Thursday, January 27, 2022

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം

  കേരളത്തിലെ പ്രധാന മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യക്കും പേരു കേട്ട ക്ഷേത്രം കൂടിയാണ്. മകരം മാസത്തിൽ അത്തംനാളിൽ കൊടിയേറി തിരുവോണനാളിൽ ആറോട്ടോടു കൂടി അവസാനിക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ആറന്മുള പാർത്ഥസാരഥിയുടേത്.

 മഹാഭാരത യുദ്ധസമയത്ത് പാർത്ഥസാരഥിയായ കൃഷ്ണൻ അർജുനന് തൻറ വിരാട് സ്വരൂപം കാണിച്ചു കൊടുത്തുവെന്നും ഉഗ്രഭാവത്തിലുള്ള വിഗ്രഹമാണ് ആറന്മുള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമാണ് വിശ്വാസം. ഇത് അർജുനൻ തന്റെ തേവാരമൂർത്തിയായി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നെന്നും അർജുനൻ തന്നെയാണ് വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും ഐതീഹ്യങ്ങൾ പറയുന്നു. നിലയ്ക്കലിൽ പ്രതിഷ്ഠിച്ച വിഗ്രഹം ആറു മുള കൂടി കെട്ടിയ ചങ്ങാടത്തിൽ കൊണ്ടു വന്ന് ഇവിടെ അടുത്തുള്ള ഒരു വിളക്കുമാടത്തിൽ ആദ്യം പ്രതിഷ്ഠിച്ചതെന്നും തന്മൂലം ആറന്മുള എന്ന പേരുണ്ടായി എന്നും പറയുന്നു. ഈയൊരു ഐതീഹ്യമാണ് ആറന്മുളയിൽ ഏവരും വിശ്വസിക്കുന്നത്. ഇതിന്റെ പ്രതീകമായാണ് ഉത്സവ ദിനത്തിന്റെ ആദ്യ ദിവസം വിളക്കുമാടത്തിലേക്കുള്ള ഏഴുന്നെള്ളിപ്പ് നടക്കുന്നത്. തിരിച്ചു ഇവിടെ നിന്ന് മുളയെഴുന്നെള്ളിപ്പും നടക്കുന്നു. പാർത്ഥസാരഥിയുടെ മൂലസ്ഥാനമായി വിശേഷിപ്പിക്കുന്ന വിളക്കുമാടം കൊട്ടാരത്തിലേക്കുള്ള എഴുന്നെള്ളിപ്പോടെയാണ് ഉത്സവ ദിനങ്ങൾക്ക് തുടക്കം കുറിക്കുന്നത് എന്നു പറയാം . രാവിലെ നടക്കുന്ന കൊടിയേറ്റു കൂടാതെ വൈകുന്നേരവും ഒരു കൊടിയേറ്റു നടക്കാറുണ്ട്. ഇത് അഷ്ടദിക് പാലകർക്കുള്ള കൊടിയേററാണ്.

