Monday, March 30, 2020

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിന് വടക്കുവശത്ത്, വടക്ക് വാതിക്കലിന് അടുത്ത് പ്രസിദ്ധമായ ഒരു ഭഗവതിക്ഷേത്രവും അതിനു തെക്കുവശത്ത് ഒരു ശിവക്ഷേത്രവുമുണ്ട്.

ഭഗവതി ക്ഷേത്രത്തിന് ആദംപള്ളിക്കാവെന്നും, ശിവക്ഷേത്രത്തിന് ചക്കംകുളങ്ങര ശിവക്ഷേത്രം എന്നും പറയുന്നു.

ശിവാലയനാമ സ്തോത്രത്തിൽ ആദംപള്ളി എന്നാണ് കാണുന്നത്. ആദംപള്ളിക്കാവിൽ ശിവ പ്രതിഷ്ഠയില്ല. ആദംപള്ളി എന്ന മറ്റൊരു ക്ഷേത്രം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആദംപള്ളി എന്ന സ്ഥലപ്പേരും കാണുന്നില്ല. പണ്ട് ഈ പ്രദേശം ആദംപള്ളി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെട്ടിരുന്നോ എന്നും അറിഞ്ഞുകൂടാ.

ചക്കംകുളങ്ങര ക്ഷേത്രത്തിലെ മഹാദേവൻ പടിഞ്ഞാറോട്ട് ദർശനമായി ശോഭിക്കുന്നു. ശിവലിംഗത്തിന് പീഠത്തിൽ നിന്ന് ഏകദേശം രണ്ടടി ഉയരം കാണും. പരുപരുത്ത പ്രതലമല്ല. ശില്പംഭംഗിയോടെയുള്ള ശിവലിംഗത്തിൽ തൃക്കണ്ണും തിരു നാസികയും ചന്ദ്രക്കലയും ചാർത്തിയിട്ടുണ്ട്. പിന്നിൽ പാർവ്വതി സങ്കല്പമുണ്ട്. രൂപമില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ പാർവതി അധിവസിക്കുന്നു. ക്ഷേത്രത്തിൽ പാർവതി സാന്നിദ്ധ്യം ഉണ്ടെന്ന് ദേവപ്രശ്നത്തിൽ കണ്ടതിനാൽ സമീപകാലത്ത് ഉണ്ടായ പ്രതിഷ്ഠയാണ് അത്. ദേവിക്ക് പ്രത്യേക നിവേദ്യമുണ്ട്. കൂടാതെ ക്ഷേത്രത്തിനകത്തും വടക്കുപടിഞ്ഞാറ് നാലമ്പലത്തിനുപുറത്തും ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കുകിഴക്ക് ബ്രഹ്മരക്ഷസ്സ്, തെക്കുപടിഞ്ഞാറ് കിഴക്കോട്ട് ദർശനമായി അയ്യപ്പൻ, നാഗത്താൻ എന്നിവരും ഉപദേവതകളാണ്.

ക്ഷേത്രത്തിന് മുന്നിൽ വിശാലമായ കുളമുണ്ട്. ഭഗവാന്റെ ദൃഷ്ടി ജലത്തിലേക്കാകയാൽ രൗദ്രഭാവത്തിനു കുറവുണ്ടെന്ന് കരുതുന്നു. സാമാന്യം നല്ല മതിൽക്കെട്ടും കിഴക്കും പടിഞ്ഞാറും നടപ്പുരകളും ഉണ്ട്. ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും ചെമ്പു പൊതിഞ്ഞ ധ്വജവും അഞ്ചു പൂജയും ശീവേലിയുമെല്ലാം ഒരു മഹാക്ഷേത്രത്തിലെ പദവി വെളിവാക്കും. വിധത്തിലാണ്. ശീവേലിക്ക് എഴുന്നള്ളിക്കുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച യാത്രാ ബിംബം മനോഹരമാണ്. ആനയില്ല. കീഴ്ശാന്തി ദേവനെ എഴുതിക്കുകയാണ് പതിവ്. കുംഭമാസത്തിലാണ് ഉത്സവം. കുംഭമാസത്തിലെ ശിവരാത്രി ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. സമീപത്തുള്ള ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽനിന്ന് ദേവൻ വൃശ്ചികത്തിലെയും കുംഭത്തിലെയും ഉത്സവകാലത്ത് മഹാദേവനെ ദർശിച്ച് ക്ഷേത്രത്തിലെ കുളത്തിൽ ആറാടി പോകാറുണ്ട്. ഈ അനുഷ്ഠാനം ആരണ്ടു ക്ഷേത്രങ്ങൾ തമ്മിലുള്ള ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്നു.

