റെ മക്കൾക്ക് പാലാഴി മഥനം കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ദേവന്മാർക്ക് ശാപമോക്ഷം കിട്ടണമെങ്കിൽ  പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും.? അതിന് കടകോലായി ഒരു വലിയ പർവ്വതത്തെ കൊണ്ടു വന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാർ പാമ്പിന്‍റെ തലഭാഗവും, ദേവന്മാർ വാലും പിടിച്ച് കടയാൻ  തുടങ്ങി. പെട്ടെന്ന് കടകോലായ പർവ്വതം സമുദ്രത്തിൽ മുങ്ങിപ്പോയി. അപ്പോഴാണ് മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത് പർവ്വത്തെ ഉയർത്തുന്നത്. വീണ്ടും കടയാൻ  തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയിൽ  നിന്ന് ഓരോരോ സാധനങ്ങൾ പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

അമ്മ പറഞ്ഞു. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി  സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാൽ ധ്യാനിക്കുക എന്നാണ് അർത്ഥം.
അങ്ങനെ ധ്യാനത്തിന്‍റെ പൂർണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ?

മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ!! നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.

അപ്പോ കടയുന്നതിനിടക്ക് പർവ്വതം താഴ്ന്നു പോയി എന്നു പറഞ്ഞാലെന്താണർത്ഥം?

അമ്മ ചോദിച്ചു.
"വിവേകം താഴ്ന്നു പോയി". കുട്ടികൾ പറഞ്ഞു.
അതെ. ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയിൽ പെട്ട് നമ്മുടെ വിവേകം താഴ്ന്നു പോയി. അപ്പോൾ ഭഗവാൻ  കൂർമ്മ അവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനർത്ഥം.?
ബോധം ഉണർന്ന് വീണ്ടും പഴയ തലത്തിലേക്ക് വിവേകത്തെ ഉയർത്തിക്കൊണ്ട് വരണം.

അപ്പോൾ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലെ.?
ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കിൽ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കിൽ ദൈവം എന്നൊക്കെ വിളിക്കുന്നത്.

ബോധം കൂർമ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂർമ്മം എന്നാൽ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ? അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാൽ, കാമ-മോഹ-ലോഭങ്ങൾക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയർത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാൻ  കൂർമ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്. അങ്ങനെ വിവേകം വീണ്ടും ഉയർന്ന് ധ്യാനം തുടർന്നാൽ ആദ്യം മൂധേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനർത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാര വിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂധേവി. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആർത്തികളും, പുറത്ത് പോകും. എന്നാൽ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങൾ നമ്മുടെ ബോധത്തിലെത്തും.

വീണ്ടും ധ്യാനം തുടരുമ്പോൾ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാൽ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.

ആ അമൃത് കുടിച്ചവർക്ക് പിന്നെ വാർ‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ. പാലാഴി മഥനം വെറും കഥയാണോ!  എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂർവ്വികരായ ഋഷിവര്യന്മാർ ഈ കഥയിലൂടെ പറയുന്നത്.

ന ദുര്‍ജ്ജനഃ സാധുദശാമുപൈതി

ന ദുര്‍ജ്ജനഃ സാധുദശാമുപൈതി
ബഹുപ്രകാരൈരപി ശിക്ഷ്യമാണഃ
ആമൂലസിക്തഃ പയസാ ഘൃതേന
ന നിംബവൃക്ഷോ മധുരത്വമേതി🌹

