Friday, January 6, 2023

"അലൈപ്പായുതേ കണ്ണാ "പിറന്ന കലിംഗ നർത്തന ക്ഷേത്രം

 1000 ഹിന്ദു ക്ഷേത്രങ്ങൾ ഉള്ള നാടാണ് തമിഴ് നാട്ടിലെ കുംഭകോണം. കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാൾ ക്ഷേത്രം.

 നാഗഫണത്തിൽ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ.

കാളിയന്റെ ഫണത്തിൽ നൃത്തമാടുന്ന ഭഗവാൻ "കലിംഗനർത്തന പെരുമാൾ " എന്നും അറിയപ്പെടുന്നു.


ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് "പുഷ്പവനം "എന്നും പേരുണ്ടായിരുന്നു.

പൂച്ചെടികൾ  നിറഞ്ഞ കുറ്റിക്കാടുകളുള്ള സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്.


ക്ഷേത്രത്തിന്റെ അടുത്തായി വലിയ ഒരു കുളം കാണപ്പെടുന്നു .

ആ കുളത്തിൽ നിന്നാണ് കാളിയ നർത്തന കൃഷ്ണന്റെ പ്രതിഷ്ഠ ലഭിച്ചതത്രെ .


സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തിൽ  താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാൽ  നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പാട്ടിയും ആയിരുന്നു.

ഇതുകഴിഞ്ഞാൽ  ഇവർ ഇരുവരും രണ്ടുകിലോമീറ്റർ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തിൽ ചെന്ന് ഭഗവാന്റെ പൂജയ്ക്കുള്ള പുഷ്പങ്ങൾ  ശേഖരിക്കുക പതിവായിരുന്നു.


അങ്ങനെയുള്ള ഒരു യാത്രയിൽ , കാളിയനുമേൽ നര്‍ത്തനമാടിയ  ഭഗവാൻ കൃഷ്ണനെക്കുറിച്ച് നാരദമഹർഷി പറയുന്നത് ഇവർ  കേൾക്കാൻ ഇടയായി.

വെറും അഞ്ചുവയസ്സുകാരനായ ഒരു ബാലൻ  ഉഗ്രസർപ്പത്തിന്റെ ഫണത്തിൽ ചവിട്ടിയ  രംഗം മനസ്സിൽ ഓർത്ത് നന്ദിനിയും പാട്ടിയും ഭയ ചകിതരായി വിതുമ്പിക്കരയാൻ തുടങ്ങി.


മക്കളുടെ വൃഥയിൽ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാൻ പരിഹാരം നിർദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.

 മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണൻ , നന്ദിനിക്കും പാട്ടിക്കും മുന്നിൽ  കലിംഗനർത്തനം ആരംഭിച്ചു.


തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാൻ അവര്‍ക്ക് ഇരുവർക്കും വ്യക്തമാക്കിക്കൊടുത്തു.

നൃത്തം കണ്ടു അവർ ആനന്ദത്തിൽ മയങ്ങിപ്പോയി.


കൃഷ്ണന്റെ ഈ അപൂർവ്വ നടനം ഭക്തന്മാർ  എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താൻ  ആഗ്രഹിക്കുന്നു എന്നും അതിനാൽ  പ്രസ്തുത രൂപത്തിൽ  ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹർഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. 


കലിംഗ നർത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നിൽ  ഇരുവശങ്ങളിലുമായി നില്‍ക്കുന്ന നിലയിൽ  നന്ദിനിയുടേയും പാട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.


ഇവിടുത്തെ വിഗ്രഹത്തിൽ സർപ്പഫണത്തിനുമുകളിലായി ഭഗവാൻ  ശ്രീകൃഷ്ണന്റെ ഇടതുകാൽ  കാണാമെങ്കിലും, കാല്‍ പൂർണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല എന്ന മട്ടിലുള്ള വിഗ്രഹം വലിയ അതിശയം ഉളവാക്കുന്നു .

 ഇടതുകൈകൊണ്ട് പാമ്പിന്റെ വാൽ  പിടിച്ചതായി കാണാമെങ്കിലും തള്ളവിരൽ മാത്രമേ സർപ്പത്തിനുമേൽ  സ്പര്‍ശിക്കുന്നുള്ളൂ എന്നതും ...!!

വലതുകാൽ നൃത്തം ചെയ്യുന്ന നിലയിൽ  ഭൂമിയിൽ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു. 