കൊച്ചി രാജാക്കന്മാർക്ക് പൂർണ്ണത്രയീശനെപോലെ തന്നെ ചക്കംകുളങ്ങര മഹാദേവനും ഇഷ്ട മൂർത്തിയാണ്. തന്ത്രിസ്ഥാനം പുലിയന്നൂർ മലയിലേക്കാണ്.

ആഗ്രഹങ്ങൾ....!!!

ഒരു റഷ്യൻ തീർത്ഥാടകൻ എഴുതിയ "സാധകൻ സഞ്ചാരം തുടങ്ങുന്നു" എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്........

ഒരു ഗ്രാമത്തിൽ വളരെ ആഴമേറിയ ഒരു കൊക്ക ഉണ്ടായിരുന്നു......

കൊക്കയുടെ മുകളിൽ ഒരു പാലവും ഉണ്ടായിരുന്നു........

ആ പാലത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ ആരും ഭയപ്പെടും......

അത്രയധികം ഉയരത്തിലായിരുന്നു ആ പാലം............

ഒരു ദിവസം ഒരു യാത്രക്കാരൻ ആ പാലത്തിലൂടെ യാത്ര ചെയ്യാൻ തുടങ്ങി......

യാത്രക്കിടയിൽ അയാൾ ഇങ്ങനെ ചിന്തിച്ചു....

ഈ പാലത്തിൽ നിന്ന് ഒന്ന് താഴേക്ക് ചാടിയാലോ ?

കൈകാലുകൾ ഒടിയുമെന്നും തന്റെ ജീവൻ അപകട ത്തിലാകുമെന്നും അയാൾ ചിന്തിച്ചു.....

എങ്കിലും താഴേക്ക് ചാടണം എന്ന ചിന്ത (ആഗ്രഹം) അയാളിൽ വർദ്ധിച്ചു വന്നു.......

അന്നത്തെ ആഗ്രഹം അയാൾ ഉപേക്ഷിച്ചു....

തന്റെ ആഗ്രഹം സാധിക്കാത്തതിനാൽ  അദ്ദേഹത്തിന് വിഷമം തോന്നി......

ദിവസങ്ങൾ കടന്നുപോയി.....

ഒരു ദിവസം അയാൾ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ചാടി......

അയാളുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിയെത്തി.....

അവർ അയാളെ എടുത്തു  മുകളിൽ കയറ്റി,അയാളുടെ കൈകാലുകൾ ഒടിഞ്ഞിരുന്നു.........

അസഹ്യമായ വേദന അയാൾക്കുണ്ടായിരുന്നു,ആ വേദനക്കിടയിലും അയാൾ ചുറ്റും നിന്നവരോടായി പറഞ്ഞു:

"ശരീരമാസകലം വേദനിക്കുന്നുണ്ടെങ്കിലും അല്പം ആശ്വാസം തോന്നുന്നു. കാരണം ദിവസങ്ങളായി മനസ്സിൽ കിടന്നിരുന്ന ആഗ്രഹം ഇപ്പോൾ നിറവേറ്റിയിരിക്കുന്നു...."

ആഗ്രഹങ്ങൾ ഉള്ളവരാണ് എല്ലാ മനുഷ്യരും....

നല്ലതും മോശവുമായ ആഗ്രഹങ്ങൾ എല്ലാവർക്കുമുണ്ട്.

