Friday, April 24, 2020

വയനാട്ടുകുലവൻ തെയ്യംകെട്ട്

കണ്ണൂർ ജില്ലക്കാർക്ക് പൊതുവേ അനുഭവഭേദ്യമല്ലാത്ത ഒന്നാണ് തെയ്യംകെട്ട് മഹോത്സവങ്ങൾ... കാസർഗോഡ് ജില്ലയിൽ നടത്തി വരുന്ന ഇത്തരം മഹോത്സവങ്ങൾ ഒരു നാടിൻ്റെ ഉത്സവം തന്നെയാണ്.
മുളംചൂട്ടും,
കന്നക്കത്തിയും, പൊയ്ക്കണ്ണ്മേന്തി
ദിവ്യനാം "തൊണ്ടച്ചൻ" ഭക്തജനങ്ങളെ
അനുഗ്രഹിക്കാനെത്തുന്ന ഇത്തരം തെയ്യംകെട്ടുകൾ
പലർക്കും
ഒരു
ആവേശവും വികാരവുമാണ്.
കൂടെ
പരിവാരങ്ങളായി കണ്ടനാർ കേളനും,
കോരച്ചനും, കാർന്നോൻ തെയ്യവും
കുലവനെ അനുഗമിച്ചുകൊണ്ട്
മറക്കളത്തിൽ അരങ്ങുവാണു.
മതസൗഹാർദവും സാഹോദര്യവും
ഊട്ടിയുറപ്പിച്ചു നാനാജാതിമതസ്ഥരെ
വ്യത്യാസമേതുമില്ലാതെ ഒരു
ഉത്സവത്തിന്റെ ഭാഗമാക്കുകയാണ്
തെയ്യംകെട്ടിന്റെ പരമമായ ലക്ഷ്യം.
ഉത്സവത്തിലെ പല ചടങ്ങുകളും
അതിനുദാഹാരണമാണ്.
തെയ്യം കെട്ടിലെ വ്യത്യസ്തമാർന്ന
അനവധി ചടങ്ങുകളിൽ പ്രധാനമാണ്
കുലവന്റെ ബോനം കൊടുക്കൽ ചടങ്ങ്.
ബോനം എന്നാൽ ഭക്ഷണം എന്നർത്ഥം.
കുലവൻ വലിച്ചെറിഞ്ഞ ചൂട്ടു ചെന്ന്
വീണത് ആദി പറമ്പത്ത് കണ്ണന്റെ
ഓലപ്പുരയ്ക്ക് മുകളിലായിരുന്നു. കണ്ണൻ
സ്ഥിരമായി കള്ളു ചെത്തിയിരുന്നത്‌ ആദി
പറമ്പത്ത് കുഞ്ഞാലി എന്ന മുസ്ലിം
യുവാവിന്റെ പറമ്പിൽ നിന്നായിരുന്നു.
ആ സമയത്ത് കുഞ്ഞാലി ചിറക്കൽ
തമ്പുരാനുമായി പ്രമാദമായ ഒരു കേസിൽ
പെട്ടിരിക്കുകയായിരുന്നു. കുഞ്ഞാലിക്കു
തൂക്കുകയർ ഉറപ്പാണെന്ന് പലരും
വിധിയെഴുതി. വഴിയിൽ വെച്ച്
കുഞ്ഞാലി കുലവനെ കാണാനിടയായി.
ആദ്യ കാഴ്ചയിൽ തന്നെ കുലവന്റെ
കണ്ണിലെ തീക്ഷ്ണതയും ദിവ്യത്വവും
മനസ്സിലാക്കാൻ കുഞ്ഞാലിക്കു
കഴിഞ്ഞു. കണ്ട മാത്രയിൽ തന്നെ
കുലവനെ വണങ്ങിയപ്പോൾ കുലവൻ
തനിക്കു ദാഹിക്കുന്നു എന്നും പാനം
ചെയ്യാൻ അൽപം കള്ളു വേണമെന്നും
ആവശ്യപ്പെട്ടു. ഇത് കേട്ട കുഞ്ഞാലി
