Tuesday, December 13, 2022

കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രധാനമായ ഒന്നാണ് കര്‍ണാടകയിലെ കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം.നദീസാമീപ്യവും ചുറ്റുമുള്ള കുന്നുകളും മരങ്ങളും പച്ചിലച്ചാര്‍ത്തുകളും ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. അതിരാവിലെ പൂജാരിമാര്‍ ക്ഷേത്രനട തുറക്കുമെങ്കിലും ഏഴുമണിക്ക് മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുകയുള്ളൂ. ആദിശേഷന്റെയും വാസുകിയുടേയും മുകളില്‍ മയിലിന്റെ പുറത്ത് ഇരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയായാണ് പ്രതിഷ്ഠ. നിലനിരപ്പില്‍ തന്നെയാണ് പ്രതിഷ്ഠ. കടും ചുവപ്പ് റോസാപ്പൂക്കളാലും മുല്ലമാലകളാലും അലംകൃതമായ വിഗ്രഹം കാണാന്‍ കൗതുകം തന്നെ. ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വളരെ അടുത്തായതിനാല്‍ വിഗ്രഹം വ്യക്തമായി കാണാനാകും.

കുമാരധാര, തര്‍പ്പണ എന്നീ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയായ കുമാര പര്‍വതം എന്നറിയപ്പെടുന്ന കുന്നിന്‍ചുവട്ടില്‍ തര്‍പ്പണ നദീതീരത്താണ് ക്ഷേത്രം. ഗരുഡസ്തംഭം എന്നാണ് ധ്വജസ്തംഭം അറിയപ്പെടുന്നത്. ഉമാമഹേശ്വരനും ഇവിടെ ഉപാസിക്കപ്പെടുന്നു. ആറു കുക്കി(പാത്രം) നിറയെ ലിംഗങ്ങള്‍ ഇവിടെനിന്നു കണ്ടെത്തിയതുകൊണ്ടാണ് സ്ഥലത്തിന് കുക്കി സുബ്രഹ്മണ്യന്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.

 ഒരിക്കല്‍ നാഗരാജാവായ വാസുകിയെ ആക്രമിക്കാനായി ഗരുഡന്‍ പിന്തുടര്‍ന്നു. വാസുകി ഒരു ഗുഹയിലൊളിച്ചു. സുബ്രഹ്മണ്യ സ്വാമി നാഗരാജാവിന് അഭയം നല്‍കി എന്നതാണ് പ്രതിഷ്ഠയെ സംബന്ധിച്ച മറ്റൊരു ഐതിഹ്യം.

 ഇവിടത്തെ രഥോത്സവ വേളയില്‍ രഥത്തിനു മുകളില്‍ മൂന്നുവട്ടം വലംവയ്ക്കുന്നതായി മാത്രമേ ഈ സ്ഥലത്ത് ഗരുഡനെ കാണാന്‍ കഴിയുകയുള്ളൂ.

പ്രധാന ശ്രീകോവിലിനു പുറത്തിറങ്ങിയാല്‍ ഇടതുവശത്തു കാണുന്ന നരസിംഹസ്വാമി സന്നിധി പ്രാധാന്യമുള്ളതാണ്. വിറ്റല്‍, രുക്മിണി, ലക്ഷ്മിനരസിംഹ സ്വാമി എന്നീ പ്രതിഷ്ഠകളുമുണ്ട് ചുറ്റമ്പലത്തില്‍. ഒരു പെട്ടി നിറയെ സാളഗ്രാമങ്ങളും ആരാധിച്ചുവരുന്നു.

 രാവിലെ ഒമ്പതുമണിക്ക് മുന്‍പായി രശീതു വാങ്ങി നടത്താന്‍ കഴിയുന്ന ‘നാഗപ്രതിഷ്ഠ’ എന്ന വഴിപാടാണ് ഉത്തമം. സന്താനങ്ങളില്ലാത്തവര്‍ക്കും മാംഗല്യ യോഗമില്ലാത്തവര്‍ക്കും ഇത്തരം ജന്മനാ ഉള്ള ദോഷങ്ങളകറ്റാന്‍ നാഗപ്രതിഷ്ഠാ മണ്ഡപത്തില്‍ (ശ്രീകോവിലിനു പുറത്ത്, നട വഴി കഴിഞ്ഞാല്‍ ഏതാണ്ട് ശ്രീകോവിലിന് അഭിമുഖമായിത്തന്നെയാണ് ഈ മണ്ഡപം) പൂജയും നാഗപ്രതിഷ്ഠയും (നാഗരൂപം കൊത്തിയ ഒരു പരന്നശില ഓരോ ഭക്തനുവേണ്ടിയും പൂജാരി പ്രതിഷ്ഠ നടത്തുന്നു) നടത്തിയശേഷം പന്ത്രണ്ടരയ്ക്കു മുന്‍പായി വഴിപാടിന്റെ പ്രസാദം കിട്ടും. നാഗകോപം ദൂരീകരിക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു വഴിപാടില്ല. സര്‍പ്പദോഷം കുടുംബത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ചെലവേറിയ, നാലുദിവസം നീണ്ടുനില്‍ക്കുന്ന സര്‍പ്പപൂജയും നടത്താം.

