Monday, July 29, 2019

രാമകഥ

 വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം. അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്. 

                      എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ കാരുണ്യത്തിന്റെ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട്  രാമായണം കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥയുടെ രചന.

ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

*********
ഒന്നാം  ഭാഗം
*********
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.

കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. 

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

*********
രണ്ടാം ഭാഗം
*********

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ:  "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*********
മൂന്നാം ഭാഗം
*********

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

*********
നാലാം ഭാഗം
*********

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?"  ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

*********
അഞ്ചാം  ഭാഗം
     - വിശദീകരണം
*********

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം.  വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

വാക്കിന്റെ അർത്ഥം:

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.

അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്:

>വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
>കടുക്ക
>ചെഞ്ചല്യം
>കോലരക്ക്
>കോഴിപ്പരൽ** (Iron Phosphate Hydrate)
>പേരാറ്റുമണൽ
>വലിയ നെല്ലിക്ക
>എള്ളെണ്ണ
(*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം; നിറങ്ങൾക്ക് തിളക്ക മുണ്ടാകാൻ ഇതു സഹായിക്കും. ചുട്ടി/ മുഖത്തെഴുത്തു കൂട്ടലും ഇത് ഉപയോഗിക്കുന്നു.)
(**കോഴിപ്പരൽ:-  അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വ്വ ധാതു അടങ്ങിയ കോഴിപ്പരല്‍ രസതന്ത്ര പ്രകാരം അയേണ്‍ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂര്‍ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരല്‍ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)

നിർമ്മാണ രീതി:
---------
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ഈ  'ഇടിമുട്ടിക്ക്' (ചുറ്റികയ്ക്ക്) ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

കടുശർകരായോഗം:
-------
ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള മറ്റൊരു  മറ്റൊരു ധാതുക്കൂട്ടാണ്  കടുശർക്കരയോഗം  തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അനന്തശയന ശ്രീപത്മനാഭ പ്രതിഷ്ഠകൾ 'കടുശർക്കരയോഗം' കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അനവധി ഔഷധികൾ ചെർന്നതാണ് ഈ പശ.

കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കടുശർക്കരയോഗ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും. ഇതിൻറെ നിർമ്മാണ രീതി കൂടുതൽ വിശദമായി ലഭ്യമല്ല.

പ്രതിഷ്ഠാ വിഗ്രഹ നിർമ്മാണത്തിന്,  വിഗ്രഹ ശരീരത്തിൻറെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല...

ശ്രീകൃഷ്ണാവതാരം

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വെച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്.
പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്

ഗോക്കളെ രക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന് ഗോവിന്ദന്‍ എന്നൊരു നാമത്തെ കല്പിച്ചു. ദേവസുരഭി ശ്രീകൃഷ്ണനെ വന്ന് വണങ്ങുകയും തന്റെ ക്ഷീരംകൊണ്ട് കൃഷ്ണനെ ഗോപന്മാരുടെ ഇന്ദ്രനായി അഭിഷേകം ചെയ്യുകയും ചെയ്തു.
വിഷ്ണു പത്‌നിയായ ലക്ഷ്മീദേവി എട്ടു സ്വരൂപത്തോട് കൂടിയവളാണ്. ആദിലക്ഷ്മി, ധൈര്യലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധനലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി തുടങ്ങിയതാണ് ലക്ഷ്മീദേവിയുടെ എട്ട് സ്വരൂപങ്ങള്‍.
അതുപോലെതന്നെ വിഷ്ണുഭഗവാന്റെ പൂര്‍ണപുണ്യാവതാരമായിരിക്കുന്ന ശ്രീകൃഷ്ണനും എട്ടു പത്‌നിമാരോട് കൂടിയവനാണ്. രുഗ്മിണി, സത്യഭാമ, സത്യ, ഭദ്ര, കാളിന്ദി, മിത്രവിന്ദ, ലക്ഷ്മണ, ജാംബവതി എന്നിവരാണ് കൃഷ്ണന്റെ അഷ്ടപത്‌നിമാര്‍.
ഇതിനുപുറമെ നരകാസുരന്റെ കാരാഗൃഹത്തില്‍നിന്ന് മോചിപ്പിച്ച 16000 കന്യകമാരെയും കൃഷ്ണന്‍ പത്‌നിമാരായി സ്വീകരിച്ചു. രുക്മിണിയുടെ പുത്രനായി ശൈവാംശത്തോടുകൂടിയ സാംബനും ജനിച്ചു.
കൃഷ്ണന് ഓരോ പത്‌നിമാരിലും പത്ത് പുത്രന്മാര്‍ വീതം ജനിച്ചതായി ഭാഗവതത്തില്‍ പറയുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഒരു മനുഷ്യന്റെ പരമമായ കര്‍ത്തവ്യം എന്താണ്, എങ്ങനെയാണ് അലസതകളില്‍നിന്നും വിഷാദത്തില്‍നിന്നും മുക്തി പ്രാപിക്കുവാന്‍ സാധിക്കുക, തുടങ്ങിയവ മുതല്‍ അത്യുന്നതമായ വേദാന്തസങ്കല്‍പങ്ങള്‍ വരെ ഭഗവദ്ഗീതയില്‍ അടങ്ങിയിരിക്കുന്നു.
ഭഗവദ്ഗീതയെ ഉപനിഷത് സാരമായി പ്രകീര്‍ത്തിക്കപ്പെടുന്നു.
18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമാണ് ഗീതയില്‍ അടങ്ങിയിരിക്കുന്നത്. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു.
പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത് പഞ്ചപാണ്ഡവരും സാത്യകിയും മാത്രം അവശേഷിച്ച്.
അതുപോലെ കൗരവപക്ഷത്ത അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു. തന്റെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട് അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി. ഭഗവാനെ ഇപ്രകാരം ശപിച്ചു. കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്താറു വര്‍ഷം കഴിയുമ്പോള്‍ നിന്റെയും വംശം പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ. ഭഗവാന്‍ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു.
ശ്രീകൃഷ്ണചരിതം പൂര്‍ണമായിത്തന്നെ പ്രതിപാദിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമദ്ഭാഗവതം. 18000 ശ്ലോകങ്ങളോടും 12 സ്‌കന്ധങ്ങളോടും കൂടിയ ഈ പുരാണഗ്രന്ഥത്തെ ഭഗവാന്റെ തിരുസ്വരൂപംതന്നെയായി പ്രകീര്‍ത്തിക്കുന്നു.
കൂടാതെ, മഹാഭാരതം, ബ്രഹ്മവൈവര്‍ത്തപുരാണം, പദ്മപുരാണം, വിഷ്ണു പുരാണം, ഹരിവംശം തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെയും ശ്രീകൃഷ്ണചരിതം പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.

