Monday, January 9, 2023

️എങ്ങിനെ ആണ് തുലാഭാരം തുടങ്ങിയത്

 ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ എപ്പോഴും സ്വതേ ഗർവിഷ്ഠ ആയ സത്യഭാമ, തനിക്കാണ് രുഗ്മിണിയെക്കാളും ഭഗവാനോട് സ്നേഹമെന്നും, ഭഗവാന് തന്നോടാണ് കൂടുതൽ പ്രിയമെന്നും വിശ്വസിക്കുകയും, അങ്ങിനെ തന്നെ തന്റെ തോഴിമാരോട് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രുഗ്‌മിണിയുടെ തോഴിമാർ, രുഗ്മിണിയോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ, ഭഗവൽനാമം ഉച്ചരിക്കുകയും, തന്റെ ഹൃദയത്തിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന തന്റെ ഭഗവാനെ പ്രണമിക്കുകയും, തോഴിമാരെ ചെറു പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു... എന്നാൽ ഇതറിഞ്ഞ സത്യഭാമ, തനിക്കു തന്നെയാണ് ഭഗവാനോട് സ്നേഹം എന്ന് രുഗ്‌മിണിയെ മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപായം ചെയ്തു. തുലാഭാരം!!!... ഭഗവാനെ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സ്വത്തുക്കളും, സ്വർണ്ണ ആഭരണങ്ങളും, പവിഴങ്ങളും, മുത്തുകളും എല്ലാം വച്ച് തുലാഭാരം നടത്തി, മറ്റുള്ളവരെ അത് കാണിച്ചു ബോധ്യപ്പെടുത്തി, അത്രകണ്ട് വിലപ്പെട്ട സ്നേഹം അദ്ദേഹത്തിലുണ്ട് എന്ന് പരസ്യപ്പെടുത്താൻ തീരുമാനിച്ചു.

ഭഗവാനെ ഒരു ദിവസം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, സത്യഭാമ സ്വതേ തൻറെ സ്വഭാവമായ ഗർവോടെ, ഭഗവാനെ തുലാഭാരത്തിന്റെ ഒരു തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു.. മറു തട്ടിൽ തന്റെ പക്കലുള്ള സ്വർണത്തിന്റെ എല്ലാ സ്വത്തുക്കളും ഒന്നൊന്നായി വയ്ക്കാൻ തുടങ്ങി. എല്ലാ വയ്ച്ചിട്ടും ഭഗവാന്റെ തട്ട് ഒന്ന് ചെറുതായി അനങ്ങി പോലും ഇല്ല.. ഇത് കണ്ട സത്യഭാമ, താനിട്ടിരുന്ന, തനിക്കു വളരെ പ്രിയപ്പെട്ട ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മറുതട്ടിൽ വച്ചു..... ഓരോന്നും അഴിച്ചു വയ്കുമ്പോഴും തന്റെ മനസ്സിലുള്ള അഹന്ത കുറഞ്ഞു കുറഞ്ഞു വന്നു.... എല്ലാ ആഭരണങ്ങളും, സ്വത്തുക്കളും വച്ചിട്ടും ഭഗവാന്റെ തട്ട് ചെറുതായി ഒന്ന് അനങ്ങുകപോലും ചെയ്തില്ല. ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയിരിക്കുന്ന പരമവൈഭവത്തിനെ അളക്കുവാൻ കയ്യിലുള്ള സ്വത്തുകൊണ്ട് ആർക്കാലും സാധ്യമോ?.. എല്ലാ ഗർവ്വും ശമിച്ച സത്യഭാമ, ഇനി എന്ത് വേണം എന്ന് തന്റെ നാഥനോട് ചോദിച്ചു... ഭഗവാൻ ചെറു പുഞ്ചിരിയോടെ ഇതിനു എന്തുചെയ്യണെമെന്നു രുഗ്മണിയോട് ചോദിയ്ക്കാൻ പറഞ്ഞു. മനസ്സിലെ അഹങ്കാരം ശമിച്ച സത്യഭാമ, തന്റെ ജ്യേഷ്ഠത്തി സമയായ രുഗ്മിണിയോട്, അവരുടെ കൊട്ടാരത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും പറയുകയും ഇനി എന്ത് വേണം എന്ന് ചോദിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും, നന്മയുടെയും പ്രതിരൂപമായ രുഗ്മിണി, സത്യഭാമയോടു കൂടി, അവരുടെ കൊട്ടാരത്തിൽ വരുകയും, ഭഗവാനെ, മനസ്സാ പ്രാർത്ഥിച്ചു പ്രണമിച്ചതിനു ശേഷം, മറുതട്ടിൽ വച്ചിരുന്ന എല്ലാ സ്വർണ്ണ ഉരുപ്പടികളും മാറ്റുകയും, തന്റെ അചഞ്ചലമായ ഭക്തിയോടെയും, അതിവിനയത്തോടെയും, പ്രാർത്ഥനയോടെയും ഒരു ചെറിയ തുളസിക്കതിർ മറുതട്ടിൽ വച്ചു!!!... ആ വെറും ഒരു തുളസിക്കതിർ വച്ചതോടെ, ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയ ആ പ്രിയന്റെ തട്ട് ഉയർന്നു!!!!....