 ഉത്സവത്തിന്റെ അഞ്ചാം നാളാണ് അഞ്ചാം പുറപ്പാട് . ഗരുഡ വാഹനത്തിലുള്ള പാർത്ഥസാരഥിയുടെ എഴുന്നെള്ളിപ്പിനെയാണ് അഞ്ചാംപുറപ്പാട് എന്നു പറയുന്നത്. ഇത് ആറന്മുളയുടെ പ്രധാന ഉത്സവദിനം കൂടിയാണ്. ദൂരെ ദേശങ്ങളിൽ നിന്നു പോലും നിരവധി ഭക്തരാണ് ദിവസം ക്ഷേത്രദർശനത്തിനായി എത്തുന്നത്. സർവൈശ്വര്യപ്രദമാണ് അഞ്ചാം പുറപ്പാട് തൊഴുന്നത് എന്ന വിശ്വാസമാണ് ഏവരേയും അഞ്ചാം നാൾ ക്ഷേത്രസന്നിധിയിയിൽ എത്തിക്കുന്നത്. രാത്രി അത്താഴ പൂജക്കു ശേഷമാണ് ഗരുഡ വാഹനത്തിലേറിയുള്ള ഭഗവാന്റെ എഴുന്നെള്ളത്ത് നടക്കുന്നത്. തങ്കഅങ്കിയും വെള്ളി പ്രഭയും ചന്ദ്രകലാ രൂപത്തിലുള്ള മകുടവും ചേർന്നതാണ് ഗരുഡവാഹനം . അഞ്ചാം ഉത്സവത്തിനു കുന്തീദേവിയും പഞ്ചപാണ്ഡവരും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പാർത്ഥസാരഥി ദർശനത്തിനായി കാത്തു നിൽക്കുമെന്നാണ് വിശ്വാസം. സർവ്വാഭരണ വിഭൂഷിതനായി തിരുവാറന്മുളയപ്പൻ ഗരുഡ വാഹനത്തിൽ ക്ഷേത്രത്തിനു വലം വെച്ച് വന്നതിനു ശേഷം തെക്കേ നടയിൽ കാത്തു നില്ക്കുന്ന പഞ്ചപാണ്ഡവർക്കും കുന്തീദേവിക്കും ദർശനം കൊടുക്കുന്നു എന്നതാണ് ഇവിടുത്തെ ആചാരം.അത്യപൂർവ്വമായി നടക്കുന്ന ചടങ്ങ്ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. തെക്കേടത്ത് ,പുത്തേഴത്ത്, മംഗലവള്ളിൽ എന്നീ ഇല്ലങ്ങളാണ് ഗരുഡ വാഹന എഴുന്നെള്ളത്ത് തയ്യാറാക്കുന്നതിനുള്ള അവകാശികളായ കുടുംബങ്ങൾ. അഞ്ചാംപുറപ്പാട് എന്നൊരു ചടങ്ങ് കോട്ടയം തിരുവാർപ്പ് ക്ഷേത്രത്തിലെ ഉത്സവത്തിലുമുണ്ട്. ഉത്സവത്തിന്റെ ആറാം ദിവസമാണ് ഇവിടുത്തെ അഞ്ചാം പുറപ്പാട് നടക്കുന്നത്. . കംസവധം കഴിഞ്ഞ് ദ്വിഗ് വിജയത്തിനായി നാലു ദിക്കിലേക്കും പടനയിച്ചു കൊടി നാട്ടി തിരിച്ചു വരുന്ന ചടങ്ങാണ് ഇവിടുത്തെ അഞ്ചാം പുറപ്പാട്. ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാവമസരിച്ചാണ് ഇത്തരം ചടങ്ങുകൾ നടത്തപ്പെടുന്നത് എന്നു അനുമാനിക്കാം.ആറന്മുളയിലെ അഞ്ചാം പുറപ്പാടിന്റെ അന്ന് എല്ലാ പള്ളിയോടക്കാരും ദേശവാസികളും ഭഗവാൻറ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയിരിക്കും

 പ്രത്യേകതകൾ...

  നിത്യേനെ അഞ്ചുപൂജകളുള്ള ആറന്മുള ക്ഷേത്രത്തിൽ ഉച്ചപൂജക്കാണ് പ്രാധാന്യം. അർജുനനാണ് ഇവിടുത്തെ ഉച്ചപൂജ നടത്തിയിരുന്നത് എന്ന സങ്കല്പത്തിലാണ് ഉച്ചപൂജക്കു പ്രാധാന്യം കൈവന്നത്. ദേവചെതന്യം കൂടിനില്ക്കുന്ന സമയമാണിത്. സമയം ക്ഷേത്ര പരിസരത്ത് എവിടെ നിന്നാലും അതിന്റെ ഫലസിദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കരിങ്കൽ തൂണിൽ ഒരു വ്യാളിയുടെ രൂപം കൊത്തി വെച്ചിരിക്കുന്നതു കാണാം.. വായ് തുറന്നിരിക്കുന്ന വ്യാളിയുടെ വായിൽ ഒരു ചെറിയഗോളവും ഉണ്ട്. സത്ചിന്തയോടു കൂടിയുള്ള ഏതു ആഗ്രഹവും സാധിക്കാൻ വ്യാളിയുടെ വായിലെ ഗോളം ഉരുട്ടിയാൽ മതി എന്നൊരു വിശ്വാസമുണ്ട് . ഗോളം പുറത്തോട്ട് എടുക്കാൻ കഴിയില്ലാത്ത വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദേവതകൾ, ഭഗവതി, ബലരാമൻ തുടങ്ങിയ ഉപദേവതമാരും ഇവിടെയുണ്ട്. ഇതു കൂടാതെ ഉപദേവക്ഷേത്രങ്ങളുമുണ്ട്. ക്ഷേത്രത്തിന്റെ നിരപ്പിൽ നിന്നു പതിന്നെട്ടടി താഴെയാണ് ബലരാമ പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ വൈഭവം എടുത്തു പറയുന്നതാണ് ക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങൾ. കാവലായി നാലു മലദൈവങ്ങളും ഉണ്ട് .കിഴക്കോട്ടു ദർശനമായി നില്ക്കുന്ന ക്ഷേത്രത്തിനു പതിന്നെട്ടു പടികളുണ്ട് . ഇത് പതിനെട്ടു പുരാണങ്ങളയാണ് പ്രതിനിധീകരിക്കുന്നത്.. ക്ഷേത്രത്തിന്റെ വടക്കേ നട പമ്പയാറ്റിലോട്ടാണ് ഇറങ്ങുന്നത്. ഇവിടുത്തെ ഗോപുരവാതിലിനു മധുക്കടവ് എന്നു പറയുന്നു. പമ്പയാറ്റിലേക്കു ഇറങ്ങാൻ അൻപത്തി ഏഴു പടവുകളാണുള്ളത്. തിരുവോണത്തോണിയും വള്ളസദ്യയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുo എത്തിച്ചേരുന്നതും സ്വീകരിക്കുന്നതും കടവിൽ വെച്ചാണ്.