⚜⚜⚜⚜⚜⚜⚜⚜⚜

🌷വേപ്പ് നട്ട് പാലും തൈരും നനച്ചാല്‍ വേപ്പിലയുടെ കയ്പ് ഇല്ലാതാവില്ല, ദുഷ്ടന്‍‌മാരോട് എത്ര വേദം ഉപദേശിച്ചാലും ഫലമില്ല.
നാം ചെയ്യുന്ന കർമ്മങ്ങലിലൂടെയാണ് നാം വിലയിരുത്തപ്പെടുന്നത്. ദുഷ്കർമ്മം ചെയ്യുന്നവരെ ഉപദേശിച്ചിട്ടും കാര്യമുണ്ടായെന്ന് വരില്ല. അവരുടെ കർമ്മത്തിന്റെ കയ്പ് ഫലം എത്ര മാച്ചാലും മായുകയുമില്ല. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ്‌ മനസ്സ്‌. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്‌
⚜⚜⚜⚜⚜⚜⚜⚜⚜

സമ്പത്താണ്‌ സന്തോഷത്തിന്റെ താക്കോൽ എന്ന ചിന്ത ഒഴിവാക്കുക.., സമ്പത്തുള്ള പലർക്കും സന്തോഷമുണ്ടാകണമെന്നില്ല.., അത്‌പോലെ സന്തോഷമുള്ള പലർക്കും സമ്പത്തും ഉണ്ടാകണമെന്നില്ല...

⚜⚜⚜⚜⚜⚜⚜⚜⚜

നേർവഴിയിൽ സമ്പാദിച്ചവ മാത്രമേ പരസ്യമാക്കാൻ കഴിയൂ, അതു സമ്പത്താണെങ്കിലും സന്തോഷമാണെങ്കിലും.., ബന്ധങ്ങൾ നഷ്‌ടപ്പെടുത്തി സമ്പാദ്യം ഉണ്ടാക്കുന്നവർക്കും, ഉള്ളതു വിറ്റുപെറുക്കി പദവികളിൽ എത്തുന്നവർക്കും സന്തോഷമുണ്ടാകണമെന്നില്ല.

⚜⚜⚜⚜⚜⚜⚜⚜⚜

വാരിയെടുത്ത മുത്തുകളെക്കാൾ വാരിവിതറിയ വിത്തുകളാകും ആയുസ്സിന്റെ തുടർച്ചയും സ്ഥിരതയും തീരുമാനിക്കുന്നത്.., ഒന്നിനെയും അധികം ആശ്ലേഷിക്കാതിരുന്നാൽ ആനന്ദപൂർണമാകും നിമിഷങ്ങൾ..

⚜⚜⚜⚜⚜⚜⚜⚜⚜

.ബന്ധങ്ങൾ തുടങ്ങുന്നത് മറ്റുള്ളവരുമായുള്ള ഇടപെടലിലും, അത്‌ തുടരുന്നത് വിശ്വാസത്തിലുമാണ്.., ആരെയും വിശ്വാസമില്ലാത്തവർക്ക് തന്നിലും വിശ്വാസമുണ്ടാകില്ല, ആരുടെയും വിശ്വാസം കാത്തുസൂക്ഷിക്കാത്തവർക്ക് സ്വയം വിശ്വസിപ്പിക്കാനും കഴിയില്ല..

⚜⚜⚜⚜⚜⚜⚜⚜⚜


വേദത്തിലുള്ളത് എന്ത്?


ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?
വേദങ്ങള്‍ ആരാണ് ഉണ്ടാക്കിയത്? അത് ആര്‍ക്കു വേണ്ടിയാണ്?
ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയാണോ വേദങ്ങള്‍ നിര്‍മ്മിച്ചത്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍..
…………………………………………………………………………………………

ചോ: ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?
ഉ: വേദങ്ങളാണ് നമ്മുടെ അടിസ്ഥാനഗ്രന്ഥം.

ചോ: എന്താണ് വേദം?
ഉ: വേദം എന്ന വാക്കിന് ‘അറിവ്’ എന്നാണര്‍ത്ഥം.

