Monday, March 30, 2020

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത

ഇവിടെ ഒരു സംശയം വരാം. ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിലുള്ളതു പോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു്. അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു. സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു്.
ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി

സോമസൂത്രംനലംഘയേൽ

എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമ സ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത്. യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാര പത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും.

വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക.

ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാണെങ്കിൽ വടക്കു ഭാഗത്തായിരിക്കും സഹസ്രാരപത്മം. അവി ടുത്തെ ലോകപാലകൻ സോമനാണല്ലോ. സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും. അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നത്. മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കിൽ ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രഗണിത പ്രകാരം (Geometrical) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പു റത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത്, അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ  ബ്രഹ്മ രന്ധ്രത്തിന്റെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം നോക്കി തൊഴുത് ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണ മായി ബലിക്കല്ലുകൾ ക്കിടയിലൂടെ മടങ്ങുന്നു .

കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം (ഊദ്ധ്വഗമനം) തുടങ്ങുന്നു. അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങ ളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്ന പോലെയൊരു ക്രിയയാണു  അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.

അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നാകയാൽ  ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ്. സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു  സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ.

ശ്രീ കൃഷ്ണ കർണ്ണാമൃതം

ചികുരം ബഹുളം വിരളം ഭ്രമരം✴   
മൃദുലം വചനം വിപുലം നയനം✴ 
അധരം മധുരം വദനം ലളിതം✴
ചപലം ചരിതം ച കദാനുഭവേ✴



        ഇടതൂർന്ന് തിങ്ങിയ തിരുമുടിയും വണ്ടുകളെപ്പോലെ പാറിപ്പറക്കുന്ന കുറുനിരകളും മൃദുവായ കൊഞ്ചിക്കൊണ്ടുള്ള ഭാഷണത്തേയും വിശാലമായ നേത്രങ്ങളേയും മാധുര്യമേറിയ ചെഞ്ചൊടിയേയും സുന്ദരമായ മുഖത്തേയും വേച്ചു കൊണ്ടുള്ള നടത്തവും ഏപ്പോഴാണാവോ എനിക്ക് അനുഭവപ്പെടുക ?

ഈശ്വര കടാക്ഷം

നമ്മുടെ ശരീരം ഒരു രാജ്യത്തോട് തുല്യമാണ്. കിരീടമുള്ളവനാണ് രാജാവ്. രാജാവിനെയാണ് ആളുകള്‍. ബഹുമാനിക്കുന്നത് അധികാരവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ടവനെ ആരും രാജാവായി കരുതുകയില്ല.

അതുപോലെയാണ് ആരോഗ്യമുള്ളവന്റെ കല്പനകളെ ശരീരം അനുസരിക്കുന്നത്.
ആരോഗ്യമുള്ള കാലത്ത് മനസ്സിന്റെ നിര്‍ദേശം, തലച്ചോറിന്റെ നിര്‍ദേശം, ഒക്കെ ശരീരം അനുസരിക്കും. കൈ പൊക്കൂ, കാല്‍ ചലിപ്പിക്കൂ, പാട്ട് പാടൂ എന്നൊക്കെപ്പറഞ്ഞാല്‍ കൈയും കാലും വായും ഇതെല്ലാം അനുസരിക്കും. എന്നാല്‍ ആരോഗ്യമില്ലാതെ രോഗിയായി കിടക്കുന്ന ഒരാള്‍ എന്ത് ആഗ്രഹിച്ചാലും ശരീരം അനുസരിക്കില്ല. ആരോഗ്യം ഇല്ലാത്തപ്പോള്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ തിരിച്ചു പറയും, അടങ്ങിക്കിടക്കൂ എന്ന്. ഇതു പോലെ കാലും തലയും ഒക്കെ അനുസരണക്കേട് കാട്ടും. മാത്രമല്ല അനുസരണക്കേടിന് ഒപ്പം അവര്‍ പറയും:’നിനക്ക് ആരോഗ്യമുണ്ടാ യിരുന്നപ്പോള്‍, കിരീടമുണ്ടായിരുന്നപ്പോള്‍ നിന്റെ കല്പ്പനകള്‍ ഞങ്ങള്‍ അനുസരിച്ചു. സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ പോലും ആനാരോഗ്യകാലത്ത് നമ്മെ അനുസരിക്കില്ല. നമ്മള്‍ പറയുന്നത് കാലും കൈയ്യും മുട്ടും ഒന്നും കേള്‍ക്കില്ല, അനുസരിക്കില്ല. ഓടാനും ചാടാനും പറ്റില്ല. ഇഷ്ടത്തിനു ചവച്ചുകഴിക്കാന്‍ പോലും സാധിക്കില്ല. ചെവിയും കണ്ണും പണിമുടക്കും.

