Thursday, September 7, 2023

കോർപ്പറേറ്റ് ലോകത്ത് നിങ്ങൾ പഠിച്ച ഏറ്റവും വലിയ പാഠങ്ങൾ ഏതാണ്?

 ഞാൻ കോർപ്പറേറ്റ് ലോകത്ത് നിന്ന് നേരിട്ടും അല്ലാതെയും പഠിച്ച പാഠങ്ങൾ ഒരു നിയമാവലി പോലെ താഴെ കൊടുക്കുന്നു. 

  1. നിങ്ങളുടെ സൌന്ദര്യം കണ്ടുകൊണ്ടല്ല ഒരു കമ്പനി നിങ്ങളെ നിയമിക്കുന്നത്. മറിച്ച് നിങ്ങളുടെ കഴിവ്/കഴിവുകൾ കണ്ടുകൊണ്ടാണ്. അതുകൊണ്ട് ജോലിയുമായി ബന്ധപ്പെട്ട കഴിവുകൾ പരമാവധി വളർത്തിയെടുക്കുവാൻ നോക്കുക. വിദ്യാഭ്യാസ യോഗ്യതകൾ വെറും എൻട്രി പാസ്സ് ആണെന്ന് മാത്രം മനസ്സിലാക്കുക. അതായത് നിങ്ങൾക്കുള്ള ജോലി സംബന്ധമായ കഴിവുകളിൽ അതിവൈദഗ്ദ്യം നേടിയെടുത്താൽ പിന്നെ ജോലിക്ക് വേണ്ടി കമ്പനികൾ നിങ്ങളുടെ പിന്നാലെ വരുന്നതാണ്.
  2. നിങ്ങൾ എത്രയൊക്കെ കൂറ് കാണിച്ചാലും, ആയുഷ്കാലം മുഴുവൻ ജോലി തരാമെന്ന് ഒരു കമ്പനിക്കും ഉറപ്പ് നൽകാനാകില്ല. അതു കൊണ്ട് കമ്പനിയോട് കൂറ് കാണിക്കുന്നതിനേക്കാൾ ചെയ്യുന്ന ജോലിയോടും, രാജ്യത്തോടും പ്രത്യേകിച്ച് മനസ്സാക്ഷിയോടും മാത്രം കൂറ് കാണിക്കുക. ദീർഘകാല അടിസ്ഥാനത്തിൽ അത്തരമൊരു നയം തീർച്ചയായും ഗുണം ചെയ്യും.
  3. ഒരു ജോലിയിൽ നിന്നും ലഭിക്കുന്ന പ്രതിഫലം വിലയിരുത്തുമ്പോൾ സന്തോഷം, മനസമാധാനം, ആരോഗ്യം, പുതിയ കഴിവുകൾ പ്രയോഗിക്കുവാനുള്ള സാഹചര്യം, ശമ്പളം എന്ന ക്രമത്തിൽ മാത്രം വിലയിരുത്തുക. ഇതില് ആദ്യത്തെ മൂന്ന് കാര്യങ്ങളിൽ ഒന്നുപോലും ലഭിക്കുന്നില്ലെങ്കിൽ കഴിയുന്നത് വേഗം ജോലി മാറുക.
  4. "അവൻ/ അവൾ ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ഇനി ചെയ്യില്ല എന്ന് പറഞ്ഞാൽ ചെയ്യില്ല" എന്ന ഒരു ഖ്യാതി നിങ്ങളെ പറ്റി ഓഫീസിൽ സൃഷ്ടിച്ചെടുക്കുക. കോർപ്പറേറ്റ് ലോകത്ത് Reliability(വിശ്വാസ്യത)യേക്കാൾ വിലമതിക്കുന്ന ഒരു മൂല്യം ഇല്ല.
  5. നിങ്ങളോട് ഇടപെടുന്ന കാര്യത്തിൽ മറ്റുള്ളവർക്ക് ഒരു അതിർവരമ്പ് നിശ്ചയിക്കുക. മറ്റുള്ളവരോട് ഇടപെടുമ്പോൾ അതേ അതിർവരമ്പുകൾ നിങ്ങളും പാലിക്കുക. അതായത് നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ ഒരു പരിധി വരെ ഇടപെടരുത്. അതു പോലെ നിങ്ങളുടെ കാര്യത്തിൽ മറ്റുള്ളവരെ ഒരു പരിധിക്ക് മേലെ ഇടപ്പെടുവാൻ അനുവദിക്കരുത്.