ജീവിതവിജയത്തിന് ഉപകരിക്കുന്നവയും ജീവിതത്തെ പരാജയപെടുത്തുന്നതുമായ ആഗ്രഹങ്ങൾ.....

ജീവിതത്തെ വളർത്തുന്ന ആഗ്രഹങ്ങൾ നാം സ്വായത്തമാക്കണം....

അവ നിറവേറ്റാനായി പരിശ്രമിക്കണം...

എന്നാൽ ജീവിതത്തെ നശിപ്പിക്കുന്ന ഹീനമായ ആഗ്രഹങ്ങൾ നാം ഉപേക്ഷിക്കണം.......

ഒരു വിദ്യാർത്ഥിക്ക് പഠിച്ച് ഡോക്ടർ ആകണമെന്നാണ് ആഗ്രഹം, ഈ ആഗ്രഹം നല്ലതാണ്, അത് അവനെയും സമൂഹത്തെയും നന്മയിലേക്ക് വളർത്തുന്നു.......

ബാങ്ക് കൊള്ളയടിച്ചു കോടീശ്വരനായിത്തീരണം എന്ന ആഗ്രഹം ഒരുവനുണ്ടെങ്കിൽ അത് ജീവിത വിജയത്തിന് ഉപകരിക്കുകയില്ല അത് ജീവിതനാശത്തിനെ ഉപകരിക്കൂ..........

ശ്രീ പതഞ്ജലി സിദ്ധർ

പതഞ്ഞലി സിദ്ധർ  മഹർഷി പതഞ്ജലി എന്ന പേരിലും  അറിയപ്പെടുന്നു, 18 സിദ്ധന്മാരിൽ പ്രമുഖനാണ് പതഞ്ജലി .

പതഞ്ജലിയെക്കുറിച്ചുള്ള വിവരങ്ങൾ പുരാണങ്ങളിലും ചില അപൂർവ തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേ ലഭ്യമാകൂ.  "പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ" എന്ന സംസ്കൃത കൃതിയിൽ മഹർഷി പതഞ്ജലി തന്റെ ചിന്തകളും യോഗയെക്കുറിച്ചുള്ള അറിവും ക്രോഡീകരിച്ച കാര്യങ്ങൾ  സാർവത്രികമായി ഇന്ന്  അറിയപ്പെടുന്നു.

യോഗസൂത്രങ്ങളുടെ സമാഹാരത്തിന്റെ കൃത്യമായ തീയതി അറിയില്ല.  എന്നിരുന്നാലും, അവ ബിസി 200 ഓടെ എവിടെയോ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. 195 സൂത്രങ്ങളുടെ ഈ സമാഹാരം ശാരീരിക, മാനസിക ആരോഗ്യത്തോടെയുള്ള ആത്മീയ ജീവിതം നയിക്കാനുള്ള ഒരു പ്രധാന രേഖയായി  കണക്കാക്കുകയും ചെയ്യുന്നു. യോഗയുടെ ശാസ്ത്രം ഒരാളുടെ സമഗ്ര ജീവിതത്തെ എങ്ങിനെ ചിട്ടപ്പെടുത്താമെന്ന് വിശദീകരിക്കുന്നു. 

പതഞ്ജലി യോഗ സൂത്രം അഷ്ടാംഗ യോഗയെ ഉൾക്കൊള്ളുന്ന ശിവ യോഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ്.  സമ്മർദ്ദകരമായ ജീവിതശൈലി എങ്ങിനെ കൈകാര്യം ചെയ്യണമെന്നും, ആത്മീയ പരമായി ഉയർന്ന അനുഭവം തേടുന്നതിനുമായി ഉപയോഗിക്കുന്നു.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ യോഗയോട് വളരെയധികം താൽപര്യം കാണിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനാണ് യോഗയെ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ പ്രമുഖൻ.

