Tuesday, January 3, 2023

ജയാബലി മഹോത്സവം

 ഒറ്റപ്പാലത്തിന്റേയും ചെർപ്പുളശ്ശേരിയുടേയും ഇടയിൽ തൃക്കടേരിയിലെ ശ്രീ തൃക്കടേരി മൂന്നു മൂർത്തി ക്ഷേത്രത്തിൽ നടത്തി വരുന്ന "ജയാബലി മഹോത്സവം"2017 .30,31,ജനവരി 1, ധനു 15,16,17 തിയതികളിൽ തന്ത്രി ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്തിൽ നടത്തി വരുന്നു. . അത്യപൂർവ്വമായ പെരും പൂജ ,ദണ്ഡുമുറിക്കൽ എന്നീ സമയങ്ങളിൽ തൊഴുത് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും നല്ലതാണ്. താന്ത്രിക വിധിപ്രകാരം ഏറെ കാഠിന്യമുള്ളതും നിഷ്ടയേറിയതുമായ പൂജാ സബ്രദായമാണ് ജയാബലിയുടേത് .തിരുവാതിര ദിവസം ഉച്ചക്കുള്ള പെരുംപൂജ ദേവൻ,അഗ്നി,ബ്രഹ്മൻ ,ഭൂതം, എന്നിവക്കുള്ള സമർപ്പണമാണ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം എഴുപത്തി രണ്ടേകാൽ പറ (കാൽ പറ എന്നൊരു പ്രത്യേക അളവുനാഴിയുണ്ട്. അതിൽ എഴുപത്തിരണ്ട് പ്രാവശ്യം അളന്നെടുക്കുക) അതായത് ആറു പറ ഒരു നാരായം. വെളുത്ത ഉണങ്ങല്ലരി അളന്നെടുത്ത് ഹവിസ്സ് തയ്യാറാക്കി ദേവന്റെ അനുവാദം വാങ്ങി ബലിതൂവലിന് തുടക്കമിടും. ശ്രീകോവിലിന് ചുറ്റും തൂവി ഒരു വരമ്പുപോലെ ദണ്ഡു നിർമ്മിക്കും. പക്ഷിമൃഗാദികൾ പോലും ഇതു മുറിച്ച് കടക്കരുതെന്നാണ് വിശ്വാസം. പൂജക്കുശേഷം ദർഭമുന കൊണ്ട് ദണ്ഡ് മുറിക്കും. ആ സമയത്തും , അതിന്ശേഷവുമാണ് ദണ്ഡു മുറിച്ചുതൊഴൽ. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയും ആണ് ഫലം ഈ സമയത്ത് സദാശിവൻ അനുഗ്രഹായസ്സുകളോടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

