Sunday, July 28, 2019

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ .

ഹൈന്ദവ വിശ്വാസികൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കർത്തവ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവർ) അങ്ങനെയായിരുന്നല്ലോ. താൻ മറ്റുള്ളവരെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത്. അതായത് മനുഷ്യൻ അവനവന്റെ കർത്തവ്യങ്ങൾ അപ്പോഴപ്പോൾ ചെയ്തു തീർക്കേണ്ടത് ചെയ്തു തീർക്കുക തന്നെ വേണം. മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

1) മനുഷ്യ ജന്മം ആരംഭഘട്ടമാണ്. പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. ജീവാത്മാവ് പഞ്ചഭൂത നിർമ്മിതമായ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ശരീരത്തിൽ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകർന്നും, മാതൃപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാ ബന്ധുജനങ്ങളുടെ ലാളനചുംബനാദികൾക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തിൽ വളർന്ന് സജ്ജനങ്ങളുടെ സത്സംഗത്തിൽ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വര സാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കർത്തവ്യം ഇവിടെ നിന്നും ആരംഭിക്കുന്നു.

4) യവ്വനം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമ മാര്ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും അതോടോപ്പോം ഒരു അച്ഛന്റെ കർത്തവ്യവും ഇതിൽക്കൂടി നിർവ്വഹിക്കാൻ ബാധ്യസ്ഥനാണ്.

5) ഈ നാലു 'പടികളും' കഴിഞ്ഞാൽ ഇനിയുള്ളതു ഈശ്വര സാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാർഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle). എന്ന് വച്ചാൽ കടലിൽ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയിൽ  പതിച്ചു നദികളിൽ കൂടിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാൻ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മ ചൈതന്യത്തിൽ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം ഭൂമിയിൽ മലർത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യിൽ ദഹിപ്പിക്കുന്നതും, 'വായു'വിൽ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാൽ മാത്രമെ മനുഷ്യ ജന്മ്ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തിൽ പറയുന്നു 'ജീവാത്മാവ് പരം ധാമിൽ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ് എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തിൽ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലിൽ ആറു പൂരകങ്ങൾ ഉണ്ടന്നാണ്. അവയെ ഉണർത്തുമ്പോൾ ആത്മബോധം ഉണ്ടാകുകയും ഉണർവ്വ് സഹസ്രാര പത്മത്തിലെത്തുകയും അതോടെ ജീവന്മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്
" പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ! എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികൾ (ഇശ്ചാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി) കൊണ്ട് വശം വദയാക്കുമ്പോൾ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്. ഞാൻ നീയും നീ ഞാനുമാണ്)

