Sunday, January 8, 2023
Friday, January 6, 2023
"അലൈപ്പായുതേ കണ്ണാ "പിറന്ന കലിംഗ നർത്തന ക്ഷേത്രം
1000 ഹിന്ദു ക്ഷേത്രങ്ങൾ ഉള്ള നാടാണ് തമിഴ് നാട്ടിലെ കുംഭകോണം. കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാൾ ക്ഷേത്രം.
നാഗഫണത്തിൽ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ.
കാളിയന്റെ ഫണത്തിൽ നൃത്തമാടുന്ന ഭഗവാൻ "കലിംഗനർത്തന പെരുമാൾ " എന്നും അറിയപ്പെടുന്നു.
ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് "പുഷ്പവനം "എന്നും പേരുണ്ടായിരുന്നു.
പൂച്ചെടികൾ നിറഞ്ഞ കുറ്റിക്കാടുകളുള്ള സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്.
ക്ഷേത്രത്തിന്റെ അടുത്തായി വലിയ ഒരു കുളം കാണപ്പെടുന്നു .
ആ കുളത്തിൽ നിന്നാണ് കാളിയ നർത്തന കൃഷ്ണന്റെ പ്രതിഷ്ഠ ലഭിച്ചതത്രെ .
സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തിൽ താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാൽ നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പാട്ടിയും ആയിരുന്നു.
ഇതുകഴിഞ്ഞാൽ ഇവർ ഇരുവരും രണ്ടുകിലോമീറ്റർ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തിൽ ചെന്ന് ഭഗവാന്റെ പൂജയ്ക്കുള്ള പുഷ്പങ്ങൾ ശേഖരിക്കുക പതിവായിരുന്നു.
അങ്ങനെയുള്ള ഒരു യാത്രയിൽ , കാളിയനുമേൽ നര്‍ത്തനമാടിയ ഭഗവാൻ കൃഷ്ണനെക്കുറിച്ച് നാരദമഹർഷി പറയുന്നത് ഇവർ കേൾക്കാൻ ഇടയായി.
വെറും അഞ്ചുവയസ്സുകാരനായ ഒരു ബാലൻ ഉഗ്രസർപ്പത്തിന്റെ ഫണത്തിൽ ചവിട്ടിയ രംഗം മനസ്സിൽ ഓർത്ത് നന്ദിനിയും പാട്ടിയും ഭയ ചകിതരായി വിതുമ്പിക്കരയാൻ തുടങ്ങി.
മക്കളുടെ വൃഥയിൽ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാൻ പരിഹാരം നിർദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.
മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണൻ , നന്ദിനിക്കും പാട്ടിക്കും മുന്നിൽ കലിംഗനർത്തനം ആരംഭിച്ചു.
തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാൻ അവര്‍ക്ക് ഇരുവർക്കും വ്യക്തമാക്കിക്കൊടുത്തു.
നൃത്തം കണ്ടു അവർ ആനന്ദത്തിൽ മയങ്ങിപ്പോയി.
കൃഷ്ണന്റെ ഈ അപൂർവ്വ നടനം ഭക്തന്മാർ എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നും അതിനാൽ പ്രസ്തുത രൂപത്തിൽ ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹർഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.
കലിംഗ നർത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നിൽ ഇരുവശങ്ങളിലുമായി നില്‍ക്കുന്ന നിലയിൽ നന്ദിനിയുടേയും പാട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.
ഇവിടുത്തെ വിഗ്രഹത്തിൽ സർപ്പഫണത്തിനുമുകളിലായി ഭഗവാൻ ശ്രീകൃഷ്ണന്റെ ഇടതുകാൽ കാണാമെങ്കിലും, കാല്‍ പൂർണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല എന്ന മട്ടിലുള്ള വിഗ്രഹം വലിയ അതിശയം ഉളവാക്കുന്നു .
ഇടതുകൈകൊണ്ട് പാമ്പിന്റെ വാൽ പിടിച്ചതായി കാണാമെങ്കിലും തള്ളവിരൽ മാത്രമേ സർപ്പത്തിനുമേൽ സ്പര്‍ശിക്കുന്നുള്ളൂ എന്നതും ...!!
വലതുകാൽ നൃത്തം ചെയ്യുന്ന നിലയിൽ ഭൂമിയിൽ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു.
വിഗ്രഹം സൂക്ഷിച്ചുനോക്കിയാൽ കാളിയനുമായുണ്ടായ പോരാട്ടത്തിൽ ദംശനമേറ്റ കലകൾ മുട്ടിനു ചുവടെ കാണാം.
വലതു കൈ അഭയമുദ്രയിലാണ്.
സംഗീത-നൃത്ത കലകളിൽ വൈദഗ്ദ്ധ്യം നേടാനും ഈ രംഗങ്ങളിൽ വിജയിക്കുവാനും ഭഗവത്ദർശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം.
രാഹുദോഷവും കേതു ദോഷവും സർപ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാൻ അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു..
എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. അലങ്കാരങ്ങളിൽ പൊതിഞ്ഞ ഉണ്ണികൃഷ്ണന്റെ ബിംബത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഇത് മനസിലാകില്ല .