വെളുത്ത ഉണങ്ങല്ലരി വെന്താൽ പനമ്പുകളിൽ ഇടും. ഹവിസ്സ് പനമ്പിലിട്ട് മഞ്ഞൽ പൊടിയും നാളികേരപ്പൂളും ഇടും. ദേവന്റെ അനുവാദം വാങ്ങി ഒരടി വീതിയിൽ രണ്ട് വിരൽ പൊക്കത്തിൽ തിണ്ടു പോലെ ബലിക്കല്ലിൽ കൂടി ഇട്ട് ബലിക്കല്ലുകാണാതെ ഇടയിൽ തുളയൊന്നും ഇല്ലാതെ പൊത്തിവെക്കും. ആദ്യം ഇടത്തോട്ട് പ്രദക്ഷിണപ്രകാരം സപ്തമാതൃക്കളേയും, ഗണപതിയേയും , വീരഭദ്രനേയും പുറത്ത് നിർത്തിയാണ് ദണ്ഡ് (തിണ്ട്). നിർമ്മിക്കുന്നത്. ഓവുചാലുവരെ തിണ്ട് കെട്ടിയശേഷം തിരിച്ചുവന്ന് ഓവുചാലിൽ നിന്നും അപ്രദക്ഷിണമായി വന്ന് നന്ദിയുടെ അടുത്തുവരെ ദണ്ഡ് നിർമ്മിക്കും. ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നിലെ നന്ദിയെ പുറത്താക്കി മുമ്പിലെ ബലിക്കല്ല് വരെ ദണ്ഡു നിർമ്മിക്കും. . ദേവന്റെ സമ്മതം വാങ്ങി ദണ്ഡിന് മുകളിൽ ദർഭപ്പുല്ല് വിരിക്കും. ആചാര്യവൽക്കരണം കഴിഞ്ഞ് അകത്തുള്ള ഭൂതഗണങ്ങളെ പുറത്തേക്ക് ആവാഹിക്കുന്നു. എല്ലാഭൂതഗണങ്ങളേയും ആവാഹിച്ചശേഷം ശ്രീകോവിലിൽ ഭഗവാൻ തനിച്ചാവുന്നു. പിന്നീടാണ് മുന്നിലെ ബലിക്കല്ല് കൂടി മൂടുക. അതിനുശേഷം ഭഗവാന്റെ അനുഗ്രഹം വാങ്ങി ദണ്ഡിനുമേൽ ദർഭപ്പുല്ലിട്ട് അഗ്നികോണിൽ തിടമ്പ് പൂജ ചെയ്തശേഷം ദർഭപ്പുല്ലിന്റെ കെട്ടുകൊണ്ട് ദണ്ഡ് മുറിക്കുന്നു. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയുമാണ് ഫലം. ഈ സമയത്ത് സദാശിവൻ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. തിരുവാതിര ദിവസം നോൽമ്പിനുള്ള വട്ടവും, അന്നദാനവും ഉണ്ട്. നമ്പൂതിരിമാരെ വേറെ ഇരുത്തിയാണ് ഭക്ഷണം തരിക. ആറരക്ക് ദീപാരാധന, അമ്പലക്കൊട്ട് , അത്താഴപൂജ,പാണി ,ഹവിസ്സ് പൂജ ,ജയാബലിപൂജ, ജയാബലി. രാത്രി ഒമ്പത് മണിക്ക് ദണ്ഡുമുറിച്ചു തൊഴൽ (ദർശനം പ്രധാനം) മൂന്നു ലക്ഷം രൂപയോളം ചിലവുവരുന്ന ഈ പ്രധാന ചടങ്ങ് ഭക്ത ജനങ്ങളുടെ സഹായത്താൽ ഭംഗിയായി നടത്താൻ സാധിക്കുന്നു. ഓരോ വർഷവും ചിലവ് കൂടിക്കൊണ്ടേയിരിക്കും .

പണ്ടൊക്കെ രാത്രി രണ്ടു മണിക്കാണ് ദണ്ഡു മുറിച്ചു തൊഴൽ .ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.

Monday, January 2, 2023

ഹരിദ്വാർ

 ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി   കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു.

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ്  കരുതി വരുന്നത്.

ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.

ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.