വിഗ്രഹം സൂക്ഷിച്ചുനോക്കിയാൽ  കാളിയനുമായുണ്ടായ പോരാട്ടത്തിൽ  ദംശനമേറ്റ കലകൾ മുട്ടിനു ചുവടെ കാണാം. 

വലതു കൈ അഭയമുദ്രയിലാണ്.


സംഗീത-നൃത്ത കലകളിൽ വൈദഗ്ദ്ധ്യം നേടാനും ഈ രംഗങ്ങളിൽ  വിജയിക്കുവാനും ഭഗവത്ദർശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം.

രാഹുദോഷവും കേതു ദോഷവും സർപ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാൻ അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു..


എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. അലങ്കാരങ്ങളിൽ പൊതിഞ്ഞ ഉണ്ണികൃഷ്ണന്റെ ബിംബത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഇത് മനസിലാകില്ല .

ശ്രീകോവിലിന്റെ പ്രഭാപൂരത്തിലും അലങ്കാരങ്ങളുടെ തിളക്കത്തിലും കാളിയ ശിരസ്സിനു മേലെയുള്ള ഭഗവാന്റെ പാദങ്ങൾ കാണാൻ ഒക്കില്ല .

അതും ഭഗവാൻ മറ്റൊരു ലീല കൊണ്ട് നിഗൂഢത തീർക്കുന്നു ...!!


ഭഗവാൻ  വേദനാരായണ പെരുമാളിന്റെ ദർശനം കിഴക്കോട്ടഭിമുഖമായാണ്.

 ദേവിമാർ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂർത്തി കലിംഗ നർത്തന പെരുമാൾ .

ദേവിമാർ രുക്മിണിയും സത്യഭാമയും.


ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.

പ്രധാന പ്രവേശന കവാടത്തിനടുത്തായി നർത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.

അപൂർവമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളിൽ  പ്രത്യേകതയുള്ളതായി കാണുക.

 ആയിരം വർഷങ്ങൾക്കു മേലെ പഴക്കമുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്ത് പണിതു എന്ന് വിശ്വസിക്കുന്നു .


വെങ്കടകവി, ആണ്ടാൾ ,വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.

തമിഴിലെ പ്രശസ്തമായ കീർത്തനം 

" അലൈപ്പായുതേ കണ്ണാ " 

ഈ ക്ഷേത്രത്തിൽ ഇരുന്നാണ് രചിച്ചത് .

" അടുത്തു അസങ്കത്ത് വാ കണ്ണാ ", കുഴലൂത്തി മനമെല്ലാം കൊല്ലൈ.." കൊണ്ടാ, "നീരദ സാമ നീല കൃഷ്ണ",, " തായേ യശോദ " എന്ന പ്രശസ്ത ഗാനങ്ങളും ഈ സവിധത്തിലാണ് പിറവി കൊണ്ടത്.


1700- 1765 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വെങ്കട കവി, സുബ്ബ അയ്യർ ആണ് തമിഴും സംസ്‌കൃതവും ഇടകലർന്ന ഈ ഗാനങ്ങൾ രചിച്ചത്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും ഈ ഗാനങ്ങൾ മാഞ്ഞു പോയിട്ടില്ല, പോവുകയുമില്ല.

ഇവിടെ ശ്രീകൃഷ്ണ ക്ഷേത്രം പണി കഴിപ്പിക്കാൻ ജന്മം കൊണ്ട നാരദന്റെ അവതാരമാണ് അദ്ദേഹമെന്ന് പറയപ്പെടുന്നു.


അപൂർവ വിഗ്രഹമുള്ള ഈ ക്ഷേത്രത്തിന് വേറെയും പ്രാധാന്യങ്ങളും പ്രത്യേകതകളുമുണ്ട്.

108 വൈഷ്ണവ ക്ഷേത്രങ്ങളിൽ സർപ്പദോഷത്തിനുള്ള പൂജകൾ ഇവിടെ മാത്രമാണ് നടക്കുന്നത്.

ഗരുഡ വിഗ്രഹം ഇവിടെ പൂജിക്കുന്നുണ്ട്.

കലാകാരൻമാർക്ക് കലാ ജീവിതത്തിനുള്ള എല്ലാ തടസങ്ങളും ഇല്ലാതാകുന്നത് ഇവിടെ പ്രാർത്ഥിച്ചു തൊഴുമ്പോഴാണ്.

