Friday, April 24, 2020

രോഹിണി - ദേവത -ബ്രഹ്മാവ്



സനാതന ധര്‍മ്മത്തിലെ  ത്രിമൂര്‍ത്തി സങ്കല്പത്തില്‍ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തി ആണ് ബ്രഹ്മാവ്‌ . നാല് വേദങ്ങളെയും തന്‍റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്‍റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും അവസാനം ബ്രഹ്മാവ്‌ പ്രളയം കാണുന്നു. ഭൂമിയിലുള്ള സര്‍വതും നശിക്കുന്നു. വീണ്ടും അടുത്ത ദിവസം പഴയത് പോലെ ബ്രഹ്മാവ്‌ സൃഷ്ടി തുടരുന്നു.
വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയാണ് ബ്രഹ്മ പത്‌നി.

എന്നാല്‍ ഇതൊക്കെയാണെങ്കിലും  ബ്രഹ്മാവിന് സനാതന ധർ മത്തില്‍ പൂജാവിധികള്‍ ഒന്നും ഇല്ല .
ഈ ആചാരത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും, പ്രധാനമായ വസ്തുത എന്തിന് ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്.

സനാതനധര്‍മ പ്രകാരം ജനനം എന്നത് മരണം പോലെ തന്നെ ഒരു ശുഭകരമായ കാര്യം അല്ല. അതിനാലാണ് പുലയുടെ ( സ്വന്തമായ ആരെങ്കിലും മരിച്ചാല്‍ പിന്നെ 16 കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് . ഒരു വര്‍ഷത്തേയ്ക്ക് ശുഭകാര്യങ്ങള്‍ ഒന്നും പാടില്ല ) കൂടെ വാലയ്മയും ( ഒരു കുഞ്ഞു ജനിച്ചു 28 കഴിയാതെ സ്വന്തക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് ) . ഒരു മാതാവിന്‍റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ജീവന്‍, ഇനി ഈ ജന്‍മത്തില്‍ പുണ്യ കര്‍മ്മം മാത്രം ചെയ്ത് മോക്ഷ പ്രാപ്തി നേടാം എന്ന് നിശ്ചയിക്കുന്നു . എന്നാല്‍ ഗര്ഭപത്രത്തിനു വെളിയില്‍ വരുമ്പോള്‍ അത് മായയില്‍ ലയിച്ച് വീണ്ടും ഈ ശരീരം ഞാന്‍ ആണെന്നും ഇവിടെ തന്റെ ആയി കാണുന്നതെല്ലാം താന്‍സമ്പാദിച്ചതാനെന്നും കരുതി അഹങ്കരിച്ചു ജീവിക്കുന്നു. ആ സമയത്ത് ഏതെങ്കിലും നവ ഭക്തി ഭാവങ്ങളിലൂടെ ( ശ്രവണം , കീര്‍ത്തനം , സ്മരണം , പാദസേവനം,അർചനം , വന്ദനം , ദാസ്യം , സഖ്യം , ആത്മനിവേദനം ) പരമ പുരുഷനെ പ്രാപിച്ചു മോക്ഷം പ്രാപിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും ലക്‌ഷ്യം. അതിനിടയില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു ഇനി ഒരു ജന്മം കൂടെ നേടുക എന്നത് മാനുഷ ധര്‍മ വ്യതിചലനം ആയതിനാല്‍ ആയിരിക്കണം ബ്രഹ്മാവിന് പൂജാ വിധികൾ ഇല്ലാത്തത്.

പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് തിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ്  മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.
രാജസ്ഥാനിലെ പുഷ്കറിൽ ബ്രഹ്മാവിന് ക്ഷേത്രം ഉണ്ട്.

മന്ത്രം -ഓം ബ്രഹ്മണേ നമ:

പൂരം - ദേവത -ആര്യമാവ്


ആര്യമാവ്  - സൂര്യൻ
 അസ്തമിക്കാനായ സൂര്യൻ എന്നുകൂടിയുണ്ട്.
12ആദിത്യന്മാരിൽ ഒരാൾ. (ദ്വാദശാദിത്യന്മാർ )
ആദിത്യ ഹൃദയമന്ത്രം.

"ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.!"
 (വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വെച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂഷ്വാവ് , മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ! ആദിത്യാ, അങ്ങേയ്ക്ക് നമസ്‌കാരം.
ആദിത്യ ഹൃദയമന്ത്രം ചൊല്ലുന്നത് നല്ലതാണ്.

മൂല മന്ത്രം -ഓം  ആര്യംമ്നെ  നമ

ഉത്രം - ദേവത -ഭഗൻ


ഭഗൻ -ദ്വാദശ ആദിത്യന്മാരിൽ ഒരാൾ. God of wealth.
മുപ്പത്തിമൂന്ന് ദേവഗണങ്ങളിൽ, അദിതിയുടെ മക്കളായ  12ആദിത്യന്മാരിൽ ഒരാൾ.
 ധനദാനത്തിന്റെയും, വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ദേവത.

ആദിത്യ ഹൃദയമന്ത്രം ചൊല്ലുന്നത് നല്ലതാണ്.

മൂല മന്ത്രം -ഓം ഭഗായ നമ:

സൂര്യൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രൻ. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌.
ആദിത്യന്‍എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ…എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു…പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും..സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം..സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്.
വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്..സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു ,ശക്തി ആര്ജ്ജിക്കുന്നു..സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും ,ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്.ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം.

ഇന്ത്യയിലെ പ്രധാനപ്പെട്ട സൂര്യക്ഷേത്രമാണ്, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം.
കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കടുത്തു‌രുത്തിക്ക് സമീപമുള്ള ഇരവിമംഗലത്തെ ആദിത്യപുരം സൂര്യ ക്ഷേത്രം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം  എന്നിവയാണ് ജപിക്കേണ്ടത്.
മൂല മന്ത്രം -ഓം സവിത്രേ നമഃ

പിതൃക്കൾ


ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു.

“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ”

എന്ന് ബ്രഹ്മപുരാണം.

അതായത്, പിതാവ്,മാതാവ്, പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.

ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു..
പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു.ഇത് വിശ്വാസം.

മന്ത്രം -ഓം പിതൃഭ്യോം  നമ: