Monday, April 27, 2020

ശിവ പ്രഭാകര സിദ്ധയോഗി

കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി.

സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.

അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.

ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.

എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.

1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.

ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.

ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.

ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.

തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.

പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.

ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.

ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.

കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനംപോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.

‘ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശമാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’

ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.

തന്റെ ദൃഢമായ സ്നേഹംകൊണ്ട് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്‍തന്നെ അറിയണമെന്നും ആനന്ദരൂപമായ ശിവപദം അടയണമെന്നും സര്‍വ്വേശനായ ശിവപ്രഭാകരന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് അവിടുന്ന് ഭൗതികരൂപം ധരിച്ച് നമുക്കിടയില്‍ കഴിഞ്ഞത്. പൂര്‍ണ്ണതയുള്ള ഈശ്വരപ്രഭാവത്തിന്റെ മൂര്‍ത്തീഭാവമാണവിടുന്ന്. അഭയവും വരവും നല്‍കുന്ന സര്‍വ്വേശ്വരനായി ഗുരുനാഥനെയല്ലാതെ മറ്റൊരു സനാതനിയെയും കാണാനും കഴിഞ്ഞിട്ടില്ല

Friday, April 24, 2020

വയനാട്ടുകുലവൻ തെയ്യംകെട്ട്

കണ്ണൂർ ജില്ലക്കാർക്ക് പൊതുവേ അനുഭവഭേദ്യമല്ലാത്ത ഒന്നാണ് തെയ്യംകെട്ട് മഹോത്സവങ്ങൾ... കാസർഗോഡ് ജില്ലയിൽ നടത്തി വരുന്ന ഇത്തരം മഹോത്സവങ്ങൾ ഒരു നാടിൻ്റെ ഉത്സവം തന്നെയാണ്.
മുളംചൂട്ടും,
കന്നക്കത്തിയും, പൊയ്ക്കണ്ണ്മേന്തി
ദിവ്യനാം "തൊണ്ടച്ചൻ" ഭക്തജനങ്ങളെ
അനുഗ്രഹിക്കാനെത്തുന്ന ഇത്തരം തെയ്യംകെട്ടുകൾ
പലർക്കും
ഒരു
ആവേശവും വികാരവുമാണ്.
കൂടെ
പരിവാരങ്ങളായി കണ്ടനാർ കേളനും,
കോരച്ചനും, കാർന്നോൻ തെയ്യവും
കുലവനെ അനുഗമിച്ചുകൊണ്ട്
മറക്കളത്തിൽ അരങ്ങുവാണു.
മതസൗഹാർദവും സാഹോദര്യവും
ഊട്ടിയുറപ്പിച്ചു നാനാജാതിമതസ്ഥരെ
വ്യത്യാസമേതുമില്ലാതെ ഒരു
ഉത്സവത്തിന്റെ ഭാഗമാക്കുകയാണ്
തെയ്യംകെട്ടിന്റെ പരമമായ ലക്ഷ്യം.
ഉത്സവത്തിലെ പല ചടങ്ങുകളും
അതിനുദാഹാരണമാണ്.
തെയ്യം കെട്ടിലെ വ്യത്യസ്തമാർന്ന
അനവധി ചടങ്ങുകളിൽ പ്രധാനമാണ്
കുലവന്റെ ബോനം കൊടുക്കൽ ചടങ്ങ്.
ബോനം എന്നാൽ ഭക്ഷണം എന്നർത്ഥം.
കുലവൻ വലിച്ചെറിഞ്ഞ ചൂട്ടു ചെന്ന്
വീണത് ആദി പറമ്പത്ത് കണ്ണന്റെ
ഓലപ്പുരയ്ക്ക് മുകളിലായിരുന്നു. കണ്ണൻ
സ്ഥിരമായി കള്ളു ചെത്തിയിരുന്നത്‌ ആദി
പറമ്പത്ത് കുഞ്ഞാലി എന്ന മുസ്ലിം
യുവാവിന്റെ പറമ്പിൽ നിന്നായിരുന്നു.
ആ സമയത്ത് കുഞ്ഞാലി ചിറക്കൽ