  6. നിങ്ങളുടെ ബോസ്സ്/സീനിയർ ആണെന്ന് വെച്ച് ഒരാൾ ആവശ്യത്തിൽ കൂടുതൽ അപമാനിക്കുന്നത് സഹിക്കേണ്ട കാര്യമില്ല. എന്നു കരുതി പരസ്യമായി ആ വ്യക്തിയെ എതിർക്കരുത്. പക്ഷേ ബോസ്സ്/ സീനിയറോട്, മറ്റുള്ളവരുടെ അസാന്നിദ്ധ്യത്തിൽ, നിങ്ങളുടെ അതൃപ്തി വ്യക്തമാക്കുക. അതിന് ശേഷവും നിങ്ങളോടുള്ള സ്വഭാവം മാറുന്നില്ലെങ്കിൽ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. മേൽ പറഞ്ഞ രീതിയിൽ നിങ്ങൾ നിങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും വിശ്വാസ്യതയും തെളിയിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളോട് അപമര്യാദയായി പെരുമാറുന്നതിന് മുൻപ് ബോസ്സ്/സീനിയർ കുറഞ്ഞത് നൂറു വട്ടം ആലോചിക്കും.
  7. ദിവസത്തിൽ ഒന്നരമണിക്കൂർ മെഡിറ്റേഷൻ, യോഗ, ജിം തുടങ്ങിയ കാര്യങ്ങൾക്കായി നിർബന്ധമായും മാറ്റി വെയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. അതു പോലെ അമിതമായ മദ്യപാനവും ചായ കൊഫ്ഫീ എന്നിവയുടെ അധികമായ ഉപയോഗവും നിയന്ത്രിക്കുക. ചുവരുണ്ടെങ്കിലേ ചിത്രം എഴുതുവാൻ സാധിക്കുകയുള്ളൂ.
  8. ഒരു ജോലി കിട്ടിയാലും ജോബ് പോർട്ടലുകളിൽ ജോലി നോക്കുന്നത് മുടക്കാതിരിക്കുക. നിങ്ങളുടെ മേഖലയിൽ വരുന്ന മാറ്റങ്ങൾ അറിയുവാനും, കമ്പനി ഒരു സുപ്രഭാതത്തിൽ നിങ്ങളെ പിരിച്ചു വിട്ടാൽ പെട്ടെന്ന് ഒരു ജോലി കണ്ടെത്തേണ്ടി വരുമ്പോഴും, അത്തരമൊരു പ്രവൃത്തി സഹായകമാകും.
  9. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രൊഫെഷനൽ സംഘടനകളിലും സ്കൂൾ/കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനകളിലും സജീവമായി പങ്കെടുക്കുക. അങ്ങനെ ഒരു തൊഴിൽ ശൃംഖല സൃഷ്ടിക്കുക. ഒരു ജോലി അന്വേഷിക്കേണ്ടി വരുമ്പോൾ അത് വളരെ അധികം സഹായകമാകും.
  10. നിങ്ങളെ പോലെ പലവിധ പ്രശ്നങ്ങളുമായി ഓഫീസിൽ വരുന്നവർ ആകാം നിങ്ങളുടെ സഹപ്രവർത്തകരും. അതു കൊണ്ട് അവരോട് ഇടപെടുമ്പോൾ ആവശ്യത്തിൽ കൂടുതൽ ദേഷ്യപ്പെടുകയോ അപമാനിക്കുകയോ ചെയ്യാതിരിക്കുക.
  11. HR വകുപ്പും നിങ്ങളുടെ മാനേജരും, നിങ്ങളെ ഒരുപാട് നിരീക്ഷിക്കാതിരിക്കുവാനും അതു വഴി നിങ്ങളെ ചൂഷണം ചെയ്യാതിരിക്കുവാനും ആയി താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്യുക.
    1. ഓഫീസിൽ വെച്ച്, അല്ലെങ്കിൽ കമ്പനി തരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് (ലാപ്ടോപ്, മൊബൈൽ) ഒരു കാരണവശാലും നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുക. കമ്പനി വൈഫൈ നിങ്ങളുടെ ഉപകരണങ്ങളിൽ ഉപയോഗിക്കാതിരിക്കുക.
