Tuesday, December 13, 2022

അയ്യപ്പൻ

ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. സ്വാമിഅയ്യപ്പൻ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല. ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും. യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.

യോഗശസ്ത്രത്തിലേക്ക് കണോടിച്ചാൽ യോഗനരസിംഹം എന്ന നാമവും,  യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്. അങ്ങനെ അനേകകാലം തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം.

അപ്പോൾ യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുൾ തേടി പോകാം. മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു. ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡി എന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി - സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു..

അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും പരമശിവനെന്നും വിളിക്കുന്നത്. "പരോക്ഷപ്രിയ ദേവഃ" എന്നാണ്. ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല. അവർ വളഞ്ഞാണ് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ - പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ - അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ - അഞ്ച് ആധാരങ്ങളിൽ കൂടി - അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി, വെള്ളം, തീയ്യ്, കാറ്റ്, ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. - പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം - ഈ അഞ്ചിന്റെയും - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പൻ ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ. ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.

വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം. അപ്പോൾ അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്. ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും. അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാൻ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ - അയ്യപ്പനായികഴിഞ്ഞാൽ - ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു. അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു.


അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം. ദീർഘകാലം തപസ്സിൽ മുഴുകണം ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച് സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക് മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്. നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്.


              *സ്വാമിയേ ശരണമയ്യപ്പ*

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം.

 സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്ന ഗ്രാമത്തിലാണ് പരശുരാമനാല്‍ പ്രതിഷ്‌ഠിതമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.


മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. മഹാവിഷ്ണുവിന് ആണ് പൂജ എങ്കിലും ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം ചന്ദ്രക്കല ആണ്. ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് രാവിലെ പൂജ.


വൈകുന്നേരം ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ. ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.

കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രധാനമായ ഒന്നാണ് കര്‍ണാടകയിലെ കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം.നദീസാമീപ്യവും ചുറ്റുമുള്ള കുന്നുകളും മരങ്ങളും പച്ചിലച്ചാര്‍ത്തുകളും ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. അതിരാവിലെ പൂജാരിമാര്‍ ക്ഷേത്രനട തുറക്കുമെങ്കിലും ഏഴുമണിക്ക് മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുകയുള്ളൂ. ആദിശേഷന്റെയും വാസുകിയുടേയും മുകളില്‍ മയിലിന്റെ പുറത്ത് ഇരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയായാണ് പ്രതിഷ്ഠ. നിലനിരപ്പില്‍ തന്നെയാണ് പ്രതിഷ്ഠ. കടും ചുവപ്പ് റോസാപ്പൂക്കളാലും മുല്ലമാലകളാലും അലംകൃതമായ വിഗ്രഹം കാണാന്‍ കൗതുകം തന്നെ. ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വളരെ അടുത്തായതിനാല്‍ വിഗ്രഹം വ്യക്തമായി കാണാനാകും.

കുമാരധാര, തര്‍പ്പണ എന്നീ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയായ കുമാര പര്‍വതം എന്നറിയപ്പെടുന്ന കുന്നിന്‍ചുവട്ടില്‍ തര്‍പ്പണ നദീതീരത്താണ് ക്ഷേത്രം. ഗരുഡസ്തംഭം എന്നാണ് ധ്വജസ്തംഭം അറിയപ്പെടുന്നത്. ഉമാമഹേശ്വരനും ഇവിടെ ഉപാസിക്കപ്പെടുന്നു. ആറു കുക്കി(പാത്രം) നിറയെ ലിംഗങ്ങള്‍ ഇവിടെനിന്നു കണ്ടെത്തിയതുകൊണ്ടാണ് സ്ഥലത്തിന് കുക്കി സുബ്രഹ്മണ്യന്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.

 ഒരിക്കല്‍ നാഗരാജാവായ വാസുകിയെ ആക്രമിക്കാനായി ഗരുഡന്‍ പിന്തുടര്‍ന്നു. വാസുകി ഒരു ഗുഹയിലൊളിച്ചു. സുബ്രഹ്മണ്യ സ്വാമി നാഗരാജാവിന് അഭയം നല്‍കി എന്നതാണ് പ്രതിഷ്ഠയെ സംബന്ധിച്ച മറ്റൊരു ഐതിഹ്യം.

 ഇവിടത്തെ രഥോത്സവ വേളയില്‍ രഥത്തിനു മുകളില്‍ മൂന്നുവട്ടം വലംവയ്ക്കുന്നതായി മാത്രമേ ഈ സ്ഥലത്ത് ഗരുഡനെ കാണാന്‍ കഴിയുകയുള്ളൂ.

പ്രധാന ശ്രീകോവിലിനു പുറത്തിറങ്ങിയാല്‍ ഇടതുവശത്തു കാണുന്ന നരസിംഹസ്വാമി സന്നിധി പ്രാധാന്യമുള്ളതാണ്. വിറ്റല്‍, രുക്മിണി, ലക്ഷ്മിനരസിംഹ സ്വാമി എന്നീ പ്രതിഷ്ഠകളുമുണ്ട് ചുറ്റമ്പലത്തില്‍. ഒരു പെട്ടി നിറയെ സാളഗ്രാമങ്ങളും ആരാധിച്ചുവരുന്നു.