ചിങ്ങമാസത്തിലെ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയാണ് ആറന്മുള ദേശക്കാരുടെ തിരുവോണനാൾ എന്നു പറയുന്നത് . കൂടാതെ അറുപത്തി മൂന്നു വിഭവങ്ങളുള്ള വളള സദ്യയും എടുത്തു പറയേണ്ട സവിശേഷതയാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുന്നാൾ ബാലരാമ വർമ്മ ശബരിമല അയ്യപ്പനു സമർപ്പിച്ച തങ്ക അങ്കി സൂക്ഷിക്കുന്നതു ആറന്മുള ക്ഷേത്രത്തിലാണ്. എല്ലാ വർഷവും മണ്ഡലവിളക്കിനു മുമ്പായി തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇവിടെ നിന്നു ശബരിമലയിലേക്കു പുറപ്പെടുന്നു. ഇവിടുത്തെ മറെറാരു പ്രത്യേകത ആറന്മുള കണ്ണാടിയാണ്. ആറന്മുളയുടെ പ്രശസ്തി ലോകമെമ്പാടും അറിയുന്നത് ആറന്മുള കണ്ണാടിയിലൂടെയാണ്. ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു തമിഴ്നാട്ടിൽ നിന്നു വന്ന ഏതാനും വിശ്വകർമ്മ കുടുബങ്ങളാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. തിരുവാറന്മുളയപ്പന്റെ അനുഗ്രഹത്തോടെ പണിത കണ്ണാടി പ്രത്യേക ലോഹക്കൂടുകൾ കൊണ്ടു ഉണ്ടാക്കിയതാണ്. ആറന്മുള പുഞ്ചയിലെ മണ്ണും കണ്ണാടിയുടെ നിർമ്മാണത്തിൽ ഉണ്ടെന്നും പറയുന്നു. പാർവ്വതിദേവിയുടെ കരസ്പർശമേറ്റ മണ്ണാണ് ആറന്മുള പുഞ്ചയിലേത് എന്ന് പറയുന്നു. അതുകൊണ്ട് തന്നെ ആറന്മുള കണ്ണാടിയിൽ മുഖം നോക്കുന്നത് ഐശ്വര്യപ്രദമാണന്നു വിശ്വസിക്കുന്നു. അഷ്ടമംഗല്യത്തിലെ പ്രധാന സാന്നിധ്യമാണ് വാൽകണ്ണാടിയെങ്കിൽ ആറന്മുള ദേശക്കാരുടെ അഷ്ടമംഗല്യത്തിലെ പ്രഥമസ്ഥാനം ആറന്മുള കണ്ണാടിക്കാണ്. ചെങ്ങന്നൂർ മഹാദേവന്റെ ദൃഷ്ടി ദേശമായ ആറന്മുള പൗരാണികത കൊണ്ടും പാരമ്പര്യം കൊണ്ടും േശ്രഷ്ഠ സ്ഥാനത്ത് നില്ക്കുണ ഒരു ദേശമാണ് . അതുകൊണ്ടാണ് ആറന്മുളയെ പൈതൃക ഗ്രാമമായി അറിയപ്പെടുന്നത്.