ജ്ഞാനേന യജ്ഞം യജ്ഞേന ജ്ഞാനം

 സത്യം തപോജ്ഞാനമഹിംസതാം ച

വിദ്വത്പ്രമാണം ച സുശീലതാം ച

ഏതാനി യോ ധാരയതേ സ വിദ്വാൻ

ന കേവലം യഃ പഠതേ സ വിദ്വാൻ


സത്യം, തപസ്സ്, ജ്ഞാനം, അഹിംസ, നല്ല സ്വഭാവഗുണങ്ങൾ വിദ്വത് ജനങ്ങളുടെ പ്രമാണങ്ങൾ അംഗീകരിക്കൽ തുടങ്ങിയവ സ്വന്തം ജീവിതത്തിൽ കൊണ്ടുനടക്കുന്നവനാണ് വിദ്വാൻ. അല്ലാതെ വെറുതെ പഠിച്ചുവെക്കുന്നവൻ മാത്രമല്ല. ഏതൊരു കാര്യവും പഠിച്ചുവെയ്ക്കലും അത് പ്രായോഗികജീവിതത്തിൽ കൊണ്ടുവരുന്നതും രണ്ടും രണ്ടാണ്. അനേകം പേർ ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് അഗാധമായി പഠിക്കുന്നു. ഇവയിലൊന്നുപോലും ജീവിതത്തിൽ പകർത്തുന്നില്ല. ഇവയിലൊരു ഗുണംപോലും കാണുകയില്ല. സത്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി ഇപ്പോൾ നാക്കെടുത്താൽ കള്ളമേ പറയൂ എന്ന സ്ഥിതിവന്നാൽ അയാളെ വിദ്വാൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല. ആചാര്യൻ എന്ന പദത്തിന്റെ അർത്ഥം എന്താണെന്നു നോക്കാം. "ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപി സ്വയമാചരതേ തസ്മാത് ആചാര്യ ഇതി കഥ്യതേ' എന്നാണ് പറയുന്നത്. പ്രമാണങ്ങൾ അന്യർക്ക് പകർന്നു നൽകുക മാത്രമല്ല സ്വയം ആചരിച്ച് മാതൃക കാണിക്കുകയും ചെയ്യുന്നു. വാക്കുകളും പ്രവൃത്തികളും ഒന്നായിരിക്കണം. നമ്മുടെ പല ആരാധ്യപുരുഷരും അങ്ങിനെയായി തീർന്നത് ഈ ഗുണങ്ങൾ ഉണ്ടായതുകൊണ്ടാണ്. സ്വന്തം പ്രമാണങ്ങൾ മാത്രമല്ല ശരിയെന്നും മറ്റുള്ളവർ പറയുന്നതിലെ ശരിയെ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിദ്വാൻ.


കലിസന്തരണോപനിഷത്ത്

 കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റി ഓര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.

ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:

"പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?"

ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു. "വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?"

"ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ."


"നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്."

"പ്രഭോ, എന്താണത്?"

"ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!"

ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.

"ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും."

"സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം

‘ഹരേ രാമ’

എന്നുള്ളതാണ്."

"ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ

ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ."

ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.

"പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും."

അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.

"പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും."

"ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു.

ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല."

*ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു

Sunday, January 1, 2023

മധുരമീനാക്ഷി ക്ഷേത്രം

 ലോകത്തിലെ ഒരു അംബര ചുംബിക്കും

ഇല്ലാത്ത നിർമ്മാണ വാറൻ്റി.

ആയിരക്കണക്കിന് വർഷം ഈടു നിൽക്കും എന്ന നിർമ്മാതാവിൻ്റെ ഉറപ്പ്.

ലോകത്ത് നിർമ്മിച്ചിട്ടുള്ള അംബരചുംബികളിൽ  വച്ച് സങ്കീർണമായ സാങ്കേതികത ഉള്ള നിർമ്മിതി...

170 അടി ഉയരമുള്ള പ്രധാന ഗോപുരം...

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി....

ആകൃതിയിലും ,അകലത്തിലും അണുപോലും വ്യത്യാസമില്ലാത്ത തൂണുകൾ...

നിർമ്മാണത്തിലെ സങ്കീർണത കൊണ്ട് ശ്രദ്ധ നേടിയ ആയിരം കാൽ മണ്ഡപം...

ഓസോൺ പാളിയെ കുറിച്ച് ലോകത്ത് ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഇടം..

എഞ്ചിനീയറിംഗ് വിസ്മയമായ സപ്തസ്വരം പുറപ്പെടുവിക്കുന്ന തൂണുകൾ...

ലോകത്തിലെ  പ്രാചീന മഴവെള്ള സംഭരണ സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡ്രെയിനേജ് സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

അതെ ...ആധുനികതയെ വെല്ലുന്ന ഒരു സാങ്കേതിക വിദ്യ ഈ നാട്ടിലുണ്ടായിരുന്നു.