തമ്പുരാനുമായി പ്രമാദമായ ഒരു കേസിൽ
പെട്ടിരിക്കുകയായിരുന്നു. കുഞ്ഞാലിക്കു
തൂക്കുകയർ ഉറപ്പാണെന്ന് പലരും
വിധിയെഴുതി. വഴിയിൽ വെച്ച്
കുഞ്ഞാലി കുലവനെ കാണാനിടയായി.
ആദ്യ കാഴ്ചയിൽ തന്നെ കുലവന്റെ
കണ്ണിലെ തീക്ഷ്ണതയും ദിവ്യത്വവും
മനസ്സിലാക്കാൻ കുഞ്ഞാലിക്കു
കഴിഞ്ഞു. കണ്ട മാത്രയിൽ തന്നെ
കുലവനെ വണങ്ങിയപ്പോൾ കുലവൻ
തനിക്കു ദാഹിക്കുന്നു എന്നും പാനം
ചെയ്യാൻ അൽപം കള്ളു വേണമെന്നും
ആവശ്യപ്പെട്ടു. ഇത് കേട്ട കുഞ്ഞാലി
ഞെട്ടി, കാരണം കള്ള് എന്നത് ഒരു
മുസ്ലിം ആയ തനിക്കു നിഷിദ്ദമാണ്.
എങ്കിലും അയാൾ കുലവന് നല്കാൻ
തയ്യാറായി. അത് തന്റെ
സമുദായത്തിലെ മറ്റുള്ളവർ
കാണാതിരിക്കാനായി തലയിൽ ഒരു
മുണ്ട് മറച്ചാണ് കള്ള് നൽകിയത്.
കുലവനോടുള്ള അതിരറ്റ ഭക്തിയുടെയും
വിശ്വാസത്തിന്റെയും
പിൻബലത്തിലാണ് കുഞ്ഞാലി അത്
ചെയ്തത്. കഴുമരം പ്രതീക്ഷിച്ചു
കഴിഞ്ഞിരുന്ന ആ കേസിൽ കുഞ്ഞാലി
അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
അതിനു കാരണം കുലവൻ ആണെന്ന്
അയാൾ വിശ്വസിച്ചു. മധുപാന
പ്രിയനായ കുലവനെ പരിപാലിക്കാൻ
അയാൾ കണ്ണനെ ചുമതലപ്പെടുത്തി.
പിക്കാലത്ത് തെയ്യംകെട്ടുകളിൽ ഇത്
"ബോനം കൊടുക്കൽ" എന്ന ചടങ്ങായി
അനുഷ്ടിച്ചു വന്നു. ഭാവിയിൽ തന്റെ
മക്കൾ മതഭ്രാന്തു മൂത്ത് തമ്മിലടിക്കാൻ
പാടില്ലെന്ന് മുന്നിൽ കണ്ട്
മതസൗഹാർദ്ദം വേണമെന്ന് ആഗ്രഹിച്ച
"തൊണ്ടച്ചന്റെ ദീർഘവീക്ഷണം" ആയും
ഇതിനെ കാണാം. ഒരു തെയ്യം കെട്ട്
വരുമ്പോൾ ഉണ്ടായിരുന്ന വഴക്കും
പരിഭവവും മറന്നു എല്ലാ ജാതി
മതസ്ഥരും കൈകോർക്കുന്നു. വയനാട്ടു
കുലവൻ തെയ്യംകെട്ടിലെ മറ്റു പ്രദാന
ചടങ്ങുകൾ പരിശോധിച്ചാലും ഇതേ
പ്രത്യേകത കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെയാണ് കാലമിത്ര
കഴിഞ്ഞിട്ടും ഓരോ തെയ്യം കെട്ടും
വടക്കൻ മലബാറുകാർ നെഞ്ചിലേറ്റുന്നത്.
കുലകൊത്തലും, പുത്തരി കൊടുക്കലും,
പ്രസാദവിതരണവും, കൈവീതും,
മറക്കളം തീർക്കലും, കൂവം അളക്കലും,
കലവറ നിറക്കലും, കണ്ടനാർ കേളന്റെ
ബപ്പിടൽ ചടങ്ങും, കുലവന്റെ
ചൂട്ടൊപ്പിക്കലും, ബോനം കൊടുക്കലും,
പിന്നീട് അവസാനമുള്ള മറ പിളർക്കലും
എന്നിങ്ങനെ തെയ്യം കെട്ടിന്റെ
പൈതൃകം വിളിച്ചോതുന്ന ചടങ്ങുകൾ
അനവധിയാണ്. ഒരു നാടിന്റെ
സാംസ്കാരിക തനിമ വിളിച്ചോതുന്ന
മറ്റൊരു ഉത്സവം വേറെയില്ല.

കാക്കാത്തിയമ്മ

കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു

അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത  അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.

ജാതിമത ,പ്രായ ഭേദമന്യേ  ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്..

കേരളത്തിലെ ഏക ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ മൂന്നു നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കുന്ന ദാരുവിൽ തീർത്ത വിഗ്രഹത്തോടെ ഏവൂർ കണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതയായി കുടിയിരിക്കുന്ന "കാക്കാത്തിയമ്മ"

ഇവിടുത്തെ പ്രത്യേകത ജാതിമതപ്രായ ഭേദമന്യേ ഉപദേവതാ ശ്രീകോവിലിനുള്ളിൽ ആർക്കും കയറി കാക്കാത്തിയമ്മക്ക് നേരിട്ട് വഴിപാടുകൾ നൽകാവുന്നതാണ് എന്നതാണ്..     

നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ

നേരേ വായിക്കുമ്പോൾ രാമകഥ. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ കൃഷ്ണകഥ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?

പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ രാഘവ യാദവീയം എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.

വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,

ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.

രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-

വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ

ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും.

സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം

ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം.

വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.

ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?

അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-

ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.

സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.

സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.

ഒരു ഉദാഹരണം:-

രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ

ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ:

മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ

ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്.

മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.

കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

കൂറ്കള്‍

ചന്ദ്രന്റെ  ഓരോ നക്ഷത്രങ്ങളിലൂടേയുള്ള സഞ്ചാരമാര്‍ഗ്ഗത്തേയാണ് കൂറെന്ന് പറയുന്നത് . ഓരോ നക്ഷത്രത്തേയും  4 പാദങ്ങളായി വിഭജിച്ചിട്ടുണ്ടെന്നറിയുക. ഒരു നക്ഷത്രത്തിന്റെ ആദ്യത്തെ 15 നാഴികവരെ ഒന്നാം പാദമെന്നും . അതായത് 13ഭാഗ 20 കല വരെ ദൈര്‍ഘ്യമുള്ള ഒരു നക്ഷത്രത്തിന്റെ ആദ്യ പാദം 3ഭാഗ 20കലവരെയുണ്ടാകും. 15 നാ.മുതല്‍ 30നാ. വരെ നില്‍ക്കും രണ്ടാം പാദം. അതയത് 6 ഭാഗ 40 കല വരെ . ശേഷം 45 നാ. വരെ നില്‍ക്കും മൂന്നാം പാദം. അതയത് 10 ഭാഗ വരെ. ശേഷം 60 നാ. വരെ നാലാം പാദം .അതായത് 13 ഭാഗ 20 കല വരെ. അശ്വതി ഭരണി കാര്‍ത്തികകാല്‍ വരെ മേടക്കൂറാകുന്നും ( കാലും പാദവും ഒന്നതന്നെ )  ഒരുകാല്‍ എന്നാല്‍ 15 നാ. സമയം .

 കാര്‍ത്തിക മുക്കാലും രോഹിണിമുഴുവനും മകീര്യത്തരയും ചേര്‍ന്നത് എടവക്കൂറാകുന്നു. അതായത് കാര്‍ത്തിക 45 നാ. + രോഹിണി 60 നാ. + മകീര്യം 30 നാ.= രണ്ടേകാല്‍ ദിനം . അതായത് ചന്ദ്രന്‍ ഒരു രാശികടക്കാനെടുക്കുന്ന സമയം .

 മകീര്യത്തരയും തിരുവാതിരയും പുണര്‍തം മുക്കാലും ചേര്‍ന്നത് മിഥുനക്കുറ് .

 പുണര്‍തം കാലും പൂയ്യവും ആയില്ല്യവും ചേര്‍ന്നത് കര്‍ക്കിടകക്കൂറ്.

 മകവും പൂരവും  ഉത്രക്കാലും ചേര്‍ന്നത് ചിങ്ങക്കൂറ്
ഉത്രം മുക്കാലും അത്തം മുഴുവനും ചിത്ര അരയും  ചേര്‍ന്നത്  കന്നിക്കൂറ്
ചിത്ര അരയും ചോതി മുഴുവനും വിശാഖം മുക്കാലും ചേര്‍ന്നത് തുലാക്കൂറ്
വിശാഖം കാലും അനിഴവും  കേട്ട മുഴുവനും ചേര്‍ന്നത് വൃശ്ചിക ക്കൂര്‍

 മൂലവും പൂരാടവും ഉത്രാടക്കാലും ചേര്‍ന്നത് ധനുക്കൂര്‍ .

 ഉത്രാടം മുക്കാലും തിരുവോണം മു
ഴുവനും അവിട്ടത്തരയും ചേര്‍ന്നത് മകരക്കൂര്

അവിട്ടത്തരയും  ചതയവും പൂരൂരുട്ടാതി മുക്കാലും ചേര്‍ന്നത് കുംഭക്കൂര്‍ 

പൂരൂരുട്ടാതി കാലും ഉത്രട്ടാതിയും രേവതിയും
ചേര്‍ന്നത് മീനക്കൂര്‍ . ഇങ്ങനെ കാണുക .

    ഈ കൂറ്കള്‍ ആധാരമാക്കിയാണ്  നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഗോചരഫലം പറയുന്നത് ( ചാരഫലം )
   അതായത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി ആധാരമാക്കി ഫലം പറയുന്നത് .