ചോ: ആര്‍ക്കെല്ലാം വേദം പഠിക്കാം? ചില പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കു മാത്രമല്ലേ വേദം പഠിക്കാന്‍ പാടുള്ളൂ?
ഉ: നല്ലവരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേദവിദ്യ പഠിക്കാന്‍ അധികാരമുണ്ട്. യജുര്‍വേദത്തില്‍ 26-ാം അദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രത്തിലെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:
‘യഥേമാം വാചം കല്യാണീമാവദാനീ
ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യാംശൂദ്രായ
ചാര്യായച സ്വായചാരണായച’.
അര്‍ത്ഥം ഇങ്ങനെയാണ്:
‘എല്ലാവര്‍ക്കും നന്മ ചെയ്യുന്ന വേദജ്ഞാനത്തെ ഞാന്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, സ്ത്രീകള്‍, അതിശൂദ്രര്‍ തുടങ്ങി എല്ലാവരുടെയും ഐശ്വര്യത്തിനായി നല്‍കുന്നു.’
ഒരു പ്രത്യേക വര്‍ഗ്ഗത്തിനു മാത്രം പഠിക്കാനുള്ളതല്ല വേദമെന്നര്‍ത്ഥം.

ചോ: എത്ര വേദങ്ങളുണ്ട്? എന്താണ് വേദങ്ങളില്‍ പറഞ്ഞത്?
ഉ: വേദങ്ങള്‍ നാലെണ്ണമാണ് ഉള്ളത്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം. മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും എന്തെല്ലാം ചെയ്താല്‍ കുടുംബം, സമൂഹം, രാജ്യം, ലോകം എന്നിവയ്ക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാകുമെന്നും വേദങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്ങനെ ലോകത്തില്‍ ശാന്തിയും സമാധാനവുമുണ്ടാക്കാം, ഈശ്വരനെ ഏതുരീതിയിലാണ് ഉപാസിക്കേണ്ടത്, ഇത്തരം കാര്യങ്ങളെല്ലാം സുവ്യക്തമായി വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ചോ: വേദങ്ങള്‍ ആരാണ് ഉണ്ടാക്കിയത്? അത് ആര്‍ക്കു വേണ്ടിയാണ്?
ഉ: ഈശ്വരന്‍ എല്ലാ അറിവിന്റേയും ഉറവിടമാണ്. മനുഷ്യന് ശാന്തിയും സമാധാനവും സംതൃപ്തിയും കിട്ടുന്നതിനു വേണ്ടിയുള്ള വഴികള്‍ സൃഷ്ടികര്‍ത്താവായ ഈശ്വരന്റെ വേദങ്ങളിലൂടെ പറഞ്ഞു. ഈശ്വരന്‍ ഈ സൃഷ്ടിയുടെ അമ്മയും അച്ഛനുമാണ്. സ്‌നേഹസമ്പന്നരായ അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ നന്മക്കുവേണ്ടി നല്ല കാര്യങ്ങള്‍ പറഞ്ഞു തരും. നേരായ വഴിയില്‍ നടക്കാന്‍ ശ്രദ്ധാപൂര്‍വ്വം വേണ്ടതു ചെയ്യുകയും ചെയ്യും. അതുപോലെയാണ് ഈശ്വരന്‍ വേദങ്ങളുണ്ടാക്കിയത്.

ചോ: എന്നാണ് ഈശ്വരന്‍ വേദങ്ങള്‍ ഉണ്ടാക്കിയത്?
ഉ: സൃഷ്ടിയുടെ ആദ്യത്തില്‍ തന്നെ വേദങ്ങളും ഉണ്ടായി. എല്ലാവര്‍ക്കും ഗുണകരമായ വേദങ്ങള്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായതാണ്. വയറിനു ഭക്ഷണം, നാക്കിനു ജലം, മൂക്കിനു വായു, കണ്ണിനു വെളിച്ചം മുതലായവ സൃഷ്ടിയുടെ ആദ്യമുണ്ടായതുപോലെ ബുദ്ധിയുടെ വിഷയമായ (ആത്മാവിനും മനസ്സിനും ബുദ്ധിക്കും നേടാനുള്ള) അറിവും നേരത്തെയുണ്ടായിരുന്നു.