ഞെട്ടി, കാരണം കള്ള് എന്നത് ഒരു
മുസ്ലിം ആയ തനിക്കു നിഷിദ്ദമാണ്.
എങ്കിലും അയാൾ കുലവന് നല്കാൻ
തയ്യാറായി. അത് തന്റെ
സമുദായത്തിലെ മറ്റുള്ളവർ
കാണാതിരിക്കാനായി തലയിൽ ഒരു
മുണ്ട് മറച്ചാണ് കള്ള് നൽകിയത്.
കുലവനോടുള്ള അതിരറ്റ ഭക്തിയുടെയും
വിശ്വാസത്തിന്റെയും
പിൻബലത്തിലാണ് കുഞ്ഞാലി അത്
ചെയ്തത്. കഴുമരം പ്രതീക്ഷിച്ചു
കഴിഞ്ഞിരുന്ന ആ കേസിൽ കുഞ്ഞാലി
അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
അതിനു കാരണം കുലവൻ ആണെന്ന്
അയാൾ വിശ്വസിച്ചു. മധുപാന
പ്രിയനായ കുലവനെ പരിപാലിക്കാൻ
അയാൾ കണ്ണനെ ചുമതലപ്പെടുത്തി.
പിക്കാലത്ത് തെയ്യംകെട്ടുകളിൽ ഇത്
"ബോനം കൊടുക്കൽ" എന്ന ചടങ്ങായി
അനുഷ്ടിച്ചു വന്നു. ഭാവിയിൽ തന്റെ
മക്കൾ മതഭ്രാന്തു മൂത്ത് തമ്മിലടിക്കാൻ
പാടില്ലെന്ന് മുന്നിൽ കണ്ട്
മതസൗഹാർദ്ദം വേണമെന്ന് ആഗ്രഹിച്ച
"തൊണ്ടച്ചന്റെ ദീർഘവീക്ഷണം" ആയും
ഇതിനെ കാണാം. ഒരു തെയ്യം കെട്ട്
വരുമ്പോൾ ഉണ്ടായിരുന്ന വഴക്കും
പരിഭവവും മറന്നു എല്ലാ ജാതി
മതസ്ഥരും കൈകോർക്കുന്നു. വയനാട്ടു
കുലവൻ തെയ്യംകെട്ടിലെ മറ്റു പ്രദാന
ചടങ്ങുകൾ പരിശോധിച്ചാലും ഇതേ
പ്രത്യേകത കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെയാണ് കാലമിത്ര
കഴിഞ്ഞിട്ടും ഓരോ തെയ്യം കെട്ടും
വടക്കൻ മലബാറുകാർ നെഞ്ചിലേറ്റുന്നത്.
കുലകൊത്തലും, പുത്തരി കൊടുക്കലും,
പ്രസാദവിതരണവും, കൈവീതും,
മറക്കളം തീർക്കലും, കൂവം അളക്കലും,
കലവറ നിറക്കലും, കണ്ടനാർ കേളന്റെ
ബപ്പിടൽ ചടങ്ങും, കുലവന്റെ
ചൂട്ടൊപ്പിക്കലും, ബോനം കൊടുക്കലും,
പിന്നീട് അവസാനമുള്ള മറ പിളർക്കലും
എന്നിങ്ങനെ തെയ്യം കെട്ടിന്റെ
പൈതൃകം വിളിച്ചോതുന്ന ചടങ്ങുകൾ
അനവധിയാണ്. ഒരു നാടിന്റെ
സാംസ്കാരിക തനിമ വിളിച്ചോതുന്ന
മറ്റൊരു ഉത്സവം വേറെയില്ല.