വാക്കിന്റെ ശക്തി

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങൾ ഉണ്ടായിരിക്കണം. കേൾക്കുന്നവർക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാൽ, ഈവിധം നല്ല കാര്യങ്ങൾ പറയുന്നവർ ചുരുക്കമാണ്.

നമ്മളിൽ പലരുടേയും വാക്ക് നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതിൽ നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലർക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകൾ പരസ്പരം വിദ്വേഷവും വൈരവും വളർത്തുന്നൂ.

മഹാഭാരത യുദ്ധത്തിൽ അർജുനനും കർണനും തമ്മിൽ യുദ്ധം നടന്ന ആദ്യ ദിവസം കർണനെ കൊല്ലാൻ അർജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരൻ അര്‍ജുനനോടു പറഞ്ഞു.

" കർണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തു പറ്റി? കർണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ. "

അതുകേട്ട് അർജുനൻ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അർജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ,  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.

ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അർജുനൻ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാൻ പറഞ്ഞു.

" അർജുനാ, നിൽക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞ ചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിറവേറ്റാം. "

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഭഗവാൻ തുടർന്നു.

" യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ പാലിച്ചതിനു തുല്യമാകുകയും ചെയ്യും. ''

അതുകേട്ട് അർജുനൻ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അർജുനന് സ്ഥലകാലബോധം വന്നത്.

" പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാൻ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്? "

ഇങ്ങനെ ചിന്തിച്ച് അർജുനൻ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അതിനായി തീ കൂട്ടി അതിൽ ചാടാൻ ഒരുമ്പെട്ടു. അപ്പോഴും ഭഗവാൻ അർജുനനെ തടഞ്ഞു.  ഭഗവാൻ പറഞ്ഞു,

" അർജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാർഗമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്. ''

ഇതുകേട്ട് അർജുനൻ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാൽ ഞാൻ എല്ലാം ചെയ്തു. എന്റെ കഴിവു കൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്.

അടുത്ത ശ്വാസം പോലും നമ്മുടെ കൈയിലല്ല. ''ഞാൻ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആൾ മറിഞ്ഞു വീണ് മരിച്ചു പോകാം. എല്ലാം ചെയ്യുന്നതു ഞാൻ ആണെന്നു പറയുന്നവർക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാൻ കഴിയുമോ? പരമാത്മാവിന്റെ ശക്തി കൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാൻ ഒരു ബട്ടൺ അമർത്തിയാൽ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാൽ ബട്ടണമർത്താനും നമ്മുടെ കൈ പൊക്കാനും ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരൽ പോലും ചലിപ്പിക്കാൻ ആർക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മൾ സദാ ഓർമ്മിക്കണം.

നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകൾ കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. വാക്കുകൾ കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളർന്നവന് ശക്തി പകരാനും സാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസിക തലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകൾ അർജുനന് ശരിയായ ഉൾക്കാഴ്ച്ചയും ഉണർവ്വും പകർന്നു.

അതുപോലെ ജാംബവാന്റെ വാക്കുകൾക്ക് ഹനുമാനിൽ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണർത്താൻ കഴിഞ്ഞു. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകൾ ആരോടു പറയുന്നു, എപ്പോൾ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധ വെക്കണം. അങ്ങനെയായാൽ, നമുക്കും ലോകത്തിനും വാക്കുകൾ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകൾ അമൃതസമാനം തന്നെയാണ്.