വിഗ്രഹാരധന

വിഗ്രഹാരധന എന്നത് കേവലം ചില രൂപങ്ങളെയൊ ബിംബങ്ങളെയോ ആരാധിക്കുക എന്നത് മാത്രമല്ല.വാസ്തവത്തില്‍  വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ്  ദര്‍ശിക്കുന്നത്.
നമ്മുടെ താത്പര്യങ്ങൾ ചിലപ്പോൾവിഗ്രഹങ്ങളായേക്കാം.പ്രകൃതിയില്‍ എന്തിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം.കല്ലോ മരമോ അഗ്നിയോ വെള്ളമോ സൂര്യനോ മണ്ണോ കരിയോ എന്തുമാവാം.
ഈശ്വരനില്‍ എത്തിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന മാര്‍ഗം എതെന്നല്ല അതില്‍ നാം എത്ര ശ്രദ്ധാലുക്കര്‍ ആണെന്നാണു നോക്കേണ്ടത്. ഈശ്വരനെന്ന പൂട്ട്‌ തുറക്കാനുള്ള ഒരു താക്കോല്‍ മാത്രമാണ് ക്ഷേത്രം. മനുഷ്യവബോധത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിച്ചതാണ് അത്.ഉച്ചരിക്കുന്ന മന്ത്രത്തിനെ പ്രധിധ്വനിപിച്ചു മറ്റു ചിന്തകളില്‍ നിന്നും വിടുവിച്ചു പരിസരം ശബ്ദപൂരിതമാക്കി മനസ്സിനെ എകാഗ്രതയിലേക്ക് നയിക്കുന്നതാണ് ക്ഷേത്രം. പണ്ടൊക്കെ ഈശ്വര സാക്ഷാത് കാരത്തിനയിരുന്നു ക്ഷേത്രത്തില്‍ പോയിരുന്നത് എന്നാല്‍ നാം ഇന്ന് ക്ഷേത്രത്തില്‍ പോകുന്നത് കുറുക്കു വഴികള്‍ കണ്ടുപിടിക്കുവാനും വിലപേശാനും മറ്റുമാണ്.
ഏതെങ്കിലും ഭാവത്തില്‍( (വിഗ്രഹത്തില്‍ ) ഈശ്വരനെ ആരാധിക്കുന്നത് സഗുണ ആരാധനയാണ്.
മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്.
എല്ലാവരും ആരാധന നടത്തുന്നത് മനസ്സിലെ ഒരു സങ്കല്പത്തിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ദേശീയ പതാകയില്‍ നാം ദേശത്തെ ഉള്‍ക്കൊള്ളിക്കുന്നു, കൊടിയില്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളിക്കുന്നു, പ്രാര്‍ത്ഥനക്ക്‌ പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങള്‍ക്ക് പകരം രക്തസാക്ഷി മണ്ഡപങ്ങളും ഉടെലെടുക്കുന്നു. ക്ഷേത്രങ് ളോ പള്ളികളോ നശിച്ചാലെന്താ എന്ന് ചിന്തിക്കുന്നവര്‍ കൊടി കീറിയാല്‍ എന്താ തുണിയില്ലേ എന്ന് ചിന്തിക്കുന്നില്ല.
ഗാന്ധിയുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരും അറീഞ്ഞോ അറിയാതെയോ ആ വിഗ്രഹത്തെ പ്രണമിക്കുകയാനു . ദൈവ നിഷേധികളും യുക്തിവാദികളും നിരീശ്വരവിശ്വാസികളുമൊക്കെ അവരുടെ രഷ്ട്രീയ ‘ദൈവങ്ങളുടെ‘ ചിത്രങ്ങളും മൂർത്തികളും - statues- ഉണ്ടാക്കി പുഷ്പാർച്ചന നടത്തുന്നുണ്ട്. അതും ഒരു വിധത്തിൽ വിഗ്രഹാരാധന തന്നെ.
കാണുന്നതിനെ വിശ്വസിക്കുനതിനു യുക്തി വേണ്ട. കാണുന്നതിലൂടെ കാണാത്തതിനെ അറിയാനാണ് യുക്തിവേണ്ടത്. ഈശ്വര പ്രേമം സഗുണമായോ നിര്‍ഗുണമായോ ചെയ്യാം. ഈശ്വര സാക്ഷാത്കാരത്തിനു ക്ഷേത്രമോ സങ്കേതമോ ആവശ്യമില്ല അത് ഉപയോഗിച്ചാലും ഒരു കുഴപ്പവും ഇല്ല. ഇവ തമ്മില്‍ യാതൊരു സങ്കര്‍ഷവും ഇല്ല. രണ്ടും ശ്രേഷ്ടമാണ്.
ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നു . ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു . അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.
നമ്മളുടെ ശരീരമാണ് ക്ഷേത്രം. അയഥാര്‍ത്ത്യങ്ങളുമായി താതാത്മ്യം പ്രാപിക്കാതെ കാപട്യമില്ലാതെ സത്യസന്ധമായി ജീവിക്കുന്നവനാണ് ഭക്തന്‍. നമ്മളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് എങ്ങനെയുന്നു നോക്കിയാല്‍ മതി നമ്മള്‍ എങ്ങനെ എന്നു അറിയാന്‍.
വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും സനാതന ധര്‍മത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്.  സനാതന ധര്‍മത്തില്‍  ഭക്തന്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.
പലപ്പോഴും നാമെല്ലാം മതമെന്ന വലിയ ഒരു കെട്ടില്‍ പിണഞ്ഞു കിടക്കുകയാണ്. മതം മനുഷ്യനെ നന്മയിലേക്ക് വഴി നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്. മത മേധാവികള്‍ എപ്പൊഴും നമ്മെ ആ കുരുക്കില്‍ വരിഞ്ഞു മുറുക്കി തന്നെയിടും. മതങ്ങള്ക്കുവേണ്ടി മരിക്കാനും കൊല്ലുവാനും മനുഷ്യര്‍ വളരെ ഒരുക്കമാണ് മതങ്ങള്‍ പഠിപ്പിക്കുന്നപോലെ ജീവിക്കാന്‍ ആരും തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ എന്താണ് മതങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് ആരായുവാനുള്ള മനസ്സും ആരും കാണിക്കാറില്ല. ചോദ്യങ്ങള്‍ ചോദിക്കുവാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഭയമുണ്ടാകുന്നത് അറിവില്ലാത്തതുകൊണ്ടാണ്