കാക്കാത്തിയമ്മ

കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു

അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത  അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.

ജാതിമത ,പ്രായ ഭേദമന്യേ  ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്..

കേരളത്തിലെ ഏക ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ മൂന്നു നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കുന്ന ദാരുവിൽ തീർത്ത വിഗ്രഹത്തോടെ ഏവൂർ കണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതയായി കുടിയിരിക്കുന്ന "കാക്കാത്തിയമ്മ"

ഇവിടുത്തെ പ്രത്യേകത ജാതിമതപ്രായ ഭേദമന്യേ ഉപദേവതാ ശ്രീകോവിലിനുള്ളിൽ ആർക്കും കയറി കാക്കാത്തിയമ്മക്ക് നേരിട്ട് വഴിപാടുകൾ നൽകാവുന്നതാണ് എന്നതാണ്..     

നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ

നേരേ വായിക്കുമ്പോൾ രാമകഥ. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ കൃഷ്ണകഥ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?

പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ രാഘവ യാദവീയം എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.

വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,

ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.

രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-

വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ

ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും.

സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം

ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം.

വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.

ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?

അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-

ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.

സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.

സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.

ഒരു ഉദാഹരണം:-

രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ

ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ:

മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ

ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്.

മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.

കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

കൂറ്കള്‍

ചന്ദ്രന്റെ  ഓരോ നക്ഷത്രങ്ങളിലൂടേയുള്ള സഞ്ചാരമാര്‍ഗ്ഗത്തേയാണ് കൂറെന്ന് പറയുന്നത് . ഓരോ നക്ഷത്രത്തേയും  4 പാദങ്ങളായി വിഭജിച്ചിട്ടുണ്ടെന്നറിയുക. ഒരു നക്ഷത്രത്തിന്റെ ആദ്യത്തെ 15 നാഴികവരെ ഒന്നാം പാദമെന്നും . അതായത് 13ഭാഗ 20 കല വരെ ദൈര്‍ഘ്യമുള്ള ഒരു നക്ഷത്രത്തിന്റെ ആദ്യ പാദം 3ഭാഗ 20കലവരെയുണ്ടാകും. 15 നാ.മുതല്‍ 30നാ. വരെ നില്‍ക്കും രണ്ടാം പാദം. അതയത് 6 ഭാഗ 40 കല വരെ . ശേഷം 45 നാ. വരെ നില്‍ക്കും മൂന്നാം പാദം. അതയത് 10 ഭാഗ വരെ. ശേഷം 60 നാ. വരെ നാലാം പാദം .അതായത് 13 ഭാഗ 20 കല വരെ. അശ്വതി ഭരണി കാര്‍ത്തികകാല്‍ വരെ മേടക്കൂറാകുന്നും ( കാലും പാദവും ഒന്നതന്നെ )  ഒരുകാല്‍ എന്നാല്‍ 15 നാ. സമയം .

 കാര്‍ത്തിക മുക്കാലും രോഹിണിമുഴുവനും മകീര്യത്തരയും ചേര്‍ന്നത് എടവക്കൂറാകുന്നു. അതായത് കാര്‍ത്തിക 45 നാ. + രോഹിണി 60 നാ. + മകീര്യം 30 നാ.= രണ്ടേകാല്‍ ദിനം . അതായത് ചന്ദ്രന്‍ ഒരു രാശികടക്കാനെടുക്കുന്ന സമയം .

 മകീര്യത്തരയും തിരുവാതിരയും പുണര്‍തം മുക്കാലും ചേര്‍ന്നത് മിഥുനക്കുറ് .

 പുണര്‍തം കാലും പൂയ്യവും ആയില്ല്യവും ചേര്‍ന്നത് കര്‍ക്കിടകക്കൂറ്.

 മകവും പൂരവും  ഉത്രക്കാലും ചേര്‍ന്നത് ചിങ്ങക്കൂറ്
ഉത്രം മുക്കാലും അത്തം മുഴുവനും ചിത്ര അരയും  ചേര്‍ന്നത്  കന്നിക്കൂറ്
ചിത്ര അരയും ചോതി മുഴുവനും വിശാഖം മുക്കാലും ചേര്‍ന്നത് തുലാക്കൂറ്
വിശാഖം കാലും അനിഴവും  കേട്ട മുഴുവനും ചേര്‍ന്നത് വൃശ്ചിക ക്കൂര്‍

 മൂലവും പൂരാടവും ഉത്രാടക്കാലും ചേര്‍ന്നത് ധനുക്കൂര്‍ .

 ഉത്രാടം മുക്കാലും തിരുവോണം മു
ഴുവനും അവിട്ടത്തരയും ചേര്‍ന്നത് മകരക്കൂര്

അവിട്ടത്തരയും  ചതയവും പൂരൂരുട്ടാതി മുക്കാലും ചേര്‍ന്നത് കുംഭക്കൂര്‍ 

പൂരൂരുട്ടാതി കാലും ഉത്രട്ടാതിയും രേവതിയും
ചേര്‍ന്നത് മീനക്കൂര്‍ . ഇങ്ങനെ കാണുക .

    ഈ കൂറ്കള്‍ ആധാരമാക്കിയാണ്  നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഗോചരഫലം പറയുന്നത് ( ചാരഫലം )
   അതായത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി ആധാരമാക്കി ഫലം പറയുന്നത് .

നക്ഷത്രം -രേവതി-ദേവത -പുഷാവ്


വൈദിക സാഹിത്യത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന പൂഷാവിനെ സ്തുതിച്ചുകൊണ്ട് പ്രധാനമായും എട്ട് സൂക്തങ്ങളാണുള്ളത്. മറ്റ് ദേവതകളോടൊപ്പം പൂഷാവിനെ സ്തുതിക്കുന്ന അന്‍പത്തിയെട്ട് സൂക്തങ്ങള്‍ വേറെയുമുണ്ട്. ഇന്ദ്രന്‍, സോമന്‍ എന്നീ ദേവതകള്‍ക്കൊപ്പമാണ് പൂഷാവ് ഏറെയും സ്തുതിക്കപ്പെടുന്നത്. തലപ്പാവണിഞ്ഞ, താടി നീട്ടിയ,   നായാട്ടിനുപയോഗിക്കുന്ന  മുനയുള്ള ഉളിയേന്തുന്ന, ആടുമാടുകളെ തെളിക്കാന്‍ മുടിങ്കോല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, തൈരില്‍ കുഴച്ച ചോറ് കഴിക്കുന്ന, കോലാടുകള്‍ വലിക്കുന്ന വണ്ടിയില്‍ സഞ്ചരിക്കുന്ന വ്യക്തി ശോഭയുള്ള വൈദീകദേവതയാണ് പൂഷാവ്.

ഓം പൂഷ്ണേ നമ: എന്നാണ് മൂലമന്ത്രം