സദ്ഭിരേവ സഹാസീത
സദ്ഭിഃ കുർവീത സംഗതിം
സദ്ഭിഃ വിവാദം മൈത്രീം ച
നാസദ്ഭിഃ കിഞ്ചിദാചരേത്
✨✨✨✨✨✨✨✨✨✨✨
സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയുന്ന ഒരു സുഭാഷിതമാണിത്. സജ്ജനങ്ങളുമായി മാത്രം ഒരുമിച്ച് വസിക്കുക. ദുർജ്ജനങ്ങളോടൊത്തുള്ളത് കലഹം നിറഞ്ഞതായിരിക്കും. കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ സജ്ജനങ്ങളുമായി മാത്രം ചേരുക. ഇല്ലെങ്കിൽ നിസ്സാരകാര്യങ്ങൾക്ക് തമ്മിൽതല്ലി പിരിയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് വിവാദമാണ്. ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം വരുമ്പോൾ കഴിയുന്നതും സമാനചിന്താഗതിക്കാരോ അന്യരുടെ അഭിപ്രായങ്ങളെ ശരിയായി സ്വീകരിക്കുന്നവരോ ആയവരായാൽ നല്ലത്. അല്ലെങ്കിൽ വിവാദങ്ങൾ വാഗ്വിവാദങ്ങളിലേക്കും കലഹങ്ങളിലേക്കും അതുവഴി അതേ പ്രവർത്തനങ്ങളിലും എത്താം. അതിനാൽ കഴിയുന്നതും ദുർജ്ജനങ്ങളുമായുള്ള മൈത്രി ഒഴിവാക്കുക. അവരുമായി ഒരുതരത്തിലുള്ള സമ്പർക്കവും വേണ്ട എന്നത് സുഭാഷിതകാരൻ ഉറപ്പിച്ചു പറയുന്നു.