ഊർമ്മിള

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവാസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി. എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. തന്റെ പതിയെ കണ്ടിട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്ല. പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു. വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിലുള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.

രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാ പുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇതെന്ന് ലക്ഷ്മണൻ സംശയിച്ചു. രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വെയ്ക്കുന്നു. ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടിയെഴുന്നേറ്റു. രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു. "രാമദേവാ അങ്ങെന്താണ് ഈ ചെയ്തത്..? എല്ലാവരാലും പൂജിയ്ക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽതൊട്ടു വന്ദിയ്ക്കുന്നോ..?" രാമൻ പറഞ്ഞു. "ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തി ആണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്. ഈ പാദത്തിൽ നമിയ്ക്കാൻ മാത്രമേ എനിയ്ക്ക് സാധിയ്‌ക്കുകയുള്ളൂ. ഭവതിയുടെ ത്യാഗം ഒന്നുകൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തുതീർക്കാനായത്. ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നു എങ്കിൽ ലക്ഷ്മണന് ഇത്ര നന്നായി എന്നെ പരിപാലിയ്ക്കാൻ കഴിയില്ലായിരുന്നു. മാത്രമല്ല ദേവി ഇവിടെ ഉള്ളതു കൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളുമെന്ന സമാധാനവും എനിയ്ക്ക് ഉണ്ടായി. ഏതു കർമ്മവും കൃത്യനിഷ്ഠയോടും സമാധാനത്തോടും നിർവ്വഹിയ്ക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം. എല്ലാം മനസ്സിലാക്കി വേണ്ടതുപോലെ ഗൃഹം പരിപാലിയ്ക്കാൻ ഉത്തമയായ ഗൃഹസ്ഥയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ. ഇതുകൊണ്ടെല്ലാം ആണ്‌ ഞാൻ ദേവിയെ നമിച്ചത്. പകൽ സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിയ്ക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്..."

ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു. "ശ്രീരാമചന്ദ്ര പ്രഭോ അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിയ്ക്കിതെല്ലാം സാദ്ധ്യമായത്. വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹദു:ഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല. എന്നാൽ ദേവാ ആ സമയത്തും അങ്ങെന്റെ അടുത്തെത്തി എന്നെ സമാധാനിപ്പിച്ചു. അപ്പോൾ ഞാൻ അങ്ങയോടൊരു വരം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിയ്ക്കുന്നു എന്ന വിഷമം എനിയ്ക്കുണ്ടാവരുത്. സദാ പതിയോടുകൂടി സന്തോഷത്തോടെ ഇരിയ്ക്കുന്ന അനുഭവത്തെ എനിയ്ക്ക് വരമായി തരണമെന്ന്. അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വകർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ഠിയ്ക്കാൻ പ്രപ്തയാക്കിയത്. "പതിയോടുകൂടി ആനന്ദത്തോടെ ഇരിയ്ക്കുന്ന പതിവ്രതയായ പത്നിയ്ക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ." ഇതെല്ലാം കേട്ടുനിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 അണുകുടുംബങ്ങളിലേയ്ക്ക് ഒതുങ്ങുന്ന ഇന്നത്തെ തലമുറ അത്യാവശ്യം വായിയ്ക്കേണ്ട ഒരു കഥയാണ് ഇത്. സഹോദരങ്ങളുടെ ഇടയിൽ മാത്സര്യം വരുന്ന ഈ കലിയുഗത്തിൽ വളരെ പ്രസക്തമാണ് ഈ കഥ .