വെങ്കടകവി കൃഷ്ണന്റെ പാട്ടുകൾ രചിക്കുമ്പോൾ കാടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഭഗവാൻ ഓടി വന്ന് അദ്ദേഹത്തിന്റെ മുൻപിൽ നൃത്തം ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി ഓടക്കുഴൽ വായിക്കുകയും ചെയ്യുമായിരുന്നെന്ന് വിശ്വാസമുണ്ട്.

ആ വരികളിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷ്ണനെ തേടി അലയുന്നതും വേദനിപ്പിച്ചു പരീക്ഷിക്കുന്നതും ധർമ്മമാണോ എന്ന് വാക്കുകളിലൂടെ കവി കൃഷ്ണനോട് ചോദിക്കുന്നു.

ശ്രീകൃഷ്ണ സഹോദരി സുഭദ്ര

 🌸യാദവരാജാവായ ശ്രീ വസുദേവർക്ക് ശ്രീ രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് ശ്രീ സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവർക്ക് മകൻ ശ്രീകൃഷ്ണൻ വന്നു രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ശ്രീ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.


🌸മാതൃസഹോദരനായ ശ്രീ വസുദേവരുടെ ദ്വാരകയിൽ പാണ്ഡവർകഴിഞ്ഞിരുന്ന കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ശ്രീ ബലരാമൻ എന്നിവരോടൊപ്പം ശ്രീ സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ  അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.


ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ശ്രീ ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ ശ്രീ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തന്റെ ശിഷ്യനായ  ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ശ്രീ ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ ശ്രീ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ ശ്രീ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രീ അർജ്ജുനൻ ശ്രീ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.


കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് ശ്രീ സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. ശ്രീ അർജ്ജുനൻ-ശ്രീ സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ ശ്രീ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിന്റെ അവകാശിയായത്.


🌸ശ്രീ ശതരുപയുടെ അംശാവതാരമായതിനാൽ ശ്രീ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. ശ്രീ യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.🌸

Tuesday, January 3, 2023

ജയാബലി മഹോത്സവം

 ഒറ്റപ്പാലത്തിന്റേയും ചെർപ്പുളശ്ശേരിയുടേയും ഇടയിൽ തൃക്കടേരിയിലെ ശ്രീ തൃക്കടേരി മൂന്നു മൂർത്തി ക്ഷേത്രത്തിൽ നടത്തി വരുന്ന "ജയാബലി മഹോത്സവം"2017 .30,31,ജനവരി 1, ധനു 15,16,17 തിയതികളിൽ തന്ത്രി ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്തിൽ നടത്തി വരുന്നു. . അത്യപൂർവ്വമായ പെരും പൂജ ,ദണ്ഡുമുറിക്കൽ എന്നീ സമയങ്ങളിൽ തൊഴുത് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും നല്ലതാണ്. താന്ത്രിക വിധിപ്രകാരം ഏറെ കാഠിന്യമുള്ളതും നിഷ്ടയേറിയതുമായ പൂജാ സബ്രദായമാണ് ജയാബലിയുടേത് .തിരുവാതിര ദിവസം ഉച്ചക്കുള്ള പെരുംപൂജ ദേവൻ,അഗ്നി,ബ്രഹ്മൻ ,ഭൂതം, എന്നിവക്കുള്ള സമർപ്പണമാണ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം എഴുപത്തി രണ്ടേകാൽ പറ (കാൽ പറ എന്നൊരു പ്രത്യേക അളവുനാഴിയുണ്ട്. അതിൽ എഴുപത്തിരണ്ട് പ്രാവശ്യം അളന്നെടുക്കുക) അതായത് ആറു പറ ഒരു നാരായം. വെളുത്ത ഉണങ്ങല്ലരി അളന്നെടുത്ത് ഹവിസ്സ് തയ്യാറാക്കി ദേവന്റെ അനുവാദം വാങ്ങി ബലിതൂവലിന് തുടക്കമിടും. ശ്രീകോവിലിന് ചുറ്റും തൂവി ഒരു വരമ്പുപോലെ ദണ്ഡു നിർമ്മിക്കും. പക്ഷിമൃഗാദികൾ പോലും ഇതു മുറിച്ച് കടക്കരുതെന്നാണ് വിശ്വാസം. പൂജക്കുശേഷം ദർഭമുന കൊണ്ട് ദണ്ഡ് മുറിക്കും. ആ സമയത്തും , അതിന്ശേഷവുമാണ് ദണ്ഡു മുറിച്ചുതൊഴൽ. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയും ആണ് ഫലം ഈ സമയത്ത് സദാശിവൻ അനുഗ്രഹായസ്സുകളോടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