ആര് തുലാഭാരം നടത്തുന്നു, എന്തിനു നടത്തുന്നു, എന്ത് വച്ച് നടത്തുന്നു എന്നല്ല, ആ ജഗൽപ്രഭു നോക്കുന്നത്!!!...👌

🙏ഏതു മാനസിക ഭാവത്തിൽ ആണ് ആ തുലാഭാരം നടത്തുന്നത് എന്നാണ്!!!...👍 അവിടെ മാനസിക ശുദ്ധിയും, അചഞ്ചലമായ ഭക്തിക്കും, വിനയത്തിനും മാത്രമേ സ്ഥാനമുള്ളൂ... അത് മാത്രമേ അദ്ദേഹം സ്വീകരിക്കൂ..അംഗീകരിക്കൂ.....അങ്ങിനെ ആ മാനസിക അവസ്ഥയിൽ അല്ലാതെ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത് തുലാഭാരമായി ഭഗവാൻ സ്വീകരിക്കുകയുമില്ല

Sunday, January 8, 2023

ജ്ഞാനപ്പാനയുടെ ഉദ്ഭവകഥ

 മേല്പത്തൂരിൻറെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിൻറെ ഇല്ലം.

 മേല്പത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീത എന്നറിയപ്പെടുന്ന 'ജ്ഞാനപ്പാന' യാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിൻറെ ദിവസം അവൻ ചാക്ക് ദേഹത്തുവീണ് മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

“കണ്ടുകണ്ടെന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ”

“മാളികമുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. ”

“ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ! ”

“അമ്മക്കും പുനരച്ഛന്നും ഭാര്യക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ. ”

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിൻറെ യും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിക്കുന്നു.

“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ പിന്നെ വേണമോ മക്കളായ്? ”

എന്ന വാക്യം, അദ്ദേഹത്തിൻറെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തൻറെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്.

1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റെതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

സജ്ജനങ്ങളുമൊത്ത് സഹവസിക്കണം

 സദ്ഭിരേവ സഹാസീത

സദ്ഭിഃ കുർവീത സംഗതിം

സദ്ഭിഃ വിവാദം മൈത്രീം ച

നാസദ്ഭിഃ കിഞ്ചിദാചരേത്

✨✨✨✨✨✨✨✨✨✨✨

 സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയുന്ന ഒരു സുഭാഷിതമാണിത്. സജ്ജനങ്ങളുമായി മാത്രം ഒരുമിച്ച് വസിക്കുക. ദുർജ്ജനങ്ങളോടൊത്തുള്ളത് കലഹം നിറഞ്ഞതായിരിക്കും. കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ സജ്ജനങ്ങളുമായി മാത്രം ചേരുക. ഇല്ലെങ്കിൽ നിസ്സാരകാര്യങ്ങൾക്ക് തമ്മിൽതല്ലി പിരിയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് വിവാദമാണ്. ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം വരുമ്പോൾ കഴിയുന്നതും സമാനചിന്താഗതിക്കാരോ അന്യരുടെ അഭിപ്രായങ്ങളെ ശരിയായി സ്വീകരിക്കുന്നവരോ ആയവരായാൽ നല്ലത്. അല്ലെങ്കിൽ വിവാദങ്ങൾ വാഗ്വിവാദങ്ങളിലേക്കും കലഹങ്ങളിലേക്കും അതുവഴി അതേ പ്രവർത്തനങ്ങളിലും എത്താം. അതിനാൽ കഴിയുന്നതും ദുർജ്ജനങ്ങളുമായുള്ള മൈത്രി ഒഴിവാക്കുക. അവരുമായി ഒരുതരത്തിലുള്ള സമ്പർക്കവും വേണ്ട എന്നത് സുഭാഷിതകാരൻ ഉറപ്പിച്ചു പറയുന്നു.

തലകീഴായി ശീർഷാസനത്തിൽ തപസ്സു ചെയ്യുന്ന അപൂർവ്വ ശിവപ്രതിഷ്ഠ

 ശിവലിംഗത്തിൽ  കൊത്തിയെടുത്ത രീതിയിലാണ് വിഗ്രഹം.

ആന്ധ്രാപ്രദേശിലെ ഭീമാവാരത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ പേര് യാനമദ്ദൂരു എന്നാണ്.

ഇവിടെ പരമേശ്വരൻ 'ശക്തീശ്വരനായി' ആരാധിക്കപ്പെടുന്നു. അരികിൽ കാർത്തികേയ കുമാരനെ മടിയിൽ കിടത്തി വാത്സല്യം ചൊരിയുന്ന ഉമാദേവിയുടെ പ്രതിഷ്ഠയും ഉണ്ട്.

ഉൾഗ്രാമത്തിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൻ്റെ പഴക്കം എത്രയാണെന്നറിയില്ല. ഈയിടെ നടന്ന ഖനനത്തിൽ 6 അടി നീളമുള്ള പാമ്പിൻ്റെ വിഗ്രഹവും കണ്ടെത്തിയിട്ടുണ്ട്.

ദൈവാനുഗ്രഹം ഉണ്ടെങ്കിലേ രോഗശമനം കിട്ടുകയുള്ളു... അതിനായി ഈ ഗണപതിമന്ത്രം ജപിച്ചുപോന്നാല് രോഗശമനം എളുപ്പമാകും