എന്താണ് ശ്രീ

ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പം പലപ്പോഴും '' ശ്രീ " എന്ന്‍ ചേർക്കാറുണ്ട്.

ഹൈന്ദവ ആചാര പ്രകാരം ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു. ''ശ ,ര ,ഈ " ഇവ മൂന്നും ചേർന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌. ഇവ യഥാക്രമം ആത്മാവ്, പ്രകൃതി, ജീവൻ എന്നിവയെ അർത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദിശക്തിയാണെന്ന് ഗണിക്കുന്നു. ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയിൽ നിന്നും ആണെന്ന് ഗണിക്കപ്പെടുന്നു. സകല ചാരാചരങ്ങളും സകലലോകങ്ങളും രൂപം കൊണ്ടത്‌ ഇതിൽ നിന്നാണെന്നും ഒരു വാദം.!
                     
തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കിൽ അത്  ഐശ്വര്യദായകമാണെന്ന് കരുതപ്പെടുന്നു. മാത്രമല്ല ഏതൊരു നാമരൂപതിനും പൂർണ്ണത വരണമെങ്കിൽ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ. അത് പൂർ‍ത്തീകരിക്കാനാണ് ശ്രീ എന്ന പദം ഏതൊരു നാമത്തിന്റെ മുന്നിലും ചേർക്കുന്നത്. അപ്പോഴേ ഈശ്വരനായാലും, രാജാവായാലും പൂർണ്ണത കൈവരികയുള്ളൂ. അതായത് ശ്രീ എന്നതു ദേവി രൂപം അല്ലെങ്കിൽ സ്ത്രീ ലിംഗമായ മൂല പ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂർണ്ണത വരികയുള്ളൂ. അത് ഐശ്വര്യ ദായകവുമാണ്.

ഈശ്വരൻ ആണെങ്കിൽ പോലും ശ്രീ എന്ന്‍ ചേർത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ.

ഉദാഹരണം: ശ്രീരാമൻ, ശ്രീകൃഷ്ണൻ അങ്ങനെ. അപ്പോൾ ദൈവങ്ങൾക്ക് പോലും ശക്തി വരണമെങ്കിൽ അല്ലെങ്കിൽ ഐശ്വര്യം വരണമെങ്കിൽ ശ്രീ എന്ന്‍ മുൻപിൽ ചേർക്കണം. ഐശ്വര്യമില്ലാത്ത ദൈവത്തിനെ ആരും പ്രാർത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്. സ്ത്രീയും, പുരുഷനും ചേരാതെ പൂർണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!
           
ഒരു വ്യക്തിയെ പൂർണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ്. നാമം, രൂപം, സ്ഥാനം, ഗുണം, സ്വഭാവം. എന്നിങ്ങനെ അഞ്ചു കാര്യങ്ങൾ. അതിൽ നാമം പ്രധാനമത്രേ. ഞാൻ  എന്ന്‍ വേർതിരിച്ചു അല്ലെങ്കിൽ ഇന്നയാൾ എന്ന് വേർതിരിച്ചു പറഞ്ഞത് കൊണ്ട് പൂർത്തീകരണം വരുന്നില്ല. അത് പ്രകൃതി നിയമമാണ്. നാമ രൂപാദികൾ ആത്മാവിന്റെ അല്ല പ്രകൃതിയുടെതാണ്. അത് കൊണ്ട് ഒറ്റയായി നിൽക്കുന്ന നാമ രൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേർക്കുന്നത്.
                 
എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്. അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ്. അല്ലെങ്കിൽ പരമമായ ദേവീ ശക്തിക്കാണ്. അതില്ലെങ്കിൽ പൂർണ്ണതയില്ല. മാതാപിതാക്കൾ, രാധാ മാധവൻ, ഗൌരീ ശങ്കരൻ, സീതാരാമൻ അങ്ങനെ ഉദാഹരണങ്ങൾ. പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു. പുരുഷ നാമധേയതോടൊപ്പം ദേവീ ശക്തി അല്ലെങ്കിൽ സ്ത്രീ ശക്തി കൂടി ചേർന്നാലേ അത് പൂർണ്ണമാകൂ. അത് പ്രകൃതി നിയമമാണ്.!

ഹിന്ദുധർമ്മത്തിലെ ദൈവ സങ്കല്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു "ശ്രീ" എന്ന നാമ രൂപം.

പാലാഴി മഥനം

ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഹൈന്ദവ ഗ്രന്ഥങ്ങളോ പുരാണ കഥകളോ കുട്ടികൾക്ക് ശരിയായ വിധത്തിൽ  പറഞ്ഞു കൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഒരമ്മ, സായാഹ്നവേളയിൽ മക്കളുമൊത്ത് പാർക്കിൽ വിശ്രമിക്കവേ തന്‍റെ മക്കൾക്ക് പാലാഴി മഥനം കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ദേവന്മാർക്ക് ശാപമോക്ഷം കിട്ടണമെങ്കിൽ  പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും.? അതിന് കടകോലായി ഒരു വലിയ പർവ്വതത്തെ കൊണ്ടു വന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാർ പാമ്പിന്‍റെ തലഭാഗവും, ദേവന്മാർ വാലും പിടിച്ച് കടയാൻ  തുടങ്ങി. പെട്ടെന്ന് കടകോലായ പർവ്വതം സമുദ്രത്തിൽ മുങ്ങിപ്പോയി. അപ്പോഴാണ് മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത് പർവ്വത്തെ ഉയർത്തുന്നത്. വീണ്ടും കടയാൻ  തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയിൽ  നിന്ന് ഓരോരോ സാധനങ്ങൾ പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

അമ്മ പറഞ്ഞു. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി  സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാൽ ധ്യാനിക്കുക എന്നാണ് അർത്ഥം.
അങ്ങനെ ധ്യാനത്തിന്‍റെ പൂർണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ?

മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ!! നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.

അപ്പോ കടയുന്നതിനിടക്ക് പർവ്വതം താഴ്ന്നു പോയി എന്നു പറഞ്ഞാലെന്താണർത്ഥം?

അമ്മ ചോദിച്ചു.
"വിവേകം താഴ്ന്നു പോയി". കുട്ടികൾ പറഞ്ഞു.
അതെ. ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയിൽ പെട്ട് നമ്മുടെ വിവേകം താഴ്ന്നു പോയി. അപ്പോൾ ഭഗവാൻ  കൂർമ്മ അവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനർത്ഥം.?
ബോധം ഉണർന്ന് വീണ്ടും പഴയ തലത്തിലേക്ക് വിവേകത്തെ ഉയർത്തിക്കൊണ്ട് വരണം.

അപ്പോൾ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലെ.?
ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കിൽ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കിൽ ദൈവം എന്നൊക്കെ വിളിക്കുന്നത്.

ബോധം കൂർമ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂർമ്മം എന്നാൽ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ? അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാൽ, കാമ-മോഹ-ലോഭങ്ങൾക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയർത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാൻ  കൂർമ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്. അങ്ങനെ വിവേകം വീണ്ടും ഉയർന്ന് ധ്യാനം തുടർന്നാൽ ആദ്യം മൂധേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനർത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാര വിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂധേവി. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആർത്തികളും, പുറത്ത് പോകും. എന്നാൽ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങൾ നമ്മുടെ ബോധത്തിലെത്തും.

വീണ്ടും ധ്യാനം തുടരുമ്പോൾ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാൽ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.

ആ അമൃത് കുടിച്ചവർക്ക് പിന്നെ വാർ‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ. പാലാഴി മഥനം വെറും കഥയാണോ!  എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂർവ്വികരായ ഋഷിവര്യന്മാർ ഈ കഥയിലൂടെ പറയുന്നത്.