വെളുത്ത ഉണങ്ങല്ലരി വെന്താൽ പനമ്പുകളിൽ ഇടും. ഹവിസ്സ് പനമ്പിലിട്ട് മഞ്ഞൽ പൊടിയും നാളികേരപ്പൂളും ഇടും. ദേവന്റെ അനുവാദം വാങ്ങി ഒരടി വീതിയിൽ രണ്ട് വിരൽ പൊക്കത്തിൽ തിണ്ടു പോലെ ബലിക്കല്ലിൽ കൂടി ഇട്ട് ബലിക്കല്ലുകാണാതെ ഇടയിൽ തുളയൊന്നും ഇല്ലാതെ പൊത്തിവെക്കും. ആദ്യം ഇടത്തോട്ട് പ്രദക്ഷിണപ്രകാരം സപ്തമാതൃക്കളേയും, ഗണപതിയേയും , വീരഭദ്രനേയും പുറത്ത് നിർത്തിയാണ് ദണ്ഡ് (തിണ്ട്). നിർമ്മിക്കുന്നത്. ഓവുചാലുവരെ തിണ്ട് കെട്ടിയശേഷം തിരിച്ചുവന്ന് ഓവുചാലിൽ നിന്നും അപ്രദക്ഷിണമായി വന്ന് നന്ദിയുടെ അടുത്തുവരെ ദണ്ഡ് നിർമ്മിക്കും. ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നിലെ നന്ദിയെ പുറത്താക്കി മുമ്പിലെ ബലിക്കല്ല് വരെ ദണ്ഡു നിർമ്മിക്കും. . ദേവന്റെ സമ്മതം വാങ്ങി ദണ്ഡിന് മുകളിൽ ദർഭപ്പുല്ല് വിരിക്കും. ആചാര്യവൽക്കരണം കഴിഞ്ഞ് അകത്തുള്ള ഭൂതഗണങ്ങളെ പുറത്തേക്ക് ആവാഹിക്കുന്നു. എല്ലാഭൂതഗണങ്ങളേയും ആവാഹിച്ചശേഷം ശ്രീകോവിലിൽ ഭഗവാൻ തനിച്ചാവുന്നു. പിന്നീടാണ് മുന്നിലെ ബലിക്കല്ല് കൂടി മൂടുക. അതിനുശേഷം ഭഗവാന്റെ അനുഗ്രഹം വാങ്ങി ദണ്ഡിനുമേൽ ദർഭപ്പുല്ലിട്ട് അഗ്നികോണിൽ തിടമ്പ് പൂജ ചെയ്തശേഷം ദർഭപ്പുല്ലിന്റെ കെട്ടുകൊണ്ട് ദണ്ഡ് മുറിക്കുന്നു. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയുമാണ് ഫലം. ഈ സമയത്ത് സദാശിവൻ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. തിരുവാതിര ദിവസം നോൽമ്പിനുള്ള വട്ടവും, അന്നദാനവും ഉണ്ട്. നമ്പൂതിരിമാരെ വേറെ ഇരുത്തിയാണ് ഭക്ഷണം തരിക. ആറരക്ക് ദീപാരാധന, അമ്പലക്കൊട്ട് , അത്താഴപൂജ,പാണി ,ഹവിസ്സ് പൂജ ,ജയാബലിപൂജ, ജയാബലി. രാത്രി ഒമ്പത് മണിക്ക് ദണ്ഡുമുറിച്ചു തൊഴൽ (ദർശനം പ്രധാനം) മൂന്നു ലക്ഷം രൂപയോളം ചിലവുവരുന്ന ഈ പ്രധാന ചടങ്ങ് ഭക്ത ജനങ്ങളുടെ സഹായത്താൽ ഭംഗിയായി നടത്താൻ സാധിക്കുന്നു. ഓരോ വർഷവും ചിലവ് കൂടിക്കൊണ്ടേയിരിക്കും .

പണ്ടൊക്കെ രാത്രി രണ്ടു മണിക്കാണ് ദണ്ഡു മുറിച്ചു തൊഴൽ .ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.

Monday, January 2, 2023

ഹരിദ്വാർ

 ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി   കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു.

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ്  കരുതി വരുന്നത്.

ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.

ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.