 രാവിലെ ഒമ്പതുമണിക്ക് മുന്‍പായി രശീതു വാങ്ങി നടത്താന്‍ കഴിയുന്ന ‘നാഗപ്രതിഷ്ഠ’ എന്ന വഴിപാടാണ് ഉത്തമം. സന്താനങ്ങളില്ലാത്തവര്‍ക്കും മാംഗല്യ യോഗമില്ലാത്തവര്‍ക്കും ഇത്തരം ജന്മനാ ഉള്ള ദോഷങ്ങളകറ്റാന്‍ നാഗപ്രതിഷ്ഠാ മണ്ഡപത്തില്‍ (ശ്രീകോവിലിനു പുറത്ത്, നട വഴി കഴിഞ്ഞാല്‍ ഏതാണ്ട് ശ്രീകോവിലിന് അഭിമുഖമായിത്തന്നെയാണ് ഈ മണ്ഡപം) പൂജയും നാഗപ്രതിഷ്ഠയും (നാഗരൂപം കൊത്തിയ ഒരു പരന്നശില ഓരോ ഭക്തനുവേണ്ടിയും പൂജാരി പ്രതിഷ്ഠ നടത്തുന്നു) നടത്തിയശേഷം പന്ത്രണ്ടരയ്ക്കു മുന്‍പായി വഴിപാടിന്റെ പ്രസാദം കിട്ടും. നാഗകോപം ദൂരീകരിക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു വഴിപാടില്ല. സര്‍പ്പദോഷം കുടുംബത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ചെലവേറിയ, നാലുദിവസം നീണ്ടുനില്‍ക്കുന്ന സര്‍പ്പപൂജയും നടത്താം.

*ആദി സുബ്രഹ്മണ്യക്ഷേത്രം*

🦚🦚🦚🦚🦚🦚🦚🦚🦚

തര്‍പ്പണ നദിയുടെ മറുകരയിലാണ് ആദിസുബ്രഹ്മണ്യ ക്ഷേത്രം. താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാ പാപം തീരാന്‍ ഭഗവാന്‍ ശ്രീസുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.

 ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുറ്റുകളാണ് ഇവിടെ പ്രതിഷ്ഠാ സ്ഥാനത്ത്. നാഗരൂപങ്ങളും കണ്ണാടികളും കാണിക്കയര്‍പ്പിക്കാം. ഈ പുറ്റില്‍നിന്ന് എടുക്കുന്ന മണ്ണാണ് ഇവിടുത്തെ പ്രധാന പ്രസാദം. നാഗശാന്തി പൂജയും സര്‍പ്പപൂജയുമാണ് പ്രധാന പൂജകള്‍. ഷഷ്ഠിയും നരസിംഹ ജയന്തിയും ഇവിടെ പ്രധാന ആഘോഷങ്ങളാണ്.

കോഴിക്കോട് നഗരത്തില്‍നിന്ന് 247 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ ഈ ക്ഷേത്രം; മംഗലാപുരത്തു നിന്ന് 103 കിലോമീറ്റര്‍ അകലെ. ബാംഗ്ലൂര്‍-മംഗലാപുരം റൂട്ടില്‍ ധര്‍മസ്ഥലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ബാംഗ്ലൂര്‍-മംഗലാപുരം ട്രെയിനില്‍ സുബ്രഹ്മണ്യ റോഡ് സ്റ്റേഷനില്‍ ഇറങ്ങി 10 കിലോ മീറ്ററില്‍ താഴെ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

കോഴിക്കോട്ടുനിന്ന് കണ്ണൂര്‍-കാഞ്ഞങ്ങാട് ഉദുമവഴി നാഷണല്‍ ഹൈവേയിലൂടെ പോകുമ്പോള്‍ ചെര്‍ക്കള ജംഗ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് വീണ്ടും വലത്തോട്ടു തിരിഞ്ഞ് മുള്ളെരിയ വഴി ജാള്‍സ്‌ക്രറില്‍ എത്തുക. സുള്ള്യയ്ക്കു സമീപത്തുകൂടിയാണ് പോകുക; സുള്ള്യ ടൗണില്‍ പോകേണ്ടതില്ല. ജാള്‍സ്‌ക്രര്‍ ജംഗ്ഷനില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് 42 കിലോമീറ്റര്‍ പോയാല്‍ ക്ഷേത്രത്തിലെത്താം. കാസര്‍കോട്ടുനിന്ന് രാവിലെ ഒരു കെഎസ്ആര്‍ടിസി ബസ് ഉണ്ട് ഇവിടേയ്ക്ക്. മംഗലാപുരത്തുനിന്നും കൂടുതല്‍ ബസ് സൗകര്യമുണ്ട്. ബെംഗളൂരു നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന ബസ്സുകള്‍ പുലര്‍ച്ചെ അഞ്ചരമണിയോടെ ഇവിടെയെത്തും. ക്ഷേത്രം വക സൗജന്യസത്രവും കോട്ടേജുകളും കൂടാതെ താമസിക്കാന്‍ നിരവധി ഹോട്ടലുകളുമുണ്ട്. എയര്‍ കണ്ടീഷന്‍ഡ് സൗകര്യമുള്ള മുറികളും ധാരാളം. ക്ഷേത്രത്തില്‍ ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് ഊണ് കൊടുക്കുന്നുണ്ട്

നിഗൂഢതകൾ നിറഞ്ഞ പുരി ജഗന്നാഥക്ഷേത്രം



 

നാമജപത്തിന്_റെ പ്രാധാന്യം