അപ്പോള്‍ പ്രജകള്‍ കൈയൊഴിഞ്ഞ രാജാവായി മാറും,
നമ്മള്‍. അതുകൊണ്ട് നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം. മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല. കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്. അങ്ങനെ  വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും.

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിന് വടക്കുവശത്ത്, വടക്ക് വാതിക്കലിന് അടുത്ത് പ്രസിദ്ധമായ ഒരു ഭഗവതിക്ഷേത്രവും അതിനു തെക്കുവശത്ത് ഒരു ശിവക്ഷേത്രവുമുണ്ട്.

ഭഗവതി ക്ഷേത്രത്തിന് ആദംപള്ളിക്കാവെന്നും, ശിവക്ഷേത്രത്തിന് ചക്കംകുളങ്ങര ശിവക്ഷേത്രം എന്നും പറയുന്നു.

ശിവാലയനാമ സ്തോത്രത്തിൽ ആദംപള്ളി എന്നാണ് കാണുന്നത്. ആദംപള്ളിക്കാവിൽ ശിവ പ്രതിഷ്ഠയില്ല. ആദംപള്ളി എന്ന മറ്റൊരു ക്ഷേത്രം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആദംപള്ളി എന്ന സ്ഥലപ്പേരും കാണുന്നില്ല. പണ്ട് ഈ പ്രദേശം ആദംപള്ളി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെട്ടിരുന്നോ എന്നും അറിഞ്ഞുകൂടാ.

ചക്കംകുളങ്ങര ക്ഷേത്രത്തിലെ മഹാദേവൻ പടിഞ്ഞാറോട്ട് ദർശനമായി ശോഭിക്കുന്നു. ശിവലിംഗത്തിന് പീഠത്തിൽ നിന്ന് ഏകദേശം രണ്ടടി ഉയരം കാണും. പരുപരുത്ത പ്രതലമല്ല. ശില്പംഭംഗിയോടെയുള്ള ശിവലിംഗത്തിൽ തൃക്കണ്ണും തിരു നാസികയും ചന്ദ്രക്കലയും ചാർത്തിയിട്ടുണ്ട്. പിന്നിൽ പാർവ്വതി സങ്കല്പമുണ്ട്. രൂപമില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ പാർവതി അധിവസിക്കുന്നു. ക്ഷേത്രത്തിൽ പാർവതി സാന്നിദ്ധ്യം ഉണ്ടെന്ന് ദേവപ്രശ്നത്തിൽ കണ്ടതിനാൽ സമീപകാലത്ത് ഉണ്ടായ പ്രതിഷ്ഠയാണ് അത്. ദേവിക്ക് പ്രത്യേക നിവേദ്യമുണ്ട്. കൂടാതെ ക്ഷേത്രത്തിനകത്തും വടക്കുപടിഞ്ഞാറ് നാലമ്പലത്തിനുപുറത്തും ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കുകിഴക്ക് ബ്രഹ്മരക്ഷസ്സ്, തെക്കുപടിഞ്ഞാറ് കിഴക്കോട്ട് ദർശനമായി അയ്യപ്പൻ, നാഗത്താൻ എന്നിവരും ഉപദേവതകളാണ്.

ക്ഷേത്രത്തിന് മുന്നിൽ വിശാലമായ കുളമുണ്ട്. ഭഗവാന്റെ ദൃഷ്ടി ജലത്തിലേക്കാകയാൽ രൗദ്രഭാവത്തിനു കുറവുണ്ടെന്ന് കരുതുന്നു. സാമാന്യം നല്ല മതിൽക്കെട്ടും കിഴക്കും പടിഞ്ഞാറും നടപ്പുരകളും ഉണ്ട്. ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും ചെമ്പു പൊതിഞ്ഞ ധ്വജവും അഞ്ചു പൂജയും ശീവേലിയുമെല്ലാം ഒരു മഹാക്ഷേത്രത്തിലെ പദവി വെളിവാക്കും. വിധത്തിലാണ്. ശീവേലിക്ക് എഴുന്നള്ളിക്കുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച യാത്രാ ബിംബം മനോഹരമാണ്. ആനയില്ല. കീഴ്ശാന്തി ദേവനെ എഴുതിക്കുകയാണ് പതിവ്. കുംഭമാസത്തിലാണ് ഉത്സവം. കുംഭമാസത്തിലെ ശിവരാത്രി ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. സമീപത്തുള്ള ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽനിന്ന് ദേവൻ വൃശ്ചികത്തിലെയും കുംഭത്തിലെയും ഉത്സവകാലത്ത് മഹാദേവനെ ദർശിച്ച് ക്ഷേത്രത്തിലെ കുളത്തിൽ ആറാടി പോകാറുണ്ട്. ഈ അനുഷ്ഠാനം ആരണ്ടു ക്ഷേത്രങ്ങൾ തമ്മിലുള്ള ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്നു.

കൊച്ചി രാജാക്കന്മാർക്ക് പൂർണ്ണത്രയീശനെപോലെ തന്നെ ചക്കംകുളങ്ങര മഹാദേവനും ഇഷ്ട മൂർത്തിയാണ്. തന്ത്രിസ്ഥാനം പുലിയന്നൂർ മലയിലേക്കാണ്.

ആഗ്രഹങ്ങൾ....!!!

ഒരു റഷ്യൻ തീർത്ഥാടകൻ എഴുതിയ "സാധകൻ സഞ്ചാരം തുടങ്ങുന്നു" എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്........

ഒരു ഗ്രാമത്തിൽ വളരെ ആഴമേറിയ ഒരു കൊക്ക ഉണ്ടായിരുന്നു......

കൊക്കയുടെ മുകളിൽ ഒരു പാലവും ഉണ്ടായിരുന്നു........

ആ പാലത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ ആരും ഭയപ്പെടും......

അത്രയധികം ഉയരത്തിലായിരുന്നു ആ പാലം............

ഒരു ദിവസം ഒരു യാത്രക്കാരൻ ആ പാലത്തിലൂടെ യാത്ര ചെയ്യാൻ തുടങ്ങി......

യാത്രക്കിടയിൽ അയാൾ ഇങ്ങനെ ചിന്തിച്ചു....

ഈ പാലത്തിൽ നിന്ന് ഒന്ന് താഴേക്ക് ചാടിയാലോ ?

കൈകാലുകൾ ഒടിയുമെന്നും തന്റെ ജീവൻ അപകട ത്തിലാകുമെന്നും അയാൾ ചിന്തിച്ചു.....

എങ്കിലും താഴേക്ക് ചാടണം എന്ന ചിന്ത (ആഗ്രഹം) അയാളിൽ വർദ്ധിച്ചു വന്നു.......

അന്നത്തെ ആഗ്രഹം അയാൾ ഉപേക്ഷിച്ചു....

തന്റെ ആഗ്രഹം സാധിക്കാത്തതിനാൽ  അദ്ദേഹത്തിന് വിഷമം തോന്നി......

ദിവസങ്ങൾ കടന്നുപോയി.....

ഒരു ദിവസം അയാൾ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ചാടി......

അയാളുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിയെത്തി.....

അവർ അയാളെ എടുത്തു  മുകളിൽ കയറ്റി,അയാളുടെ കൈകാലുകൾ ഒടിഞ്ഞിരുന്നു.........

അസഹ്യമായ വേദന അയാൾക്കുണ്ടായിരുന്നു,ആ വേദനക്കിടയിലും അയാൾ ചുറ്റും നിന്നവരോടായി പറഞ്ഞു:

"ശരീരമാസകലം വേദനിക്കുന്നുണ്ടെങ്കിലും അല്പം ആശ്വാസം തോന്നുന്നു. കാരണം ദിവസങ്ങളായി മനസ്സിൽ കിടന്നിരുന്ന ആഗ്രഹം ഇപ്പോൾ നിറവേറ്റിയിരിക്കുന്നു...."

ആഗ്രഹങ്ങൾ ഉള്ളവരാണ് എല്ലാ മനുഷ്യരും....

നല്ലതും മോശവുമായ ആഗ്രഹങ്ങൾ എല്ലാവർക്കുമുണ്ട്.

ജീവിതവിജയത്തിന് ഉപകരിക്കുന്നവയും ജീവിതത്തെ പരാജയപെടുത്തുന്നതുമായ ആഗ്രഹങ്ങൾ.....

ജീവിതത്തെ വളർത്തുന്ന ആഗ്രഹങ്ങൾ നാം സ്വായത്തമാക്കണം....

അവ നിറവേറ്റാനായി പരിശ്രമിക്കണം...

എന്നാൽ ജീവിതത്തെ നശിപ്പിക്കുന്ന ഹീനമായ ആഗ്രഹങ്ങൾ നാം ഉപേക്ഷിക്കണം.......

ഒരു വിദ്യാർത്ഥിക്ക് പഠിച്ച് ഡോക്ടർ ആകണമെന്നാണ് ആഗ്രഹം, ഈ ആഗ്രഹം നല്ലതാണ്, അത് അവനെയും സമൂഹത്തെയും നന്മയിലേക്ക് വളർത്തുന്നു.......

ബാങ്ക് കൊള്ളയടിച്ചു കോടീശ്വരനായിത്തീരണം എന്ന ആഗ്രഹം ഒരുവനുണ്ടെങ്കിൽ അത് ജീവിത വിജയത്തിന് ഉപകരിക്കുകയില്ല അത് ജീവിതനാശത്തിനെ ഉപകരിക്കൂ..........