    2. നിങ്ങളുടെ സ്വകാര്യജീവിതം പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി, ലൈംഗിക താത്പര്യങ്ങൾ, ഭാവി പരിപാടികൾ തുടങ്ങിയവ ഒരിക്കലും സഹപ്രവർത്തകരുമായി പങ്കു വെയ്ക്കാതിരിക്കുക (ഇതിനാണ് നേരത്തേ പറഞ്ഞ അതിർവരമ്പ് കൃത്യമായി നിശ്ചയിക്കേണ്ടത്). അതുപോലെ റൂം ഷെയർ ചെയ്ത് താമസിക്കുമ്പോൾ സഹപ്രവർത്തകർക്കൊപ്പം അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾക്കൊപ്പമോ ബന്ധുക്കൾക്കൊപ്പമോ താമസിക്കാതിരിക്കുക.
    3. ഓഫീസ് രാഷ്ട്രീയത്തിൽ (പ്രത്യേകിച്ച് അപവാദ പ്രചാരണത്തിൽ) ഒരു കാരണവശാലും ഇടപ്പെടാതിരിക്കുക. അതിൽ നിങ്ങൾ യാതൊരു താത്പര്യവും കാണിക്കാതിരിക്കുക. പക്ഷേ ഓഫീസിൽ എന്തു നടക്കുന്നു എന്ന ഒരു സാമാന്യബോധം ഉണ്ടായിരിക്കണം.
    4. സഹപ്രവർത്തകരുമായി സാമ്പത്തിക ഇടപാടുകൾ (കടം വാങ്ങുന്നതും കൊടുക്കുന്നതും) നടത്താതിരിക്കുക.
    5. വ്യക്തിപരമായ നേട്ടങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക. (ഓഫീസ് കാര്യം വേറെ, വ്യക്തിപരമായ കാര്യം വേറെ)
    6. കമ്പനി ഔദ്യോഗികമായി നടത്തുന്ന പാർട്ടികൾക്ക് മാത്രം പോകുക. ഇനി സഹപ്രവർത്തകർ പാർട്ടികൾ നടത്തുന്നുണ്ടെങ്കിൽ ഫാമിലികൾ ഉൾപ്പെട്ട പാർട്ടികൾക്ക് മാത്രം പോകുക. ഏത് പാർട്ടിക്ക് ആയാലും മദ്യപാനം പൂർണ്ണമായി ഒഴിവാക്കുക. ചുരുക്കത്തിൽ സാഹചര്യം എന്തായാലും സഹപ്രവർത്തകരുമായി മദ്യപിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
    7. സഹപ്രവർത്തകരുമായി പ്രേമമോ, കൊഞ്ചിക്കുഴയലോ, ലൈംഗിക ബന്ധമോ (കാഷ്വൽ അല്ലെങ്കിൽ ബഡ്ഡി സെക്സ്) നടത്താതിരിക്കുക.
  12. വേറൊരു ജോലിക്കുള്ള ഓഫർ ലെറ്റർ കാണിച്ചു കമ്പനിയെ ബ്ലാക്ക്മെയിൽ ചെയ്യാതിരിക്കുക. ചിലപ്പോൾ നിവൃത്തികേടു കൊണ്ട് കമ്പനി നിങ്ങളുടെ ആവശ്യങ്ങൾ (ശമ്പള വർദ്ധനവ്, പ്രമോഷൻ തുടങ്ങിയവ) അംഗീകരിച്ചേക്കാം. പക്ഷേ ഏറ്റവും അടുത്ത അവസരത്തിൽ അവർ നിങ്ങളെ പുറത്താക്കുന്നതാണ്. അതുകൊണ്ട്, പ്രത്യേകിച്ച് വേറൊരു ജോലി ലഭിച്ചതിന് ശേഷം, ഒരു കമ്പനി വിട്ടു പോകാൻ തീരുമാനിച്ചാൽ കമ്പനി വിട്ടു പോകുക തന്നെ ചെയ്യുക.
  13. കോർപ്പറേറ്റ് ലോകം വിട്ട് സ്വസ്ഥമായ ഒരു ജീവിതം നയിക്കണമെന്ന് തോന്നിയാൽ ആ സമയത്തേക്ക് ഒരു സാമ്പത്തിക വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു ഹോബി/വിനോദം അല്ലെങ്കിൽ ഒരു കഴിവ് വളർത്തിയെടുക്കുക. (സാമ്പത്തിക വരുമാനം നേടിത്തരാത്ത ഒരു ഹോബി നേരമ്പോക്ക് മാത്രമാണ്.)
  14. കോർപ്പറേറ്റ് ജോലി സംബന്ധമായി എന്ത് തീരുമാനം എടുക്കുമ്പോഴും ഒരു കാര്യം മാത്രം ഓർക്കുക. "ജീവിക്കുവാൻ വേണ്ടിയാണ് ജോലി; അല്ലാതെ മറിച്ചല്ല!"

നന്ദി!

No comments:

Post a Comment