*ആദി സുബ്രഹ്മണ്യക്ഷേത്രം*

🦚🦚🦚🦚🦚🦚🦚🦚🦚

തര്‍പ്പണ നദിയുടെ മറുകരയിലാണ് ആദിസുബ്രഹ്മണ്യ ക്ഷേത്രം. താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാ പാപം തീരാന്‍ ഭഗവാന്‍ ശ്രീസുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.

 ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുറ്റുകളാണ് ഇവിടെ പ്രതിഷ്ഠാ സ്ഥാനത്ത്. നാഗരൂപങ്ങളും കണ്ണാടികളും കാണിക്കയര്‍പ്പിക്കാം. ഈ പുറ്റില്‍നിന്ന് എടുക്കുന്ന മണ്ണാണ് ഇവിടുത്തെ പ്രധാന പ്രസാദം. നാഗശാന്തി പൂജയും സര്‍പ്പപൂജയുമാണ് പ്രധാന പൂജകള്‍. ഷഷ്ഠിയും നരസിംഹ ജയന്തിയും ഇവിടെ പ്രധാന ആഘോഷങ്ങളാണ്.

കോഴിക്കോട് നഗരത്തില്‍നിന്ന് 247 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ ഈ ക്ഷേത്രം; മംഗലാപുരത്തു നിന്ന് 103 കിലോമീറ്റര്‍ അകലെ. ബാംഗ്ലൂര്‍-മംഗലാപുരം റൂട്ടില്‍ ധര്‍മസ്ഥലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ബാംഗ്ലൂര്‍-മംഗലാപുരം ട്രെയിനില്‍ സുബ്രഹ്മണ്യ റോഡ് സ്റ്റേഷനില്‍ ഇറങ്ങി 10 കിലോ മീറ്ററില്‍ താഴെ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

കോഴിക്കോട്ടുനിന്ന് കണ്ണൂര്‍-കാഞ്ഞങ്ങാട് ഉദുമവഴി നാഷണല്‍ ഹൈവേയിലൂടെ പോകുമ്പോള്‍ ചെര്‍ക്കള ജംഗ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് വീണ്ടും വലത്തോട്ടു തിരിഞ്ഞ് മുള്ളെരിയ വഴി ജാള്‍സ്‌ക്രറില്‍ എത്തുക. സുള്ള്യയ്ക്കു സമീപത്തുകൂടിയാണ് പോകുക; സുള്ള്യ ടൗണില്‍ പോകേണ്ടതില്ല. ജാള്‍സ്‌ക്രര്‍ ജംഗ്ഷനില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് 42 കിലോമീറ്റര്‍ പോയാല്‍ ക്ഷേത്രത്തിലെത്താം. കാസര്‍കോട്ടുനിന്ന് രാവിലെ ഒരു കെഎസ്ആര്‍ടിസി ബസ് ഉണ്ട് ഇവിടേയ്ക്ക്. മംഗലാപുരത്തുനിന്നും കൂടുതല്‍ ബസ് സൗകര്യമുണ്ട്. ബെംഗളൂരു നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന ബസ്സുകള്‍ പുലര്‍ച്ചെ അഞ്ചരമണിയോടെ ഇവിടെയെത്തും. ക്ഷേത്രം വക സൗജന്യസത്രവും കോട്ടേജുകളും കൂടാതെ താമസിക്കാന്‍ നിരവധി ഹോട്ടലുകളുമുണ്ട്. എയര്‍ കണ്ടീഷന്‍ഡ് സൗകര്യമുള്ള മുറികളും ധാരാളം. ക്ഷേത്രത്തില്‍ ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് ഊണ് കൊടുക്കുന്നുണ്ട്

നിഗൂഢതകൾ നിറഞ്ഞ പുരി ജഗന്നാഥക്ഷേത്രം



 

നാമജപത്തിന്_റെ പ്രാധാന്യം





 

നാഗമന്ത്രം 28 ദിവസം ജപിച്ചാല്


 










നവരാത്രി പ്രധാനമായ വെങ്കിടരമണ ക്ഷേത്രം