ചോ: ഈ വേദം ഈശ്വരന്‍ ആര്‍ക്കാണ് നല്‍കിയത്?
ഉ: വേദം പ്രകാശിപ്പിച്ചത് ഋഷികളിലൂടെയാണ്. പഠിപ്പിക്കാന്‍ ആളില്ലെങ്കില്‍ ആരെ പഠിപ്പിക്കും? അറിവില്ലാതെ എന്തു പഠിക്കും? അറിവുള്ളവര്‍ പറഞ്ഞുതരാതെ മറ്റുള്ളവര്‍
ക്ക് പഠിക്കാനും കഴിയില്ല. ഇതെല്ലാമറിയുന്ന ഈശ്വരന്‍ സൃഷ്ടിയുടെ ആദിയില്‍ നാല് ഋഷിമാരിലൂടെ നാല് വേദങ്ങള്‍ പ്രകാശിപ്പിച്ചു. അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സ് എന്നിവരാണ് ആ ഋഷിമാര്‍.

ചോ: മാറ്റങ്ങള്‍ ഉണ്ടാവുന്നതാണോ ഈശ്വരന്‍ തന്ന അറിവ്?
ഉ: ഇല്ല. ഒരിക്കലും തെറ്റുന്നതല്ല ഈശ്വരീയ നിയമം. ശരിയായ അറിവിന് മാറ്റം വരുത്തേണ്ട ആവശ്യമില്ലല്ലോ
.
ചോ: എന്താണ് വേദത്തിലുള്ളത്?
ഉ: വേദത്തിലുള്ളത് എല്ലാ സത്യവിദ്യകളുടേയും വേരാണ്.

ചോ: ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയാണോ വേദങ്ങള്‍ നിര്‍മ്മിച്ചത്?
ഉ: അല്ല, ഈ ലോകത്തുള്ള സകല മനുഷ്യര്‍ക്കും വേണ്ടിയാണ് വേദം നിര്‍മ്മിച്ചത്. എല്ലാ ജീവികളുടേയും സുഖവും സന്തോഷവും ഐശ്വര്യവും ലക്ഷ്യമാക്കിയാണ് ഈശ്വരന്‍ വേദങ്ങള്‍ മൊഴിഞ്ഞത്. ഈശ്വരന്‍ സകല ലോകങ്ങളുടെയും അച്ഛനും അമ്മയുമാണ്. ഏതെങ്കിലും ദേശത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ മാത്രം പിതാവല്ല ഈശ്വരന്‍.

ചോ: ഉപവേദം, ബ്രാഹ്മണം, വേദാംഗം, ഉപാംഗം, ഉപനിഷത്ത് എന്നിങ്ങനെ പലതിനെപ്പറ്റിയും കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം എന്താണ്?
ഉ: ഒന്നൊന്നായി പറയാം.

ചോ: ശരി. എന്നാല്‍ എന്താണ് ഉപവേദങ്ങള്‍? അവ എത്രയുണ്ട്?
ഉ: നാലെണ്ണമാണ് ഉപവേദങ്ങള്‍. ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വ്വവേദം, അര്‍ത്ഥവേദം എന്നിവ. ആയുര്‍വേദത്തില്‍ ശരീരരക്ഷ, ആരോഗ്യത്തിനുള്ള ഉപാധികള്‍, ഔഷധത്തിന്റെ ഗുണം, രോഗചികിത്സ എന്നിവയെല്ലാം പറഞ്ഞിട്ടുണ്ട്. അഥര്‍വ്വ വേദത്തിന്റെ ഉപവേദമാണ് ആയുര്‍വേദം. ഋഗ്വേദത്തിലും ഔഷധങ്ങളെക്കുറിച്ച് വിവരണമുണ്ട്

ചോ: ഏതൊക്കെയാണ് ആയുര്‍വേദത്തിന്റെ ഗ്രന്ഥങ്ങള്‍?
ഉ: ചരകസംഹിതയും സുശ്രുതസംഹിതയും ഏറെ പ്രശസ്തി നേടിയവയാണ്.