ശ്രീകോവിലിന്റെ പ്രഭാപൂരത്തിലും അലങ്കാരങ്ങളുടെ തിളക്കത്തിലും കാളിയ ശിരസ്സിനു മേലെയുള്ള ഭഗവാന്റെ പാദങ്ങൾ കാണാൻ ഒക്കില്ല .
അതും ഭഗവാൻ മറ്റൊരു ലീല കൊണ്ട് നിഗൂഢത തീർക്കുന്നു ...!!
ഭഗവാൻ വേദനാരായണ പെരുമാളിന്റെ ദർശനം കിഴക്കോട്ടഭിമുഖമായാണ്.
ദേവിമാർ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂർത്തി കലിംഗ നർത്തന പെരുമാൾ .
ദേവിമാർ രുക്മിണിയും സത്യഭാമയും.
ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.
പ്രധാന പ്രവേശന കവാടത്തിനടുത്തായി നർത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.
അപൂർവമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളിൽ പ്രത്യേകതയുള്ളതായി കാണുക.
ആയിരം വർഷങ്ങൾക്കു മേലെ പഴക്കമുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്ത് പണിതു എന്ന് വിശ്വസിക്കുന്നു .
വെങ്കടകവി, ആണ്ടാൾ ,വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.
തമിഴിലെ പ്രശസ്തമായ കീർത്തനം
" അലൈപ്പായുതേ കണ്ണാ "
ഈ ക്ഷേത്രത്തിൽ ഇരുന്നാണ് രചിച്ചത് .
" അടുത്തു അസങ്കത്ത് വാ കണ്ണാ ", കുഴലൂത്തി മനമെല്ലാം കൊല്ലൈ.." കൊണ്ടാ, "നീരദ സാമ നീല കൃഷ്ണ",, " തായേ യശോദ " എന്ന പ്രശസ്ത ഗാനങ്ങളും ഈ സവിധത്തിലാണ് പിറവി കൊണ്ടത്.
1700- 1765 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വെങ്കട കവി, സുബ്ബ അയ്യർ ആണ് തമിഴും സംസ്‌കൃതവും ഇടകലർന്ന ഈ ഗാനങ്ങൾ രചിച്ചത്.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും ഈ ഗാനങ്ങൾ മാഞ്ഞു പോയിട്ടില്ല, പോവുകയുമില്ല.
ഇവിടെ ശ്രീകൃഷ്ണ ക്ഷേത്രം പണി കഴിപ്പിക്കാൻ ജന്മം കൊണ്ട നാരദന്റെ അവതാരമാണ് അദ്ദേഹമെന്ന് പറയപ്പെടുന്നു.
അപൂർവ വിഗ്രഹമുള്ള ഈ ക്ഷേത്രത്തിന് വേറെയും പ്രാധാന്യങ്ങളും പ്രത്യേകതകളുമുണ്ട്.
108 വൈഷ്ണവ ക്ഷേത്രങ്ങളിൽ സർപ്പദോഷത്തിനുള്ള പൂജകൾ ഇവിടെ മാത്രമാണ് നടക്കുന്നത്.
ഗരുഡ വിഗ്രഹം ഇവിടെ പൂജിക്കുന്നുണ്ട്.
കലാകാരൻമാർക്ക് കലാ ജീവിതത്തിനുള്ള എല്ലാ തടസങ്ങളും ഇല്ലാതാകുന്നത് ഇവിടെ പ്രാർത്ഥിച്ചു തൊഴുമ്പോഴാണ്.
വെങ്കടകവി കൃഷ്ണന്റെ പാട്ടുകൾ രചിക്കുമ്പോൾ കാടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഭഗവാൻ ഓടി വന്ന് അദ്ദേഹത്തിന്റെ മുൻപിൽ നൃത്തം ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി ഓടക്കുഴൽ വായിക്കുകയും ചെയ്യുമായിരുന്നെന്ന് വിശ്വാസമുണ്ട്.
ആ വരികളിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷ്ണനെ തേടി അലയുന്നതും വേദനിപ്പിച്ചു പരീക്ഷിക്കുന്നതും ധർമ്മമാണോ എന്ന് വാക്കുകളിലൂടെ കവി കൃഷ്ണനോട് ചോദിക്കുന്നു.
ശ്രീകൃഷ്ണ സഹോദരി സുഭദ്ര
🌸യാദവരാജാവായ ശ്രീ വസുദേവർക്ക് ശ്രീ രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് ശ്രീ സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവർക്ക് മകൻ ശ്രീകൃഷ്ണൻ വന്നു രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ശ്രീ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.
🌸മാതൃസഹോദരനായ ശ്രീ വസുദേവരുടെ ദ്വാരകയിൽ പാണ്ഡവർകഴിഞ്ഞിരുന്ന കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ശ്രീ ബലരാമൻ എന്നിവരോടൊപ്പം ശ്രീ സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.
ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ശ്രീ ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ ശ്രീ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തന്റെ ശിഷ്യനായ ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ശ്രീ ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ ശ്രീ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ ശ്രീ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രീ അർജ്ജുനൻ ശ്രീ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.
കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് ശ്രീ സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. ശ്രീ അർജ്ജുനൻ-ശ്രീ സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ ശ്രീ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിന്റെ അവകാശിയായത്.
🌸ശ്രീ ശതരുപയുടെ അംശാവതാരമായതിനാൽ ശ്രീ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. ശ്രീ യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.🌸