പാണിനിയുടെ അഷ്ടാധ്യാനത്തെക്കുറിച്ചുള്ള പ്രധാന വ്യാഖ്യാനം രചിച്ചത് പതഞ്ജലി മഹർഷിയാണ്. ഒരു സംസ്കൃത മഹാഭാഷ്യത്തിന്റെ രചയിതാവ് കൂടിയാണ് പതഞ്ജലി സിദ്ധർ.  തമിഴ് സിദ്ധ പാരമ്പര്യത്തിൽ മറ്റ് സിദ്ധർമാരുടെ കൃതികളിൽ നിന്നും പതഞ്ജലിയെക്കുറിച്ച് നമുക്ക് പഠിക്കാൻ സാധിക്കും.

നന്ദി ദേവരുടെ ശിഷ്യരായിരുന്ന സനഗർ, സന്താനർ, സനത് സുജാതർ, സനത് കുമാരർ, ശിവയോഗ മാമുനി, പതഞ്ജലി, വ്യാഗ്രമ പാദർ, തിരുമൂലർ എന്നിവർ. ഇതിൽ നിന്ന് നമുക്ക് പതഞ്ജലി, തിരുമൂലർ എന്നിവർ സമകാലികരാണെന്ന് മനസ്സിലാക്കാം.

വിഷ്ണു ഭഗവാന്റെ ശയ്യയായ ആദിഷേശ സർപ്പത്തിന്റെ അവതാരമായി പതഞ്ജലി സിദ്ധർ കണക്കാക്കപ്പെട്ടിരുന്നു.  കോവിൽ പുരണം എന്ന തമിഴ് കൃതിയിലും മറ്റും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

സിദ്ധർ തിരുമൂലർ,  വ്യാഗ്രമപാദർ എന്നിവരോടൊപ്പം പതഞ്ജലി മഹർഷിയും ചിദമ്പരത്തു വച്ചു നടന്ന  ശിവന്റെ പ്രപഞ്ച നടനത്തിന് സാക്ഷ്യം വഹിച്ചു.  തിരുമൂലർ  തന്റെ കൃതിയായ തിരുമന്തിരം എന്ന പുസ്തകത്തിലും ഇക്കാര്യം പരാമർശിക്കുന്നു.

പതഞ്ജലി മഹർഷി തന്റെ  പ്രവർത്തനത്തിൽ പ്രഥമസ്ഥാനം നൽകിയിരുന്നത്  എവർക്കും വിദ്യാഭ്യാസം നൽകുക, മനുഷ്യരെ ആത്മീയ ജീവിതത്തിലേക്ക് ഉയർത്തുക, ഭൗതിക ജീവിതത്തിലെ ക്ഷണികങ്ങളായ  പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ  മോചിപ്പിക്കുക എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

പതഞ്ജലി സിദ്ധറിന് സംസ്കൃതത്തിലും തമിഴിലും നല്ല അവഗാഹമുണ്ടായിരുന്നു.   സിദ്ധ വൈദ്യം, സിദ്ധ യോഗ, ജ്ഞാന തത്ത്വചിന്തകൾ എന്നിവ പഠിച്ച അദ്ദേഹം പ്രധാനമായും തന്റെ കണ്ടെത്തലുകൾ  സംസ്കൃതത്തിൽ പതഞ്ജലി യോഗ സൂത്രം എന്ന പേരിൽ സമാഹരിച്ചു. ഗൗഡപാദ സിദ്ധർ പതഞ്ജലിയുടെ നേരിട്ടുള്ള ശിഷ്യനും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകളെ സമൂഹത്തിലെത്തിച്ചവരിൽ പ്രമുഖനും ആയിരുന്നു.

പതഞ്ജലി മുനി എപ്പോൾ ജനിച്ചു അല്ലെങ്കിൽ ജീവിച്ചിരിക്കാമെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും 500 മുതൽ 200 ബി.സി വരെ അദ്ദേഹം ജീവിച്ചിരിക്കാമെന്ന് കരുതുന്നു. പതഞ്ജലി സിദ്ധർ രാമേശ്വരത്ത് ജീവ സമാധി നേടിയതായി കണക്കാക്കപ്പെടുന്നു.