ചോ: ധനുര്‍വേദം എന്നാല്‍ എന്താണ്?
ഉ: യജുര്‍വേദത്തിന്റെ ഉപവേദമാണ് ധനുര്‍വ്വേദം. ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നും അവ എങ്ങനെ നിര്‍മ്മിക്കാമെന്നും വിശദീകരിക്കുകയാണ് ഇതിലെ മുഖ്യ വിഷയം.

ചോ: ഗന്ധര്‍വ്വവേദവും അര്‍ത്ഥവേദവും എന്താണ്?
ഉ: സാമവേദത്തിന്റെ ഉപവേദമാണ് ഗന്ധര്‍വ്വവേദം. സംഗീതമാണ് വിഷയം. അഥര്‍വ്വ വേദത്തിന്റെ ഉപവേദമാണ് അര്‍ത്ഥവേദം.

അഗ്നി പുരാണം

ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ  വിജ്ഞാന സ്രോതസ്സ് , ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

" അഗ്നിമീളേ പുരോഹിത
 യജ്ഞസ്യ ദേവമൃത്വിജം |
 ഹോതാരം രത്നധാതമം ||* "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു.

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ്" എന്ന്. അഗ്നിക്ക് സനാതനധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. അഗ്നി പ്രത്യക്ഷ ദൈവമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. അതുപോലെത്തന്നെ അഷ്ടദിക്പാലകരില്‍അഗ്നിയെ തെക്ക് കിഴക്കേ ദിക്കിന്‍റെ അധിപനായി കണക്കാക്കുന്നു. വാസ്തുശാസത്രത്തില്‍ ഇതിനെ അഗ്നിമൂല എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ?

അഗ്നി ബ്രഹ്മാവിന്‍റെ മൂത്ത പുത്രനായി പുരാണങ്ങള്‍ പറയുന്നു. ബ്രഹ്മാവെന്നത് സൃഷ്ടി. സൃഷ്ടിയുടെ മൂത്ത പുത്രനെന്നു പറയുന്നതിനര്‍ത്ഥം ആദ്യമായി ഉണ്ടായത് അഗ്നിയാണ് എന്നാണ്. അഗ്നിയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്ന് സാരം.

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്.

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു.

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്?

അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു.

സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല.

രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് "വിളക്ക് കൊളുത്തി" സമര്‍പ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം.

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. "അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ" എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. 

നാലമ്പല ദര്‍ശനപുണ്യം

ഐതിഹ്യവും വിശ്വാസവും

ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു.
ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല യാത്ര.
രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യ ശംഖാണ് ഭരതന്‍,  ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

തൃപ്രയാറില്‍ തുടങ്ങണം

പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ തേവര്‍ ഉണരും. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. നാലുമണിക്കു തന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു.
ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍ സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം.  തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം.

കൂടല്‍മാണിക്യത്തില്‍ ഭരതന്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം.
ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെയ്ക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.
 വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്  ക്ഷേത്രത്തില്‍. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം.
ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

മൂഴിക്കുളത്താണ് ലക്ഷ്മണന്‍

ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി.
മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.  നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. കിഴക്കേ നടയില്‍ വലിയമ്പലത്തില്‍ കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തു കൂടി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക.
തെക്കേ നടയില്‍ശ്രീഗണപതി,ദക്ഷിണാമൂര്‍ത്തി,ശ്രീരാമ,സീത,ഹനുമാന്‍മാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക.
പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയില്‍ വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗം വഴി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്..

പായമ്മല്‍ ശത്രുഘ്‌ന സന്നിധി

ഇനി ശത്രുഘ്‌ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്.  അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്ന് വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റര്‍ കൂടി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  ഒരു 800 മീറ്റര്‍ കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.
 കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യവുമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്.  ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
http://sreegarudatravels.com
+919947207573